പശുപരിപാലനത്തിലുണ്ട് മൂന്നു ഘട്ടങ്ങൾ, ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്

HIGHLIGHTS
  • ഗർഭകാലത്തു പശുവിന് നല്ല പോഷകഗുണമുള്ള തീറ്റ അവശ്യമാണ്
cow-calf-1
SHARE

കന്നുകാലി വളർത്തലിൽ വളരെയേറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന മേഖലയാണ് പശുപരിപാലനം. ഇത് ഗർഭ കാലത്ത്, പ്രസവ സമയത്ത്, പ്രസവിച്ചയുടനെ എന്നിങ്ങനെ മൂന്നായി വിഭജിക്കാം.

ഗർഭകാല പരിചരണം 

ഗർഭകാലത്തു പശുവിന് നല്ല പോഷകഗുണമുള്ള തീറ്റ അവശ്യമാണ്. ഇത് പാലുൽപാദനം കൂട്ടുന്നതിനും നല്ല ആരോഗ്യമുള്ള കന്നുകുട്ടിക്ക് ജന്മം നൽകുന്നതിനും സഹായിക്കും. കറവപ്പശുവിന്റെ അകിടിന്റെ പൂർണ വളർച്ചയ്ക്കും അടുത്ത കറവയ്ക്കുള്ള ആവശ്യത്തിനുമായി, ഗർഭ കാലത്ത്, ഏഴാം മാസം മുതൽ ഒരു കിലോ കാലിത്തീറ്റ അധികം നൽകണം. നല്ല മേച്ചിൽപുറങ്ങളിൽ മാത്രം മേയാൻ വിടണം. ഗുണമേന്മയുള്ള പരുഷാഹാരങ്ങളായ പച്ചപ്പുല്ല്, ഉണക്കപുല്ല്, സൈലേജ്, ഹേ എന്നിവ ലഭ്യത അനുസരിച്ചും; ഇവയൊന്നും ഇല്ലെങ്കിൽ, പൂപ്പൽ ബാധിക്കാത്ത നല്ല വൈക്കോലും നൽകേണ്ടതാണ്. ആവശ്യത്തിനനുസരിച്ചു കാലിത്തീറ്റയും, പരുഷാഹാരങ്ങളും നൽകേണ്ടത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് അത്യന്താപേഷികമാണ്. പ്രസവത്തിനു മുൻപുള്ള രണ്ടുമാസം പശുവിനെ കറക്കുവാനേ പാടില്ല. ഈ കാലയളവ്‌ കറവ വറ്റുകാലമായി അനുഷ്ഠിക്കണം. ആവശ്യത്തിന് ദിവസം വറ്റു കറവയായി നൽകിയില്ലെങ്കിൽ, പ്രസവാനന്തരം പാലുൽപാദനം കുറയുമെന്നുറപ്പാണ്.

പശു പ്രസവിക്കുന്നയിടം, പ്രസവം അടുക്കാറാകുമ്പോൾ ക്ലോറിനോ ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും, നല്ല വൃത്തിയുള്ള വൈക്കോൽ വിരിപ്പായി ഇട്ടുകൊടുക്കുകയും വേണം.

പ്രസവ പരിചരണം 

സാധാരണഗതിയിൽ പ്രസവലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ കന്നുകുട്ടി പുറത്തു വരും. ഇത് ഉറപ്പു വരുത്താൻ വേണ്ടി പശുവിനു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഇടയ്ക്കിടയ്ക്ക് നിരീക്ഷിച്ചുകൊണ്ടിരിക്കണം. അതേസമയം ആരും തൊഴുത്തിൽ അനാവശ്യമായി പ്രവേശിക്കുന്നില്ല എന്നത് ശ്രദ്ധിക്കുകയും വേണം.  

പ്രസവലക്ഷണങ്ങൾ തുടങ്ങി മൂന്നു - നാലു മണിക്കൂറിനുള്ളിൽ പശു പ്രസവിച്ചില്ലെങ്കിൽ, അത് എന്തെങ്കിലും ബുദ്ധിമുട്ട് കാരണമാവാം എന്നു കരുതണം. ഉടനെ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കണം. പ്രസവിക്കുന്ന സമയത്തു കന്നുകുട്ടിയുടെ ദിശ സാധരണഗതിയിൽ നിന്നും വ്യത്യസ്തമാണെങ്കിൽ സ്വയം നേരെയാക്കാൻ ശ്രമിക്കരുത്. ഉടനെ  തന്നെ വിദഗ്ധ സഹായം തേടേണ്ടതാണ്. 

പ്രസവ പൂർവ്വ പരിചരണം 

പശു പ്രസവിച്ചയുടൻ ആദ്യം ഉറപ്പുവരുത്തേണ്ടത് കിടാവ് ശ്വസിക്കാൻ തുടങ്ങി എന്നാണ്. കന്നുകുട്ടിയുടെ മൂക്കിൽനിന്നും വായിൽനിന്നും കഫവും മറ്റു നീരുകളും വിരൽ കൊണ്ടോ; ശ്രദ്ധാപൂർവം വായിൽ ഊതിയോ നീക്കം ചെയ്യണം.  കിടാവ് അനക്കമില്ലാതെ കിടക്കുകയാണെങ്കിലോ ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ലെങ്കിലോ കന്നുകുട്ടിയുടെ നെഞ്ചത്തു ചെറുതായി അമർത്തുകയോ തല കീഴ്പ്പോട്ടാക്കി പിൻ കാലുകൾ കൂട്ടിപ്പിടിച്ചു നിലം തൊടാതെ  ആട്ടുകയോ ചെയ്യണം. നെഞ്ചിൽ ഇടയ്ക്കിടെ അമർത്തുന്നതും കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതും നന്നായിരിക്കും.

പൊക്കിൾക്കൊടിയിൽ പറ്റിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്തതിനു ശേഷം ടിഞ്ചർ അയഡിൻ പുരട്ടി അണുവിമുക്തമാക്കണം. പ്രസവിച്ച ഉടനെ തന്നെ പശുവിന് ഇളം ചൂടുവെള്ളം കുടിക്കാൻ നൽകണം. തൊഴുത്തിൽനിന്നു മറുപിള്ളയും മറ്റും നീക്കം ചെയ്തതിനു ശേഷം തൊഴുത്തു വൃത്തിയാക്കണം.

സാധരണ, പ്രസവിച്ചയുടനെ തന്നെ, തള്ളപ്പശു കുഞ്ഞിനെ  നക്കിത്തുടയ്ക്കുന്നത് കാണാം. ഇല്ലായെങ്കിൽ, കുറച്ച വൈക്കോലോ, തോർത്തോ  ഉപയോഗിച്ചു കിടാവിനെ തുടയ്ക്കുക. ഇത് രക്തയോട്ടം കൂട്ടാൻ സഹായിക്കും.  അണുനാശിനികളായ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് അല്ലെങ്കിൽ പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ചു അകിടും, മുലക്കാമ്പുകളും നല്ലപോലെ കഴുകി അണുവിമുക്തമാക്കണം. 

പ്രസവിച്ച് അര മണിക്കൂറിനുള്ളിൽ കന്നുകുട്ടിയെ കന്നിപ്പാൽ കുടിപ്പിച്ചിരിക്കണം. ഇത് കന്നുകുട്ടിയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും വളർച്ച ത്വരിത പെടുത്തുകയും ചെയ്യും എന്നു മാത്രമല്ല, നല്ല മലശോധനയുണ്ടാകുവാനും സഹായിക്കും.

English summary: Care of Pregnant Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA