ADVERTISEMENT

നിങ്ങളുടെ ആടുകൾക്ക് വിശപ്പില്ലായ്മ, തീറ്റ എടുക്കാതിരിക്കുക, കൂട്ടത്തിൽ പനിയും, വായ്ക്കുള്ളിൽ കുരുക്കളോ, നീർക്കെട്ടോ, വയറിളക്കമോ,  ശ്വാസകോശസംബന്ധമായ അസുഖങ്ങളോ ഉണ്ടെന്നു കരുതുക. കൂട്ടത്തിൽ അതേ രോഗം മറ്റ് ആടുകൾക്കും പകരുന്നതായി നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എങ്കിൽ അത് ചിലപ്പോൾ ഈ അസുഖം ആയേക്കാം, പിപിആർ അഥവാ ആടു വസന്ത‍.

എന്താണ് ആടു വസന്ത?

1940കളിൽ പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റ എന്ന രാജ്യത്ത് ആദ്യമായി കണ്ടെത്തിയ ഈ രോഗം കേരളത്തിൽ പൊതുവേ ആട് വസന്ത എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ തമിഴ്നാട്ടിൽ വില്ലുപുരത്ത് 1989ലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. മോർബിലി എന്ന നാമധേയമായ ഒരു വൈറസാണ് ആട് വസന്തയ്ക്ക് കാരണം. 

ഏതൊക്കെ മൃഗങ്ങൾക്ക് ഈ രോഗം വരാം?

ആടുകൾക്കും ചെമ്മരിയാടുകൾക്കാണ് ആട് വസന്ത വരാനുള്ള സാധ്യത കൂടുതൽ. എങ്കിലും രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാവസ്ഥ അതായത് സബ്- ക്ലിനിക്കൽ  ഇൻഫസ്റ്റേഷൻ കന്നുകാലികളിലും പന്നികളും കൂടുതലായി കാണാറുണ്ട്. 

പകർച്ചാ രീതി

  • രോഗാവസ്ഥയിലുള്ള ആടുകളിൽനിന്നു നേരിട്ട് പകർന്നേക്കാം.  ഉദാ: പൊതു ഇടങ്ങളിൽ ആടുകളെ  ഒരുമിച്ച് തീറ്റാൻ കൊണ്ടുപോകുക, അസുഖം ബാധിച്ച ആടുകളുടെ മലിനീകരണപ്പെട്ട വസ്തുക്കൾ അതായത് തീറ്റ, പുല്ല്, കയർ,  വൈക്കോൽ, പാത്രങ്ങൾ തുടങ്ങിവയിലൂടെയും കാഷ്ഠത്തിലൂടെയും  മൂത്രത്തിലൂടെയും പകർന്നേക്കാം.
  • അസുഖം ബാധിച്ച് ആടുകളെ വാങ്ങിക്കാൻ ഇടയായാൽ പ്രത്യേകിച്ചു പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത എന്നാൽ രോഗിണികളായ ആടുകളെ വാങ്ങുമ്പോൾ ഈ അസുഖം പകർന്നേക്കാം.
  • വിരളമായി കാട്ടുമൃഗങ്ങളിൽനിന്നും ഈ അസുഖം പകർന്നേക്കാം.  ഉത്തര- ദക്ഷിണ- അമേരിക്കയിൽ കാണുന്ന വെള്ള വാലുള്ള മാൻ ഇതിനൊരു ഉദാഹരണമെങ്കിലും കേരളത്തിൽ ഈ രീതിയിലുള്ള രോഗപകർച്ചയ്ക്കുള്ള സാധ്യത വളരെ വിരളം. അതുപോലെ തന്നെ കൊതുകിൽനിന്നും ഈ രോഗം പകരുന്നതായി രേഖപ്പെടുത്തിയിട്ടില്ല.

ലക്ഷണങ്ങൾ

  • പെട്ടെന്ന് കാണുന്ന രോഗാവസ്ഥ:  (താഴെ പറയുന്ന എല്ലാ രോഗലക്ഷണങ്ങളും ഒരേ സമയം തന്നെ പ്രകടമായി കാണണം എന്നില്ല)
  • പനി: 104 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ് വരെ. 
  • ഇതേതുടർന്ന് വരണ്ട ചർമ്മം,  വരണ്ട മൂക്ക്, വിശപ്പില്ലായ്മ, വായയ്ക്കകത്തു ചുവന്ന നിറം (മ്യൂക്കസ് മെമ്പറയിൻ) തുടങ്ങിയവ കാണാം.
  • മൂക്ക് നീര്, തുമ്മൽ, മൂക്കട്ട വരണ്ടു പൊറ്റ പോലെ ഇരിക്കുന്നു, ചുവന്ന കണ്ണുകൾ, തുടർച്ചയായുള്ള കണ്ണുനീർ പ്രവാഹം, കണ്ണീർ പീള തുടങ്ങി നീര് വീഴ്ചയുടെ എല്ലാ ലക്ഷണങ്ങളും, ഇതും തുടർന്നു പോയാൽ ന്യൂമോണിയയുടെ ലക്ഷണങ്ങൾ, തുടർന്ന് ശ്വാസ തടസം മൂലം മരണവും സംഭവിച്ചേക്കാം. 
  • പ്രധാനമായും ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളാണ് കാണാറുള്ളത്. എങ്കിലും ചുണ്ടുകളിലും വായ്ക്കുള്ളിലും നീര്, വീർമത, പൊളങ്ങൾ, പുണ്ണ് തുടർന്ന് ഭക്ഷണം എടുക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പാൽ കുറയുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സ ലഭിക്കാതിരുന്നാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ വയറിനെയും കടലിനെയും ബാധിക്കുകയും ദുർഗന്ധത്തോട് കൂടിയ വയറിളക്കം (ചിലപ്പോൾ കഫം- രക്തം കലർന്ന വയറിളക്കം), ശരീരം ക്ഷയിക്കുക, നിർജലീകരണം, ശരീരതാപനില കുറയുക, കിടപ്പിലാവുക ഒടുവിൽ മരണവും സംഭവിച്ചേക്കാം. 
  • പ്രകടമായ രോഗലക്ഷണം ഇല്ലെങ്കിൽ പോലും ചിലപ്പോൾ ഗർഭം ഉണ്ടെങ്കിൽ അത് അലസി പോവുകയും ചെയ്തേക്കാം.

ഇത്തരം ലക്ഷണങ്ങൾ ആട് വസന്ത എന്ന രോഗം സ്ഥിരീകരിക്കാനാകുമോ?

ഒരുപക്ഷേ നമ്മുടെ കർഷക സുഹൃത്തുകൾക്ക് ആട് വസന്തയുടെ പ്രകടമായ ലക്ഷണങ്ങളെക്കകുറിച്ച് നല്ല അവബോധം ഉണ്ടെന്നാണ് പലപ്പോഴും പല സോഷ്യൽ മീഡിയ കൂട്ടായ്മകളിലും രോഗങ്ങളെ കുറിച്ചുള്ള അവരുടെ വിലയിരുത്തൽ കാണുമ്പോൾ മനസിലാകാൻ സാധിക്കുന്നത്. എന്നാൽ മേൽ   പറഞ്ഞ ലക്ഷണങ്ങൾ ആടുവസന്തയിലേക്ക് വിരൽ കൂടുമെങ്കിലും പലപ്പോഴും ഈ ലക്ഷണങ്ങൾ തന്നെ കാണിക്കുന്ന മറ്റു ചില രോഗങ്ങളിൽ നിന്നും ആട് വസന്ത എന്ന ഈ രോഗാവസ്ഥയെ വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഇതിനെ ഡിഫ്‌റെൻഷ്യൽ ഡയഗ്നോസിസ് എന്ന് പറയും. മൃഗചികത്സകനായ ഒരു വിദഗ്ധന് മാത്രമേ പലപ്പോഴും ഇത് സാധിക്കാറുള്ളൂ.

വയർ സംബന്ധമായ  അസ്വസ്ഥതകൾ കാണുകയാണെങ്കിൽ അതിനെ  ഇ- കോളൈ (പ്രധാനമായും വയറിളക്കം മറ്റു ലക്ഷണങ്ങൾ: ഗർഭ കാലത്തിന്റെ അവസാന നാളുകളിൽ ഗർഭച്ഛിദ്രം, ചാപിള്ള പിറക്കുക, മറുപിള്ള പോകാതിരിക്കുക, ദുർബലരായ ആട്ടിൻ കുഞ്ഞുങ്ങൾ പിറക്കുക), കോക്സീഡിയ (വയറിളക്കം, തൂക്കം വയ്ക്കാതിരിക്കുക, ക്ഷീണം, 4-6 മാസം പ്രായമുള്ള കുട്ടികളിൽ കൂടുതൽ ആയി കാണുന്നു), എന്ററോടോക്സിമിയ പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്ന് തൊട്ട് മഴക്കാലത്ത് തളിരിലകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന വയറിളക്കം മുതൽ പണ്ടപുഴു അസുഖം, ദഹനക്കേട് മുതലായ അസുഖങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കേണ്ടതുണ്ട്.

ശ്വാസകോശരോഗങ്ങൾ കാണുകയാണെങ്കിൽ സാധാരണ നീരുവീഴ്ച മുതൽ  സിസിപിപി തുടങ്ങിയ രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

വായിലുള്ള ലക്ഷണങ്ങൾ മാത്രമാണ് കാണുന്നതെങ്കിൽ സാധാരണ വിറ്റാമിൻ കുറവ് കൊണ്ടുണ്ടാകുന്ന വായ് പോളങ്ങൾ മുതൽ ഓർഫ്‌‌ പോലെയുള്ള രോഗങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. 

നമുക്ക് വിശദമായി നോക്കാം

ഓർഫ്‌ എന്ന രോഗത്തിൽ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, മൂക്കിൽ നിന്നും കണ്ണിൽ നിന്നും വരുന്ന സ്രവങ്ങൾ എന്നിവ പൊതുവേ കാണാറില്ല.  ആട് വസന്ത ബാധിച്ച ആടുകൾക്ക് മരണസംഖ്യ ഒരുപക്ഷേ 100% വരെ ആണെന്നിരിക്കെ ഓർഫിൽ അത് ഒരു ശതമാനത്തോളം താഴെ മാത്രമാണ് ഉണ്ടായിരിക്കുക. അതുപോലെ ഓർഫ് രോഗാവസ്ഥ നിമിത്തം ഗർഭം അലസുക എന്നത് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത ആട് വസന്ത സംഭവിക്കുകയാണെങ്കിൽ ചിലപ്പോൾ ഗർഭം അലസി പോവുകയും സംഭവിച്ചേക്കാം.

ഇനി കുളമ്പ് രോഗം  ആയി താരതമ്യപ്പെടുത്തി നോക്കാം:  കുളമ്പ് രോഗത്തിൽ വായ്പൊളവും മുടന്തും കാണാറുണ്ടെങ്കിലും ആട് വസന്തയിൽ മുടന്ത് കാണാനുള്ള സാധ്യത വളരെ കുറവാണ്. വായ്നാറ്റവും കുറവായിരിക്കും.

മറ്റൊരു സ്ഥിതിവിശേഷമായ ന്യൂമോണിക്ക് പാസ്റ്ററെല്ലോസിസിൽ (ബാക്ടീരിയൽ രോഗമാണ്) ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണാറുണ്ടെങ്കിലും ആട് വസന്തയിൽ കാണുന്നത് പോലെ  വയറിളക്കം, വായിലുള്ള കുരുക്കൾ കാണുവാൻ ഉള്ള സാധ്യത കുറവാണ്. രോഗപ്പകർച്ചയും കുറവായിരിക്കും.

മറ്റൊരു സ്ഥിതിവിശേഷമാണ് ബ്ലൂട്ടങ് (നീല നാക്ക്): ആട് വസന്ത എന്ന അവസ്ഥയിൽ നിന്ന് അപേക്ഷിച്ച് ബ്ലൂട്ടങ്ങിൽ  തലയിൽ നീര്, നീലച്ചിരിക്കുന്ന വായ്,  മുടന്ത്, കുളമ്പിനു തൊട്ടുമുകളിൽ ചുവന്ന തടിപ്പുള്ള വരകൾ എന്നിവയും പ്രകടമായി കാണാൻ സാധ്യതയുണ്ട്.

ആടുകളിൽ പൊതുവെ കാണുന്ന മറ്റൊരു മാരകശേഷിയുള്ള ബാക്ടീരിയൽ രോഗം ആണ് എന്ററോടോക്സിക്മിയ. ക്ലോസ്ട്രീഡിയം പെർഫ്രിൻജിൻസ്‌ എന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന എ മുതൽ എഫ് വരെയുള്ള വിഷാംശങ്ങളെ അനുസരിച്ചിരിക്കും ഈ രോഗത്തിന് മാരക ശേഷി നിശ്ചയിക്കുന്നത്. സാധാരണയായി ടൈപ്പ് സി വിഷാംശങ്ങളാണ് ആടുകളിൽ കൂടുതലായി ബാധിക്കുന്നത്. പ്രധാന ലക്ഷണങ്ങൾ: വയറുവേദന, ക്ഷീണം, ഭക്ഷണമെടുക്കാതിരിക്കുക, പാലുകുടിക്കാതിരിക്കുക, രക്തം കലർന്ന വയറിളക്കം ചിലപ്പോൾ പെട്ടെന്നുള്ള മരണം തുടങ്ങിയവ ആണ്. (വാക്സിൻ ലഭ്യമാണ്)

രോഗനിയന്ത്രണം 

രോഗാവസ്ഥയിലുള്ള ആടുകളെ എത്രയും വേഗം തന്നെ മറ്റുള്ളവരിൽനിന്ന് മാറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. കൂടും പരിസരവും അണുവിമുക്തമാക്കുക. നല്ല രീതിയിൽ ശുചിത്വം പരിപാലിക്കുകയും ചെയ്യേണ്ടതാണ്.  പുതിയ മൃഗങ്ങളെ വാങ്ങുമ്പോൾ ഏറ്റവും കരുതൽ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്; രോഗാവസ്ഥയിലുള്ള  ആടുകളെ വാങ്ങാതിരിക്കുക.

ചികിത്സ 

ഒരു വൈറസ് രോഗമായതിനാൽ തന്നെ ആട് വസന്ത വരുമ്പോൾ അനുബന്ധമായുള്ള സെക്കൻഡറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ സംഭവിച്ചേക്കാം. ഇതിന്റെ ചികിത്സാരീതിയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയംചികിത്സകർ ആകാതിരിക്കുക. അടുത്തുള്ള മൃഗാശുപത്രിയിൽ ആടുകളെ കൊണ്ടുപോകേണ്ടതാണ്. അല്ലെങ്കിൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറും ആയി ബന്ധപ്പെടാം. വായ്പുണ്ണിന് ഒരു താൽകാലിക ചികിത്സ എന്നോണം ബോറിക് ആസിഡ് പൊടി തേനിൽ ചാലിച്ച് പോളങ്ങളുടെയും കുരുക്കളുടെയും മുകളിൽ പുരട്ടാവുന്നതാണ്. നിർജലീകരണം സംഭവിക്കാതിരിക്കാൻ  ധാരാളം വെള്ളം കൊടുക്കുക (കഞ്ഞി വെള്ളം, തളപ്പിച്ചാറിയ ചൂട് വെള്ളം, ORS ലായനി തുടങ്ങിയവ). ഒരു കാരണവശാലും അസുഖം വന്ന മൃഗങ്ങളെ ശുശ്രൂക്ഷിക്കുന്നവർ മറ്റു മൃഗങ്ങളുടെ അടുത്ത് ശുചി ആകാതെ പോകരുത്.

പ്രതിരോധ കുത്തിവയ്പ്പ്: ഐഎഎച്ച് & വിബി, പാലോട് PPR വാക്സിൻ എന്ന പേരിൽ തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ സമീപിച്ചാൽ ഈ വാക്സിൻ സാധാരണ ലഭ്യമാക്കേണ്ടതാണ്. അഥവാ കർഷകർക്ക് നേരിട്ട് വാങ്ങണം എന്നുണ്ടെങ്കിൽ മേൽപറഞ്ഞ സ്ഥാപനവുമായി ബന്ധപ്പെട്ടാൽ ഒരു വയലിന് (50 ഡോസ്)  400 രൂപ എന്ന നിരക്കിൽ ലഭ്യമാണ്. 3 വർഷം വരെ ഇമ്മ്യുണിറ്റി കിട്ടുന്ന ഈ വാക്സിൻ 3 മാസം മുകളിലുള്ള ആട്ടിൻകുട്ടികളിൽ എടുക്കാവുന്നതാണ്.  

ഒരു അക്കാദമിക് താൽപര്യത്തിനു വേണ്ടി മറ്റുള്ള വിഷാംശങ്ങളെ കുറിച്ചും പറയാം.  

ടൈപ്പ് എ: കന്നുകാലികളിലും കിടാരികളിലും ചെമ്മരിയാട്ടിൻ കുട്ടികളിലുമാണ് കൂടുതലായി കണ്ടുവരുന്നത്. ലക്ഷണങ്ങൾ: മഞ്ഞപ്പിത്തം, മൂത്രത്തിൽ ഹീമോഗ്ലോബിന് അംശം, രക്തക്കുറവ് തുടങ്ങിയവയാണ്. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും വായിലും മൂക്കിലും രക്തത്തിന് അംശം കലർന്ന നുരയും പതയും കാണാൻ സാധിക്കും. 

ടൈപ്പ് ബി: ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങൾക്ക് കാണുന്ന വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. മലത്തിലൂടെ കഫം ചിലപ്പോൾ രക്തം എന്നിവയും പോകുന്നതായി കാണാൻ സാധിക്കും. വയറുവേദന വിശ്രമിക്കാതിരിക്കുക, വയറ്റിലേക്ക് നോക്കിയിരിക്കുക, കരയുക എന്നിവയും ലക്ഷണങ്ങളായി കാണാം. ചിലപ്പോൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ദർശിക്കാത്ത തന്നെ മരണവും സംഭവിച്ചേക്കാം. 

ടൈപ്പ് ഡി: ചെമ്മരിയാടിന് കുഞ്ഞുങ്ങൾക്ക് കൂടുതലായി കണ്ടുവരുന്ന ഈ ലോകത്തിലെ പ്രധാന ലക്ഷണം കുഞ്ഞുങ്ങൾ വളരെ അധികം ഊർജസ്വലരായി എന്ന് തോന്നും പ്രകാരം ഉയർന്നു ചാടുകയും, പിന്നീട് തളർന്നു വീഴുകയും, വിറയ്ക്കുകയും പിന്നീട് പെട്ടെന്ന് മരണപ്പെടുകയും ചെയ്യും. ‌‌ഹൃദയത്തെയും കിഡ്നിയെയും ബാധിക്കുന്നതാണ് കാരണം.

ടൈപ്പ് ഇ : പെട്ടെന്നുള്ള മരണം. കുടലിനെ ബാധിക്കുന്നു.

ടൈപ്പ് എഫ് : അത്ര മാരകമല്ലെങ്കിലും കിടാരികളിലും ചെമ്മരിയാട്ടിൻകുട്ടികളിലും വയറിളക്കം ഉണ്ടാക്കുന്നു.

English summary: Overview of Peste des Petits Ruminants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com