ADVERTISEMENT

ഒരു കോഴി ഒരു ദിവസം 11 മുട്ട ഇട്ട കഥ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് പല അന്വേഷങ്ങളും ഉണ്ടായി. വളരെ അപൂര്‍വമായി ഒരു ദിവസം രണ്ട് മുട്ട കിട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി ഒരിക്കലും വിശ്വസിക്കാനോ, ന്യായീകരിക്കാനോ പറ്റാത്ത സംഭവമാണ് 10 മിനുട്ട് ഇടവേളകളില്‍ 11 മുട്ടയിട്ട കഥ. അതെന്തുകൊണ്ടെന്നു നോക്കാം.

egg-hen

കോഴികള്‍ ഏതാണ്ട് അഞ്ചു മാസം പ്രായമാകുമ്പോഴാണ് മുട്ടയിടാനുള്ള ശേഷി കൈവരിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡം അണ്ഡാശയ ഗുഹയിലേക്ക് നിക്ഷേപിക്കപ്പെടുന്നതോടെ മുട്ടയുടെ രൂപംകൊള്ളല്‍ ആരംഭിക്കുകയായി. ചോര്‍പ്പിന്റെ രൂപമുള്ള കേവലം 5 സെ.മീ. വലുപ്പമുള്ള 'ഇന്‍ഫന്‍ഡിബുലം' എന്ന അണ്ടാശയത്തിന്റെ ആദ്യ ഭാഗത്തിന്റെ കടമ അണ്ഡത്തെ കൃത്യമായി അണ്ഡാശയഗുഹയിലേക്ക് സ്വീകരിക്കുക എന്നതാണ്. ഏതാണ്ട് 15 മിനുട്ട് നീളുന്ന ഈ പ്രക്രിയയ്ക്കു ശേഷം അത് അണ്ഡാശയത്തിലെ ഏറ്റവും നീളം കൂടിയ ഭാഗമായ 'മാഗ്‌നത്തില്‍' (33 സെ.മീ) എത്തിച്ചേരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഇവിടെ നിന്നാണ് മുട്ടയുടെ വെള്ളക്കരു രൂപം കൊള്ളുന്നത്. തുടര്‍ന്ന് 10 സെ.മീ. വലുപ്പമുള്ള 'ഇസ്ത്മസി'ല്‍ എത്തുമ്പോള്‍ അവിടെ 1.5 മണിക്കൂര്‍ സമയമെടുത്ത് തോടിനടിയിലെ പാട രൂപം കൊള്ളുന്നു. തുടര്‍ന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ഗര്‍ഭപാത്രത്തില്‍ (യൂട്രസ്) എത്തിച്ചേരുന്നത്. കേവലം 10 സെ. മീ മാത്രം വലുപ്പമുള്ള ഗര്‍ഭപാത്രത്തില്‍ ഏതാണ്ട് 20 മണിക്കൂറോളം കിടന്നാണ് മുട്ടയ്ക്ക് മുകളിലെ കട്ടിയുള്ള തോട് രൂപം കൊള്ളുന്നത്. ഇക്കാരണത്താലാണ് കൃത്യമായ തോടുകളുള്ള 11 മുട്ടകള്‍ തന്നെ ഒരു കോഴി ഒരു ദിവസമിട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാത്തതും.

പിന്നീടുള്ള ഒടുവിലത്തെ ഭാഗമായ 10 സെ.മീ. വലുപ്പമുള്ള യോനിക്ക് മുട്ട പുറന്തള്ളുക എന്ന കര്‍ത്തവ്യം മാത്രമേയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍ 68 സെ.മീ. മാത്രം നീളമുള്ള അണ്ഡാശയത്തിലൂടെ ഏതാണ്ട് 24.5 മണിക്കൂര്‍ സമയമെടുത്താണ് ഒരു മുട്ട രൂപം കൊള്ളുന്നതുതന്നെ. ഇതുകൊണ്ട് തന്നെയാണ് 365 ദിവസവും മുട്ടകള്‍ ഇടുന്ന കോഴികള്‍ ലഭ്യമല്ലാത്തതും. ശാസ്ത്രം ഇങ്ങനൊക്കെയാണെങ്കിലും കോഴിക്കോട് നടന്ന ഈ സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിക്കാനും നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും വെറ്ററിനറി സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

English summary: How many eggs does a chicken lay a day?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com