ശ്വാനസേനയിലെ നായ്ക്കള്‍ക്ക് 'നിലവാരമില്ല'; പൊലീസില്‍ 'ഡോഗ് പര്‍ച്ചേസ് മേളം'

HIGHLIGHTS
  • പൊലീസ് നായ്ക്കള്‍ക്കു നിലവാരമില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്
  • 20 നായ്ക്കളെ വാങ്ങാന്‍ 15 അംഗ പൊലീസ് സംഘം രാജസ്ഥാനിലുണ്ട്
k9-squad-kerala-police
SHARE

തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു സല്യൂട്ട് നല്‍കിയ പൊലീസ് നായ്ക്കള്‍ക്കു നിലവാരമില്ലെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. പരിശീലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കെ 9 സ്‌ക്വാഡിലേക്ക് (ഡോഗ് സ്‌ക്വാഡിന്റെ പുതിയ പേര്) നേരിട്ടു വാങ്ങിയ 12 നായ്ക്കളെ 'അണ്‍ഫിറ്റ്' എന്നു  വെറ്ററിനറി ഡോക്ടര്‍ വിധിച്ചതോടെ അതിനെ മടക്കി. ഇപ്പോള്‍ പുതിയ 20 നായ്ക്കളെ വാങ്ങാന്‍ 15 അംഗ പൊലീസ് സംഘം രാജസ്ഥാനിലുണ്ട്. 

തിരഞ്ഞെടുപ്പു മറയാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വന്‍ തുക ചെലവാക്കി നായ്ക്കളെ വാങ്ങിക്കൂട്ടുകയാണ്. കേരളത്തില്‍ പകുതി വിലയ്ക്ക് ഇവ ലഭ്യമാകുമ്പോഴാണ് ഓഡിറ്റില്ലാത്ത ഈ ഇടപാട്. 

ലക്ഷങ്ങള്‍ ചെലവാക്കിയാണു കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 15 ബല്‍ജിയന്‍ മലിന്വ നായ്ക്കളെ വാങ്ങിയത്. അതിന് ഒരു മാസം മുന്‍പ് 10 ബല്‍ജിയന്‍ മലിന്വ അടക്കം 20 നായ്ക്കളെ പഞ്ചാബിലെ ഹോം ഗാര്‍ഡ്‌സ് കനൈന്‍ ബ്രീഡിങ് സെന്ററില്‍നിന്നു വാങ്ങിയിരുന്നു. അതിനിടെയാണു കെ 9 സ്‌ക്വാഡ് ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബില്‍ പോയി 15 എണ്ണം കൂടി വാങ്ങിയത്. ഇവയുടെ പാസിങ് ഔട്ട് പരേഡ് അക്കാദമിയില്‍ കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ഇതു തലസ്ഥാനത്തേക്കു മാറ്റി. ബറ്റാലിയന്‍ എഡിജിപിയുടെ കീഴിലാണ് കെ 9 സ്‌ക്വാഡ്. പരിശീലനത്തിന്റെ ചുമതല ഐജി പി. വിജയനാണ്. മുഖ്യമന്ത്രി നായ്ക്കളുടെ സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെയാണ് ഇവയ്‌ക്കൊന്നും നിലവാരമില്ലെന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. ഇവ ഭാവിയില്‍ സേനയ്ക്കു ബാധ്യതയാകും. പലതിനെയും പരേഡില്‍ പങ്കെടുപ്പിച്ചില്ല. പരിശീലകരുടെ ശമ്പളം അടക്കം സര്‍ക്കാരിനു വന്‍ ബാധ്യതയാണ് ഈ നായ്ക്കള്‍. അതിനാല്‍ അടിയന്തര നടപടി വേണമെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതു ചര്‍ച്ച ചെയ്യാമെന്നു കുറിച്ചു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഫയല്‍ മടക്കി. 

ഏതാനും മാസം മുന്‍പു മൈസൂരുവില്‍നിന്നു വാങ്ങിയ 12 നായ്ക്കളെയാണ് 'അണ്‍ഫിറ്റ്' എന്നു വെറ്ററിനറി ഡോക്ടര്‍ മുദ്രകുത്തിയത്. 

ഭീകര സംഘടനാത്തലവനെ പിടിക്കാന്‍ യുഎസ് സൈന്യത്തെ സഹായിച്ചതിന്റെ പേരില്‍ താരമായ ബല്‍ജിയന്‍ മലിന്വയ്ക്ക് 30,000 രൂപ മുതല്‍ മുകളിലേക്കാണ് വിപണി വില. മുന്തിയ ഇനം നായ്ക്കുട്ടികളെ 40,000 രൂപയ്ക്കു കേരളത്തിലും ലഭ്യമാണ്. എന്നാല്‍ പഞ്ചാബിലെ ബ്രീഡിങ് സെന്ററില്‍ നിന്ന് ഒരു നായയ്ക്ക് 95,000 രൂപയ്ക്കാണു കഴിഞ്ഞ വര്‍ഷം വാങ്ങിയത്. നിലവില്‍ നൂറിലേറെ നായ്ക്കള്‍ സേനയിലുണ്ട്.

English summary: Kerala Police K9 Squad

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA