ADVERTISEMENT

ചൂട് താങ്ങാൻ ശേഷിയില്ലാത്ത സാധു മൃഗമാണ് മുയലുകൾ. അതുകൊണ്ടുതന്നെ ചൂടു കൂടുന്ന ഈ സമയത്ത് അവയ്ക്കു പ്രത്യേക കരുതൽ നൽകണം.  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

1. വെയിലുള്ള സ്ഥലത്ത് കൂട് സ്ഥാപിക്കാതിരിക്കുക

മുയലുകളെ ഷെഡ് പണിത് അതിനുള്ളിൽ ചെറു കമ്പിക്കൂടുകളിൽ വളർത്തുന്നവരും ചെറിയ കൂടുകളിൽ മുറ്റത്ത് വയ്ക്കുന്നവരുമുണ്ട്. വലിയ ഷെഡിൽ വായൂസഞ്ചാരം ഉറപ്പാക്കണം. മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ആണുള്ളതെങ്കിൽ അതിനു മുകളിൽ ചണച്ചാക്കോ തെങ്ങോലയോ വിരിച്ച് ഉള്ളിലേക്കുള്ള ചൂട് കുറയ്ക്കാം. ചൂട് കൂടുതലുണ്ടെങ്കിൽ ഫാൻ ഉപയോഗിച്ച് ചൂട് വായു പുറത്തു കളയാം.

പുറത്ത് കൂടുകൾ വച്ചിരിക്കുന്നവർ മരത്തണലുകളിലോ വെയിലേൽക്കാത്ത വിധത്തിലോ ആണെന്ന് ഉറപ്പുവരുത്തണം. ശരീരത്തിൽ നേരിട്ട് വെയിലേറ്റാലോ കൂടിനുള്ളിൽ ചൂട് കൂടിയാലോ മരണം സംഭവിക്കാം. 

2. ഓടിട്ട മേൽക്കൂര ചൂട് കുറയ്ക്കും

പുറത്തു സ്ഥാപിക്കുന്ന കൂടുകൾക്ക് മേൽക്കൂര നൽകുമ്പോൾ പരമാവധി ഓട് ഉപയോഗിക്കാൻ ശ്രമിക്കണം. പ്ലാസ്റ്റിക്, അലുമിനിയം ഷീറ്റുകളും ഉപയോഗിക്കാം. എന്നാൽ,  മുയൽക്കൂടിനുള്ളിലേക്ക് ചൂട് കടക്കാത്ത വിധത്തിൽ മേൽക്കൂരയുടെ താഴെ ചണച്ചാക്കുകൊണ്ടോ തടികൊണ്ടോ തിരിക്കുന്നത് നല്ലതാണ്.

3. 24 മണിക്കൂറും ശുദ്ധജലം

കൂട്ടിൽ എപ്പോഴും ശുദ്ധജലം ഉറപ്പാക്കണം. പ്രത്യേകം പാത്രങ്ങളിലോ നിപ്പിൾ ഡ്രിങ്കിങ് സംവിധാനത്തിലൂടെയോ വെള്ളം നൽകാം. പാത്രങ്ങളിൽ വെള്ളം നൽകുമ്പോൾ കാഷ്ഠവും മൂത്രവും വീണ് വെള്ളം പാഴാകാനിടയാകും. അതുകൊണ്ട് നിപ്പിൾ ഡ്രിങ്കിങ് സംവിധാനം ഉപയോഗിക്കാം. ജലം പാഴാകുന്നത് ഒഴിവാക്കാനും നിപ്പിൾ സംവിധാനത്തിലൂടെ കഴിയും.

4. പകൽ തീറ്റ വേണ്ട

പകൽ സമയത്ത് അന്തരീക്ഷ താപനില ഉയരുന്നതിനാൽ തീറ്റയോട് മടുപ്പു കാണിക്കും. അതുകൊണ്ട് രാവിലെയോ വൈകുന്നേരമോ ഭക്ഷണം നൽകാം. ഖരാഹാരം വൈകുന്നേരമാക്കിയാൽ നന്ന്.

5. രോമം കൂടുതലുള്ളത് മുറിച്ചു മാറ്റണം

തുർക്കിയിൽനിന്നുള്ള അങ്കോറ പോലെ നീളൻ രോമമുള്ള മുയലുകൾക്ക് ഇപ്പോഴത്തെ കാലാവസ്ഥ താങ്ങാനുള്ള ശേഷിയില്ല. അതുകൊണ്ട് അവയ്ക്ക് പ്രത്യേക കരുതൽ വേണം. വേനൽക്കാലത്ത് നീളമുള്ള രോമം മുറിച്ചു മാറ്റുന്നത് അവയ്ക്ക് ആശ്വാസമാകും.

6. തണുപ്പിന് ടൈലുകൾ

മുയലുകൾക്ക് വിശ്രമിക്കാൻ കൂട്ടിൽ ടൈൽ, ഗ്രാനൈറ്റ്, മാർബിൾ നൽകാം. ചൂടു കൂടിയ കാലാവസ്ഥയിലും ഇവ‌യ്ക്ക് തണുപ്പായിരിക്കും. 

English summary: Top 6 Ways to Keep your Rabbits Cool in Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com