വാക്സിനേഷൻ പൂർണമല്ലേ? അരുമകളുടെ ബോർഡിങ് വാസം ഒരുപക്ഷേ മരണത്തിലേക്കുള്ള വഴിയാകാം

HIGHLIGHTS
  • നായ്ക്കുഞ്ഞുങ്ങളെ പുറത്തുവിടുമ്പോൾ പാർവോയ്ക്കെതിരെ പ്രത്യേക കരുതൽ
  • വാക്സിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ബോർഡിങ് വാസത്തിന് റിസ്ക് എലമെന്റസ് ഏറെ
pet-dogs
SHARE

നാൽപതിനായിരത്തിലധികം ശ്വാനപ്രേമികൾ അംഗങ്ങളായ കേരള ഡോഗ് ലവേഴ്സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഇക്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പങ്കുവച്ച അദ്ദേഹത്തിന്റെ ദുഃഖകരമായ അനുഭവം ഇങ്ങനെ. തന്റെ ലാബ്രഡോർ ഇനത്തിൽപ്പെട്ട റോക്സി എന്ന പട്ടിക്കുഞ്ഞിനെ എറണാകുളത്തുള്ള ഒരു സ്വകാര്യ ഡോഗ് ബോർഡിങ് സെന്ററിൽ കുറച്ചുദിവസം പാർപ്പിക്കാനായി അദ്ദേഹം എത്തിച്ചു. പത്തു ദിവസം പാർപ്പിക്കാൻ നാലായിരം രൂപയായിരുന്നു ഫീസ്. ഫീസ് എല്ലാം അടച്ച് പട്ടിക്കുഞ്ഞിനെയും അവിടെ ഏൽപിച്ച് തിരികെ പോന്ന അദ്ദേഹത്തിന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദുഃഖവാർത്തയുമായി ഈ ബോർഡിങ് സെന്ററിൽനിന്നും ഫോൺകാൾ എത്തി. പട്ടിക്കുഞ്ഞിന് വയറിളക്കവും ബ്ലീഡിങും പിടിപെട്ടെന്നായിരുന്നു അവരറിയിച്ചത്. വാർത്തകേട്ട് ബോർഡിങ് സെന്ററിൽ ഓടിയെത്തിയ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത് പാർവോ വൈറസ് ഗുരുതരമായി ബാധിച്ച് പൂർണമായും തളർന്ന് കിടക്കുന്ന തന്റെ ഓമന പപ്പിയെയാണ്. തൊട്ടടുത്ത ദിവസം പട്ടിക്കുഞ്ഞിന്റെ മരണവാർത്തയും അദ്ദേഹത്തെ തേടിയെത്തി. തനിക്കുണ്ടായ ഈ ദുരനുഭവത്തിൽ സ്ഥാപനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ദുഃഖകരമായ ഈ അനുഭവത്തിന്റെ കാര്യവും കാരണവും തുടർനടപടികളും എന്തുതന്നെയായാലും അരുമകളെ പരിപാലിക്കുന്ന ഏതൊരാൾക്കും ഈ സംഭവത്തിൽനിന്ന് ഉൾക്കൊള്ളാൻ പാഠങ്ങളുണ്ട്.

അരുമകളെ ബോർഡിങിലും ട്രെയിനിങ് സെന്ററുകളിലും അയയ്ക്കും മുൻപറിയാൻ

രോഗവാഹകരോ രോഗബാധിതരോ ആയ നായ്ക്കളിൽനിന്ന് നേരിട്ടോ അല്ലാതെയോയുള്ള സമ്പർക്കം വഴി ആരോഗ്യമുള്ള നായ്ക്കളിലേക്ക് പകരുന്ന സാംക്രമികരോഗങ്ങൾ ഒരുപാടുണ്ട്. പാർവോ, കനൈൻ ഡിസ്റ്റംബർ, കനൈൻ കൊറോണ തുടങ്ങിയ വൈറസ് രോഗങ്ങൾ, എലിപ്പനി, കെന്നൽ കഫ് (ബോർഡട്ടെല്ല ബാക്ടീരിയ രോഗം) അടക്കമുള്ള  ബാക്ടീരിയൽ രോഗങ്ങൾ, ടോക്സോക്കാര, അൻങ്കെലോസ്റ്റോമ കനൈനം തുടങ്ങിയ വിവിധ ആന്തരവിരകൾ, മേൻജ്, റിങ് വേം, മലസേസിയ തുടങ്ങിയ ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം രോഗബാധിത നായ്ക്കളുമായുള്ള സമ്പർക്കം വഴി പകരാം. ബോർഡിങുകളിൽ നായ്ക്കളെ വിടുമ്പോൾ ഇത്തരം സാംക്രമികരോഗങ്ങൾക്കെതിരായ ജാഗ്രതയും ഉടമയ്ക്ക് വേണ്ടതുണ്ട്.

രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ശാസ്ത്രീയമായി പ്രവർത്തിക്കുന്ന നിലവാരമുള്ള  ബോർഡിങ് സ്റ്റേഷനുകളിലേക്ക് മാത്രമേ അരുമ നായ്ക്കളെ താൽകാലികവാസത്തിന് അയയ്ക്കാവൂ. അതെല്ലങ്കിൽ മിണ്ടാപ്രാണികളുടെ ആരോഗ്യമാണ് നമ്മൾ അപകടത്തിലാക്കുന്നത് എന്നത് മറക്കാതിരിക്കുക .

നായ്ക്കുഞ്ഞുങ്ങളെ പുറത്തുവിടുമ്പോൾ പാർവോയ്ക്കെതിരെ പ്രത്യേക കരുതൽ

നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കം വഴി പകരുന്ന രോഗങ്ങളിൽ പാർവോ വൈറൽ എന്ററൈറ്റിസ് എന്ന വൈറസ് രോഗം നിസാരമായ ഒന്നല്ല. ആറ് ആഴ്ച മുതല്‍ ആറ് മാസംവരെ പ്രായമുള്ള നായ്ക്കുട്ടികളാണ് പാര്‍വോ വൈറസിന്റെ  പ്രധാന ഇരകള്‍. റോട്ട് വീലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രീവര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം. 

എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച്  ദീര്‍ഘനാള്‍ രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാൻ പാർവോ വൈറസിന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ രോഗികളും രോഗവാഹകരുമൊക്കെയായ നായ്ക്കൾ ധാരാളമായി എത്തുന്ന പൊതു കെന്നലുകളിലും ബോർഡിങ് സ്റ്റേഷനുകളിലും മൃഗാശുപത്രി പരിസരങ്ങളിലും ആശുപത്രികളോടു ചേർന്നുള്ള പെറ്റ് ആക്സസറീസ് സ്റ്റോറുകളിൽനിന്നും പെറ്റ് ഗ്രൂമിങ് സെന്ററുകളിലുമെല്ലാം പാർവോ വൈറസ് സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. തെരുവുനായ്ക്കൾ വിഹരിക്കുന്ന സ്ഥലങ്ങളിലും വൈറസ് ഉണ്ടാവും. നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍, ആശുപത്രി ടേബിളുകൾ തുടങ്ങിയവയെല്ലാം  രോഗാണുമലിനമായാൽ  വൈറസിന്റെ സ്രോതസുകൾ ആയി മാറും. കണ്‍മുന്നിൽപ്പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും.

ഈയൊരു സാഹചര്യം ഒഴിവാക്കാൻ പ്രതിരോധ കുത്തിവയ്പ്പുകള്‍, ബൂസ്റ്റർ ഡോസ് അടക്കം പൂര്‍ണമാവുന്നത് വരെ നായ്ക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ബോർഡിങ് സെന്ററുകളിലും ഡേ കെയര്‍ ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായ്ക്കള്‍ക്കൊപ്പം ട്രെയിനിങ്ങിനു വിടുന്നതും പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോവുന്നതും ഒഴിവാക്കുന്നതാണ് അഭികാമ്യം. മൃഗാശുപത്രിയിൽ  കൊണ്ടുപോകുമ്പോൾ പരിസരങ്ങളിൽ ചുറ്റിത്തിരിയാനും  ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്സിൻ പൂർണമായും എടുത്തിട്ടില്ലാത്ത നായ്ക്കുഞ്ഞുങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്.  

വാക്സിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ബോർഡിങ് വാസത്തിന് റിസ്ക് എലമെന്റസ് ഏറെ 

ജീവനു തുല്യം സ്നേഹിച്ച് വളർത്തുന്ന നായ്ക്കളെയും പൂച്ചകളെയുമെല്ലാം താൽകാലികമായി പാർപ്പിക്കുന്നതിനുവേണ്ടി ആളുകളിൽനിന്നും ഏറ്റെടുക്കുന്ന ബോർഡിങ് സെന്റർ നടത്തിപ്പുകാർക്കും ഉത്തരവാദിത്തം ഏറെയുണ്ട്. അരുമകളിലെ  സാംക്രമിക രോഗങ്ങളെക്കുറിച്ചും പകർച്ചാ രീതിയെ പറ്റിയും നിവാരണമാർഗങ്ങളെ പറ്റിയും കൃത്യമായ അവബോധം ഇത്തരം സെന്ററുകളിൽ പ്രവർത്തിക്കുന്നവർക്ക് വേണം.  അതുപോലെ കൃത്യമായ അണുനശീകരണ മാർഗങ്ങളും സ്വീകരിച്ചിരിക്കണം. കൂടുകൾ കൃത്യമായി കഴുകി വൃത്തിയാക്കിയിരിക്കണം. ഓരോ നായും തിരികെ പോകുമ്പോൾ കൂട് അണുനശീകരണം നടത്തി രോഗാണുക്കളെ നശിപ്പിക്കാൻ ശ്രമിച്ചിരിക്കണം. വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റില്ലാത്ത അരുമകളെ ബോർഡിങ് സെന്ററിൽ പാർപ്പിക്കാനായി അനുവദിക്കുന്നതിൽ 'റിസ്ക് എലമെന്റസ്' ഒരുപാടുണ്ടെന്നത് അരുമകളുടെ ഉടമയും ബോർഡിങ് സെന്റർ നടത്തിപ്പുകാരും മറക്കാതിരിക്കുക.

English summary: Are dog boarding kennels safe?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA