ആടുകളിലെ വിളര്‍ച്ച എളുപ്പത്തിലറിയാം, അനീമിയ ഐ കളര്‍ ചാര്‍ട്ടുമായി വെറ്ററിനറി സര്‍വകലാശാല

HIGHLIGHTS
  • വിളര്‍ച്ച ആടുകളിലെ നിശബ്ദവില്ലന്‍, കാരണങ്ങള്‍ പലത് പ്രശ്‌നങ്ങളും ഏറെ
goat-3
SHARE

നല്ല ആരോഗ്യമുള്ള ആടുകളുടെ കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരങ്ങള്‍ ചുവപ്പ് നിറത്തിലായിരിക്കും. എന്നാല്‍, വിളര്‍ച്ച അഥവാ അനീമിയ ബാധിച്ച് രക്തത്തില്‍ ചുവന്നരക്താണുക്കളുടെയും ഹീമോഗ്ലോബിനിന്റെയും അളവ് കുറവുള്ള ആടുകളുടെ കണ്ണിനടിയിലെ ശ്ലേഷ്മസ്തരങ്ങള്‍ ചുവപ്പ് നിറത്തില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കും. വിളര്‍ച്ചയുടെ തോതും തീവ്രതയുമനുസരിച്ച് ശ്ലേഷ്മസ്തരങ്ങളുടെ നിറം മങ്ങിയ ചുവപ്പോ പിങ്ക് നിറമോ കടലാസുവെള്ളയോ ഒക്കെയാവാം. വിളര്‍ച്ച എന്നത് ആടുകളില്‍ നിസാരമായി അവഗണിക്കാവുന്ന ഒരു രോഗമോ രോഗലക്ഷണമോ അല്ല. ആരോഗ്യത്തെയും വളര്‍ച്ചയെയും പ്രത്യുല്‍പാദനക്ഷമതയെയുമെല്ലാം നിശ്ശബ്ദം നശിപ്പിച്ച് ക്രമേണ ആടിന്റെ ജീവനെടുക്കാന്‍ വരെ വിളര്‍ച്ചയ്ക്ക് കഴിയും. ചുരുക്കത്തില്‍ കണ്ണിലെ ശ്ലേഷ്മസ്തരങ്ങളുടെ നിറം ആടിന്റെ ആരോഗ്യത്തിന്റെ അടയാളമാണെന്ന് പറയാം.

വെറ്ററിനറി സര്‍വകലാശാലയുടെ ഗോട്ട് അനീമിയ ഐ കളര്‍ ചാര്‍ട്ട്

കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരങ്ങളുടെ നിറവ്യത്യാസം അടിസ്ഥാനമാക്കിയുള്ള ആടുകളിലെ വിളര്‍ച്ചാ നിര്‍ണയപരിശോധനയെ കൂടുതല്‍ എളുപ്പവും ഫലപ്രദവുമാക്കാന്‍ പുതിയ ഒരു മാര്‍ഗം വികസിപ്പിച്ചിരിക്കുകയാണ് കേരള വെറ്ററിനറി സര്‍വകലാശാലയിലെ തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്രവിഭാഗത്തിലെ ഗവേഷകസംഘം. 

പരിശീലനം നേടിയ കര്‍ഷകര്‍ക്ക് സ്വയം തങ്ങളുടെ ആടുകളിലെ വിളര്‍ച്ചയുടെ തീവ്രത നിര്‍ണയിക്കാനും വിരമരുന്നുകള്‍ നല്‍കേണ്ടതും വിദഗ്ധചികിത്സ വേണ്ടിവരുന്നതുമായ സാഹചര്യം കൃത്യമായി നിശ്ചയിക്കാനും സഹായിക്കുന്ന ഈ ലളിതമായ മാര്‍ഗത്തിന്റെ പേര് ഗോട്ട് അനീമിയ ഐ കളര്‍ ചാര്‍ട്ട് എന്നാണ്. ചെമ്മരിയാടുകളിലും ആടുകളിലും വിളര്‍ച്ച നിര്‍ണ്ണയിക്കാന്‍ വിദേശങ്ങളില്‍ പ്രചാരത്തിലുള്ള ഫമാച്ച രീതിയുടെയും (FAMACHA / FAffa MAlan CHArt) ഫമാച്ച ഐ കാര്‍ഡുകളുടെയും ( FAMACHA card) മാതൃകയിലാണ് ഗോട്ട് അനീമിയ ഐ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. 

കേരളത്തിലെ 13 പ്രാദേശിക കാര്‍ഷിക പരിസ്ഥിതി മേഖലകളില്‍ വളരുന്ന ആടുകളുടെ വിളര്‍ച്ചയുടെ കാരണങ്ങളും ലക്ഷണങ്ങളുമെല്ലാം മൂന്ന് സീസണുകളിലായി ഒരു വര്‍ഷത്തോളം ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിധേയമാക്കിയാണ് നമ്മുടെ സാഹചര്യങ്ങളോട് ഇണങ്ങുന്ന വിളര്‍ച്ചാ സൂചികാകാര്‍ഡുകള്‍ കര്‍ഷകര്‍ക്കായി വികസിപ്പിച്ചത്. സര്‍വകലാശാലയുടെ പതിനൊന്നാം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനാണ് ഗോട്ട് അനീമിയ ഐ കാര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഏറെ താമസിയാതെ തന്നെ അനീമിയ ഐ കാര്‍ഡുകള്‍ സര്‍വകലാശാലയില്‍നിന്ന് കര്‍ഷകരിലേക്കെത്തും.

വിളര്‍ച്ചാനിര്‍ണയത്തിനുള്ള ഫമാച്ച രീതി

പുല്‍മേടുകളില്‍ മേയുന്ന ചെമ്മരിയാടുകളില്‍ വ്യാപകമായി കാണുന്ന വിരകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പരാദനാശിനി മരുന്നുകളെ അതിജീവിക്കാന്‍ ശേഷി കൈവരിക്കുന്ന സാഹചര്യം 1990കളുടെ  മധ്യത്തില്‍ ദക്ഷിണാഫ്രിക്കയിലുണ്ടായി. ചെമ്മരിയാട്ടിന്‍ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടമുണ്ടാക്കിയിരുന്ന ഹീമോങ്ക്‌സ് കൊണ്ടോര്‍ട്ടസ് (Haemonchus contortus) എന്ന ആമാശയവിരകളായിരുന്നു ഇങ്ങനെ മരുന്നുകളെ തോല്‍പ്പിക്കാന്‍ തക്ക അതിജീവനശേഷി കൈവരിച്ചവയില്‍ പ്രധാനം. ചെമ്മരിയാടുകളിലെ വിളര്‍ച്ചയുടെയും വളര്‍ച്ചാമുരടിപ്പിന്റെയും അകലമരണത്തിന്റെയും പ്രധാന കാരണമാണ് ആമാശയത്തില്‍ അധിവസിച്ച് രക്തമൂറ്റി വളരുന്ന ഈ തവിടന്‍ വിരകള്‍. 

goat-4

ഹീമോങ്ക്‌സ് വിരകളെ നശിപ്പിക്കാന്‍ ചെമ്മരിയാടുകള്‍ക്ക് വിരമരുന്ന് നല്‍കേണ്ടത് എപ്പോഴാണെന്ന് നിശ്ചയമില്ലാതെ  കര്‍ഷകര്‍ നടത്തിയ അശാസ്ത്രിയവും അമിതവുമായ വിരമരുന്ന് പ്രയോഗമായിരുന്നു പരാദനാശിനി മരുന്നുകള്‍ക്കെതിരെ അതിജീവനശേഷി കൈവരിക്കാന്‍ പരാദങ്ങളെ സഹായിച്ചത്. ഈ പ്രശ്‌നത്തെ കുറിച്ച് പഠിച്ച ദക്ഷിണാഫ്രിക്കയിലെ ഫ്രാങ്കോയിസ് മാലന്‍, ഗരീത്ത് ബാത്ത്, ജാന്‍ വാന്‍ വൈക്ക് എന്നീ മൂന്ന് ഗവേഷകരാണ് വിരബാധയുടെ തീവ്രതയും കണ്ണിലെ ശ്ലേഷ്മസ്തരങ്ങളുടെ നിറവും  അടിസ്ഥാനമാക്കിയുള്ള ഫമാച്ച വിളര്‍ച്ചാ നിര്‍ണയ രീതി വികസിപ്പിച്ചത്. 

ഫമാച്ച വന്നതോടെ ചെമ്മരിയാടുകളിലെ വിളര്‍ച്ചയുടെ തീവ്രത കൃത്യമായി അറിയാനും അതിനനുസരിച്ച് ആവശ്യമെങ്കില്‍ മാത്രം പരാദനാശിനി മരുന്ന് ഉപയോഗിക്കാനും കര്‍ഷകര്‍ക്ക് സാധിച്ചു. മരുന്നുകളുടെ അമിതവും അശാസ്ത്രീയവും അനുചിതവും അസമയത്തുള്ളതുമായ ഉപയോഗം ഫമാച്ച എത്തിയതോടെ ഒരു പരിധി വരെ കുറഞ്ഞു. പരാദങ്ങള്‍ മരുന്നിനെ തോല്‍പ്പിക്കാന്‍ തക്ക പ്രതിരോധശേഷി നേടുന്ന വലിയ വെല്ലുവിളിയെ മറികടക്കാനും മരുന്നുകള്‍ വിവേകത്തോടെയും വിവേചനപൂര്‍വവും ഉപയോഗിക്കാന്‍ തുടങ്ങിയതോടെകര്‍ഷകര്‍ക്ക് കഴിഞ്ഞു. വിരബാധയുടെ തീവ്രതയും വിളര്‍ച്ചയും കണ്ണിലെ ശ്ലേഷ്മസ്തരങ്ങള്‍ മാത്രം നോക്കി നിര്‍ണയിക്കാവുന്ന ഫമാച്ച വിദ്യ ദക്ഷിണാഫ്രിക്കയില്‍ വിജയിച്ചതോടെ ആടും ചെമ്മരിയാടും ഒരുപാടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള  നാടുകളിലെല്ലാം വേഗത്തില്‍ പ്രീതിയും പ്രചാരവും നേടി.

ഫമാച്ച വിദ്യ എങ്ങനെ?

വിവിധ നിറങ്ങളും ആ നിറങ്ങള്‍ക്ക് പ്രത്യേകം കോഡ് നമ്പറുകളും അടയാളപ്പെടുത്തി തയ്യാറാക്കിയ കാര്‍ഡുകളാണ് ഫമാച്ച പരിശോധന രീതിക്കായി ഉപയോഗിക്കുന്നത്. ഓരോ നിറവും അതിന്റെ കളര്‍ കോഡും വിളര്‍ച്ച തീവ്രതയുടെ വിവിധ തോതുകളെ കുറിക്കുന്നവയാണ്. ആടുകളുടെ കണ്ണിലെ ശ്ലേഷ്മസ്തരത്തിന്റെ നിറം പരിശോധിച്ച ശേഷം ഈ കാര്‍ഡിലെ നിറവുമായി താരതമ്യം ചെയ്ത് വിളര്‍ച്ചയുടെ തീവ്രത നിര്‍ണയിക്കുകയാണ് ഫമാച്ച പരിശോധനയില്‍ ചെയ്യുന്നത്. 

ഉദാഹരണത്തിന് ഫമാച്ച കാര്‍ഡിലെ ചുവപ്പ് നിറവും അതിന്റെ കോഡായ 1 എന്ന അക്കവും ഏറ്റവും ആരോഗ്യമുള്ള വിളര്‍ച്ച തെല്ലും ബാധിക്കാത്ത ആടുകളെ കുറിയ്ക്കുന്നു. ഇവയ്ക്ക് പ്രത്യേകം വിരമരുന്നുകളോ മറ്റ് ചികിത്സകളോ ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ വെള്ളനിറവും 5 എന്ന കോഡും അതിതീവ്രവിളര്‍ച്ചയെയും അടിയന്തിര ചികിത്സ നല്‍കേണ്ടതിനെയും കുറിക്കുന്നു. ചുവപ്പിനും വെള്ളയ്ക്കും ഇടയിലുള്ള പിങ്ക് കലര്‍ന്ന ചുവപ്പ് (2), പിങ്ക് (3), വെള്ള കലര്‍ന്ന പിങ്ക് (4) എന്നീ നിറങ്ങളും കോഡുകളും വിവിധ ശതമാനങ്ങളിലും തോതിലുമുള്ള വിളര്‍ച്ചയുടെ സൂചകങ്ങളാണ്. ഇതുവഴി ചികിത്സ നല്‍കേണ്ട സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കാനും, ഉരുക്കളുടെ ആരോഗ്യം വിളര്‍ച്ചയില്‍നിന്നും അതിന്റെ കാരണങ്ങളില്‍ നിന്നും സംരക്ഷിക്കാനും കര്‍ഷകന് കഴിയുന്നു. 

ആന്തരപരാദങ്ങള്‍ പരാദനാശിനി മരുന്നുകള്‍ക്കെതിരെ അതിജീവന ശേഷി ആര്‍ജിക്കുന്നത് ഫലപ്രദമായി തടയാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനും അധിക ചികിത്സാച്ചെലവ് കുറയ്ക്കാനും ഫമാച്ച രീതി സഹായിക്കും. വെറ്ററിനറി സര്‍വകലാശാല തയാറാക്കിയ വിളര്‍ച്ച നിര്‍ണയ കാര്‍ഡിലും ഫമാച്ച കാര്‍ഡുകളുടെ മാതൃകയില്‍ അഞ്ചുനിറങ്ങളും കളര്‍ കോഡുകളുമാണുള്ളത്, പരിശോധനാരീതിയും സമാനമാണ്.

വിളര്‍ച്ച ആടുകളിലെ നിശബ്ദവില്ലന്‍, കാരണങ്ങള്‍ പലത് പ്രശ്‌നങ്ങളും ഏറെ 

വെറ്ററിനറി സര്‍വകലാശാലയിലെ രോഗപ്രതിരോധ വിഭാഗം മുന്‍പ് നടത്തിയ ഒരു പഠനത്തില്‍ കേരളത്തിലെ ആടുകളില്‍ വിളര്‍ച്ച ബാധയുടെ തോത് അന്‍പത് ശതമാനത്തോളം വരെയാണെന്ന് കണ്ടെത്തിയിരുന്നു. ആടുകളിലെ വിളര്‍ച്ചയുടെ കാരണങ്ങള്‍ പലതാണ്. മാംസ്യം ധാതുലവണമിശ്രിതങ്ങള്‍ തുടങ്ങിയ പോഷകാഹാരങ്ങളുടെ കുറവ് മുതല്‍ ആന്തര, ബാഹ്യ പരാദരോഗങ്ങള്‍ വരെ വിളര്‍ച്ചയുടെ പിന്നിലുണ്ടാവും. ചെറുകുടലിന്റെ ഭിത്തിയില്‍ കടിച്ച് തൂങ്ങി കിടന്ന് രക്തം കുടിച്ച് വളരുന്ന സ്‌ട്രോഗൈല്‍ എന്ന്  വിളിക്കപ്പെടുന്ന ഉരുളന്‍വിരകളും ദഹിച്ച് കഴിഞ്ഞ പോഷകാഹാരം ഭക്ഷിച്ച് രണ്ടരയടി വരെ നീളത്തില്‍ വളരുന്ന മൊനീഷ്യ എന്ന് വിളിക്കപ്പെടുന്ന നാടവിരകളുമാണ് കേരളത്തിലെ ആടുകളില്‍ കാണപ്പെടുന്ന പ്രധാന ആന്തര വിരകള്‍. ആന്തര വിരകള്‍ മാത്രമല്ല ചെള്ള്, പേന്‍, പട്ടുണ്ണി തുടങ്ങിയ വിവിധ ബാഹ്യാപരാദങ്ങളും വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഈ  ബാഹ്യപരാദങ്ങള്‍ വഴി പകരുന്ന തൈലേറിയ, അനാപ്ലാസ്മ, ബബീസിയ തുടങ്ങിയ രക്താണുരോഗങ്ങള്‍ ഇന്ന് ആടുകളിലും വ്യാപകമായി കണ്ടുവരുന്നു. ഈ രക്താണുരോഗങ്ങളുടെ ലക്ഷണവും രക്തക്കുറവ്/ വിളര്‍ച്ച തന്നെയാണ്. 

ആട്ടിന്‍കുഞ്ഞുങ്ങളെ ബാധിക്കുന്ന പരാദ രോഗങ്ങളില്‍ പ്രധാനമാണ് രക്താതിസാരം അഥവാ കോക്‌സീഡിയ രോഗം. കുടലിന്റെ ഭിത്തികള്‍ കാര്‍ന്ന് നശിപ്പിക്കുന്ന പ്രോട്ടോസോവല്‍ പരാദങ്ങളാണ് രോഗഹേതു. ഇവയും വിളര്‍ച്ചക്ക് വഴിയൊരുക്കും. ആടുകളിലെ ക്ഷീണം, തളര്‍ച്ച, വളര്‍ച്ചമുരടിപ്പ് , രോമം കൊഴിച്ചില്‍, പെണ്ണാടുകള്‍ മദിലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍, കുറഞ്ഞ ഗര്‍ഭധാരണ ശേഷി, അകാലത്തിലുള്ള ഗര്‍ഭമലസല്‍ കിതപ്പ്, വിശപ്പില്ലയ്മ, മിനുസമില്ലാത്ത രോമങ്ങള്‍ എന്നിവയെല്ലാമാണ് വളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങള്‍. 

വിളര്‍ച്ച ഒരു രോഗമാണെന്നതിന് പുറമെ അനേകം രോഗങ്ങളുടെ സുചന കൂടിയാണെന്നത് കര്‍ഷകര്‍ മനസ്സിലാക്കണം. വിളര്‍ച്ച മൂര്‍ച്ഛിച്ചാല്‍  ആടുകളില്‍ അകാലമരണവും സംഭവിക്കാം. കര്‍ഷകര്‍ക്ക് അനീമിയ ഐ ചാര്‍ട്ട് ഉപയോഗിച്ച് ഡോക്ടറുടെയോ മറ്റ് ലബോറട്ടറി സംവിധാനങ്ങളുടെയോ സഹായമില്ലാതെ വിളര്‍ച്ചയുടെ തീവ്രത മനസിലാക്കാമെങ്കിലും വിളര്‍ച്ചയുടെ കൃത്യമായ കാരണവും രോഗനിര്‍ണയവും ചികിത്സയും നടത്താന്‍ കാഷ്ടപരിശോധന, രക്ത പരിശോധന തുടങ്ങിയവ കൂടി ചെയ്യുന്നത് ഉചിതമാവും.

English summary: Eye colour chart for detection of anemia in goats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA