ADVERTISEMENT

ശാസ്ത്രീയ പ്രത്യുല്‍പാദന പരിപാലനമാണ് ലാഭകരമായ പാലുല്‍പാദനത്തിന്റെ അടിസ്ഥാനം. ഓരോ പശുവിന്റെയും ആദ്യ പ്രസവം 30 മാസം പ്രായത്തിനുള്ളിലും, രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിര്‍ത്തണം. ഒരു വര്‍ഷത്തില്‍ പശുവിന് ഒരു കിടാവ് എന്നതാവണം അത്യന്തിക ലക്ഷ്യം. കൃത്രിമ ബീജാധാനം അഥവാ ബീജം കുത്തിവയ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രീയ പ്രത്യുല്‍പാദനം നടത്തുന്നത്.

കൃത്രിമ ബീജാധാനം നടത്തുന്ന കന്നുകാലികളില്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത 30-35 ശതമാനമാണ്. കേരളത്തില്‍ 90% പശുക്കളിലും ഈ രീതിയാണ് പിന്തുടരുന്നത്. അതിനാല്‍ കൃത്രിമ ബീജധാനത്തിലുള്ള ശ്രദ്ധ പശുവളര്‍ത്തലില്‍ പ്രധാനമാണ്. എട്ടും പത്തും തവണ കുത്തിവയ്പിച്ചിട്ടും ചെന പിടിക്കാതെ അറവുശാലകളിലേക്ക് എത്തപ്പെടുന്ന കറവമാടുകളുടെ എണ്ണം കൂടുകയാണ്. പശുക്കളില്‍ പ്രസവത്തിന്ശേഷം മൂന്നു മാസത്തിനുള്ളില്‍ അടുത്ത ഗര്‍ഭധാരണം നടന്നിരിക്കണമെന്നാണ് കണക്ക്. ഇതിനുള്ളില്‍ ചെന പിടിക്കാതെ പോകുന്ന ഓരോ മദികാലയളവും (21 ദിവസം) കര്‍ഷകര്‍ക്ക് 5000 രൂപയിലധികം നഷ്ടമുണ്ടാക്കും. സമയം തെറ്റിയുള്ള കുത്തിവയ്പ് വന്ധ്യതയ്ക്കും കാരണമാകും. പശുക്കളുടെ മദിചക്രത്തെക്കുറിച്ചും, കൃത്രിമ ബീജധാനത്തെ കുറിച്ചുമുള്ള ചില അടിസ്ഥാന വസ്തുതകള്‍  മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രത്യുല്‍പാദനം വിജയകരമാക്കാം. മദി നിര്‍ണയത്തില്‍ കണിശത പുലര്‍ത്തി, പശുവിന്റെ തീറ്റക്കാര്യത്തില്‍ ശ്രദ്ധിക്കുകകൂടി ചെയ്താല്‍ ഇത് സാധ്യമാകും.

കിടാരികള്‍ ആദ്യമായി മദി കാണിച്ചു തുടങ്ങുന്നതിന്റെ ആധാരം പ്രായവും ശരീരതൂക്കവുമാണ്. ആദ്യത്തെ ഒന്നോ രണ്ടോ മദികളില്‍ ലക്ഷണങ്ങളുണ്ടാകണമെന്നില്ല. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ക്രമമായ ഇടവേളകളില്‍ മദിലക്ഷണങ്ങള്‍ കാണിക്കും. നമ്മുടെ നാട്ടിലെ സങ്കരയിനം കിടാരികള്‍ക്ക്  180 കിലോഗ്രാമെങ്കിലും ശരീരഭാരമെത്തുന്ന സമയത്ത് (16-18 മാസം പ്രായം) ആദ്യത്തെ കൃത്രിമ ബീജധാനത്തിനുള്ള ഒരുക്കങ്ങള്‍ നടത്താം. പശുക്കളിലെ മദിചക്രം 21 ദിവസമാണ്. ഇതില്‍ മദിലക്ഷണങ്ങള്‍ പ്രകടമാകുന്നത് 12-24 മണിക്കൂര്‍ മാത്രമാണ്. മദിയുടെ സമയം അസാധാരണമായി കൂടിയാലും കുറഞ്ഞാലും ശ്രദ്ധിക്കണം. മദിലക്ഷണം അവസാനിച്ച് 10-12 മണിക്കൂറിനുശേഷമാണ് പശുക്കളില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്. ഈ സമയത്ത് ഗര്‍ഭാശയത്തില്‍ നിശ്ചിത എണ്ണം ബീജാണുക്കള്‍ (Sperm) ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭധാരണം നടക്കുകയുള്ളൂ. 

മദിലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. പച്ചമുട്ടയുടെ വെള്ളപോലെ കൊഴുത്തു സുതാര്യമായ മദിജലം ഈറ്റത്തില്‍നിന്നും പുറത്തു വരുന്നു. നിര്‍ത്താതെയുള്ള കരച്ചില്‍, അസ്വസ്ഥത, ഈറ്റം ചുവന്നു തടിക്കുക, മറ്റു പശുക്കളുടെ പുറത്ത് കയറാന്‍ ശ്രമിക്കുക, ഇടവിട്ട് മൂത്രം ഒഴിക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക, മറ്റു പശുക്കളുടെ മേല്‍ത്താടി അമര്‍ത്തി നില്‍ക്കുക തുടങ്ങിയവ മദിലക്ഷണങ്ങളാണ്. കൂട്ടത്തിലുള്ള മറ്റു പശുക്കള്‍ പുറത്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ അനങ്ങാതെ നിന്നുകൊടുക്കുന്നതാണ് പ്രധാന മദിലക്ഷണം. മദിയുടെ അവസാന മണിക്കൂറുകളില്‍ കുത്തിവയ്പ്പിക്കുന്നതാണ് നല്ലത്. രാവിലെ മദികാണിച്ചു തുടങ്ങുന്ന പശുക്കളില്‍ അന്നു വൈകീട്ടും വൈകീട്ടു കാണിക്കുന്ന പശുക്കളെ പിറ്റേന്നു രാവിലെയും കുത്തിവയ്പ്പിക്കുന്നതാണ് നല്ലത്. മദിയുടെ കൃത്യത ഉറപ്പു വരുത്താതെ അസമയത്തുള്ള കുത്തിവയ്പ് ഗര്‍ഭാശയ അണുബാധയ്ക്കും അതുവഴി വന്ധ്യതയ്ക്കും കാരണമായേക്കാം. വര്‍ഗമേന്മ ഉറപ്പു വരുത്താന്‍ സാധ്യമല്ലാത്തതിനാലും ജനനേന്ദ്രിയ അണുബാധയുണ്ടാകാമെന്നതിനാലും മദിയുള്ള പശുക്കളെ മൂരിയുമായി ഇണ ചേര്‍ക്കരുത്. 

മൃഗാശുപത്രിയില്‍ കൊണ്ടുപോയാണ് കുത്തിവയ്ക്കുന്നതെങ്കില്‍ കുറേദൂരം നടത്തി വരുന്ന പശുവിന് ബീജധാനത്തിനു മുന്‍പും പിന്‍പും 15 മിനിറ്റ് വിശ്രമം നല്‍കണം. കുത്തിവയ്പിന് മുന്‍പ് ധാരാളം തീറ്റ നല്‍കുന്നത് ബീജാധാന പ്രക്രിയയില്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍, ഇതിനര്‍ഥം അവയെ പട്ടിണിക്കിടണമെന്നല്ല. വിദഗ്ധരായ ഡോക്ടര്‍മാരേയും, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരേയും മാത്രം കുത്തിവയ്പിനായി ആശ്രയിക്കുക. 

ഡോക്ടറെ വീട്ടില്‍ വരുത്തിയാണ് കുത്തിവയ്പിക്കുന്നതെങ്കില്‍ പത്തു മിനിറ്റിലധികം യാത്രദൂരമുണ്ടെങ്കില്‍ ബീജം നിറച്ച കണ്ടെയ്നര്‍ കൂടെ എടുപ്പിക്കാനുള്ള സൗകര്യമുണ്ടാകണം. ബീജമാത്രകളുടെ തണുപ്പ് മാറ്റാന്‍ ഇളം ചൂടുവെള്ളം തയാറാക്കി വയ്ക്കുക. കുത്തിവയ്പിന് മുമ്പ് ഈറ്റഭാഗം നന്നായി കഴുകി തുടച്ചു കൊടുക്കുക. മദിജലത്തില്‍ പഴുപ്പോ നിറം മാറ്റമോ കണ്ടിരുന്നെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കുക. കുത്തിവയ്പിന് മുമ്പോ പശുവിനെ വെകിളി പിടിപ്പിക്കരുത്. സഹായത്തിന് രണ്ടുപേരുള്ളത് നല്ലതാണ്. കുത്തിവയ്പിച്ച ദിവസവും വിവരങ്ങളും ഒരു നോട്ട്ബുക്കില്‍ എഴുതി വയ്ക്കുക. കുത്തിവയ്പിനായി ഉപയോഗിച്ച ചെറിയ പോളിത്തീന്‍ കുഴലിന്റെ പുറമേ നോക്കി വിത്തുകാളയുടെ വിവരങ്ങള്‍ കുറിച്ചു വയ്ക്കാം. ഈ വിവരങ്ങള്‍വച്ച് (കാളയുടെ ഇനം, നമ്പര്‍ സ്ഥലം) കന്നുകാലി വികസന ബോര്‍ഡിന്റെ www.livestockkerala.gov.in  എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള Sire Directory  നോക്കിയാല്‍ കാളയുടെ വര്‍ഗമേന്മയെക്കുറിച്ച് അറിയാവുന്നതാണ്. 

കുത്തിവയ്പിനുശേഷം പശു ഉടന്‍തന്നെ മൂത്രമൊഴിച്ചതുകൊണ്ടോ വെള്ളം കുടിച്ചതുകൊണ്ടോ പ്രശ്‌നങ്ങളൊന്നുമില്ല. കുത്തിവയ്പിനുശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞ് അല്‍പം രക്തം പോകുന്നത് സാധാരണമാണ്. അമിത രക്തസ്രാവം സൂക്ഷിക്കണം. ഒരു ദിവസത്തില്‍ കൂടുതല്‍ മദി നീണ്ടു നില്‍ക്കുകയാണെങ്കില്‍ 24 മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം ഉരുവിനെ കുത്തിവയ്പിക്കണം. മൂന്ന് പ്രാവശ്യം ബീജാധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത ഉരുക്കളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം.

കുത്തിവെയ്പിനുശേഷമുള്ള 18-23 ദിവസംവരെ  പശുവിനെ നിരീക്ഷിക്കുക. വീണ്ടും മദിലക്ഷണങ്ങള്‍ കണ്ടാല്‍ വീണ്ടും കുത്തിവയ്പ്പിക്കണം. രണ്ടു മാസത്തിനുശേഷവും മദിലക്ഷണമില്ലെങ്കില്‍ ഗര്‍ഭപരിശോധന നടത്തി ഉറപ്പുവരുത്തുക. നല്ല ആരോഗ്യമുള്ള പശുക്കള്‍ മാത്രമേ ശരിയായ രീതിയില്‍ മദിലക്ഷണം കാണിക്കുകയുള്ളൂ. അതിനാല്‍ ശാസ്ത്രീയ തീറ്റക്രമം ഏറെ പ്രധാനമാണ്. ബാഹ്യലക്ഷണങ്ങള്‍ നോക്കി ഗര്‍ഭാവസ്ഥ നിര്‍ണയിക്കുന്നത് അഭികാമ്യമല്ല. 

ഗര്‍ഭിണിയായ പശുവിന് പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലെങ്കില്‍ ഗര്‍ഭകാലം 295-300 ദിവസംവരെ നീളുന്നതുകൊണ്ട് കുഴപ്പമില്ല. ഗര്‍ഭകാലത്തിന്റെ അവസാനത്തെ രണ്ടു മാസം (60 ദിവസം) കറവ നിര്‍ത്തി വറ്റുകാലം നല്‍കണം. പ്രസവ സമയത്ത് ബുദ്ധിമുട്ടുകളുണ്ടായാല്‍ വിദഗ്ധ സേവനം തേടണം. പ്രസവശേഷം 6-12 മണിക്കൂറിനുള്ളില്‍ മറുപിള്ള പുറത്തുപോയില്ലെങ്കില്‍ സഹായം തേടണം. പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ കിടാവിന് കന്നിപ്പാല്‍ നല്‍കിയിരിക്കണം. പ്രസവശേഷം മൂന്നു മാസത്തിനുള്ളില്‍ ഉരുവിനെ ബീജാധാനത്തിന് വിധേയമാക്കണം. 

കര്‍ഷകര്‍ മദിചക്രത്തേയും, ലക്ഷണങ്ങളേയും കുറിച്ച് പഠിച്ച് നിരീക്ഷണങ്ങള്‍ നടത്തി കുത്തിവയ്പ് നടത്തിയാല്‍ പശുക്കളില്‍ ആദ്യപ്രസവം നേരത്തെയാകുകയും പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കുറയുകയും ചെയ്യുന്നു.

English summary: Heat Detection and Timing of Insemination for Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com