അധ്യാപികയില്‍നിന്ന് പക്ഷിപരിപാലകയിലേക്ക്; മികച്ച വരുമാനം, ആ വലിയ ചുവടുമാറ്റം ഇങ്ങനെ

HIGHLIGHTS
  • കൂടൊരുക്കാനും പക്ഷികള്‍ക്കുമായി 1.8 ലക്ഷം രൂപയോളം ചെലവായി
  • മുടക്കുമുതല്‍ ഒരു വര്‍ഷംകൊണ്ടുതന്നെ നേടാനായി
leena-jasmine-1
SHARE

നടുവേദന കലശലായപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അധ്യാപനജോലി ഉപേക്ഷിക്കേണ്ടിവന്ന ലീന ജാസ്മിന്‍ എന്ന തിരുവനന്തപുരം സ്വദേശി ഇന്നൊരു പക്ഷിപരിപാലകയാണ്. കേരളത്തില്‍ അധികമാരും വലിയ തോതില്‍ വളര്‍ത്താത്ത അരുമപ്പക്ഷി ഇനങ്ങളായ ആഫ്രിക്കന്‍ ലവ് ബേര്‍ഡുകളാണ് ലീനയുടെ താരങ്ങള്‍. അവയിലേക്ക് എത്തിപ്പെട്ടത് തീര്‍ത്തും അവിചാരിതമായി.

എല്‍പി-യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ലീന ഏഴു വര്‍ഷം മുന്‍പാണ് അധ്യാപനമേഖലയോട് വിടപറഞ്ഞത്. മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്ന ജോലിയായതിനാല്‍ നടുവേദനയ്ക്ക് ശമനമില്ലാതെ വന്നതോടെയാണ് ജോലി ഉപേക്ഷിക്കാന്‍ ലീന നിര്‍ബന്ധിതയായത്. പിന്നീട് വീട്ടമ്മയായി ഒതുങ്ങിക്കൂടിയപ്പോള്‍ മൂന്നു വര്‍ഷം മുന്‍പ് ഏതാനും ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളെ വാങ്ങി വളര്‍ത്തുകയായിരുന്നു. അതിന് പ്രചോദനമായത് സഹോദരനും. ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളോട് താല്‍പര്യമുണ്ടായിരുന്ന സഹോദരന്റെ ശേഖരത്തിലെ പക്ഷികളെ ശ്രദ്ധിച്ചുതുടങ്ങിയപ്പോഴാണ് അവയോട് താല്‍പര്യം തോന്നിയത്. ക്രമേണ പക്ഷികളെ വാങ്ങി. ഭര്‍ത്താവിന്റെ പിന്തുണകൂടിയായപ്പോള്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകളെ വരുമാനമാക്കാം എന്ന് ഉറപ്പിച്ചു. 

african-love-bird-1

വീടിന്റെ രണ്ടു ഭാഗങ്ങിലായി ഏവിയറികള്‍ തയാറാക്കി. പക്ഷികള്‍ക്ക് പറന്നു നടക്കാവുന്ന വിധത്തില്‍ ഫ്രീ ഫ്‌ളൈയിങ് കൂടും ഇതിലുണ്ട്. പ്രജനത്തിന് ചെറിയ ചൈനീസ് കൂടുകളിലാണ് പാര്‍പ്പിക്കുക. കൂടൊരുക്കാനും പക്ഷികള്‍ക്കുമായി 1.8 ലക്ഷം രൂപയോളം ചെലവായി. എന്നാല്‍, മുടക്കുമുതല്‍ ഒരു വര്‍ഷംകൊണ്ടുതന്നെ നേടാനായി എന്ന് ലീന പറയുന്നു.

പീച്ച് ഫേസ്, ഫിഷര്‍ തുടങ്ങി നാലിനം ആഫ്രിക്കന്‍ സ്‌നേഹപ്പക്ഷികളാണ് ലീനയുടെ ശേഖരത്തിലുള്ളത്, 50 ജോടിയോളം വരുമിത്. സ്വാതന്ത്ര്യത്തോടെ ആവശ്യാനുസരണം പറക്കാന്‍ കഴിയുന്ന കൂട്ടിലാണ് പക്ഷികളെ പ്രധാനമായും പാര്‍പ്പിക്കുന്നത്. പക്ഷികളുടെ ആരോഗ്യത്തിന് ഇതാണ് നല്ലതെന്ന് ലീന. പ്രജനനത്തിനു സമയമായാല്‍ ജോടി തിരിച്ച് ചെറിയ കൂട്ടുകളിലാക്കും. മുട്ടയിടുന്നതിനുവേണ്ടി ചട്ടിയും കഴുകി വൃത്തിയാക്കി കൂട്ടില്‍ വച്ചിരിക്കും. ചട്ടിയില്‍ ബെഡ് ഒരുക്കുന്നതിനായി പക്ഷികള്‍ക്ക് സാധാരണ പക്ഷിപരിപാലകര്‍ നല്‍കുന്ന ഓലമടല്‍ ആയിരിക്കും. എന്നാല്‍, ലീന ഇതില്‍നിന്ന് അല്‍പം വ്യത്യസ്തയാണ്. ഓലമടലിനു പകരം മുരിങ്ങയുടെ തണ്ടുകളാണ് ലീനയുടെ പക്ഷികള്‍ കൂടൊരുക്കാന്‍ ഉപയോഗിക്കുക. ഓലമടലിന്റെ ലഭ്യതക്കുറവാണ് തന്നെ മുരിങ്ങയിലേക്ക് തിരിച്ചതെന്ന് ലീന.

leena-jasmine-bird

രാവിലെ ഒരു നേരമാണ് ഭക്ഷണം നല്‍കുക. രാവിലെ നല്‍കുന്ന ഭക്ഷണം, വൈകുന്നേരത്തോടെ എടുത്തുമാറ്റും. ധാന്യങ്ങളും പച്ചക്കറികളുമാണ് പ്രധാനമായും നല്‍കുക. ഇലവര്‍ഗങ്ങളും ഇടയ്ക്ക് നല്‍കുന്നുണ്ട്. ആവശ്യാനുസരണം വൈറ്റമിന്‍, കാത്സ്യം സപ്ലിമെന്റുകളും നല്‍കാറുണ്ടെന്ന് ലീന. കുടിവെള്ളത്തിന് ബോട്ടിലാണ് ഉപയോഗിക്കുക. എന്നാല്‍, അടയിരിക്കുന്ന പക്ഷികള്‍ക്ക് വെള്ളം വലിയ പാത്രത്തില്‍ വച്ചു നല്‍കും. അടയിരിക്കുന്ന പക്ഷികള്‍ക്ക് ശരീരം നനയ്‌ക്കേണ്ട ആവശ്യം വരുന്നതുകൊണ്ടാണിങ്ങനെ ചെയ്യുന്നത്.

ശരാശരി 4 മുട്ടകളാണ് ഒരു പക്ഷി ഒരു ശീലില്‍ ഇടുക. ഇനം അനുസരിച്ച് 22-25 ദിവസം വേണ്ടിവരും മുട്ട വിരിയാന്‍. കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ത്തന്നെയാണ് ഭക്ഷണം നല്‍കുക. മാതാപിതാക്കള്‍ അവഗണിക്കുകയോ, കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഹാന്‍ഡ് ഫീഡാണ് കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനുള്ള മാര്‍ഗമെന്നും ലീന പറയുന്നു. 

african-love-birds

സമൂഹമാധ്യമങ്ങളാണ് ലീനയുടെ പ്രധാന വില്‍പനശാല. കാര്‍ഷിക കുടുംബം എന്നൊരു വാട്‌സാപ് കൂട്ടായ്മയുമുണ്ട്. കാര്‍ഷികപരമായ ക്ലാസുകളും ചര്‍ച്ചകളും ഈ ഗ്രൂപ്പില്‍ നടക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തുനിന്ന് വടക്കേ അറ്റമായ കാസര്‍കോട് വരെ തന്റെ പക്ഷിക്കുഞ്ഞുങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ലീന പറയുന്നു. രണ്ടാം ലോക്ഡൗണില്‍ എല്ലാ മേഖലയിലുമുണ്ടായ മാന്ദ്യം പക്ഷിവളര്‍ത്തല്‍ മേഖലയിലുമുണ്ടെന്ന് ലീന. ഒന്നാം ലോക്ഡൗണില്‍ പക്ഷികള്‍ തികയാത്ത സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണില്‍ വലിയ അന്തരം പ്രകടമായിട്ടുണ്ട്. അതേസമയം, ലോക്ഡൗണ്‍ മാറിയതോടെ വിപണി കൂടുതല്‍ സജീവമാകുന്നുണ്ടെന്നും ലീന പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ലീനയുടെ കുടുംബം. 

ഫോണ്‍: 8129918770

English summary: African Lovebird Breeder in Kerala

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA