ഗുണമേന്മ നഷ്ടപ്പെട്ടാൽ വാക്‌സീൻ വെറും പച്ചവെള്ളം: വാക്‌സീൻ എടുത്തിട്ടും പാർവോ വരാൻ 10 കാരണങ്ങൾ

HIGHLIGHTS
 • വാക്‌സിനെടുത്തിട്ടും പാർവോ വന്നോ?
 • കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ ബ്രീഡർമാരുടെ പക്കൽനിന്ന് വാങ്ങുന്നത് നന്ന്
dog
SHARE

എല്ലാ വർഷവും സീസൺ കണക്കെ അരുമമൃഗങ്ങളിൽ കണ്ടുവരുന്ന പകർച്ചവ്യാധിയാണ് പാർവോ രോഗം. കാലങ്ങളായി നായ്ക്കുട്ടികളെയാണ് ഈ അസുഖം ബാധിച്ചിരുന്നതെങ്കിൽ  കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൂച്ചകളിലും ധാരാളമായി ഈ അസുഖം കണ്ടുവരുന്നു. നായകളിലും പൂച്ചകളിലും വ്യത്യസ്തമായ വൈറസുകളാണ് അസുഖം ഉണ്ടാക്കുന്നതെങ്കിലും രോഗലക്ഷണങ്ങൾ ഇരുകൂട്ടരിലും  ഏകദേശം സമാനമാണ്. ഫെലൈൻ പാൻ  ലൂക്കോപീനിയ എന്നതാണ് പൂച്ചകളിലെ പാർവോ രോഗത്തിന്റെ യഥാർത്ഥ പേര്.

അരുമകളെ വളർത്തുന്ന പെറ്റ് പേരന്റ്സിനെയും ചികിത്സിക്കുന്ന ഡോക്ടർമാരെയും ഒരുപോലെ വലയ്ക്കുന്ന ഈ വില്ലൻ രോഗത്തിന് പ്രതിവിധി ഒന്നേയുള്ളൂ. കൃത്യമായ വാക്‌സിനേഷൻ അഥവാ പ്രതിരോധ കുത്തിവയ്പ്പ്. പാർവോ വാക്‌സിനേഷൻ നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് ഈ ലേഖനം വ്യക്തമാക്കുന്നത്.

നായ്ക്കുട്ടികളിലെ പാർവോ വാക്‌സീൻ

സാധാരണ ഗതിയിൽ 42-45 ദിവസം പ്രായമാകുമ്പോഴാണ് നായ്ക്കുട്ടികളിൽ ആദ്യ ഡോസ് വാക്‌സീൻ നൽകുന്നത് . 35 ദിവസം പ്രായത്തിൽ നൽകുന്ന നോബിവാക് പപ്പി ഡിപി പോലത്തെ വാക്‌സീൻ പാർവോ അസുഖം പടരുന്ന കാലത്തു നേരത്തേയുള്ള  സംരക്ഷണത്തിനായി നായ്ക്കുട്ടികളിൽ നൽകാം. 42 ദിവസം ആയാൽ Vanguard plus 5L4, Nobivac DHPPi/L, Canigen പോലുള്ള ഗുണനിലവാരമുള്ള വാക്‌സിനുകൾ കുത്തിവയ്പ്പിനായി ഉപയോഗിക്കാവുന്നതാണ്. 28  ദിവസം കഴിഞ്ഞാൽ ഒരു ബൂസ്റ്ററും പിന്നെ വർഷാവർഷം വാർഷിക ബൂസ്റ്ററും നിർബന്ധമായും നൽകേണ്ടതുണ്ട്. മേൽ‍പ്പറഞ്ഞവ പാർവോ അസുഖം മാത്രമല്ല ഡിസ്റ്റംബർ, എലിപ്പനി തുടങ്ങിയ ആറോളം അസുഖങ്ങൾ കൂടി ഉൾപ്പെടുന്നവയാണ്‌. നായ്ക്കളിലെ കൊറോണ അസുഖത്തിനെതിരെയുള്ള (കോവിഡ് 19 അല്ല) വാക്‌സിനുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നാം നൽകുന്ന വാക്‌സീൻ അനുസരിച്ചു ഷെഡ്യൂളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

പൂച്ചകളിലെ പാർവോ വാക്‌സീൻ

സാധാരണ ഗതിയിൽ 8 ആഴ്ച പ്രായമുള്ളപ്പോഴാണ് പൂച്ചകളിൽ ആദ്യ പ്രതിരോധ കുത്തിവയ്പ് എടുക്കാറുള്ളത്. ഫെലൈൻ പാൻ ലൂക്കോപീനിയ (പാർവോ), റൈനോ ട്രക്കിയൈറ്റിസ്, കാൽസി എന്നീ അസുഖങ്ങൾക്കെതിരെയാണ് ആദ്യ കുത്തിവയ്പ് എടുക്കുന്നത്. 28 ദിവസം കഴിഞ്ഞും, തുടർന്ന് വർഷാവർഷവും ബൂസ്റ്റർ എടുക്കണം. Felocell 3, Nobivac Tricat Trio, Feligen CRP തുടങ്ങിയവ മാർക്കറ്റിൽ ലഭ്യമാണ്.

ഇവ കൂടാതെ പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പും നായകൾക്കും പൂച്ചകൾക്കും നിർബന്ധമായും നൽകേണ്ടതുണ്ട്. 

dog-in-hospital

വാക്‌സിനെടുത്തിട്ടും പാർവോ വന്നോ?

പാർവോ സീസൺ കാലത്ത് ഡോക്ടർമാർ എറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് ഇത്. വാക്‌സീൻ എടുത്ത ശേഷവും പാർവോ വരാനുള്ള പ്രധാന കാരണങ്ങൾ നമുക്കൊന്ന് വിശകലനം ചെയ്യാം. 

