ചർമ്മകാന്തി നഷ്ടപ്പെട്ടാൽ ഉപേക്ഷിക്കാനുള്ളതല്ല നായ്ക്കൾ; മൃഗാശുപത്രി എന്നൊരു ആശുപത്രിയുണ്ട് കേട്ടോ...

HIGHLIGHTS
  • ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് ചര്‍മ്മം
  • ലക്ഷണങ്ങൾ കണ്ടറിഞ്ഞു വേണം, പരിഹാരം
dog
കഴുത്തിൽ കയർ മുറുകി മുറിവായ സ്ഥിതിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ തിരുവനന്തപുരത്തുനിന്ന് മൃഗസ്നേഹികൾ രക്ഷിച്ച റോട്ട് വെയ്‌ലർ ഇനത്തിൽപ്പെട്ട നായ. ചിത്രത്തിന് കടപ്പാട്: Arrow - Animal Rescue Rehabilitation and Overall Wellness
SHARE

വലിയ വില നൽകി മുന്തിയ ഇനം വാങ്ങി വളർത്തുകയും തുടക്കത്തിലുള്ള ആവേശം പിന്നീട് നഷ്ടപ്പെട്ടു കഴിയുമ്പോൾ അവഗണിക്കുകയും ചെയ്യപ്പെടുന്ന സാധു ജീവികളാണ് നായ്ക്കൾ. വാങ്ങുന്ന സയമത്ത് പൊന്നുപോലെ സംരക്ഷിക്കുമെങ്കിലും പിന്നീട് യാതൊരു പരിഗണനയും നൽകാത്ത സ്ഥിതിയാണുണ്ടാകുന്നത്. ഈ പ്രവണത സമീപകാലത്ത് കേരളത്തിൽ വർധിച്ചിട്ടുമുണ്ട്. അതിന് ഉദാഹരണങ്ങൾ നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലാബ്രഡോറും റോട്ട് വെയ്‌ലറും ഡോബർമാനും സെന്റ് ബെർണാഡും പോലുള്ള നായ്ക്കൾ തെരുവിൽ അലഞ്ഞുനടക്കുന്നത് ഉടമകൾ ഉപേക്ഷിച്ചതുകൊണ്ടുതന്നെ. വീട്ടിൽ വളർത്തിയവ ആയതിനാൽ ഇത്തരം നായ്ക്കൾക്ക് തെരുവിൽ ജീവിക്കാനും ബുദ്ധിമുട്ടായിരിക്കും. ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലാണ് പലപ്പോഴും ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾ. വാർധക്യം മൂലമാണ് മുൻപൊക്കെ നായ്ക്കളെ ഉപേക്ഷിച്ചിരുന്നതെങ്കിൽ സമീപകാലങ്ങളിൽ ചർമ്മരോഗം മൂലം നായ്ക്കൾ ഉപേക്ഷിക്കപ്പെടുന്നുവെന്ന് അനുമാനിക്കേണ്ടതായി വരും. കാരണം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന നല്ലൊരു ശതമാനം നായ്ക്കളിലും ചർമ്മരോഗം കൂടിയ തോതിൽ കണ്ടുവരുന്നുണ്ട്. തുടക്കത്തിൽതത്തന്നെ ചികിത്സ നൽകാത്തതാണ് ഇത്തരം രോഗങ്ങൾ മൂർച്ഛിക്കാൻ കാരണം. മാത്രമല്ല, ചർമ്മരോഗം പിടിപെട്ട നായ്ക്കളുടെ അഭംഗിയും അവയോടു തോന്നുന്ന അറപ്പും ദുർഗന്ധവുമെല്ലാം നായ്ക്കൾ ഉപേക്ഷിക്കപ്പെടാൻ കാരണമായേക്കാം. അതുകൊണ്ടുതന്നെ നായ്ക്കളെ വളർത്തുന്നവർ ചർമ്മസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. 

നായ്ക്കളുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മ്മം. പലവിധത്തിലും, തരത്തിലുമുള്ള ചര്‍മ്മരോഗങ്ങള്‍ നായ്ക്കളെ ബാധിക്കാം. ഇവ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. 

കാരണങ്ങൾ പലതരം

ബാക്ടീരിയ, ഫംഗസ് അഥവാ കുമിള്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍, മലസ്സേസിയ എന്ന പ്രത്യേകതരം യീസ്റ്റ് തുടങ്ങിയവയാണ് ചര്‍മ്മരോഗത്തിന്റെ പ്രധാന കാരണങ്ങള്‍. കൂടാതെ പോഷകാഹാരക്കുറവ്, അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശരീരത്തിലെ മറ്റു രോഗങ്ങള്‍, ഉപാപചയ പ്രവര്‍ത്തന തകരാറുകള്‍, ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം, ചില ജനുസ്സുകളുടെ പാരമ്പര്യം തുടങ്ങിയവയും ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകാം. കാലാവസ്ഥാ മാറ്റം, പരിസര ശുചിത്വമില്ലായ്മ, ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലെ കുറവ് എന്നിവ ചര്‍മ്മരോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ചിലപ്പോള്‍ കാരണങ്ങള്‍ ഒന്നിലധികമാകാം. രോഗബാധ കണ്ടാലുടനെ തന്നെ വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം. 

ലക്ഷണങ്ങൾ കണ്ടറിഞ്ഞു വേണം, പരിഹാരം

പല ചര്‍മ്മ രോഗങ്ങള്‍ക്കും കൃത്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. ചൊറിച്ചില്‍, രോമം കൊഴിയല്‍, അസ്വസ്ഥത, രോമം കൊഴിഞ്ഞ ഭാഗത്തെ ചുവന്ന് വീര്‍ത്ത അവസ്ഥ എന്നിവ പൊതുവായ ലക്ഷണങ്ങളായി കരുതാം. സ്വാഭാവികമായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നായയുടെ ശരീരത്തിലെ രോമം കൊഴിഞ്ഞുപോകും എന്നാല്‍ പ്രത്യേക ഭാഗങ്ങളില്‍ നിന്നും ചൊറിച്ചിലിന്റെ അകമ്പടിയോടെയുള്ള രോമം കൊഴിച്ചില്‍ ചര്‍മ്മരോഗമാകാം.

ബാക്ടീരിയ കാരണമുണ്ടാകുന്ന ചര്‍മ്മരോഗമാണ് പയോഡെര്‍മ. ചലം നിറഞ്ഞ പോളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. ശരീരത്തിന്റെ ഏതു ഭാഗങ്ങളിലും രോഗബാധയുണ്ടാകാമെങ്കിലും കൂടുതലായി കണ്ടുവരാറുള്ളത് വയറിനടിഭാഗത്തും കൈമുട്ടുകളിലുമാണ്. അല്‍സേഷ്യന്‍ നായകള്‍ ഇത്തരം ചര്‍മ്മരോഗത്തിന് കൂടുതല്‍ കീഴടങ്ങാറുണ്ട്. വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നല്‍കുന്ന ആന്റിബയോട്ടിക് ചികിത്സയാണ് പരിഹാരം.

ഫംഗസ് അഥവാ കുമിള്‍ ബാധമൂലമുണ്ടാകുന്ന ചര്‍മ്മരോഗത്തെ ഡെര്‍മാറ്റോമൈക്കോസിസ് (dermatomycosis) എന്നാണ് വിളിക്കുന്നത്. മണ്ണില്‍ നിന്നും, രോഗം ബാധിച്ച മറ്റു നായ്ക്കളില്‍ നിന്നുമാണ് രോഗം പകരുന്നത്. രോഗം ബാധിച്ച ഭാഗം മറ്റു ഭാഗങ്ങളില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നിരിക്കും. നല്ല ചൊറിച്ചിലും രോമം പൊഴിയലുമുണ്ടാകും. രോഗം ബാധിച്ച ഭാഗത്തെ രോമങ്ങള്‍ വട്ടത്തിലായിരിക്കും കൊഴിയുമെന്നതിനാല്‍ ഇതിനെ വട്ടച്ചൊറി അഥവാ റിംഗ്‌വേം എന്നു പറയുന്നു. തല, കഴുത്ത്, തുട, പുറംഭാഗം എന്നിവിടങ്ങളിലാണ് കൂടുതലായും കണ്ടുവരാറുള്ളത്. രോഗകാരണം കുമിള്‍ ബാധയാണെന്ന് നിര്‍ണ്ണയിച്ചാല്‍ ഫംഗസിനെതിരെയുളള ഓയിന്‍മെന്റ്, ക്രീം, ഷാംപു എന്നിവ ഉപയോഗിക്കണം. ഗുളികകള്‍ ഉള്ളില്‍ കഴിക്കുകയും വേണം. കുമിള്‍ബാധ പൂര്‍ണ്ണമായും മാറാന്‍ ചികിത്സ ഒരു മാസമെങ്കിലും ചെയ്യണം. രോഗശമനമുണ്ടായാലും ഇടയ്ക്ക് ചികിത്സ നിര്‍ത്തരുത്. മനുഷ്യനിലേക്ക് പകരാനും സാധ്യതയുള്ള രോഗമാണിത്. 

ഡെമോഡക്‌സ് എന്ന പരാദമുണ്ടാക്കുന്ന ചര്‍മ്മരോഗമാണ് ഡെമോസിക്കോസിസ്. ആദ്യം കണ്ണ്, വായ ഇവയുടെ ചുറ്റും, തല, കഴുത്ത്, മുന്‍കാല്‍ എന്നിവിടങ്ങളിലും രോഗബാധ പ്രത്യക്ഷപ്പെടുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാം. രോമം കൊഴിച്ചില്‍, രോമം കൊഴിഞ്ഞ ഭാഗത്ത് ചുവപ്പു നിറം, പരുക്കള്‍, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളും കാണിക്കാം. ചികിത്സ ലഭ്യമാണ്. പേന്‍, പട്ടുണ്ണി, ചെള്ള് തുടങ്ങിയ ബാഹ്യപരാദങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത മൂലം നായ ശരീര ഭാഗങ്ങള്‍ കടിക്കുകയും, ചൊറിയുകയും ചെയ്താല്‍ ആ ഭാഗത്തെ രോമം പൊഴിയുകയും തൊലി പൊട്ടി പഴുത്ത് വ്രണമാകുകയും ചെയ്യാം. ദുര്‍ഗന്ധം വമിക്കുന്ന ഈ അവസ്ഥ നായ്ക്കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. തൊലിപ്പുറത്തു ണ്ടാകുന്ന മുറിവുകളില്‍ ഈച്ച മുട്ടയിട്ട് പുഴുക്കള്‍ ഉണ്ടാകുന്ന അവസ്ഥയും കാണാറുണ്ട്. ഈ അവസ്ഥയില്‍ യൂക്കാലിപ്റ്റസ് ഓയില്‍ ഒഴിച്ച് പുഴുക്കളെ പുറത്തെടുത്തതിന് ശേഷം മുറിവുണങ്ങാനുള്ള മരുന്നുകള്‍ നല്‍കണം. ബാഹ്യപരാദങ്ങളെ ഒഴിവാക്കാന്‍ നായ്ക്കളെ ആഴ്ചയിലൊരിക്കല്‍ കുളിപ്പിക്കുകയും രോമം ചീകുകയും വേണം. ഡെറ്റോള്‍, മനുഷ്യനുപയോഗിക്കുന്ന സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഡെറ്റോള്‍ നായയുടെ ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കും. 

മലസ്സേസിയ പാച്ചിഡെര്‍മിറ്റിസ് എന്ന യീസ്റ്റുമൂലം ഉണ്ടാകുന്ന ചര്‍മ്മരോഗം നായ്ക്കളില്‍ കാണപ്പെടുന്നു. വേനല്‍ക്കാലത്ത് ഇത് കൂടുതലായി വരുന്നു. ചൊറിച്ചിലും, കനച്ച എണ്ണയുടെ മണവുമാണ് പ്രധാന ലക്ഷണം. ചെവി, കഴുത്തിന്റെ താഴെ, തുട, കാല്‍പാദത്തിന്റെ ഇടയിലുള്ള ഭാഗം എന്നിവിടങ്ങളിലോ അല്ലെങ്കില്‍ ശരീരം മുഴുവനായോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്ത് തേയ്ക്കാവുന്ന മരുന്നുകളും ആന്റിഫംഗല്‍ ഗുളികകള്‍, കുത്തിവയ്പ് എന്നിവ വഴി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ നല്‍കുക. ചര്‍മ്മത്തില്‍ ലക്ഷണങ്ങള്‍ കാണുന്ന സ്ഥലത്തുനിന്ന് ചുരണ്ടിയെടുക്കുന്ന ചര്‍മ്മ സാംപിളില്‍ മൈക്രോസ്‌കോപ്പിലൂടെ യീസ്റ്റു കോശങ്ങളെ കണ്ടെത്തിയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. 

ശരീരത്തിന്റെ ആന്തരീകാവയവങ്ങളിലുണ്ടാകുന്ന പല രോഗങ്ങളും ചര്‍മ്മരോഗ ലക്ഷണങ്ങളും കാണിക്കാറുണ്ട്. മൂത്രാശയ രോഗങ്ങള്‍, പ്രമേഹം, വൃഷണങ്ങളിലെ അര്‍ബുദം, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. 

നായ്ക്കളില്‍ പല്ല് മുളക്കുന്ന സമയത്ത് ശരീരത്തില്‍ ചില കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന വ്യത്യാസമാണ് കാരണം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ചൊറിച്ചില്‍ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല ശരീരത്തിന്റെ ഇരുഭാഗങ്ങളില്‍ നിന്നും തുല്യമായി രോമം കൊഴിച്ചില്‍ ഉണ്ടാവും അതായത് ഒരു പ്രത്യേക സ്ഥലത്തു നിന്നാവില്ല രോമം പൊഴിയുക എന്നർഥം.

നായ്ക്കളില്‍ ചര്‍മ്മ രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍ പലവിധമാണെന്ന് മനസ്സിലായല്ലോ. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍, വിദഗ്ധ സഹായത്തോടെ കൃത്യമായ രോഗനിര്‍ണ്ണയം നടത്തി നിശ്ചിത കാലയളവില്‍ ചികിത്സ നല്‍കണം. കാരണങ്ങള്‍ നിരവധിയെങ്കിലും വൃത്തിയില്ലാത്ത കൂടും, പരിസരവും, പോഷകന്യൂനതകളുമാണ് ത്വക്ക് രോഗങ്ങള്‍ക്ക് വഴിയിടുന്നത്. വിറ്റാമിന്‍ എ, ബി. എന്നിവയുടെ അളവിലുണ്ടാകുന്ന കുറവും, ചില വിറ്റാമിനുകളുടെ അളവു കൂടുന്നതം ചര്‍മ്മരോഗമുണ്ടാക്കും. ചര്‍മ്മ രോഗമുണ്ടാകാനുള്ള മറ്റൊരു പ്രധാന ന്യൂനത സിങ്ക് എന്ന ധതുവിന്റെ കുറവ്. ശിരസിലും പാദങ്ങളിലും തൊലി വിണ്ടുകീറി പൊറ്റ പൊളിഞ്ഞു പോകുന്നതാണ് ലക്ഷണം. 

ആരോഗ്യമുളള ചര്‍മ്മത്തിന് സിങ്ക്, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ സിറപ്പുകള്‍/ടോണിക്കുകള്‍ വളരുന്ന പ്രായത്തില്‍ തന്നെ നായ്ക്കള്‍ക്ക് നല്‍കണം. രോഗലക്ഷണങ്ങളുള്ള നായ്ക്കളെ മറ്റു നായ്ക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തണം. അവയെ കിടക്കയിലും വീടിനകത്തും കിടത്തുന്നത് ഒഴിവാക്കണം. ബാഹ്യ പരാദബാധ നിയന്ത്രിക്കണം. രോമം പതിവായി ചീകി മിനുസപ്പെടുത്തണം. ശരീര ദുര്‍ഗന്ധം വരാതെ ഇടവേളകളില്‍ കുളിപ്പിക്കണം. നായ്ക്കള്‍ക്കുള്ള സോപ്പ് തന്നെ ഉപയോഗിക്കണം. മാസത്തില്‍ ഒന്നു രണ്ടു തവണ ഷാംപു ഉപയോഗിക്കാം. ഷാംപു ഉപയോഗിക്കുമ്പോള്‍ കണ്ടീഷണറുകളും ഉപയോഗിക്കണം. മനുഷ്യര്‍ക്കുള്ള ഷാംപു ഒഴിവാക്കുക. ചുരുക്കത്തില്‍ വീട്ടിലെ നായയുടെ ചര്‍മ്മം കണ്ടാലറിയാം അവയ്ക്ക് ഉടമ നല്‍കുന്ന ശ്രദ്ധയും, പരിപാലനവും എത്രയെന്ന്.

English summary: Skin Problems of Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA