ADVERTISEMENT

തൊട്ടാല്‍പൊള്ളുന്ന പനിയുള്ള ഒരു പൂച്ചയുമായി കഴിഞ്ഞദിവസം ക്ലിനിക്കില്‍ എത്തിയ ഒരു പൂച്ചസ്‌നേഹിയുടെ ആശങ്ക തന്റെ പൂച്ചയ്ക്ക് കോവിഡ് ആണോ എന്നതായിരുന്നു. കോവിഡ് കാരണം അധികസമയവും വീട്ടില്‍ തന്നെ അടച്ചിരിക്കുമ്പോള്‍ വിരസതയകറ്റാന്‍ പൂച്ചയും നായയും മുതല്‍ ഇത്തിരിക്കുഞ്ഞന്‍ ഹാംസ്റ്റെര്‍ വരെയുള്ള അരുമകളെ പരിപാലിക്കുന്നവരുടെ എണ്ണം കൂടിയ ഈ സമയത്ത് അരുമകളെ കോവിഡ് ബാധിക്കുമോ എന്ന സംശയവും സ്വാഭാവികമാണ്. 

മൃഗങ്ങളില്‍ കോവിഡ് കണ്ടെത്തിയതായി വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഈ സംശയത്തിന് ആക്കം കൂട്ടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലകളില്‍ ഒന്നായ  ഹൈദരാബാദ് നെഹ്റു പാര്‍ക്കിലെ എട്ട് ഏഷ്യന്‍ സിംഹങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. സിംഹങ്ങളില്‍ വരണ്ട ചുമ, മൂക്കൊലിപ്പ്, ആഹാരം കഴിക്കാനുള്ള മടി തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നാണ്  സാംപിള്‍ ശേഖരിച്ച് ആര്‍ടി പിസിആര്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കു വേണ്ടി സിംഹങ്ങളുടെ മൂക്കില്‍നിന്നു സാംപിള്‍ ശേഖരിച്ചതെങ്ങനെയായിരിക്കും എന്ന കൗതുകമാണ് ചിലര്‍ പങ്കുവച്ചതെങ്കില്‍  സിംഹത്തിന് വരെ കോവിഡ് ബാധിച്ചെങ്കില്‍ പൂച്ചകള്‍ക്കും നായ്ക്കള്‍ക്കുമെല്ലാം രോഗം വരില്ലേ എന്ന ആശങ്കയാണ് ചിലരുന്നയിച്ചത്.

അരുമകളെ കോവിഡ് ബാധിക്കുമോ?

കോവിഡ് 19 എന്ന ജന്തുജന്യരോഗം മനുഷ്യരിലേക്ക് പകര്‍ന്നത് ഏത് മൃഗത്തില്‍ നിന്നാണെന്ന കാര്യം സംശയലേശമന്യേ തെളിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. എന്നാല്‍, കോവിഡ് ബാധിച്ച മനുഷ്യരില്‍നിന്നും അടുത്ത സമ്പര്‍ക്കം വഴി അരുമമൃഗങ്ങളിലേക്കും സംരക്ഷണകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച വന്യമൃഗങ്ങളിലേക്കും  കോവിഡിന് കാരണമായ സാര്‍സ് കോവ് 2  വൈറസ് വ്യാപനം നടന്നതായി സ്ഥിരീകരിച്ച നിരവധി റിപ്പോര്‍ട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇക്കഴിഞ്ഞ ഒരു വര്‍ഷകാലത്ത് പുറത്തുവന്നിട്ടുള്ളത്. രോഗം കണ്ടെത്തിയ മൃഗങ്ങള്‍ ഏറെയും മാര്‍ജാരവര്‍ഗ്ഗത്തില്‍ ഉള്‍പെടുന്നവയായിരുന്നു.

ഹോങ്കോങ്ങില്‍ കോവിഡ് ബാധിച്ച രണ്ട് പേരുടെ വളര്‍ത്തുനായ്ക്കളില്‍ വൈറസിന്റെ നേരിയ സാന്നിധ്യം (Weak positive) സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നായ്ക്കള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് ബാധിതരില്‍നിന്നും അവരുടെ നായ്ക്കളില്‍നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് വേര്‍തിരിച്ച സാര്‍സ് - കോവ്-2 വൈറസുകളുടെ ജനിതകഘടനയും സമാനമായിരുന്നു. ഹോങ്കോങ്ങില്‍ മറ്റൊരു കോവിഡ് ബാധിതന്റെ വളര്‍ത്തുപൂച്ചയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പൂച്ചയിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ബെല്‍ജിയത്തില്‍ കോവിഡ് ബാധിതനുമായി അടുത്തിടപഴകിയ വളര്‍ത്തുപൂച്ചയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല വരണ്ട ചുമ, വയറിളക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളും പൂച്ചയില്‍ കണ്ടിരുന്നു.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് മൃഗശാലയില്‍ നാദിയ എന്ന നാലുവയസുള്ള പെണ്‍കടുവയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതും കഴിഞ്ഞ വര്‍ഷമാണ്. വരണ്ട ചുമ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് അയോവയിലെ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് കടുവയില്‍ കോവിഡ് കണ്ടെത്തിയത്.  കടുവയെ പരിചരിച്ച കൊറോണ ബാധിതനായ മൃഗശാല ജീവനക്കാരനില്‍നിന്നാണ് കടുവയ്ക്ക് വൈറസ് ബാധയേറ്റത് എന്നായിരുന്നു  നിഗമനം. കടുവകളെയും സിംഹങ്ങളെയും കൂടാതെ പ്യുമ , മഞ്ഞുപുലി, ഗൊറില്ല തുടങ്ങിയ മൃഗങ്ങളിലും കോവിഡ് വൈറസ് കണ്ടെത്തിയിട്ടുണ്ട്. രോമത്തിനായി വ്യാപകമായി വളര്‍ത്തുന്ന നീര്‍നായ ഇനത്തില്‍പ്പെട്ട മിങ്കുകളില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗനിയന്ത്രണത്തിനായി 17 ദശലക്ഷത്തോളം മിങ്കുകളെ നെതര്‍ലന്‍ഡില്‍ കൊന്നൊടുക്കിയിരുന്നു.

വുഹാനിലെ പൂച്ചകളില്‍നിന്നും രക്തം ശേഖരിച്ച് നടത്തിയ സിറോളജിക്കല്‍ പഠനത്തിന്റെ ഫലങ്ങള്‍ ഒരു പ്രീ പ്രിന്റ് ശാസ്ത്ര ജേര്‍ണലില്‍ (bioRxiv.org) ഈയിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു (SARS-CoV-2 neutralizing serum antibodies in cats: a serological investigation- doi: https://doi.org/10.1101/2020.04.01.021196). വുഹാനിലെ തെരുവില്‍ അലയുന്നതും, വീടുകളില്‍ വളര്‍ത്തുന്നതുമായ 102 പൂച്ചകളില്‍നിന്നാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. ഇതില്‍ 15 (14.7 %) പൂച്ചകളുടെ രക്തത്തില്‍ SARS-CoV-2 വൈറസിനെ ചെറുക്കുന്ന കൃത്യമായ പ്രതിവസ്തുക്കളുടെ സാന്നിധ്യം (Specific Antibody) കണ്ടെത്തിയതായി ഈ പഠനം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കോവിഡ് ബാധിച്ചവരില്‍നിന്നും വൈറസ് പൂച്ചകളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്നാണ് പഠനം നടത്തിയ ഗവേഷകരുടെ നിഗമനം. SARS- Cov- 2 വൈറസിനെ പരീക്ഷണാടിസ്ഥാനത്തില്‍ മൃഗങ്ങളിലും പക്ഷികളിലും സംക്രമിപ്പിച്ച് (Inoculation/ Experimentally induced infection) ചൈനയില്‍ നടത്തിയ ഒരു പ്രാഥമിക ഗവേഷണത്തിന്റെ ഫലങ്ങള്‍ പ്രീ പ്രിന്റ് ശാസ്ത്ര ജേര്‍ണലില്‍ (bioRxiv.org)  പ്രസിദ്ധീകരിച്ചിരുന്നു ( Susceptibility of ferrets, cats, dogs, and different domestic animals to SARS-coronavirus-2 /https://doi.org/10.1101/2020.03.30.015347 ). ചൈനീസ് അക്കാദമി ഓഫ് അഗ്രിക്കള്‍ച്ചര്‍ സയന്‍സസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബിന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയിട്ടുള്ളത്. നായ, പന്നി, കോഴി, താറാവ് തുടങ്ങിയ മൃഗങ്ങളെയും പക്ഷികളെയും അപേക്ഷിച്ച് പൂച്ചകളിലും കീരികളിലും കൊവിഡ് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണന്നാണ് ഈ പഠനം നിരീക്ഷിക്കുന്നത്. മാത്രമല്ല രോഗബാധയേറ്റ പൂച്ചകളില്‍ നിന്നും ആരോഗ്യമുള്ള മറ്റ് പൂച്ചകളിലേക്ക് വൈറസ് വ്യാപിക്കാം എന്ന നിഗമനവും ഈ പഠനത്തിലുണ്ട്. പൂച്ചകളുടെയും കീരികളുടെയും ശ്വാസകോശനാളത്തില്‍ സാര്‍സ് കോവ്-2 വൈറസുകള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കാനും രോഗമുണ്ടാക്കാനും സഹായിക്കുന്ന ACE -2 ( Angiotensin-converting enzyme -2) റിസപ്റ്ററുകളുടെ സാന്നിധ്യം ഉള്ളതാണ് ഉയര്‍ന്ന രോഗ സാധ്യതയുടെ കാരണം എന്നാണ് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 2003ല്‍ പൂച്ചകളില്‍ നടത്തിയ രോഗ പരീക്ഷണങ്ങളിലും (Experimental infection) SARS കൊറോണ വൈറസിന് ശരീരത്തില്‍ പ്രവേശിക്കുന്നതിനുതകുന്ന ACE -2  (   Angiotensin-converting enzyme  -2 ) റിസപ്റ്ററുകളുടെ സാന്നിധ്യവും, രോഗബാധയും സ്ഥിരീകരിച്ചിരുന്നു.

ഈ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും  കോവിഡ് ബാധയേറ്റവരില്‍ നിന്നും അവരുമായി അടുത്തിടപഴകുന്ന നായ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്കും മാര്‍ജാര വര്‍ഗത്തിലെ വന്യമൃഗങ്ങളിലേക്കും വൈറസ് വ്യാപനം നടക്കാം എന്നതിന്റെ സൂചന നല്‍കുന്നുണ്ട്. രോഗബാധിതരായ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി വാര്‍ത്തകള്‍ വരികയോ അത്തരം സാധ്യതകള്‍ക്ക് ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. സ്വാഭാവികമായ രീതിയില്‍ വൈറസ് വളര്‍ത്തുമൃഗങ്ങളെ ബാധിക്കുമോ, രോഗവ്യാപനത്തിന്റെ നിരക്ക്, ലക്ഷണങ്ങള്‍ എന്തെല്ലാമാണ്, മൃഗങ്ങളില്‍ കോവിഡ് മരണം സംഭവിക്കുമോ, മൃഗങ്ങളുടെ ശരീരത്തില്‍ കടന്നുകയറുന്ന വൈറസുകള്‍ക്ക് അവയുടെ ശരീരത്തില്‍ സ്വാഭാവികമായും കാണപ്പെടുന്ന മറ്റ് കൊറോണ വൈറസുകളുമായി ചേര്‍ന്ന് ജനിതക വ്യതിയാനങ്ങള്‍ നടക്കുമോ, രോഗബാധയേറ്റവയുമായി സമ്പര്‍ക്കത്തില്‍ വന്ന മറ്റ് മൃഗങ്ങളിലേക്ക് പകരുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും വളര്‍ത്തു മൃഗങ്ങളും കോവിഡും തമ്മിലുള്ള ബന്ധങ്ങള്‍ കൃത്യമായി അറിയാനും ഇനിയും വിശദമായ ഗവേഷണങ്ങള്‍ ആവശ്യമുണ്ട്.

അകലം പാലിക്കാം അരുമമൃഗങ്ങളില്‍ നിന്നും

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപകര്‍ച്ചയുടെ തീരെ ചെറിയ സാധ്യതകള്‍ പോലും ഒഴിവാക്കുന്നതിനായി ചില പൊതു ജാഗ്രതാ നിര്‍ദേശങ്ങള്‍ ലോക മൃഗാരോഗ്യസംഘടനയും (O.I.E ) വേള്‍ഡ് സ്മാള്‍ ആനിമല്‍ വെറ്ററിനറി അസോസിയേഷനും സിഡിസിയും  (Centers for Disease Control and Prevention, U.S) നല്‍കിയിട്ടുണ്ട്.

കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരും സമ്പര്‍ക്കവിലക്കിലുള്ളവരും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക. വളര്‍ത്തുമൃഗങ്ങളെ തലോടി ഓമനിക്കുക, കെട്ടിപിടിക്കുക, ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തില്‍ നക്കാനനുവദിക്കുക, മൃഗങ്ങളുമായി ആഹാരം പങ്കുവയ്ക്കുക, അവയെ ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വളര്‍ത്തുമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുക.

തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കുക.

വീട്ടിനകത്ത് മനുഷ്യസമ്പര്‍ക്കത്തില്‍ വളരുന്ന മൃഗങ്ങളെ തല്‍കാലം പുറത്തെ കൂടുകളിലേക്ക് മാറ്റി പാര്‍പ്പിക്കാം. പാര്‍പ്പിടങ്ങള്‍ കൂടെ കൂടെ വൃത്തിയാക്കുകയും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യുക. കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.

വളര്‍ത്തുമൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കള്‍, മറ്റുപകരണങ്ങള്‍, വിസര്‍ജ്യങ്ങള്‍ എന്നിവയുമായും ഏതെങ്കിലും തരത്തിലുള്ള സമ്പര്‍ക്കം ഉണ്ടാവുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകിയോ അല്ലെങ്കില്‍ 70 % ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കുക. മൃഗങ്ങളെ സ്പര്‍ശിച്ചതിന് ശേഷം വൃത്തിയാക്കുന്നതിന് മുന്‍പ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.

തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങിയവയുമായി നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ അലഞ്ഞുതിരിയാന്‍ അനുവദിക്കാതെ കൂട്ടില്‍ തന്നെ പാര്‍പ്പിക്കുക 

കോവിഡ്-19 ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന വളര്‍ത്തുമൃഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ വെറ്ററിനറി ഡോക്ടറെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.

English summary: COVID-19 and pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com