ADVERTISEMENT

കോട്ടയത്ത് വൈക്കത്തപ്പന്റെ ആറാട്ടുകുളങ്ങരയ്ക്കടുത്തുള്ള ആമ്രോ ഡെയറി ഫാമിൽ ഈയിടെ ഒരു വിശേഷമുണ്ടായി–ഗൗരി എന്ന പശു പ്രസവിച്ചു.  കിടാവിന്റെ പേര് ആദികേശ്. ഫാമിലുണ്ടായ ആദ്യസന്താനം. എന്നാൽ, കിടാവ് ഗൗരിയുടേതല്ലെന്നാണ് ഫാം ഉടമ മുരളി നായർ പറയുന്നത്. ഗോദാവരി എന്ന ഗിർ പശുവിന്റെ കിടാവിനെയാണ് ഗൗരി പ്രസവിച്ചത്. മാത്രമല്ല,  ഗോദാവരിയുടെ 4 മക്കളെക്കൂടി  ഈ തൊഴുത്തിലെ മറ്റു പശുക്കൾ പ്രസവിച്ചു.  9 കുട്ടികൾ കൂടി വൈകാതെ ജനിക്കും.

എന്താണ് സംഭവിച്ചതെന്നു ഊഹിക്കാവുന്നതേയുള്ളു–ഭ്രൂണമാറ്റവും വാടകഗർഭവും (IVF-ET: Invitro fertilization & embryo transfer). ഗോദാവരിയുടെ അണ്ഡങ്ങളിൽ  ബീജസങ്കലനം നടത്തിയുണ്ടായ ഭ്രൂണങ്ങളെ ഫാമിനുള്ളിലും പുറത്തുമുള്ള 28 പശുക്കളുടെ ഗർഭാശയത്തിലാണ് നിക്ഷേപിച്ചത്. ഫലമോ ഒരു വർഷത്തിനുള്ളിൽ ഗോദാവരിക്ക് 28 മക്കൾ ജനിക്കും! ഇതുവരെ ജനിച്ച കിടാങ്ങളുടെയെല്ലാം അച്ഛൻ‌ ഒരാൾ തന്നെ– സൊബറ‌ാനോ എന്ന ബ്രസീലുകാരൻ.

ബ്രസീലുകാരനെങ്കിലും ഈ ഗിർ വംശജന്റെ സ്വഭാവമഹിമകളെല്ലാം മനസിലാക്കി ഇഷ്ടപ്പെട്ടതുകൊണ്ടാണ് മുരളി നായർ ഇങ്ങനെയൊരു ബന്ധത്തിനു മുൻകൈയെടുത്തത്. 20 ലീറ്ററിലേറെ പാൽ തരുന്നവരാണ് സൊബറാനോയുടെ വീട്ടിലെ പശുക്കൾ. ചുരുക്കത്തിൽ സൽഗുണനായ അപ്പന്റെയും സുജാതയായ അമ്മയുടെയും  സർവോത്തമരായ 28 മക്കൾ വൈകാതെ ഈ തൊഴുത്തിന്റെ ഐശ്വര്യമാകും. പരമ്പരാഗത  പ്രജനനരീതിയിലാണെങ്കിൽ വർഷങ്ങൾ കൊണ്ടുണ്ടാകേണ്ട നേട്ടം. ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ചു പശുക്കിടാങ്ങളെ ഉറപ്പാക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. 

ശാസ്ത്രീയവും ഗവേഷണപിന്തുണയുള്ളതുമായ പ്രവർത്തനശൈലി,  ഭ്രൂണമാറ്റം ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ, ലിംഗനിർണയം നടത്തിയ ബീജം,  രാജ്യാന്തര വിദഗ്ധരുടെ ഗവേഷണ പിന്തുണ, ഗിർപശുക്കളുടെ വിപുലമായ ശേഖരം – വൈക്കത്തെ ആമ്രോ ഫാം വേറിട്ടതാകാൻ കാരണങ്ങൾ പലതുണ്ട്. പശുക്കളുടെ ക്രോമസോം മാപ്പിങ് സൗകര്യം, രോഗനിർണയത്തിനുള്ള പിസിആർ മെഷീൻ, തീറ്റയിലെ അഫ്ലോടോക്സിനും കീടനാശിനി അവഷിപ്തവുമൊക്കെ കണ്ടെത്തുന്ന നിലർ ഇൻഫ്രാ റെഡ് മെഷീൻ എന്നിവയൊക്കെയുള്ള അൾട്രാ ഹൈടെക് ലാബും ഈ തൊഴുത്തിനെ അതുല്യമാക്കുന്നു. 

നാടൻപശുക്കളെ ഇഷ്ടപ്പെടുന്നവരും വീട്ടാവശ്യത്തിനായും  വരുമാനത്തിനായും വളർത്തുന്നവരും  കൂടി വരികയാണ്. കേരളത്തിന്റെ സ്വന്തം വെച്ചൂരും കാസർകോടും മുതൽ സഹിവാളും ഗിറുമൊക്കെ  ഇവിടുത്തെ തൊഴുത്തുകളിൽ പത്രാസ് വീണ്ടെടുക്കുന്ന കാലം.  വിദേശമലയാളിയായ മുരളി നായരുടെ മനസിലുമുണ്ടായിരുന്നു  ഒരു നാടൻ പശു പ്രേമം. നാട്ടിൽ നാടൻപശുക്കളുടെ ഒന്നാംതരമൊരു ഫാം തുടങ്ങണം.  കാർഷികപശ്ചാത്തലമുള്ള, തൊടിയും തൊഴുത്തുമുള്ള വീടുകളിൽ ജനിച്ചുവളർന്ന, ഏതൊരു പ്രവാസി മലയാളിക്കും തോന്നാവുന്ന ആഗ്രഹം. ലോകമെമ്പാടും ബിസിനസ് നടത്തുമ്പോഴും  വൈക്കം കോലോത്തുപറമ്പിൽ  അപ്പുക്കുട്ടൻനായരുടെയും രാജമ്മാളിന്റെയും മകൻ ആ സ്വപ്നം കാത്തുസൂക്ഷിച്ചു. രണ്ടു വർഷം മുമ്പ് അവിചാരിതമായി ഒരു വർഷത്തോളം  വൈക്കത്തെ തറവാട്ടില്‍ താമസിക്കേണ്ടിവന്നപ്പോൾ മുരളി നായരും ഭാര്യ ഗീതയും തീരുമാനിച്ചു; സ്വപ്നം യാഥാർഥ്യമാക്കുക തന്നെ. സ്വന്തം ബിസിനസ് ബ്രാൻഡായ ആമ്രോ എന്ന പേരു തന്നെ ഡെയറിക്കും നല്‍കി.

ഇന്ത്യൻ ജനുസ് പശുക്കളിൽനിന്ന് നാടിനു യോജിച്ച നല്ല പശുക്കളെ ഉരുത്തിരിച്ചെടുക്കുന്നതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മികച്ച ഇന്ത്യൻ ഇനങ്ങൾക്കായുള്ള അന്വേഷണം ഗിറിലാണ് എത്തിയതെന്നു മാത്രം. ശരാശരി 15 ലീറ്റർ പ്രതിദിന ഉൽപാദനമുള്ള ഗിർ, ഓംഗോൾ ഇനങ്ങളെ വിദേശികൾ കൊണ്ടുപോയി മെച്ചപ്പെടുത്തിയ കഥകൾ മുരളിനായരും കേട്ടിരുന്നു. സ്വപ്നസാക്ഷാത്കാരത്തിനായി ഏറെ സമയവും ആറു കോടി രൂപയും ചെലവഴിച്ചതിനെക്കുറിച്ച് അദ്ദേഹം പറയട്ടെ. 

gir-cow-team
മുരളി നായർ (വലത്തേയറ്റം) ടീം ആമ്രോയോടൊപ്പം

? പാലുൽപാദനം മാത്രമാണോ ഇത്രയും ബൃഹത്തായ സംരംഭത്തിന്റെ ലക്ഷ്യം

നമ്മുടെ നാടിനു ചേർന്ന മികച്ച ഇനം ഉരുത്തിരിച്ചെടുക്കുകയാണ്  പ്രധാന ലക്ഷ്യം. അതിനാല്‍ പ്രജനനത്തിലാണ് ഫാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പാൽ ഉൽപാദനത്തിലൂടെ വലിയ സാമ്പത്തികനേട്ട മില്ല. 

? ഭ്രൂണമാറ്റത്തിന്റെ ആ‌വശ്യകത

ഇരുപത് ലീറ്ററിലേറെ ഉൽപാദനമുള്ള 5 പശുക്കള്‍ ഫാമിലുണ്ട്. ഒരു പശുവിൽനിന്ന് ഒരു വർഷം ഒരു കിടാ വിനെ മാത്രമല്ലേ സാധാരണ രീതിയിൽ ലഭിക്കൂ. 10 വർഷംകൊണ്ട് 5 പശുക്കളിൽനിന്നു പരമാവധി 50 കിടാങ്ങൾ മാത്രം. അവയിൽ പകുതി മൂരിക്കിടാങ്ങളായിരിക്കും.  മികച്ച ഇനങ്ങളെ ഗർഭപാത്രത്തിനു പുറത്തെ ബീജസങ്കലനത്തിലൂടെ സൃഷ്ടിച്ചശേഷം മറ്റു പശുക്കളുടെ ഗർഭപാത്രത്തിൽ വളർത്തുന്നതിനാണ്  ഭ്രൂണമാറ്റം നടത്തുന്നത്. ഒരു പശുവിന്റെ 30–40 കുട്ടികൾക്ക് ഒരേ സമയം ജന്മം നൽകാൻ ഇതുവഴി  സാധിക്കും.

? ഭ്രൂണമാറ്റത്തിനു പിന്നിലെ സാങ്കേതികവിദ്യ 

മികച്ച ഉൽപാദനക്ഷമതയുള്ള ഗിർപശുക്കളെ മാത്രമാണ് ഇവിടെ മാതാക്കളായി  ഉപയോഗപ്പെടുത്തുന്നത്.  അണ്ഡാശയത്തിൽനിന്നുള്ള ഊസൈറ്റുകളെ ( Oocytes) വേർതിരിച്ചു പുറത്തെടുത്താണ് കൃത്രിമ ബീജസങ്കലനത്തിന് ഉപയോഗിക്കുന്നത്. ഒരേ സമയം ഒരു പശുവിന്റെ മുപ്പതും നാൽപതും അണ്ഡം ഇപ്രകാരം ഊസൈറ്റുകളായി പുറത്തെടുക്കാം. കന്നുകാലി പ്രജനനത്തിൽ അണ്ഡത്തിനാണ് ബീജത്തെക്കാൾ പ്രാധാന്യം. കൂടുതൽ അണ്ഡം ലഭ്യമായാൽ കൂടുതൽ കിടാങ്ങളെ ഉൽപാദിപ്പിക്കാം.  ഇതിനായി ലിംഗനിർണയം നടത്തിയ ബീജമാണ് ഉപയോഗിക്കുന്നത്. തന്മൂലം 95 ശതമാനവും പശുക്കിടാങ്ങളാണ് ജനിക്കുന്നതെന്നും ഉറപ്പാക്കാം.  ഭ്രൂണമാറ്റത്തിലൂടെ ഈ ഫാമിലെ ഏറ്റവും മികച്ച 5 ഗിർ പശുക്കളുടെ നൂറോളം പശുക്കിടാങ്ങളാണ് ഒരു വർഷത്തിനുള്ളിൽ ഇവിടെ ജനിക്കുക.

? സാങ്കേതികപിന്തുണ ഇവിടെ ലഭ്യമായിരുന്നോ 

പശുക്കളെ കുത്തിവയ്ക്കുന്നതിനുള്ള ഗിർ ബീജം ബ്രസീലിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ മികച്ച ഫാമുകളിൽനിന്നുള്ള ബീജവും ഉപയോഗപ്പെടുത്തുന്നു. ഗർഭപാത്രത്തിനു പുറത്ത് ബീജ സങ്കലനം നടത്തുന്നതിനും ഭ്രൂണമാറ്റത്തിനുമൊക്കെയുള്ള സാങ്കേതിവിദ്യാകൈമാറ്റത്തിലും ബ്രസീല്‍ വിദഗ്ധരുടെ സഹായമുണ്ടായി. മുംബൈയിലെ സ്പെഷലിസ്റ്റുകളും ഒപ്പമുണ്ടായിരുന്നു. ഈ ഫാമിലെതന്നെ പരിശീലനം ലഭിച്ച വിദഗ്ധരായിരിക്കും ഇനി ഇതെല്ലാം ചെയ്യുക.

‌? ഇന്ത്യൻ ജനുസുകളെ ഉപയോഗിച്ച് ബ്രസീൽ വികസിപ്പിച്ച ബ്രാഹ്മൻ ഇനത്തെക്കുറിച്ചു കേട്ടിട്ടുണ്ട്. അവിടെനിന്ന് ഏത് ഇനത്തിന്റെ ബീജമാണ് കൊണ്ടുവരുന്നത്

വംശശുദ്ധി കളയാതെ ഗിറിനെ മികച്ച ഇനമായി വികസിപ്പിക്കാൻ ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. ശുദ്ധ ഗിർ ഇനം ബീജം തന്നെയാണ് അവിടെനിന്നു വാങ്ങുന്നത്. ഓംഗോൾ പോലുള്ള  ഇന്ത്യൻ ജനുസുകളെ ഉപയോഗിച്ച് സങ്കരപ്രജനനത്തിലൂടെ  ബ്രസീലുകാർ മാംസോൽപാദനത്തിനായി വികസിപ്പിച്ച ഇനമാണ് ബ്രാഹ്മൻ. 

? നിലവിലെ പാൽ ഉൽപാദനവും  വിപണനരീതികളും

പ്രസവിച്ച പശുക്കൾ കുറവായതിനാൽ ഇപ്പോൾ ഉൽപാദനം കുറവാണ്.  ഓരോ ദിവസത്തെയും പാൽ കുപ്പികളിലാക്കി A2MATE ബ്രാൻഡിൽ ആവശ്യക്കാർക്ക് നേരിട്ടെത്തിക്കുകയാണ്. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് ദിവസേന പാൽ നൽകാൻ സാധിക്കും. ഒരു ലീറ്റർ എ2  മിൽക്കിനു 150 രൂപയാണ് വില. ഒരു കിലോ തൈരിന് 250 രൂപയും നെയ്യ് ഒരു കിലോ  3000 രൂപയുമാണ് വില. എറണാകുളത്തും കോട്ടയത്തുമൊക്കെ A2MATE പാലിന് ആവശ്യക്കാരേറുകയാണ്. വിശേഷിച്ച് ‘ലാക്ടോസ് ഇൻടോളറൻസു’ള്ള കുട്ടികൾക്കുവേണ്ടി ഇത്തരം പാൽ ആവശ്യപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്. കൊഴുപ്പ് നീക്കാത്ത ഫാം ഫ്രഷ് പാലും തൈരുമാണ് ഇവിടെയുള്ളത്. അടുത്ത വർഷം കൂടുതൽ പശുക്കൾ കറവയാകുന്നതോടെ ടെട്രാപായ്ക്കറ്റുകളിലാവും വിപണനം.  മുഴുവൻ പാലും  സൊമാറ്റിക് സെൽ കൗണ്ട്,  അൾട്രാ സോണിക് ഫാറ്റ്  ടെസ്റ്റിങ് എന്നിവ നടത്തി നിലവാരം ഉറപ്പാക്കിയാണ് വിപണിയിലെത്തിക്കുന്നത്. പാൽ, തൈര്, യോഗർട്ട്, വെണ്ണ എന്നിവയ്ക്കു പുറമെ ചോക്ലേറ്റ്, കണ്ടൻസ്ഡ് മിൽക്ക്, ഫ്രോസൺ യോഗർട്ട് എന്നിവയുമുണ്ട്. 

? മുന്നൊരുക്കം

ഏറെ ഗൃഹപാഠം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും  പശുക്കളെക്കുറിച്ചു പഠിച്ചു.  ബിസിനസ് ബന്ധങ്ങൾ പ്രയോജനപ്പെടുത്തി ഗുജറാത്തിലെയും മറ്റും  മികച്ച ഫാമുകൾ കണ്ടു. സെബു ഇനം പശുക്കളായ ഓംഗോൾ, സഹിവാൾ എന്നിവയെയും അവസാനംവരെ പരിഗണിച്ചിരുന്നു. അവയെയും വേണമെന്നാണ് കരുതിയതെങ്കിലും അവസാനം ഗിറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.  

? എന്തുകൊണ്ട് ‌ഗിർ. മലയാളിക്ക് ഗിർ പരദേശിപ്പശുവല്ലേ 

ഏറെ സവിശേഷതകളുള്ള ഇനമാണ് ഗിർ. എ2 പാൽ തരുന്ന  മറ്റ് ഇന്ത്യൻ ജനുസുകളുടേതിനെക്കാൾ ഇതിന്റെ പാലിന് ഔഷധമൂല്യം കൂടും. അളവും കൂടുതലാണ്. 7 മാസം നീളുന്ന കറവക്കാലത്തു ദിവസം ശരാശരി 20 ലീറ്റർ പാല്‍ ലഭിക്കും. 

? കേരളം ഗിറിന് ഇഷ്ടപ്പെടുമോ, അന്തരീക്ഷ ഈർപ്പം കൂടുതലല്ലേ

കേരളംപോലെ തീരദേശസംസ്ഥാനമാണ് ഗുജറാത്തും. അന്തരീക്ഷ ഈര്‍പ്പം അവിടെയും കൂടുതലാണ്. ഇവിടുത്തെ കാലാവസ്ഥയിൽ  അവയ്ക്കു  പ്രയാസമുള്ളതായി തോന്നിയിട്ടില്ല. 

? ഇവിടെയത്തുമ്പോൾ ഉൽപാദനം കുറയുന്നതായി പറയുന്നുണ്ടല്ലോ

പരിപാലനത്തിലെ വ്യത്യാസമാവാം കാരണം.  അവിടെ തുറസായ ഇടങ്ങളില്‍ മേയാന്‍ വിടാറുണ്ട്. തുറസുകളില്‍നിന്നു കേരളത്തിലെ അടഞ്ഞു തൊഴുത്തുകളിലേക്കു മാറ്റുമ്പോള്‍ ഉല്‍പാദനം കുറയുന്നതു സ്വാഭാവികം.

? ഇപ്പോൾ എത്ര പശുക്കളുണ്ട്. ഗിറിനു പുറമെയുള്ള ഇനങ്ങൾ. എണ്ണം വർധിപ്പിക്കുമോ.

140 ഗിർ ഇനം ഉരുക്കളാണുള്ളത്.  ഏതാനും വെച്ചൂർപശുക്കളുമുണ്ട്. നിലവിൽ സ്ഥലപരിമിതിയുണ്ട്.  എന്നാൽ, 12 ഏക്കർ സ്ഥലം ഫാമിനായി വാങ്ങിക്കഴിഞ്ഞു. ഈ വർഷം തന്നെ അവിടേക്കു മാറും. തുടര്‍ന്ന് ഉരുക്കളുടെ എണ്ണം വർധിപ്പിക്കും.  

? ഈ ഫാമിലെ തീറ്റരീതികൾ 

ഏറ്റവും മികച്ച തീറ്റമിശ്രിതം തയാറാക്കി നൽകുന്നു.  ഓരോ പശുവിന്റെയും പ്രായവും ഭാരവും ഉൽപാദന ശേഷിയുമൊക്കെ പരിഗണിച്ചാണ് തീറ്റ. ടിഎംആർ മെഷീൻ ഉപയോഗിച്ച് സമ്പൂർണ തീറ്റമിശ്രിതമുണ്ടാ ക്കുന്നു.

? എ2 മിൽക്കിന്റെ  വിപണന സാധ്യതകൾ 

ഏതാനും വർഷങ്ങൾക്കുള്ളിൽ എ2 മിൽക്ക്  മാത്രമായിരിക്കും ഇവിടെ വിൽക്കാനാവുകയെന്നു  കരുതുന്നു.  ആവശ്യമായത്ര പാൽ ഉൽപാദിപ്പിക്കുന്നതിന് ഉൽപാദനക്ഷമത കൂടിയ നാടൻപശുക്കൾ വേണം. അതുകൊണ്ടാണ് ഞങ്ങൾ മെച്ചപ്പെട്ട ഇനങ്ങൾക്കായി ശ്രമം നടത്തുന്നത്. 

? ഇത്തരം മുന്നേറ്റങ്ങൾ സാധാരണ കൃഷിക്കാർക്ക് ഉപകരിക്കുമോ

തീർച്ചയായും. സാധാരണക്കാരെക്കൂടി പങ്കാളികളാക്കി എ2 പാല്‍ ഉൽപാദനത്തിൽ മുന്നേറ്റത്തിനു ദീർഘകാല പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ചെറുകിട കൃഷിക്കാരുടെ സാറ്റലൈറ്റ് ഫാമുകളിലൂടെ എ2 പാല്‍ലഭ്യത വർധിപ്പിക്കും. രണ്ടു വർഷത്തിനുള്ളിൽ അറുപതോളം വെച്ചൂർ പശുക്കളെ ഭ്രൂണമാറ്റത്തിലൂെട ഉൽപാദിപ്പിക്കാനും ആലോചനയുണ്ട്. പുതിയ ഫാമിൽ ലാബ് സജ്ജമായാൽ ഇതിനുള്ള പ്രവർത്തനം ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 7994429799, 9746267956

English summary: In-Vitro Production of Cattle Embryos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com