ADVERTISEMENT

അശ്രദ്ധ പലപ്പോഴും ഫാമുകളില്‍ വലിയ അപകടം വരുത്തിവയ്ക്കും. അത്തരത്തിലൊരു അപകടമാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുള്ള ഒരു വീട്ടമ്മയുടെ തൊഴുത്തിലും സംഭവിച്ചത്. നീളമുള്ള തീറ്റപ്പുല്ല് പശു നന്നായി കഴിക്കുന്നതിനുവേണ്ടി പശുവിന്റെ ഉടമ അരിവാള്‍ ഉപയോഗിച്ച് പുല്ല് ചെറുതായി അരിഞ്ഞു കൊടുക്കുകയായിരുന്നു. പുല്ല് വലിച്ച് എടുക്കുന്നതിനായി പശു നാവ് നീട്ടി. അപ്രതീക്ഷിത പ്രവൃത്തി ആയതിനാല്‍ അരിവാള്‍ കൊണ്ടത് പശുവിന്റെ നാവില്‍. നാവ് മുറിഞ്ഞുതൂങ്ങി. പരിമിതികളുള്ള മേഖലയായതിനാല്‍ ചികിത്സ ലഭ്യമാക്കാനായത് പിറ്റേന്ന് മാത്രം. എങ്കിലും ആവശ്യമായ ചികിത്സ നല്‍കിയതുകൊണ്ടുതന്നെ തുന്നിച്ചേര്‍ത്ത നാവ് കരിഞ്ഞുതുടങ്ങുകയും പശു ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് ഡോ. നിതിന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. ചികിത്സാ സാഹചര്യം വിശദമാക്കി ഡോ. നിതിന്‍ പങ്കുവച്ച കുറിപ്പ് ചുവടെ,

പതിവ് പോലെ പശുവിനു പുല്ലു വെട്ടിക്കൊടുത്ത ചേച്ചി. ബ്ലോക്ക് പുല്ല് പശു നന്നായി കഴിക്കാന്‍ അരിവാള്‍ വച്ചു അരിഞ്ഞു കൊടുക്കുന്ന ശീലമുണ്ട്...ആര്‍ത്തി മൂത്തു അരിവാള്‍ നക്കി വലിക്കാന്‍ നോക്കിയ പശു... പെട്ടെന്നു ആയിരുന്നു എല്ലാം സംഭവിച്ചത്... നാക്ക് രണ്ടായി മുറിഞ്ഞ അവസ്ഥ... ചോര നില്‍ക്കുന്നില്ല... പശു ആണേല്‍ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ നിലവിളി... ഇതു സംഭവിക്കുമ്പോള്‍ രാത്രി പത്തു മണി... രാത്രികാല അടിയന്തര ചികിത്സ നല്‍കാന്‍ ഒരു ഡോക്ടര്‍ പോലും ഇല്ലാത്ത കൊടുവള്ളി ബ്ലോക്കില്‍ എന്തു ചെയ്യാന്‍? നാടന്‍ ചികിത്സ ഒകെ ചെയ്തു നോക്കി. രക്തം ഒരു ശമനവുമില്ലാതെ പാഞ്ഞു കൊണ്ടു ഇരുന്നു.

അടുത്ത ദിവസം രാവിലെയാണ് എന്നെ വിളിക്കുന്നത്... തുന്നല്‍ ഇടണം... മയക്കണം... അല്ലാതെ ഒന്നും നടക്കില്ല... അങ്ങനെ ഓട്ടോ ഡ്രൈവറെകൂട്ടി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ പോയി ആവശ്യം വേണ്ട sutures ഒക്കെ വാങ്ങി... അനസ്തേഷ്യ മരുന്ന് അവരെ കാലു പിടിച്ചു എങ്ങനെയോ തരപ്പെടുത്തി... 

അപ്പൊഴാണ് അടുത്ത പ്രശ്‌നം. ഈ സ്ഥലം എന്റെ ആശുപത്രിയില്‍നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരെയാണ്. ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് ഒരുപാട് പട്ടികളെയും പൂച്ചകളെ കൊണ്ടുവന്നു നില്‍പ്പുണ്ട്. എങ്ങനേയും അതൊക്കെ തീര്‍ത്തു പോയി നോക്കി. പശു നല്ല ക്ഷീണത്തില്‍ ആണ്. നല്ലോണം ചോര പോയിട്ടുണ്ട്. മയക്കിയശേഷം പരിശോധിച്ചപ്പോള്‍ നല്ല രീതിയില്‍ മുറിവുണ്ട്. അപ്പോഴും എന്റെ മൊബൈല്‍ അടിച്ചു കൊണ്ടേ ഇരുന്നു. നായയേയും പൂച്ചയേയും കൊണ്ടു വരുന്നവര്‍ അക്ഷമരായിത്തുടങ്ങി. ഡോക്ടറേ എവിടെ പോയി. എത്ര നേരം കാത്തിരിക്കണം...

അവസാനാം പശുവിനെ തുന്നി റെഡിയാക്കി. ഡ്രിപ്പ് കൊടുത്തു പോകുമ്പോഴും എന്റെ മൊബൈല്‍ വിശ്രമമില്ലാതെ അടിച്ചുകൊണ്ടേ ഇരുന്നു. ഡോക്ടറേ നിങ്ങള്‍ എവിടെയാണ് എന്നുള്ള ചോദ്യങ്ങളുമായി. ഒപ്പമുള്ള സഹപ്രവര്‍ത്തകര്‍ത്തന്നെ എന്നെ വിളിച്ചു വിഷമം പറഞ്ഞു തുടങ്ങി. എപ്പോ വേണേലും പാലാക്കാരന്റെ അടുത്തേക്കും മുകളിലേക്കുമെല്ലാം പരാതി പോകുമെന്നു തോന്നി. കുലുങ്ങുന്ന ഓട്ടോറിക്ഷയില്‍ കുഴികള്‍ ചാടി എങ്ങനെയും ആശുപത്രി എത്തി.

cow-treatment-1
പശുവിന്റെ നാവ്

നല്ല തിരക്ക്. വണ്ടികള്‍ പുറത്തു കിടക്കുന്നു. ഒരു തെറ്റ് ചെയ്ത മനുഷ്യനെപ്പോലെ ഞാന്‍ ഹോസ്പിറ്റലില്‍ കയറി. നേരെ ഒപി നോക്കി. ഭാഗ്യം ആരും പരാതി പറഞ്ഞില്ല. ആ പശു സുഖമായി ഇപ്പോള്‍ എല്ലാ ഭക്ഷണവും നന്നായി കഴിക്കുന്നു.

ഒരേ സമയം ഫീല്‍ഡില്‍ പോകണം, ആശുപത്രിയില്‍ വരുന്ന ഒപി നോക്കണം. എവിടെ നിന്നാണ് പരാതി പോകുക എന്നു പേടിച്ചാണ് ജീവിക്കുക. 

എന്ന്,

ക്ഷീരകര്‍ഷകര്‍ക്കു ഒരാവശ്യം വരുമ്പോള്‍ നമ്മള്‍ പോകണം എന്ന് മാത്രം അഭിപ്രായമുള്ള ഒരു വെറ്ററിനറി ഡോക്ടര്‍.

English summary: Surgical repair of tongue in a cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com