കിടാവിന്റെ മൂക്ക് മുറിഞ്ഞു നഷ്ടപ്പെട്ടു, എട്ടു മണിക്കൂര്‍ നീണ്ട അത്യപൂര്‍വ ശസ്ത്രക്രിയ കോട്ടയത്ത്

HIGHLIGHTS
  • ചികിത്സ നല്‍കി എങ്കിലും കറവപ്പശു രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു
plastic-surgery
ശസ്ത്രക്രിയയ്ക്കു ശേഷം
SHARE

മനുഷ്യരില്‍ നടത്തപ്പെടുന്ന പല ശസ്ത്രക്രിയകളും ഇന്ന് നമുക്കു പരിചിതമാണ്. എന്നാല്‍ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ ഇത് വളരെ പരിമിതമാണ്. രോഗനിര്‍ണയ മാര്‍ഗങ്ങളും ചികിത്സാ രീതികളും പാശ്ചാത്യ രാജ്യങ്ങളെ തുലനം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണ് താനും. ഒരു ശിശുരോഗ വിദഗ്ധന്‍ എന്ന മട്ടിലാണ് ഒരു വെറ്ററിനറി ഡോക്ടര്‍ രോഗനിര്‍ണയം നടത്തുന്നത്. കുട്ടികളെ കണ്ടും മാതാപിതാക്കള്‍ പറയുന്നതും അനുസരിച്ച് ശിശുരോഗ വിദഗ്ധന്‍ രോഗ ചികിത്സ നടത്തുമ്പോള്‍ മിണ്ടാപ്രാണികളുടെ രോഗലക്ഷണങ്ങളും ഉടമയായ കര്‍ഷകന്റെ വാക്കുകളുമാണ് വെറ്ററിനറി ഡോക്ടറുടെ മുന്നിലുള്ളത്. ആധുനിക ചികിത്സാ രീതികളുടെ അഭാവം ഏറെയുള്ള ഒരു മേഖലയാണിത്. ഈ കോവിഡ് കാലത്ത് പോലും കര്‍ഷകരുടെ വീടുകളില്‍ ഓടിയെത്തി ചികിത്സ നല്‍കി വരുന്നുണ്ട് വെറ്ററിനറി സര്‍ജന്‍മാര്‍. ഇവര്‍ക്കിടയില്‍ വേറിട്ട് പ്രവര്‍ത്തിക്കുന്ന ചില നിശ്ശബ്ദ സേവകരും ഉണ്ട്. മൃഗ ശസ്ത്രക്രിയാ രംഗത്ത് അത്യപൂര്‍വമായ ഒരു ശസ്ത്രക്രിയയിലൂടെ ഇത് തെളിയിക്കുകയാണ് കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. രവീന്ദ്രന്‍. ഒരുപക്ഷേ കേരളത്തില്‍ മൃഗങ്ങളില്‍ ആദ്യമായി നടത്തപ്പെടുന്ന പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഗ്രാഫ്റ്റിംഗ് എന്ന ശസ്ത്രക്രിയയുടെ വിജയവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ തെക്കതില്‍ വീട്ടില്‍ സോഹന്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും അതിലുപരി ഒരു നല്ല ക്ഷീര കര്‍ഷകനും കൂടിയാണ്. ശാസ്ത്രീയമായ പശു പരിപാലനത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ആളുമാണിദ്ദേഹം. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ കന്നുകാലികളില്‍ പടര്‍ന്നു പിടിച്ച ചര്‍മ്മ മുഴ എന്ന വൈറസ് രോഗം അദ്ദേഹത്തിന്റെ പശുവിനേയും കിടാവിനേയും ബാധിച്ചു. വൈറസ് രോഗബാധ ആയതുകൊണ്ട് പാര്‍ശ്വാണു രോഗബാധകള്‍ക്കായി ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമായി വരാറുണ്ട്.

ചികിത്സ നല്‍കി എങ്കിലും കറവപ്പശു രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. എന്നാല്‍, 3 മാസം പ്രായമുള്ള പശുക്കിടാവ് രോഗമുക്തി നേടുകയും ചെയ്തു. പക്ഷേ ശരീരത്തില്‍ മുഴുവനും വ്യാപിച്ചിരുന്ന വൃണങ്ങള്‍ തുടര്‍ച്ചയായ ആന്റിബയോട്ടിക് ചികിത്സയിലൂടെ ഉണങ്ങിത്തുടങ്ങി. ശരീരത്തിലെ മറ്റു വൃണങ്ങള്‍ എല്ലാം ഉണങ്ങിയിട്ടും മൂക്കിന്റെ ഭാഗത്തുള്ള മുറിവ് രൂക്ഷമായി തന്നെ തുടര്‍ന്നു. അണുബാധയെ തുടര്‍ന്ന് മൂക്കിന്റെ അസ്ഥിഭാഗത്തെ മാംസം പൂര്‍ണമായി നഷ്ടപ്പെട്ട് അസ്ഥി പുറമേ കാണുന്ന അവസ്ഥയിലായി. സോഹന്റെ കിടാവിനോടുള്ള സ്‌നേഹവും അനുകമ്പയും തന്നെയാണ്  അദ്ദേഹത്തെ വള്ളികുന്നത്തെ വെറ്ററിനറി സര്‍ജന്‍ ആയ ഡോ. ലക്ഷ്മിയുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡോ. ലക്ഷ്മി കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ. രവീന്ദ്രന്റെ സഹായം തേടുകയായിരുന്നു.

plastic-surgery-1

കിടാവിനെ നേരില്‍ കണ്ടതിനുശേഷം വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ ലഭ്യമായ പരിമിത സാഹചര്യങ്ങളില്‍വച്ച് നടത്താന്‍ അദ്ദേഹം ധൈര്യം കാട്ടി. ഇത്തരത്തിലുള്ള ഗ്രാഫ്റ്റിങ് സര്‍ജറി കേരളത്തിലെ ആദ്യ മൃഗചികിത്സാ ശസ്ത്രക്രിയയായി തന്നെ കാണാം. കണ്ണുകള്‍ക്കിടയില്‍ നിന്നുമുള്ള ചര്‍മമാണ് ഗ്രാഫ്റ്റിംഗിനായി ഉപയോഗിച്ചത്. ജനറല്‍ അനസ്തീഷ്യയിലൂടെ കിടാവിനെ ബോധം കെടുത്തി നടത്തിയ ശസ്ത്രക്രിയ ഏതാണ്ട് 8 മണിക്കൂറുകളോളം നീണ്ടു. കോട്ടയം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കൃഷ്ണ കിഷോര്‍, നെടുംകുന്നം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. മായ ജയിംസ്, വള്ളികുന്നം വെറ്ററിനറി സര്‍ജന്‍ ഡോ. ലക്ഷ്മി എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ അപൂര്‍വ്വ ശസ്ത്രകിയയെ ഫലപ്രാപ്തിയില്‍ എത്തിച്ചത്. 

ഇനി ചില കാര്യങ്ങള്‍ കൂടി അനുബന്ധമായി പറയട്ടേ. ഒരു പ്രവൃത്തിദിനത്തില്‍ നീണ്ട 8 മണിക്കൂറുകള്‍ ആവശ്യമായി വന്ന ഈ ശസ്ത്രക്രിയ നടത്തിയത് കിലോമീറ്ററുകള്‍ക്ക് അപ്പുറം കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്. അന്നേ ദിവസം അവര്‍ ജോലി ചെയ്യുന്ന പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇവരുടെ സേവനം ലഭിക്കുന്നില്ല. ഒരു സ്ഥലത്തെ അസാന്നിധ്യം മറ്റൊരു സ്ഥലത്തെ കര്‍ഷകന് തുണയാവുകയാണ്. പലപ്പോഴും ഇത് പൊതുജനങ്ങള്‍ മനസിലാക്കാതെ രൂക്ഷമായി പ്രതികരിക്കുന്നു, വ്യക്തിഹത്യ നടത്തുന്നു മൃഗാശുപത്രിയില്‍ സേവനം തേടി കര്‍ഷകര്‍ എത്തുമ്പോള്‍ ഡോക്ടര്‍ പലപ്പോഴും ഇതുപോലെയുള്ള അടിയന്തിര ചികിത്സയ്ക്കായി കര്‍ഷക ഭവനങ്ങളില്‍ പോയിട്ടുണ്ടാവാം. ഇത് കര്‍ഷകര്‍ തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും പരിമിതികള്‍ക്കുള്ളില്‍നിന്നും ആത്മാര്‍ഥമായി സേവനം നല്‍കി വരുന്ന ഒരു പിടി വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും സ്‌നേഹവും നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA