ADVERTISEMENT

യുഎസ് വിമാനത്താവളങ്ങളില്‍ക്കൂടി വരുന്ന പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി അമേരിക്കയുടെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായുള്ള 'ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍'(APHIS) ഡിപ്പാര്‍ട്ട്‌മെന്റിന്റെ അവിഭാജ്യ ഘടകങ്ങളാണ് വിഖ്യാത മൂക്കന്മാരായ ബീഗിളുകളും ഹാന്‍ഡലേഴ്‌സും അടങ്ങുന്ന ഈ ടീം. വര്‍ഷത്തില്‍ 75,000ല്‍പ്പരം നിരോധിത പ്രകൃതിദത്ത ഭക്ഷ്യ വിഭവങ്ങള്‍ ഈ ബീഗിള്‍ ബ്രിഗേഡ് പിടിച്ചെടുക്കുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ദൂഷ്യമുണ്ടാക്കുന്ന കൃമികീടങ്ങള്‍, കീടനാശിനികള്‍, അസുഖങ്ങള്‍ പരത്തുന്ന ഫലങ്ങള്‍, ചെടികള്‍, മാംസങ്ങള്‍, ഇവര്‍ കണ്ടെടുക്കുന്നു. പ്രധാനമായും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ സേവനമെങ്കിലും യുഎസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യാനുസരണം ബോര്‍ഡറുകളിലും പോര്‍ട്ട്കളിലും സേവനം അനുഷ്ടിക്കുന്നു.

1984ല്‍ ലോസാഞ്ചലസ് വിമാനത്താവളത്തിലാണ് ബീഗിള്‍ ബ്രിഗേഡ് തങ്ങളുടെ ജോലി ആരംഭിച്ചത്. 2004 ആയപ്പോള്‍ 21 യുഎസ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ അറുപതോളം ബീഗിള്‍ ബ്രിഗേഡ് ടീമുകള്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. ബീഗിള്‍ ബ്രിഗേഡിലുള്ള നായ്ക്കളെല്ലാം ബ്രീഡര്‍മാരില്‍ നിന്നൊ, ഉടമസ്ഥരില്‍ നിന്നൊ ഡൊണേറ്റ് ചെയ്യപ്പെട്ടവയോ, റെസ്‌ക്യൂ ചെയ്ത് കിട്ടിയവയോ ആയിരിക്കും. പരിശോധനയില്‍ എന്തെങ്കിലും മണം കിട്ടി കഴിഞ്ഞാല്‍ ഇരിക്കുകയും സൂചന നല്‍കുകയും ചെയ്യുന്നു. ബീഗിള്‍ ബ്രിഗേഡുകള്‍ പിടിച്ചെടുക്കുന്ന കേസുകള്‍ എല്ലാം തന്നെ 90 ശതമാനത്തില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തുന്നു. ആറ് മുതല്‍ 10 വര്‍ഷം വരെയാണ് ബീഗിള്‍ ബ്രിഗേഡിലെ ബീഗിളുകളുടെ കാലാവധി. അതിനുശേഷം അതിന്റെ ഹാന്‍ഡ്‌ലര്‍മാര്‍ തന്നെ അവരെ ഏറ്റെടുക്കുകയും ചെയ്യുന്നു.

beagles-usa

ജോര്‍ജിയയിലെ ന്യൂനാനില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഡിറ്റക്ടര്‍ ഡോഗ് ട്രെയിനിങ് സെന്റര്‍ (NDDTC) ആണ് ബീഗിള്‍ ബ്രിഗേഡിന്റെ പരിശീലന കേന്ദ്രം. ആദ്യ മൂന്ന് മാസം NDDTC യിലെ ട്രെയിനിങ്ങിനു ശേഷം വിമാനത്താവളങ്ങളില്‍ ട്രെയിനിങ് തുടരുന്നു. ആദ്യം തന്നെ അവരെ ഫുഡ് ഡ്രൈവ് ഉള്ളവരാക്കി മാറ്റുന്നു (അത് ഒരിക്കലും ആഹാരം കഴിക്കാന്‍ വേണ്ടിയുള്ള ഡ്രൈവ് അല്ല മറിച്ച് ചീത്ത ആഹാരസാധനങ്ങള്‍ കണ്ടെടുക്കാനുള്ളതാണ്). അതിനോടൊപ്പം തന്നെ ആള്‍കൂട്ടത്തിലും, ശബ്ദമുള്ള സാഹചര്യങ്ങളിലും ശ്രദ്ധ മാറാതിരിക്കുവാനും പരിശീലനം നല്‍കുന്നു.

പരിശീലനത്തിന്റെ തുടക്കത്തില്‍ 5 അടിസ്ഥാന സാധനങ്ങളുടെ മണം പഠിപ്പിക്കുന്നു. ആപ്പിള്‍, ഓറഞ്ച്, മാങ്ങ, നാരങ്ങ, പോത്തിറച്ചി ഇവയുടെ മണം പഠിപ്പിക്കുകയും പിന്നീട് മറ്റ് മണങ്ങള്‍ പരിചിതമാക്കുകയും ചെയ്യുന്നു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ കാര്‍ഷിക മേഖലയില്‍ വിദഗ്ധ പരിശീലനം നേടിയതിനുശേഷമാണ് ബീഗിള്‍ ബ്രിഗേഡില്‍ ബീഗിളുകളുടെ ഹാന്‍ഡ്‌ലര്‍മാരാകുന്നത്. അമേരിക്കയില്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ആഹാര സാധനങ്ങളും, പ്രകൃതി വിഭവങ്ങളില്‍നിന്നും രാജ്യത്തിനു ഭീഷണി ആകുന്ന എല്ലാ അസുഖങ്ങളും തടയുന്നതില്‍ ബീഗിള്‍ ബ്രിഗേഡിന്റെ പ്രാധാന്യം വളരെ വലുതാണ്. ആളുകള്‍ ചെറിയ ബാഗുകളില്‍ കൊണ്ടുവരുന്ന സാധനങ്ങളായാലും, വലിയ കാര്‍ഗോകളിലായാലും ഈ കുഞ്ഞന്മാരുടെ വിഖ്യാത മൂക്കുകളെ വെട്ടിച്ച് അകത്ത് കയറ്റാമെന്ന് വിചാരിക്കണ്ട.

English summary: Meet the Beagle Brigade, USDA's Detector Dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com