വളർച്ചയെത്തിയാൽ 20 കിലോ തൂക്കം; പൂച്ചകളിലെ ഏറ്റവും വലിയ ഇനം കേരളത്തിലും

HIGHLIGHTS
  • വിദേശരാജ്യങ്ങളിൽ 1500 മുതൽ 2000 യൂറോ വരെ വില
  • പേർഷ്യനെക്കാൾ പക്ഷേ, പലപടി മുകളിലാണ് മെയ്ൻകൂണിന്റെ പദവി
mainkoon-cat
നിഷാദിന്റെ മെയ്ൻകൂൺ പൂച്ചകളിലൊന്ന്
SHARE

നീളൻ ചെവികൾ, നീണ്ടുയർന്ന ശരീരം, ഇരുപതു കിലോ വരെ തൂക്കം. രൂപത്തിലും ഭാവത്തിലും ആകെയൊരു പുലിച്ചന്തം. അതെ, പൂച്ചകൾക്കിടയിലെ പുലിക്കുട്ടിയാണ് മെയ്ൻകൂൺ. കൊല്ലത്തെ പൂച്ചപ്രേമിയായ കരുനാഗപ്പള്ളി സ്വദേശി നിഷാദിന്റെ റോയൽ കേരള കാറ്ററിയിലെത്തിയാൽ കാണാം വളർത്തുപൂച്ചകളിലെ ഏറ്റവും വലിയ ഇനമായ മെയ്ൻകൂണിനെ; ഒന്നല്ല, രണ്ടെണ്ണം. 

ലക്ഷണമൊത്ത മെയ്ൻകൂണിന് വിദേശരാജ്യങ്ങളിൽ 1500 മുതൽ 2000 യൂറോ വരെ വിലയുണ്ടെന്നു നിഷാദ്. റഷ്യയിൽനിന്നു വാങ്ങിയ മെയ്ൻകൂണിനെ കേരളത്തിലെത്തിക്കാൻ മാത്രം നിഷാദ് ചെലവിട്ടത് ലക്ഷങ്ങൾ. മോസ്കോയിലെ ബ്രീഡർമാർക്കു നൽകിയ പൂച്ച വില വേറെ. ഇത്രയൊക്കെ കാശു പൊടിച്ച് പൂച്ചയെ വാങ്ങിയിട്ടെന്തു കാര്യം എന്നു ചോദിക്കരുത്. ‘അരുമകളെ പോറ്റുന്നവരുടെ മനസ്സ് അങ്ങനെയൊക്കെയാണു സുഹൃത്തേ’ എന്നു നിഷാദ്. 

mainkoon-cat-2
നിഷാദും ഭാര്യയും മെയ്ൻകൂൺ പൂച്ചകൾക്കൊപ്പം

പുന്നാരപ്പൂച്ച

ഐടി രംഗത്തു പ്രവർത്തിക്കുന്ന നിഷാദിന് പേർഷ്യൻ പൂച്ചകളോടുള്ള കൗതുകം മുൻപേയുണ്ട്. പേർഷ്യനെക്കാൾ പക്ഷേ, പലപടി മുകളിലാണ് മെയ്ൻകൂണിന്റെ പദവി. അമേരിക്കയിലെ മെയ്ൻ സംസ്ഥാനത്തെ വളർത്തുപൂച്ചയായ കൂൺ ഇനമാണ് പിൽക്കാലത്ത് മെയ്ൻകൂൺ എന്ന പേരിൽ പൂച്ചസ്നേഹികളുടെ ആരാധനാപാത്രമായി മാറിയത്. 

ബെംഗളൂരുവിൽ നടന്ന ഇന്റർനാഷനൽ ക്യാറ്റ് ഷോയിൽ വച്ചാണ് മെയ്ൻകൂണിനെ ആദ്യം  പരിചയപ്പെടുന്നതെന്നു നിഷാദ്. ഇന്ത്യയിൽ ഈയിനം പരിപാലിക്കുന്നവർ അപൂർവം. അങ്ങനെ റഷ്യയിലുള്ള ചില ബ്രീഡർമാരെ ഓൺലൈനിൽ പരിചയപ്പെട്ടു. അവരിൽനിന്ന് ശുദ്ധ ബ്രീഡിനെത്തന്നെ സ്വന്തമാക്കാനുള്ള ശ്രമവും തുടങ്ങി.

അരുമകളെ വിദേശത്തുനിന്നു വാങ്ങിക്കൊണ്ടുവരാനുള്ള നൂലാമാലകൾ ചില്ലറയല്ലെന്നു നിഷാദ്. നിയമപരമായ ചിട്ടവട്ടങ്ങൾ പൂർത്തിയാക്കാൻ തന്നെ ആറുമാസം ചെലവിടേണ്ടി വന്നു. കൊല്ലത്തുള്ള സുഹൃത്തുകൂടി താൽപര്യം പറഞ്ഞതോടെ മൂന്നു മെയ്ൻകൂൺ പൂച്ചകൾക്കു വിലയുറപ്പിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മാസം രണ്ടു പെണ്ണും ഒരാണും മോസ്കോയിൽനിന്നു വിമാനം കയറിയെത്തി. ഇവയിൽ ഒരാണും പെണ്ണുമാണ് നിഷാദിന്റെ കാറ്ററിയിലുള്ളത്. മറ്റൊരു പെണ്ണുള്ളത് സൃഹൃത്തിന്റെ പരിലാളനയിൽ. 

നാട്ടിലെത്തി ആദ്യ ദിവസങ്ങൾ എസിയിലൊക്കെ കഴിഞ്ഞെങ്കിലും ഇപ്പോൾ കരുനാഗപ്പള്ളിയിലെ കാലാവസ്ഥയുമായി ഇണങ്ങി ഉല്ലാസത്തോടെ കഴിയുന്നു നിഷാദിന്റെ ഈ അരുമകൾ. കൂട്ടിലടയ്ക്കാതെ, രണ്ടെണ്ണത്തിനും സ്വതന്ത്രമായി ചുറ്റിയടിക്കാൻ 350 ചതുരശ്രയടി സ്ഥലം നീക്കിവച്ചിട്ടുണ്ട് നിഷാദ്. 

കണ്ടാൽ ഗൗരവക്കാരെങ്കിലും പ്രകൃതത്തിൽ സൗമ്യരാണ് മെയ്ൻകൂൺ. പേർഷ്യൻ പൂച്ചകൾ പൊതുവെ അലസമായിരുന്ന് ഉറങ്ങാൻ ഇഷ്ടപ്പെടുമ്പോൾ കുറുമ്പും കൃസൃതികളുമായി ഓടിച്ചാടി നടക്കുന്ന ഇനം. അതുകൊണ്ടുതന്നെ എപ്പോഴും ഉല്ലാസഭരിതരായിരിക്കാൻ കളിപ്പാട്ടങ്ങളും (cat teasers) നൽകിയിട്ടുണ്ട്. പേർഷ്യനെക്കാൾ കൂടുതൽ ഇണക്കവും ബുദ്ധിശക്തിയും മെയ്ൻകൂണിനുണ്ടെന്നു നിഷാദ്. പരിശീലനത്തോട് അനുകൂലമായി പ്രതികരിക്കും. പേർഷ്യനെക്കാൾ അൽപം നീളം കുറഞ്ഞ രോമങ്ങളാണ് മെയ്ൻകൂണിനുള്ളത്. ദിവസവുമത് ചീകിയൊതുക്കി മനോഹരമാക്കണം.

നിഷാദിന്റെ പെൺ മെയ്ൻകൂണിന് പത്തുമാസം പ്രായം. നിലവിൽ 8 കിലോ തൂക്കം. ആണിന് 14 മാസം പ്രായം, 13 കിലോ തൂക്കം. പെണ്ണിന് അധികം തൂക്കം വയ്ക്കില്ലെങ്കിലും ആണിന് വളർച്ചയെത്തുന്നതിന് അനുസരിച്ച് 20 കിലോ വരെ തൂക്കമെത്തും. ചിക്കനും ബീഫും കാടമുട്ടയുമാണ് ഇഷ്ട വിഭവങ്ങൾ. പാൽ കൊടുക്കുന്നത് വിരശല്യണ്ടാക്കുമെന്നതിനാൽ അതൊഴിവാക്കും.

mainkoon-cat-1
ശ്രദ്ധയോടെ പരിചരണം

പെഡിഗ്രി ക്യാറ്റ്

ഐടി ജോലിയുടെ സമ്മർദം ലഘൂകരിക്കാനും വിശ്രമവേളകൾ ആനന്ദകരമാക്കാനുമാണ് പൂച്ചകളെ പരിപാലിച്ചു തുടങ്ങിയതെന്നു നിഷാദ്. തുടക്കം പേർഷ്യൻ ഇനത്തിൽത്തന്നെ. മികച്ച ബ്രീഡിനെത്തന്നെ സ്വന്തമാക്കാൻ ആദ്യം മുതൽ ശ്രദ്ധവച്ചിരുന്നു. കേരളത്തിൽ പരിപാലിക്കുന്ന പേർഷ്യൻ ബ്രീഡുകളിൽ കലർപ്പു കൂടുതലെന്നു നിഷാദ്. ശുദ്ധ ബ്രീഡുകൾ കൈവശമുള്ളവർ നന്നേ കുറവ്.

അലങ്കാരപ്പൂച്ചകൾക്ക് ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ ബ്രീഡർമാർ പെഡിഗ്രി (വംശമഹിമയുള്ള) പൂച്ചകളിലേക്കു തിരിയേണ്ടതുണ്ടെന്ന് നിഷാദ്. വേൾഡ് ക്യാറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ രൂപീകരിച്ച കേരള ക്യാറ്റ് ഫെഡറേഷന്റെ ഭരവാഹിയായ നിഷാദ്, പൂച്ചപ്രദർശനങ്ങൾ സംഘടിപ്പിച്ച് ഈ വഴിക്ക് ബ്രീഡർമാരെ സജ്ജമാക്കാനും മുൻനിരയിലുണ്ട് 

കേരളത്തിൽ പെഡിഗ്രി നായ്ക്കളുണ്ടെങ്കിലും പൂച്ചകളുടെ പെഡിഗ്രി പദവി വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. ക്യാറ്റ് ഷോകളിൽ ചാംപ്യനാകുന്നവയുടെ വംശപരമ്പരകൾക്ക് പെഡിഗ്രി നൽകി മികച്ച പൂച്ചക്കുഞ്ഞുങ്ങളെ വിപണിയിലെത്തിക്കാനും അതുവഴി ഈ രംഗത്തു പ്രവർത്തിക്കുന്ന സംരംഭകർക്ക് ഉയർന്ന വരുമാനം നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങളിലാണ് സംഘടനയെന്നു നിഷാദ് പറയുന്നു.

പെഡിഗ്രി പദവിയുള്ള മെയിൻകൂണിനെത്തന്നെയാണ് നിഷാദ് ഇറക്കുമതി ചെയ്തിരിക്കുന്നതും. രണ്ടിന്റെയും അപ്പനപ്പൂപ്പന്മാരുടെ വരെ ചരിത്രവും കുടുംബമഹിമയുമെല്ലം മോസ്കോയിലെ ബ്രീഡർമാർ കൈമാറിയിട്ടുണ്ടെന്നും നിഷാദ്.

ഫോൺ: 9567090434

English summary: Learn About The Maine Coon Cat Breed

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA