ADVERTISEMENT

കഴിഞ്ഞ ഒരു വര്‍ഷമായി അരുമമൃഗങ്ങളായ നായ, പൂച്ച എന്നിവകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.  മഹാമാരി സൃഷ്ടിച്ച ഒറ്റപ്പെടലിന് ഒരു പരിഹാരമായി മാറി ഇക്കൂട്ടര്‍. പുതുതായി ഈ രംഗത്തേക്കു വരുന്ന ആളുകള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. ആഹാരക്രമം, പരിചരണമുറകള്‍, വിരമരുന്ന് നല്‍കല്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിങ്ങനെ പോകും ആ സംശയങ്ങള്‍. ദിവസവും ലഭിക്കുന്ന ഫോണ്‍കോളുകള്‍ കൂടുതലും വാക്‌സിനുകളെ ചുറ്റിപ്പറ്റിയാണ്. കോവിഡ് 19 മഹാമാരിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി അത്യാവശ്യ ചികിത്സകളിലേക്ക് മാത്രമായി മൃഗാശുപത്രികളുടെ സേവനം പരിമിതപ്പെടുത്തി. പ്രതിരോധ കുത്തിവയ്പ്പുകള്‍, കൃത്രിമ ബീജസങ്കലനം എന്നിവ താല്‍ക്കാലികമായി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ടായി.

വളര്‍ത്തുമൃഗങ്ങളെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ സാധ്യമാകാതെ പോകുന്ന സാഹചര്യത്തിലാണ് ഈ താല്‍ക്കാലിക ഒഴിവാക്കല്‍. പരമാവധി രോഗവ്യാപനം തടയുക എന്നതു മാത്രമായിരുന്നു ഈ നടപടിക്കു പിന്നില്‍. എന്നാല്‍ പലപ്പോഴും ഈ നടപടി മൂലം വഷളായത് മൃഗചികിത്സകരും കര്‍ഷകരും തമ്മിലുള്ള ബന്ധമാണ്. കൂടുതല്‍ പേരും ചോദിക്കുന്നത് വാക്‌സിന്‍ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ കുഴപ്പം ആവില്ലേ എന്നാണ്? ബൂസ്റ്റര്‍ ഡോസ് കൊടുക്കണ്ടേ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ ഇവര്‍ക്കുണ്ട്.

എന്താണ് വാക്‌സിന്‍?

രോഗഹേതുക്കളായ സൂക്ഷ്മാണുക്കളായ വൈറസ്, ബാക്ടീരിയ എന്നിവ തന്നെയോ, ഇവകളുടെ ഉപരിതലത്തില ചില മാംസ്യഘടകങ്ങള്‍, അതല്ലെങ്കില്‍ ഇവ ഉല്‍പ്പാദിക്കുന്ന ചില ദോഷവസ്തുക്കള്‍ എന്നിവയുടെ പ്രഹരണ ശേഷി ഇല്ലാതാക്കിയോ നിര്‍വീര്യമാക്കിയോ ആണ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്. ശരീരത്തിനുള്ളിലേക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ഇവയ്‌ക്കെതിരെ പ്രതിപ്രവര്‍ത്തനത്തിലൂടെ ശരീരം ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന പ്രതിരോധ ഘടകങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം പ്രതിരോധശേഷിയും ഉണ്ടാവും. നായ്കളിലും പൂച്ചകളിലും വിവിധ രോഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ഇപ്രകാരം നിര്‍ദ്ദേശിക്കാറുണ്ട്. കോര്‍ വാക്‌സിനേഷന്‍ എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്ന വാക്‌സിനുകള്‍ ആണിവ. പാര്‍വോ, ഡിസ്റ്റംബര്‍, ഹെപ്പറ്റൈറ്റിസ്, റാബീസ് എന്നിവ ഇക്കൂട്ടത്തില്‍ വരുന്നു.

നായ്ക്കുട്ടിക്ക് 6-8 ആഴ്ച പ്രായം ആകുമ്പോള്‍ പാര്‍വോ, എലിപ്പനി, ഡിസ്റ്റംബര്‍, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കുള്ള ആദ്യ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് 3 മാസം പ്രായം ആവുമ്പോള്‍ ആദ്യ പേവിഷബാധ കുത്തിവയ്പ്പ് നല്‍കണം. തുടര്‍ന്ന് 12 ആഴ്ച പ്രായമാകുമ്പോള്‍ ആദ്യമെടുത്ത മള്‍ട്ടി കമ്പോണന്റ് വാക്‌സിന്റെ ബൂസ്റ്റര്‍ കുത്തിവയ്പ്പും 14 ആഴ്ചയില്‍ പേ വിഷബാധ ബൂസ്റ്റര്‍ കുത്തിവയ്പ്പും നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം കുത്തിവയ്പ്പ് ആവര്‍ത്തിക്കണം.

പ്രതിരോധ കുത്തിവയ്പ്പ് നല്‍കി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം തുടങ്ങുകയായി. എന്നാല്‍, സാധാരണ 10 മുതല്‍ 14 ദിവസങ്ങള്‍ വരെ ഈ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് ആവശ്യമാണ്. പൂര്‍ണമായും നിര്‍വീര്യമാക്കപ്പെട്ട രോഗാണുക്കള്‍ അടങ്ങിയ കില്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് അഥവാ ബൂസ്റ്റര്‍ ഡോസ് നല്‍കിയതിനു ശേഷമേ പൂര്‍ണ്ണ പ്രതിരോധ ശേഷി കൈവരിക്കുന്നുള്ളു. പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുള്ള അമ്മയില്‍നിന്നും നായക്കുട്ടിക്ക് പ്രതിരോധ ശേഷി ലഭിക്കുന്നുമുണ്ട്. 

സാധാരണയായി വളര്‍ത്തുനായ്ക്കള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വര്‍ഷാവര്‍ഷളില്‍ നല്‍കി വരുന്നു. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികളുടെ അളവ് നിലനിര്‍ത്തുകയാണ് ബുസ്റ്റര്‍ ഡോസ് നല്‍കുന്നതു വഴി ചെയ്യുന്നത്. എന്നാല്‍ നായക്ക് ഒരു ഡോസ് ബൂസ്റ്റര്‍ നല്‍കിയില്ല എങ്കില്‍ പോലും വേവലാതിപ്പെടേണ്ട കാര്യമില്ല. സമയം അല്‍പ്പം മാറിയെങ്കില്‍ പരിഹാരമുണ്ട്. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ഇവയ്ക്ക് 3-4 ആഴ്ച ഇടവേളകള്‍ ആയി 2 ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ മതിയാവും എന്നാണ് ദി വേള്‍ഡ് സ്മാള്‍ അനിമല്‍ വെറ്ററിനറി അസോസിയേഷന്‍ (WSAVA and BVA ) ശുപാര്‍ശ. ഇത് കൂടാതെ തന്നെ നായ്ക്കുട്ടികള്‍ക്കുള്ള ആദ്യ കുത്തിവയ്പ്പും ആദ്യ വര്‍ഷത്തിലുള്ള ബൂസ്റ്റര്‍ കുത്തിവയ്പ്പും പിന്നീട് 3 വര്‍ഷത്തിനു ശേഷവും മാത്രം കോര്‍വാക്‌സിനുകള്‍ ചെയ്യുക എന്നുള്ള രീതിയിലേക്ക് എത്തി നില്‍ക്കുന്നു പുതിയ ശാസ്ത്രീയ പഠനങ്ങള്‍. ആയതുകൊണ്ടുതന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളേക്കുറിച്ച് ഉല്‍കണ്ഠപ്പെടേണ്ടതില്ല.

മനുഷ്യരാശിയെ കോവിഡ് 19 എന്ന മഹാമാരിയില്‍നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് നാം പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതുണ്ട്. കോവിഡ് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ക്കനുസരിച്ച് അത്യാവശ്യങ്ങള്‍ക്ക് മൃഗാശുപത്രി സന്ദര്‍ശനമാവാം. എന്നാല്‍, ഓമന മൃഗങ്ങളുടെ പേരിലുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പൊതു ജനങ്ങള്‍ക്ക് സഹായമായി എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും ടെലി മെഡിസിന്‍ സൗകര്യം ലഭ്യമാണ്. ഓര്‍ക്കുക അരുമ മൃഗങ്ങള്‍ നമ്മുടെ ഓമനകള്‍ തന്നെ. പക്ഷേ മനുഷ്യ ജീവന് അതിനും മീതേ വിലയുണ്ട്. മനുഷ്യരാശി നിലനിന്നെങ്കിലേ വളര്‍ത്തുമൃഗങ്ങളും നിലനില്‍ക്കൂ. ഒരു വാക്‌സിനേഷന്‍ അല്‍പം മാറ്റിവയ്ക്കുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഓമന മൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുക. മറ്റു രോഗവാഹകര്‍ ആയ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക മതിയായ ആഹാരവും വെള്ളവും നല്‍കുക എന്നതിനുപരി ഇവര്‍ക്ക് ആവശ്യമായ സ്‌നേഹവും പരിചരണവും നല്‍കുക. എന്തെന്നാല്‍ ഇവരും ഭൂമിയുടെ അവകാശികള്‍ തന്നെ. ഇവരും നമ്മോടൊപ്പം ഈ കാലവും അതിജീവിക്കും.

English summary: Vaccinations for pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com