ഫാം ജീവനക്കാരനെ കടിച്ചുകൊന്ന് നായ്ക്കൾ: കുറ്റക്കാർ ഉടമയോ നായ്ക്കളോ?

HIGHLIGHTS
rott-weiler
ചിത്രങ്ങൾ: ഡെന്നി ഡാനിയൽ (പെറ്റ് ഫോട്ടോഗ്രാഫർ)
SHARE

ഒരിടവേളയ്ക്കുശേഷം റോട്ട് വെയ്‌ലർ നായ്ക്കൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പതിവു രീതിയിലുള്ള വാർത്തതന്നെ, ആക്രമണം. ഇത്തവണ ഭക്ഷണം നൽകാൻ വൈകിയതിന്റെ പേരിൽ നോട്ടക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. റോട്ട് വെയ്‌ലർ നായ്ക്കളുടെ സ്വഭാവം അൽപം പിശകായതിനാൽ വാർത്തയുടെ നിജസ്ഥിതി എങ്ങനെയാണെന്ന് കരുതാൻ വയ്യ. എന്നാൽ, നായ്ക്കളുടെ സ്വഭാവരൂപീകരണം എന്നുള്ളത് ഉടമ അവയെ എങ്ങനെ വളർത്തുന്നതിനെ ആശ്രയിച്ചിരിക്കും. അതായത്, നല്ല കുട്ടിയായും വളർത്താം ചീത്ത കുട്ടിയായും വളർത്താം.

ആക്രമണകാരികളായ നായ്ക്കൾ എന്നും ശ്വാനപ്രേമികൾക്കും ഉടമകൾക്കും തലവേദനയാണ്. നായ ആക്രമണകാരിയാകുന്നതിന്റെ കാരണം മനസിലാക്കുകയാണ് പ്രശ്നപരിഹാരത്തിന് ആദ്യപടി. നായ്ക്കളുടെ മേധാവിത്ത സ്വഭാവം (dominance), നിരാശ (frustration) എന്നിവ ഇവയെ  ആക്രമണ സ്വഭാവത്തിലേക്കു നയിക്കാം. ഓടി നടന്ന് കളിച്ചു വളരാൻ ആഗ്രഹിക്കുന്ന നായ്ക്കളെ തീരെ വ്യായാമം ലഭിക്കാത്ത സാഹചര്യം  നിരാശരാക്കുന്നു. വേണ്ട പരിശീലനം ആധികാരികമായി നേതൃത്വ പാടവത്തോടെ ശാന്തമായി നൽകാൻ ഉടമയ്ക്കു സാധ്യമാകാതെ വരുമ്പോൾ ഏതു ജനുസിൽപ്പെട്ട നായയും ആക്രമണകാരിയായി മാറുമെന്നതാണ് അടിസ്ഥാന സത്യം.

പലപ്പോഴും ചില ജനുസുകളെ വില്ലന്മാരായി സമൂഹം മുദ്രകുത്താറുണ്ട്. എന്നാൽ, ആക്രമണകാരിയായ ചിവാവെ ഇനം നായയും (chihuahua) ആക്രമണകാരിയായ പിറ്റ്ബുൾ (pit bull) നായയും തമ്മിലുള്ള പ്രധാന വ്യത്യാസം വലുപ്പമേറിയ ജനുസ് വലിയ പരിക്കുണ്ടാക്കുമെന്നതു മാത്രമാണ്.

rott-weiler-1

മാസ്റ്റിഫ്, ഡെയിൻ, ഡോബർമാൻ, റോട്ട്‌വെയ്‌ലർ, ജർമൻ ഷെപ്പേർഡ്, സെയിന്റ് ബർനാർഡ് ഇവയൊക്കെ നല്ല ആരോഗ്യവും ശരീരത്തൂക്കവും വലുപ്പവും ഉള്ളവയായതുകൊണ്ട് നല്ല പരിശീലനം നൽകി വേണം വളർത്താൻ. പരിശീലനം എന്നാൽ തീയിലൂടെ നടക്കാനും പൊലീസ് നായ്ക്കളെപ്പോലെ  പെരുമാറാനും പഠിപ്പിക്കലല്ല, മറിച്ച് ഉടമയോടു നല്ല ബന്ധം പാലിക്കുന്നതുവഴി കാര്യങ്ങൾ മനസിലാക്കാൻ പ്രാപ്തമാക്കുകയാണ്.

‘Come’ (വരിക, വരൂ) എന്നു പറയുമ്പോൾ വിളിച്ചിടത്തേക്കു വരാൻ നായയ്ക്കു കഴിയണം. ഇരിക്കാൻ (sit) പറഞ്ഞാൽ ഇരിക്കുക. ഭക്ഷണം കൊടുക്കുന്നതിനു മുൻപ് sit പറയുമ്പോൾ ഇരിക്കുക, കഴിക്കാൻ (eat) പറഞ്ഞതിനുശേഷം കഴിക്കുക. ഇവയൊക്കെയാണ് ഉചിതമായ രീതി.  നായ സ്വന്തം പേര് മനസിലാക്കുകയും വേണം. കുളിപ്പിക്കുമ്പോഴും കളിപ്പിക്കുമ്പോഴും ഉടമയും കുടുംബാംഗങ്ങളുമായി അവയ്ക്ക് നല്ല ബന്ധം ഉണ്ടാകട്ടെ.

നായ്ക്കളെ പേടിപ്പെടുത്തിയോ അടിച്ചോ വേദനിപ്പിച്ചോ പഠിപ്പിക്കാമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഇത്തരം നായ്ക്കൾ ഏതെങ്കിലും സാഹചര്യത്തിൽ ആക്രമണകാരികളായി മാറാനിടയുണ്ട്.

വലിയ ജനുസിനെ (ബ്രീഡിനെ) വളർത്തി തങ്ങൾക്കു വേണ്ട  സംരക്ഷണവും കാവലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ നായ്ക്കുട്ടിയെ വാങ്ങും. എന്നാൽ പിന്നീട് ഇവയ്ക്ക് അത്യാവശ്യ പരിശീലനം പോലും നൽകാൻ ശ്രദ്ധിക്കില്ല. നമ്മുടെ പ്രൗഢി കാണിക്കാനായി നായയെ ‘വളർത്തിക്കളയാം’ എന്നു വിചാരിക്കുന്നവരുമുണ്ട്. ചില ജനുസുകളോടുള്ള അമിത താൽപര്യമാവും ചിലർക്കു നായ്ക്കുട്ടിയെ വാങ്ങാൻ പ്രേരണയാകുന്നത്. എന്നാൽ ഇത്തരക്കാരൊന്നും നായ്ക്കുട്ടിയുടെ ജനുസിന്റെ സ്വഭാവവും ആവശ്യങ്ങളും അറിയാൻ ശ്രമിക്കാറില്ല.

rott

തന്റെ ജീവിത സാഹചര്യത്തിനും സൗകര്യങ്ങൾക്കും ഉതകുന്നതാണോ താൻ വാങ്ങുന്ന നായ എന്നത് ഏറെ പ്രധാനമാണ്. വലിയ ജനുസുകൾക്കു വ്യായാമത്തിനും മറ്റുമായി കൂടുതൽ  സ്ഥലം വേണം. മറ്റുള്ളവർക്ക് ശല്യമില്ലാതെ ഇവയെ വളർത്താൻ വീടിനു ചുറ്റുമതിലും മറ്റും വേണം.

നായയുടെ സ്വഭാവത്തിൽ പാരമ്പര്യമായി ലഭിച്ച ഗുണങ്ങളും സാഹചര്യങ്ങളുടെ സ്വാധീനവും പരിശീലനങ്ങളിലൂടെ ലഭിച്ച പാഠങ്ങളും പ്രതിഫലിക്കും. 

നായ്ക്കൾ സമൂഹജീവിയായതുകൊണ്ട് ഒരു ‘കൂട്ടം’ (pack) നായ്ക്കളുടെ സമൂഹത്തിൽ കാണിക്കുന്ന സ്വഭാവം അതിനെ ഏറെ സ്വാധീനിക്കുന്നു. ഇങ്ങനെയൊരു കൂട്ടത്തിൽ മറ്റെല്ലാവരെയും ഭരിക്കുന്ന ഒരു നേതാവുണ്ടായിരിക്കും. ഈ സ്വഭാവം മനുഷ്യനുമായുള്ള നായയുടെ ബന്ധത്തെയും സ്വാധീനിക്കുന്നുണ്ട്. നായയുമായി സഹവസിക്കുന്ന ആളുകളെ (ഉടമസ്ഥനും കുടുംബവും) ഒരു ‘കൂട്ടം നായ്ക്കളായി’ത്തന്നെ അവൻ കരുതുന്നു. അതിനാൽ നായ്ക്കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടുവരുമ്പോൾ  തന്നെ ‘നേതാവിന്റെ’ സ്ഥാനം നിങ്ങളേറ്റെടുക്കണം. ചില നായ്ക്കൾ നിങ്ങളുടെ നേതൃത്വം അംഗീകരിക്കുകയും മറ്റു ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്തെന്നു വരാം. നിങ്ങളുടെ നേതൃത്വം അംഗീകരിക്കാത്തവയുടെ മേൽ നിങ്ങളുടെ ആധിപത്യം ഉറപ്പാക്കണം. എന്നാൽ ഇതിനായി അവയെ ഉപദ്രവിക്കുകയല്ല വേണ്ടത്. പകരം അവയ്ക്കു മനസിലാകുന്ന വിധത്തിൽ ഇക്കാര്യം ഇടയ്ക്കിടെ ഓർമിപ്പിച്ചു വശത്തിലാക്കണം.

നായ നിങ്ങളെ അതിന്റെ നേതാവ് (pack leader) ആയി അംഗീകരിച്ചാൽ പിന്നീട് അവ നിങ്ങളുടെ മേൽ മേധാവിത്തം കാണിക്കാൻ വരില്ല. കാരണം നിങ്ങളാണ് അവന്റെ ശാന്തത വെടിയാത്ത, ദൃഢതയുള്ള അധികാരി.

തെക്കൻ ജർമനിയിലെ ‘റോട്ട്‌വീൽ’ എന്ന സ്ഥലത്ത് പ്രാചീന റോമൻ നായ്ക്കളിൽനിന്നു വികസിപ്പിച്ചെടുത്ത ജനുസാണിത്. ആദ്യകാലങ്ങളിൽ കന്നുകാലികളെ മേയ്ക്കാനും മറ്റുമാണ് ഈ ജനുസിനെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവയുടെ ബുദ്ധിസാമർഥ്യവും പരിശീലനമേന്മയും കണക്കിലെടുത്ത് FCI (Federation Cynalogiquo Internationale) ഇവയെ 1910 മുതൽ പൊലീസ് നായയായി ഉപയോഗിക്കാൻ പറ്റിയ ജനുസായി അംഗീകരിച്ചു. കൂടാതെ, സ്നേഹിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കഴിയുന്ന ബുദ്ധിമതിയായും തിരിച്ചറിയപ്പെട്ടു. കുടുംബത്തോട് കൂറും സംരക്ഷണം നൽകാൻ താൽപര്യവുമുള്ള ജനുസ്സായതിനാൽ നല്ല കാവൽനായയുമാണ്. എന്നാൽ ശാഠ്യക്കാരായതുകൊണ്ട് നല്ല രീതിയിൽ പരിശീലനം വേണം. 

അമേരിക്കൻ റോട്ട്‌വെയ്‌ലർ ക്ലമ്പ് ലോകത്തിലെ ഏറ്റവും മികച്ച ബ്രീഡാണ്. റോട്ട്‌വെയ്‌ലർ എന്നു പറയുന്നതോടൊപ്പം തന്നെ, ഇത് എല്ലാവർക്കും യോജിച്ച ബ്രീഡല്ല എന്നും പറയുന്നു. ഈ ജനുസിന് സൗമ്യതയുള്ള, ദൃഢതയുള്ള, ഉത്തമ നേതൃത്വപാടവമുള്ള ഉടമയാവും ഉചിതം എന്നുകൂടി ഉപദേശിക്കുന്നുണ്ട്. അവയ്ക്ക് സാമൂഹിക പരിശീലനവും വ്യായാമവും ഒക്കെ ആവശ്യമാണ്. അതായത്, നല്ല ഉടമയുടെ കയ്യിൽ ഇത് ഉത്തമ ജനുസാണ്. ഉടമ ശരിയല്ലെങ്കിൽ മറ്റേതു ജനുസിനെയും പോലെതന്നെ റോട്ടും അപകടകാരിയാകും. ഏതെങ്കിലും ഒരു ജനുസ് ആക്രമണകാരിയാണെന്ന പ്രചാരണം പലപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലാകും. അത്തരം വാർത്തകൾ തെറ്റിദ്ധാരണയുളവാക്കും. വലിയ ജനുസുകളെപ്പറ്റിയുള്ള ഇത്തരം വാർത്തകൾ പെട്ടെന്നുതന്നെ പ്രചരിക്കപ്പെടുന്നു എന്നു മാത്രം.

അടുത്തകാലത്ത് ബ്രിട്ടനിലെ 14000 ശ്വാനപരിപാലകരുടെ ഇടയിൽ റെയ്ച്ചൽ കസെയുടെ നേതൃത്വത്തിൽ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ നായ ജനുസിനെ കുറ്റം പറയാതെ ഉടമസ്ഥരെ ബോധവൽക്കരിക്കാൻ ആഹ്വാനം ചെയ്യുന്നു. ഉത്കണ്ഠാജനകമോ പേടിപ്പെടുത്തുന്നതോ ആയ സാഹചര്യം   ഏതു ജനുസിനെയും ആക്രമണകാരികളായി മാറ്റാമെന്ന് പഠനം വ്യക്തമാക്കുന്നു.

അതുപോലെതന്നെ, മുപ്പതിലധികം ജനുസുകളിൽ പെൻസിൽവാനിയ സർവകലാശാല നടത്തിയ പഠനത്തിൽ ഡാഷ്ഹണ്ട്, ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, സ്പാനിയൽ, പൂഡിൽ, റോട്ട്‌വീലർ, സൈബീരിയൻ പിസ്കി തുടങ്ങിയവയൊക്കെ അപരിചിതരോടും ഉടമസ്ഥരോടും മറ്റു നായ്ക്കളോടും ഒരേപോലെ പെരുമാറുന്നതായി വ്യക്തമാക്കുന്നു. ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, വിപ്പറ്റ്, ഗ്രേ ഹൗണ്ട്, ബ്രിട്ടനി സ്പാനിയൽ എന്നിവ ആക്രമണ സ്വഭാവം കുറഞ്ഞ ജനുസുകളായി പഠനം ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ആക്രമിക്കുന്നതിൽ ഡാഷ്ഹണ്ടും, ചിവാവെയും, ജാക്ക് റസലും, ഓസ്ട്രേലിയൻ ക്യാറ്റിൽ ഡോഗും, കോക്കർ സ്പാനിയലും മുന്നിലായപ്പോൾ, മറ്റു നായ്ക്കളെ ആക്രമിക്കുന്നതിൽ അക്കിറ്റയും പിറ്റ്ബുൾടെറിയറും ജാക്ക് റസൽ  ടെറിയറുമാണ് മുന്നിലെന്നും പഠനം പറയുന്നു. റോട്ട്‌വെയ്‌ലർ ഇക്കൂട്ടത്തിൽ ഇല്ലെന്നതു ശ്രദ്ധേയം.

പ്രമുഖ അനിമൽ സൈക്കോളജിസ്റ്റ് റെയ്ച്ചൽ കസെയുടെ വാക്കുകൾ ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. ഒരാൾക്ക് നിങ്ങൾ ഡ്രൈവിങ് ലൈസൻസ് കൊടുക്കുന്നതിനു മുൻപ്  എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി യോഗ്യത ഉറപ്പാക്കും. അതുപോലെ ഓരോ പുതിയ ശ്വാന പരിപാലകനും ജനുസിനെക്കുറിച്ച് ആഴത്തിൽ അറിയണം. അവയെ വളർത്തേണ്ട രീതിയിൽ പ്രായോഗിക പരിശീലനം നേടി യോഗ്യത ഉറപ്പാക്കുകയും വേണം. 

English summary: Reasons Why Dogs Get Aggressive and How to Stop It

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA