എന്‌റെ റോസി ഇനി ഇല്ല, വളര്‍ത്തുനായയുടെ വിയോഗം പങ്കുവച്ച് ലക്ഷ്മി നായര്‍

HIGHLIGHTS
  • ഇനിയൊരു വ്‌ളോഗില്‍ വരാന്‍ അവള്‍ക്ക് സാധിക്കില്ല
lakshmi-nair-with-her-pet-dog
SHARE

മറ്റൊരു വളര്‍ത്തുമൃഗത്തിനും ഇല്ലാത്ത ആത്മബന്ധം നായ്ക്കള്‍ക്ക് തന്‌റെ ഉടമകളോടുണ്ട്. അതുകൊണ്ടുതന്നെ ഉടമകളുടെ സന്തോഷത്തില്‍ സന്തോഷിക്കാനും ദുഃഖത്തില്‍ ദുഃഖിക്കാനും നായ്ക്കള്‍ക്കു കഴിയും. പുറത്തുപോയി തിരിച്ചെത്തുന്ന ഉടമയെ കാത്തിരിക്കാനും ഓടിച്ചെന്ന് സ്‌നേഹപ്രകടനം നടത്താനും നായ്ക്കളേക്കഴിഞ്ഞേ മറ്റൊരു ജീവിയുള്ളൂ. പാചകവിദഗ്ധ ലക്ഷ്മി നായര്‍ തന്‌റെ വളര്‍ത്തുനായ റോസിയുടെ വിയോഗത്തില്‍ പങ്കുവച്ച കുറിപ്പ് ഏതൊരു ശ്വാനപ്രേമിയെയും വേദനിപ്പിക്കുന്നതാണ്. ലക്ഷ്മി നായരുടെ വ്‌ളോഗുകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന റോസിയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. വൃക്കസംബന്ധമായ രോഗത്തിന്‌റെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന റോസി കഴിഞ്ഞ ദിവസമാണ് ജീവന്‍ വെടിഞ്ഞത്. റോസിയുടെ വിയോഗവുമായി ബന്ധപ്പെട്ട് ലക്ഷ്മി നായര്‍ പങ്കുവച്ച കുറിപ്പ് ചുവടെ,

പ്രിയ സുഹൃത്തുക്കളെ...

ഇന്നലെ (ശനി) രാത്രി 9:45നാണു ഞങ്ങളുടെ റോസി അവസാനമായി കുരച്ചത്. ഇനി എന്നെയും കാത്ത് അവള്‍ ഈ ഉമ്മറപ്പടിയിലില്ലാ... ഇനിയൊരു വ്‌ളോഗില്‍ വരാന്‍ അവള്‍ക്ക് സാധിക്കില്ല. പക്ഷേ, ഓര്‍മകള്‍ മരിക്കുന്നില്ല...

ഇന്നലെ അവസാനമായി അവള്‍ ഞങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍, ആ മുഖത്ത് ഒരു സന്തോഷമുണ്ടായിരുന്നു. എല്ലാവരുടെയും മുന്നില്‍ ഒന്നു കൂടെ വന്നു നില്‍ക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നോ അത്? എന്റെ ഓട്ടവും ചാട്ടവുമൊന്നും നിങ്ങള്‍ക്ക് ഇനി കാണാന്‍ കഴിയില്ലായെന്ന് അവളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. ആരോഗ്യം മോശമാവും തോറും അവള്‍ കൂടുതല്‍ ശക്തമായി പ്രതിരോധിച്ചു. അവസാന നിമിഷം വരെ പോരാടി...

ഏകദേശം രണ്ടു മാസം മുന്‍പ് കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ (renel failure) മൂലം സ്ഥിരം ആശുപത്രി സന്ദര്‍ശന്നതില്‍ ഏര്‍പ്പെട്ടിരുന്ന അവള്‍ക്ക് ഈയിടെ അല്‍പം തെളിച്ചവും വെളിച്ചവുമൊക്കെ വന്നതായി തോന്നിത്തുടങ്ങിയതാണ്. വീണ്ടും റോസി പഴയ റോസിയായി വരുന്നുവെന്ന് ഞങ്ങള്‍ വിശ്വസിച്ചു... പ്രാര്‍ഥിച്ചു...

പക്ഷേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടു കൊണ്ട് അവളുടെ അവസ്ഥ വീണ്ടും ഒരിക്കല്‍ കൂടെ മോശമായി. ഇന്നലെയോടു കൂടി ഇനി ഒരു മടങ്ങി വരവിന് താനില്ലാ എന്ന് അവള്‍ പറയാതെ പറഞ്ഞു...

ഇനി അവളുടെ ഓര്‍മ്മകള്‍ ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകും. വ്‌ളോഗിലൂടെ അവളെ സ്‌നേഹിച്ച നിങ്ങള്‍ ഓരോരുത്തരുടേയും പ്രാര്‍ഥന അവള്‍ക്ക് വേണ്ടിയുണ്ടാകണം.

English summary: Lakshmi Nair and Her Pet Dog Rossy

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA