ADVERTISEMENT

ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ് ചർച്ചക്കവയ്ക്കുന്ന എല്ലാ ഇടങ്ങളിലും ആദ്യം കയറിവരുന്നതാണ് ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്‌ ഉപയോഗം. ബ്രോയ്‌ലർ ഫാമുകളിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു എന്ന അറിവും ബ്രോയ്‌ലർ  കോഴികൾ വളരെ പെട്ടെന്നു വളർച്ച എത്തുന്നു എന്ന അറിവും ലഭിച്ചവർ അത് മറ്റൊന്നിന്റെ കാരണമായി മനസിലാക്കുന്നു. പക്ഷേ, ബ്രോയിലർ കോഴികൾ വളരെ പെട്ടെന്ന് ഭാരംവയ്ക്കുന്നത് അതിന്റ ജനിതകപരമായ  തീറ്റ പരിവർത്തന ശേഷികൊണ്ടും മാംസോൽപാദന ശേഷി കൊണ്ടുമാണെന്നത് ഇന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും ചിലയാളുകൾ ആന്റിബയോട്ടിക്‌ ഉപയോഗിച്ചാണ് പെട്ടെന്നു ഭാരംവയ്പ്പിക്കുന്നതെന്ന് ധരിച്ചുവച്ചിട്ടുണ്ട്. അത്തരം ആളുകൾ ബ്രോയിലർ കോഴികളുടെ ശാസ്ത്രീയവശം മനസിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാൻ. 

ശക്തമായ ബയോസെക്യൂരിറ്റി സംവിധാനങ്ങളോടു കൂടി മാത്രമേ ബ്രോയ്‌ലർ കോഴികളെ വളർത്താൻ പാടുള്ളൂ. എങ്കിൽ മാത്രമേ അസുഖം വരാതെ അത്യുൽപാദന ശേഷി പരിപൂർണമായി ഉപയോഗിക്കാൻ കഴിയൂ. ബയോസെക്യൂരിറ്റി എന്താണെന്ന്  കോവിഡ് പശ്ചാത്തലത്തിൽ പെട്ടെന്ന് മനസിലാകും. മറ്റു ഫാമുകളിൽ നിന്നും ദേശാടനപ്പക്ഷികളിൽനിന്നും  മറ്റു മൃഗങ്ങളിൽ നിന്നും വായുവിൽനിന്നുപോലും നമ്മുടെ ഫാമിൽ രോഗാണുക്കൾ പ്രവേശിക്കാതെ നോക്കുന്നതാണ് ബയോസെക്യൂരിറ്റി. ഇതിനു വേണ്ടി നാം ഫാർമുകളിൽ പ്രത്യേകം യൂണിഫോമും ചെരിപ്പും ഉപയോഗിക്കേണ്ടതുണ്ട്. കൈ കഴുകാൻ അണുനാശിനി മിശ്രിതം, കാൽ മുക്കിയെടുക്കാൻ അണുനാശിനി കലക്കിയ വെള്ളം എന്നിവ ഉപയോഗിക്കണം. വാഹനങ്ങളുടെ ടയർ മുക്കിയെടുക്കാനും ഇതു തന്നെ ചെയ്യാം. പുറമെ നമ്മുടെ ദേഹത്ത് അണുനാശിനി   സ്പ്രേ  ചെയ്യണം. വാഹനങ്ങൾക്കു മുകളിലും അണുനാശിനി സ്പ്രേ ചെയ്യണം.

സന്ദർശകരെ പരമാവധി ഒഴിവാക്കണം. കൃത്യമായി വേലി തിരിച്ഛ് മറ്റു മൃഗങ്ങൾ വരുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഫാർമിന് ചുറ്റും വല വിരിച്ച്  പക്ഷികൾ ഫാമിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പിക്കണം. പത്തു ദിവസത്തിലൊരിക്കൽ അണുനാശിനി ഷെഡിനുള്ളിൽ സ്പ്രേ ചെയ്യണം. കോഴികുഞ്ഞ്  ഇറക്കുന്നതിനു മുമ്പുള്ള അണുനശികരണ കാര്യങ്ങൾ വേറെയും. കൂടാതെ കൃത്യ സമയത്തുള്ള പ്രതിരോധ വാക്‌സിനേഷനും. ഇത്രയും ജൈവപ്രതിരോധത്തോടു കൂടി വളർത്തുന്ന കോഴികൾക്കു അസുഖം വരാനുള്ള സാധ്യത നന്നേ കുറവാണ്. അഥവാ വന്നാൽ തന്നെ ഡോക്ടറുടെ നിർദേശ പ്രകാരം ആന്റിബയോട്ടിക്‌ കൃത്യമായ അളവിൽ നൽകേണ്ടതുമാണ്. 

ഇത്തരം ശാസ്ത്രീയ പരിചരണ രീതികളും അതിന്റെ കാര്യക്ഷമതയും എല്ലാ കർഷകരിലും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. നമ്മുടെ പ്രചാരണ പരിപാടികളുടെയും, പാര വെറ്റിനറി സ്റ്റാഫിന്റെയും വെറ്റിനറി ഡോക്ടർമാരുടെയും അഭാവം തന്നെ കാരണം. കർഷകനു /സംരംഭകനു  അവശ്യമുള്ള സമയത്ത് പരിചയ സമ്പന്നരായ വെറ്റിനറി ഡോക്ടർമാരുടെ സേവനം  ലഭിക്കുന്നില്ല. അതിനാൽ പല അശാസ്ത്രീയ പ്രവണതകളും പരിചരണത്തിൽ കടന്നുവരാം.. 

എങ്കിലും ഈ അടുത്ത കാലത്തായി ആന്റിബയോട്ടിക്‌ പോളിസി പ്രഖ്യാപനത്തിലൂടെ  കേരളം മാതൃകയായി. ഇതിന്റെ ഭാഗമായി  ശാസ്ത്രീയമായ മൃഗപരിപാലന രീതികൾ പ്രചരിപ്പിക്കുന്നതിനു ആക്കം  കൂടിയിട്ടുണ്ട്. ഇതിനു പുറമെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ വിൽപനയും ഉപയോഗവും തടയേണ്ടതായുണ്ട്. ശാസ്ത്രീയ പരിചരണ രീതികളെക്കുറിച്ചും ബയോസെക്യൂരിറ്റിയെകുറിച്ചും അവബോധമില്ലാത്ത കർഷകർ പല വ്യാജന്മാരുടെയും വാക്കുകൾ വിശ്വസിച്ച് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നൽകിയാൽ... മൊത്തം കർഷകരെയും ബ്രോയ്‌ലർ ഫാർമിങ് മേഖലയെത്തന്നെയും പ്രതികൂട്ടിലാക്കുന്നവർ ഇനിയും കുറവല്ല.

ധാരാളമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് കോഴികളുടെ വളർച്ച മുരടിപ്പിക്കും. ആന്റിബയോട്ടിക്‌ ഉപയോഗം കാരണം ശരീരത്തിൽ  കൂടുതൽ ക്ഷീണവും സമ്മർദവും ഏർപ്പെടും. അതിനാൽ നാം നൽകുന്ന തീറ്റയുടെ സിംഹഭാഗവും ഈ ക്ഷീണവും സമ്മർദ്ദവും പരിഹരിക്കാനുള്ള ഊർജമായി ഉപയോഗിക്കും,  മാംസമായി മാറുകയില്ല. ഇത് എല്ലാ കർഷകർക്കും നേരിട്ടനുഭവമുള്ളതായിരിക്കും.

അസുഖങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ആന്റിബയോട്ടിക്‌ ഉപയോഗിക്കുന്നതിലൂടെ തീറ്റച്ചെലവ് ഭീമമായി വർധിക്കും. അതിനാൽ കർഷകർ അത് ചെയ്യില്ല. എന്നാൽ, ബയോസെക്യൂരിറ്റി വഴി രോഗം പ്രതിരോധിക്കാൻ പാകപ്പെട്ടിട്ടില്ലാത്ത കർഷകൻ ഉപയോഗിക്കാനും സാധ്യതയുണ്ട്.

അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചുരുക്കം ഫാമുകളിൽ നടക്കുന്നുണ്ടെങ്കിൽ ശാസ്ത്രീയമായ പരിചരണ രീതികളും അതിന്റെ പ്രാധാന്യവും  കർഷകനെ  ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യയിലെ മൃഗസംരക്ഷണ വകുപ്പുകളും ഭക്ഷ്യസുരക്ഷാ വകുപ്പുകളും പൊതുസമൂഹവും ഇനിയും ഏറെ പ്രായത്നിക്കേണ്ടിയിരിക്കുന്നു എന്ന് സാരം. അല്ലാതെ ബ്രോയ്‌ലർ കോഴി 42 ദിവസം കൊണ്ട്  2.2 കിലോ തൂക്കം ലഭിക്കാൻ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ആവശ്യമില്ല. 

English summary: Antibiotic Use in Poultry Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com