ADVERTISEMENT

നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കുമുള്ള പേർഷ്യൻ പൂച്ചകൾ ആരുടെയും മനം മയക്കും. അതുതന്നെയാണ് കേരളത്തിൽ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറാൻ കാരണവും. മുഖത്തിന്റെ രൂപമനുസരിച്ച് ഇവയെ ഡോൾ ഫെയ്‌സ്, പഞ്ച് ഫെയ്‌സ് എന്നിങ്ങനെ വർഗീകരിച്ചിട്ടുമുണ്ട്. 

persian-cat-suresh
സുരേഷ്‌കുമാർ പേർഷ്യൻ പൂച്ചയ്ക്കൊപ്പം

പഞ്ച് ഫെയ്‌സിലെ ഏറ്റവും മുന്തിയ വിഭാഗമായ എക്സ്ട്രീം പഞ്ച് ഫെയ്‌സ് പേർഷ്യൻ പൂച്ചകളെ മാത്രം വളർത്തുന്ന പൂച്ചപ്രേമിയാണ് കൊല്ലം കുണ്ടറ സ്വദേശി സുരേഷ്കുമാർ. വിദേശത്തുനിന്ന് നേരിട്ടെത്തിവയവരടക്കം ഇരുപതോളം പൂച്ചകൾ സുരേഷിന്റെ മേഘാ പേർഷ്യൻസിലുണ്ട്. എല്ലാവരും സിഎഫ്എ (ക്യാറ്റ് ഫ്രാൻസ്യേഴ്സ് അസോസിയേഷൻ) റജിസ്‌ട്രേഷൻ ഉള്ളവർ. കുഞ്ഞുങ്ങളെ വിൽക്കുന്നതും സിഎഫ്എ റജിസ്ട്രേഷനോടുകൂടിത്തന്നെ.

വീടിനുള്ളിൽത്തന്നെയാണ് സുരേഷിന്റെ കാറ്റെറി. ഒരു മുറി പൂച്ചകൾക്കായി മാറ്റിവച്ചിരിക്കുന്നു. എയർ കണ്ടീഷൻ ചെയ്ത മുറിയാണിത്. 

persian-cat-suresh-4

16 പെണ്ണും 4 ആണും അടങ്ങുന്നതാണ് സുരേഷിന്റെ പൂച്ചശേഖരം. വിശാലമായ മുറിയിലാണ് പെൺപൂച്ചകൾ വിഹരിക്കുന്നത്. ആൺ പൂച്ചകളെ പ്രത്യേകം മാറ്റി പാർപ്പിച്ചിരിക്കുന്നു. മദിലക്ഷണം കാണിക്കുന്ന പെൺപൂച്ചകളെ ആൺപൂച്ചകളുടെ കൂടെ വിട്ട് ഇണചേർക്കുന്നു. ഇണചേർത്തശേഷം 60–68 ദിവസത്തിനുള്ളിലാണ് പ്രസവം. ഇണചേർത്ത് 30 ദിവസത്തിനുശേഷം ഗർഭിണിപ്പൂച്ചകളെ പ്രത്യേകം മാറ്റിപ്പാർപ്പിക്കും. തുടർന്ന് കുഞ്ഞുങ്ങളെ മാറ്റുന്നതുവരെ അമ്മയും മക്കളും ഒരുമിച്ചായിരിക്കും. സാധാരണ 3–6 കുട്ടികളാണ് ഒരു പ്രസവത്തിൽ ഉണ്ടാവുക.

വിദേശ ഇനം പൂച്ചകളായതിനാൽ തണുപ്പുള്ള സാഹചര്യത്തിൽ വേണം ഇവയെ വളർത്താൻ. അല്ലാത്തപക്ഷം ചർമരോഗങ്ങളുണ്ടാകുമെന്ന് സുരേഷ്. നിത്യവും കണ്ണുകളും ചെവികളും മൂക്കുമെല്ലാം വൃത്തിയാക്കണം. അതുപോലെ നീളമേറിയ രോമങ്ങളുള്ള ശരീരമായതിനാൽ ചീകിയൊരുക്കുകയും വേണം. ചുരുക്കത്തിൽ നമ്മുടെ നാട്ടിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള പേർഷ്യൻ ഇനങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ ഈ എക്സ്ട്രീം പഞ്ച് ഫേസുള്ള പേർഷ്യൻ പൂച്ചകൾക്കു നൽകണം. 

persian-cat-1
റഷ്യയിൽനിന്നു കൊണ്ടുവന്ന പൂച്ച

അടുത്തിടെ റഷ്യയിൽനിന്നെത്തിയ 2 പേരാണ് സുരേഷിന്റെ കാറ്റെറിയിലെ താരങ്ങൾ. ഒരു പൂച്ചയ്ക്ക് 3.80 ലക്ഷം രൂപയോളം ചെലവ് വന്നിട്ടുണ്ട്. 2 പേർക്കുംകൂടി 7.6 ലക്ഷം രൂപ. ഇനിയും ചില വിദേശികൾ ഇവിടേക്ക് എത്താനുണ്ടെന്നും സുരേഷ്. 

നായ്ക്കളിൽ കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ (കെസിഐ) സർട്ടിഫിക്കറ്റ് ഉള്ളതുപോലെ പൂച്ചകൾക്ക് സർട്ടിഫിക്കറ്റ് അനുവദിച്ചു തരുന്ന ഏജൻസിയാണ് ക്യാറ്റ് ഫ്രാൻസ്യേഴ്സ് അസോസിയേഷൻ (സിഎഫ്എ). ഇന്ത്യയിൽ ചുരുക്കം ചില ബ്രീഡർമാർ മാത്രമേ സിഎഫ്എ സർട്ടിഫൈഡ് പൂച്ചക്കുട്ടികളെ വിതരണം ചെയ്യുന്നുള്ളൂവെന്ന് സുരേഷ്. വംശശുദ്ധിയുള്ള പൂച്ചകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ് ഈ ഏജൻസി രൂപംകൊണ്ടിട്ടുള്ളത്. 

persian-cat-suresh-2

കേരളത്തിൽ ഈ ഇനം പൂച്ചകൾക്ക് ഒട്ടേറെ ആവശ്യക്കാരുണ്ടെങ്കിലും സുരേഷിന്റെ പൂച്ചകൾക്ക് കേരളത്തിനു പുറത്തും ആവശ്യക്കാരുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വിൽപനയെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും സുരേഷ്. 14 തലമുറ വരെയുള്ള വംശാവലി രേഖപ്പെടുത്തിയതാണ് ഇവയുടെ സിഎഫ്എ സർട്ടിഫിക്കറ്റ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ നിലവാരം ഉറപ്പുവരുത്താൻ വാങ്ങുന്നവർക്കു കഴിയും. ഒരു കുഞ്ഞിന് 1.25–1.5 ലക്ഷം രൂപയാണ് വില.

ബിസിനസുകാരനായ സുരേഷ് പൂച്ചകളെ കൂടെക്കൂട്ടിയിട്ട് ഒരു പതിറ്റാണ്ടോളമായി. പൂച്ചകളോടുള്ള താൽപര്യവും ഇതിനു കാരണമായി. പൂച്ചക്കുട്ടികൾക്ക് ഡിമാൻഡ് ഏറിയതാണ് കാറ്റെറി എന്ന രീതിയിലേക്കു മാറിയതും വിദേശത്തുനിന്ന് പൂച്ചകളെ എത്തിക്കാനും കാരണം. 

കുഞ്ഞന്മാരാണെങ്കിലും അത്ര നിസാരമല്ല ഇവയുടെ ഭക്ഷണക്രമം. മാസം 35,000–40,000 രൂപയോളം ഇവയുടെ ഭക്ഷണത്തിന് മാത്രം ചെലവാകുന്നുണ്ടെന്ന് സുരേഷ് പറയുന്നു. കോഴിയിറച്ചി, പച്ചക്കറികൾ എന്നിവ ചേർത്ത് തയാറാക്കിയ ചോറ് ഗ്രേവി പരുവത്തിൽ ഒരു നേരം നൽകും. രണ്ടു ദിവസം ചിക്കൻ നൽകിയാൽ അടുത്ത 2 ദിവസങ്ങളിൽ ബീഫ് ആണ് നൽകുക. 2 ദിവസം മത്തിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഒരു നേരം ഡ്രൈ ഫു‍ഡ് ആണ് നൽകുക. കൂടാതെ, മീനെണ്ണയും ആവശ്യമായ സപ്ലിമെന്റുകളും നൽകാറുണ്ട്. 

ഫോൺ: 9847351115

English summary: Best Persian cat breeder found at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com