ADVERTISEMENT

കോവിഡ് പ്രതിസന്ധികൾക്കിടയിലും കർഷകർക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ഒട്ടേറെ വെറ്ററിനറി ഡോക്ടർമാർ കേരളത്തിലുടനീളമുണ്ട്. കർഷകർ വിളിച്ചാൽ, അതിന്റെ അടിയന്തിര പ്രാധാന്യം മനസിലാക്കി ഓടിയെത്താൻ ഇവർ ശ്രമിക്കുന്നു. കർഷകരുടെ മുഖത്തെ ആശ്വാസം പ്രതിഫലമായി കരുതുന്നവരും ഒട്ടേറെയുണ്ട്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഒരു നായയുടെ ജീവൻ രക്ഷിക്കാൻ ഒരു യുവ ഡോക്ടർ കാണിച്ച കരുതലിനെ പ്രശംസിച്ച് നായയുടെ ഉടമ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് അയച്ച കത്ത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തിരുവനന്തപുരം ജില്ലയിൽ ജോലിചെയ്യുന്ന താൽക്കാലിക രാത്രികാല വെറ്ററിനറി ഡോക്ടറായ ഡോ. അനീസ് റാഫിയെക്കുറിച്ചാണ് കത്തിൽ നായയുടെ ഉടമ പരാമർശിക്കുന്നത്. കത്തിന്റെ പൂർണരൂപം ചുവടെ,

To
Sri. Adv. K. Raju
Minister of Forest, Animal Husbandry and Zoo
10-09-2020, Thursday 

From
Nisha K Nair 
W/o Madhusudhanan R P
Puthiyaveedu 
Thuruvikkal PO
Trivandrum- 695011

ബഹുമാനപ്പെട്ട സർ,

എന്റെ പേര് നിഷ. ഞാനൊരു അധ്യാപികയാണ്. ഈ കത്ത് അങ്ങേയ്ക്ക് ലഭിക്കുമോ എന്നെനിക്ക് ഉറപ്പില്ല. എങ്കിലും അങ്ങേക്കിത് കിട്ടും എന്ന വിശ്വാസത്തോടെ ഞാൻ എന്റെ അനുഭവം കുറിക്കുകയാണ്.

അങ്ങയുടെ അധികാരത്തിന് കീഴിലുള്ള ഒരു വെറ്ററിനറി ഹോസ്പിറ്റലിൽ ഈ കഴിഞ്ഞ സെപ്റ്റംബർ 7 ന് നടന്ന ഒരു ഹൃദയസ്പർശിയായ സംഭവം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

ഇക്കഴിഞ്ഞ സെപ്റ്റംബർ 7ന് വൈകിട്ട് 6.30 മണിയോടെ എന്റെ വളർത്തുനായയായ ബ്ലാക്കിയെ ഒരു മൂർഖൻ പാമ്പ് കൊത്തുകയുണ്ടായി. ആ സമയം നിർഭാഗ്യവശാൽ ഞങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. വളരെ വൈകി വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ കണ്ടത് ചത്തു കിടക്കുന്ന പാമ്പിനെയും മൃതപ്രായനായ ബ്ലാക്കിയേയും മാത്രമാണ്.

തിരുവനന്തപുരത്ത് രാത്രി കാലത്തും സജീവമായി പ്രവർത്തിക്കുന്ന മൃഗാശുപത്രി കുടപ്പനക്കുന്ന് ആണല്ലോ? പക്ഷേ, കോവിഡ് പ്രതിസന്ധി കാരണം അവിടെ രാത്രി ചികിത്സ ഇല്ലായിരുന്നു. ബ്ലാക്കിക്ക് ശ്വാസം പോലും ഇല്ലാതെ ചലനമറ്റ അവസ്ഥയിലേക്ക് ആയിക്കഴിഞ്ഞിരുന്ന ആ സമയം എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ അറിയാവുന്നവരെ ഒക്കെ വിളിച്ചു ചോദിച്ചു.

ആ സമയം ദൈവത്തിന്റെ സന്ദേശം എന്ന പോലെ വീടിനടുത്തുള്ള ഒരു റിട്ട. വെറ്ററിനറി ഡോക്ടർ എത്രയും പെട്ടെന്ന് പാളയം വെറ്ററിനറി ഹോസ്പിറ്റലിലേക്ക് ബ്ലാക്കിയെ എത്തിക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ എത്തും മുൻപു തന്നെ മഹാനായ ആ ഡോക്ടർ പറഞ്ഞതനുസരിച്ച് മറ്റൊരു ഡോക്ടർ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

അദ്ദേഹം ഞങ്ങൾക്കായി ഹോസ്പിറ്റൽ തുറന്നു ബ്ലാക്കിയെ ചികിത്സിച്ചു. മറ്റെവിടേയോ ജോലി ചെയ്തു കൊണ്ടിരുന്ന ആ ഡോക്ടർ ഞങ്ങളുടെ എമർജൻസി മനസിലാക്കി ഞങ്ങളെക്കാൾ മുന്പ് അവിടെ കാത്തു നിൽക്കുന്നത് അദ്ഭുതത്തോടെയാണ് ഞങ്ങൾ നോക്കിയത്. 6 മണിക്കൂറിൽ അധികമായ ആ പാമ്പുകടിയേറ്റിട്ടും ജീവന്റെ തുടിപ്പുമാത്രമായി ഞങ്ങൾ അർധരാത്രി 12 മണിനേരം കരഞ്ഞു തളർന്ന കണ്ണുകളോടെ അദ്ദേഹത്തോട് ആ പട്ടിയെ തിരികെ ജീവനോടെ തരാൻ അഭ്യർഥിച്ചു. 

മരണത്തോടടുത്ത ആ ജീവൻ നെഞ്ചോടടക്കി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് കയറി. ബ്ലാക്കിയെ ഡോക്ടർക്ക് കൈമാറുമ്പോൾ ഞങ്ങൾക്കറിയാമായിരുന്നു 1 % പോലും ചാൻസ് ഇല്ലായെന്ന്. മൂത്രവും മലവും കൊണ്ട് ബ്ലാക്കിയുടെ ശരീരം വൃത്തികേടായ ഒരു അവസ്ഥയിലായിരുന്നിട്ടു പോലും യാതൊരു അറപ്പുമില്ലാതെ ആ മൃഗസ്നേഹി അതിനെ പരിചരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബ്ലാക്കിയെ ഒരു വിധം രക്ഷപ്പെടുത്തി.

ഞങ്ങളെ അത്യധികം അദ്ഭുതപ്പെടുത്തിയതെന്തെന്നാൽ അദ്ദേഹം സ്വന്തം കൈയ്യിൽനിന്ന് 200 രൂപ മുടക്കി മരുന്നു വാങ്ങി ബ്ലാക്കിയെ ചികിത്സിച്ചു. അതുപോലും തിരികെ വാങ്ങാൻ കൂട്ടാക്കാത്ത ആ ഡോക്ടർ മറ്റുള്ള ഡോക്ടർമാർക്കു തന്നെ ഒരു മാതൃകയാണ്. ചെറിയ കാര്യങ്ങൾക്ക് പോലും കൈക്കൂലി വാങ്ങുന്ന ആളുകൾ ഒരുപാടുള്ള ഈ കാലത്ത് പട്ടിയായാലും മനുഷ്യനായാലും ജീവൻ വിലപിടിപ്പുള്ളതാണ് എന്ന് ബോധ്യമുള്ള, കൈപുണ്യമുള്ള, മറ്റുള്ളവരോട് മാന്യമായും ബഹുമാനപൂർവവും പെരുമാറുന്ന ഈ ഡോക്ടർ തീർച്ചയായും പ്രശംസയക്ക് പാത്രമാണ്.

മാസ്ക്ക് ധരിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖം ഞങ്ങൾക്കിപ്പോഴും വ്യക്തമായി അറിയില്ല. പക്ഷേ, അനീസ് റാഫി എന്ന ആ ഡോക്ടർ, അല്ല നല്ലൊരു മനുഷ്യൻ, എന്നും ഞങ്ങളുടെ പ്രാർഥനയിൽ ഉണ്ടാകും. 

ഇങ്ങനെയുള്ള സംഭവങ്ങൾ വേറെയും ഉണ്ടാകാം. എന്നിരുന്നാലും പട്ടിയായായും അതിന്റെ ഉള്ളിലുള്ള ജീവനും ജീവിക്കാൻ അർഹതയുണ്ടെന്ന് മനസിലാക്കി അത്രയും കഷ്ടപ്പെട്ട് ജീവനെ തിരിച്ചുപിടിച്ചു തന്ന അനീസ് റാഫി എന്ന ഡോക്ടർ ഈ ഡിപ്പാർട്ട്മെന്റിനു തന്നെ അഭിമാനമാണ്. ബ്ലാക്കിയുടെ സുഖവിവരം പിന്നീട് വിളിച്ച് അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. അദ്ദേഹത്തിനു വേണ്ടി ഒന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വെറും ഒരു നന്ദിയിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തോട് ഞങ്ങൾക്ക് ഉള്ള കടപ്പാട്. പ്രതിഫലം ഇച്ഛിക്കാതെ സേവനം അനുഷ്ഠിക്കുന്ന അനീസ് റാഫിയെ പോലുള്ള ഡോക്ടർമാർ ഇനിയും അങ്ങയുടെ  കീഴിലുള്ള അനിമൽ ഹസബൻഡറിയിൽ ഉണ്ടാകട്ടെ.

നന്ദി.

നിഷ കെ. നായർ

English summary: letter to animal husbandry minister kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com