 1. വാക്‌സീൻ കോൾഡ് ചെയിൻ തകരാറിലാവുക: വാക്‌സീൻ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാണ് കോൾഡ് ചെയിൻ തകരാറിലാവുക എന്നത്. കൃത്യമായ തണുപ്പിൽ സൂക്ഷിച്ചാൽ മാത്രമേ വാക്‌സീൻ ഫലപ്രദമാവൂ. കമ്പനി മുഖേനയല്ലാതെ ചുരുങ്ങിയ വിലയ്ക്ക് എന്ന വ്യാജേനെ വാക്‌സീൻ വിതരണം ചെയുന്ന മിക്കവരും കോൾഡ് ചെയിൻ കൃത്യമായി സൂക്ഷിക്കാറില്ല. തൽഫലമായി വാക്‌സീന് ഫലം ഉണ്ടാവില്ല എന്ന് മാത്രമല്ല നിങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും.
 2. അരുമയുടെ ആരോഗ്യം: ഏതൊരു വാക്‌സീനും ഫലപ്രദമാവണമെങ്കിൽ അരുമ പൂർണ ആരോഗ്യത്തോടെയിരിക്കണം. പനി, വിരശല്യം തുടങ്ങി എന്തെങ്കിലും അസുഖമുള്ള അരുമകളിൽ വാക്സീൻ കുത്തിവച്ചാൽ വേണ്ട ഫലപ്രാപ്തി നൽകില്ല. അതിനാൽ വെറ്ററിനറി ഡോക്ടറെ കണ്ട് പൂർണാരോഗ്യം ഉറപ്പു വരുത്തിയ ശേഷം മാത്രം വാക്‌സീൻ എടുക്കുന്നതാണ് ഉചിതം.
 3. വാക്‌സീൻ എടുക്കുന്ന രീതി: വാക്‌സീൻ കൈകാര്യം ചെയ്യുന്നതും എടുക്കുന്നതും നൈപുണ്യം വേണ്ട പ്രക്രിയയാണ്‌. വ്യാജന്മാർ വാക്‌സിനേറ്റ് ചെയ്യുമ്പോൾ ഇതൊന്നും പാലിക്കപ്പെടണം എന്നില്ല. ആയതിനാൽ ഫലപ്രാപ്തി കുറയാൻ ഇട വരാം. എപ്പോഴും വെറ്ററിനറി ഡോക്ടർ വഴി‌ വാക്‌സീൻ എടുക്കുക.
 4. കുഞ്ഞുങ്ങൾക്ക് അമ്മയിൽ നിന്ന് ലഭിക്കുന്ന മറ്റേണൽ ആന്റിബോഡി യുടെ സാന്നിധ്യം നാം നല്കുന്ന വാക്‌സീന്റെ ഫലപ്രാപ്തി ചിലപ്പോൾ കുറച്ചേക്കാം. വാക്‌സീൻ എടുക്കുന്ന പ്രായവുമായി ബന്ധപ്പെട്ട ഇക്കാര്യം നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം വാക്‌സീൻ എടുക്കുന്നതാകും നല്ലത്.
 5. അപൂർവമായിട്ടാണെങ്കിലും വാക്‌സീൻ നിർമാണത്തിലെ എന്തെങ്കിലും പാകപ്പിഴമൂലവും വാക്‌സീൻ പരാജയപ്പെടാം. എന്നാൽ കൃത്യമായ ക്വാളിറ്റി കൺട്രോൾ ചെക്ക് പോയിന്റുകൾ വാക്‌സീൻ നിർമാണത്തിൽ ഉള്ളതിനാൽ ഇതിനുള്ള സധ്യത വിരളമാണ്.
 6. വാക്‌സീൻ പരാജയപ്പെടാനുള്ള  മറ്റൊരു സുപ്രധാന കാരണമാണ് വാക്‌സീൻ എടുക്കുന്നതിന് മുൻപുതന്നെ രോഗകാരിയായ വൈറസ്/ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചിരിക്കാം എന്നത്. ഇത്തരം മൃഗങ്ങളെ നേരത്തേ തിരിച്ചറിയുക പ്രയാസം ആയതിനാൽ അത്തരക്കാരിൽ വാക്‌സീൻ എടുത്താൽ രോഗലക്ഷണങ്ങൾ കൂടാനും സാധ്യതയുണ്ട്.
 7. വാക്‌സീൻ ക്രമം അഥവാ ഷെഡ്യൂൾ കൃത്യമായി പാലിച്ചില്ലെങ്കിലും വാക്‌സിനേഷൻ ഗുണം ചെയ്യാതെ വന്നേക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ഡോക്ടറുടെ നിർദേശ പ്രകാരം വാക്‌സിനേഷൻ ഷെഡ്യൂൾ കൃത്യമായി പാലിക്കുക.
 8. വാക്‌സീൻ പൂർണ ഫലം ചെയ്യാൻ വാക്‌സീൻ എടുക്കുന്ന അരുമയ്ക്ക്‌ മികച്ച പ്രതിരോധ ശേഷി ഉണ്ടാകേണ്ടതുണ്ട്. അതിനായി നല്ല പോഷകഗുണമുള്ള ആഹാരം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
 9. അപൂർവം ചിലപ്പോൾ വൈറസ് അല്ലെങ്കിൽ ബാക്റ്റീരിയകളുടെ ചില  വകഭേദങ്ങളെ ചെറുക്കാൻ നമ്മുടെ വാക്‌സിനുകൾക്ക് കഴിയാതെ പോകാറുണ്ട്. കേരളത്തിൽ വാക്‌സീൻ എടുത്ത നായകളിലും എലിപ്പനി ഇപ്രകാരം കണ്ടു വരാറുണ്ട്. നമ്മുടെ നാട്ടിലുള്ള എലിപ്പനിയുടെ എല്ലാ വക ഭേദങ്ങളും വിദേശത്തു നിന്നും ഇറക്കുമതി ചെയുന്ന വാക്‌സിനുകളിൽ ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം.
 10. ഓർക്കുക ഒരിക്കലും ഒരു വാക്‌സിനും 100% സംരക്ഷണം ഉറപ്പു തരുന്നില്ല എന്നതിനാൽ വാക്‌സീൻ എടുത്തു എന്ന് കരുതി അസുഖം വരില്ല എന്ന അബദ്ധ ധാരണ പാടില്ല. അസുഖം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത അതിപ്രധാനമാണ്.
persian-cat-suresh-3

പുതിയ നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും വാങ്ങുന്നവരോട്

അരുമകളെ കടയിൽനിന്ന് വാങ്ങുന്നതിനേക്കാൾ ബ്രീഡർമാരുടെ പക്കൽനിന്ന് വാങ്ങുന്നതാകും എപ്പോഴും നല്ലത്. നമ്മൾ വാങ്ങുന്ന അരുമയ്ക്ക് വാക്‌സീൻ എടുത്തു എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. എല്ലായ്പ്പോഴും വാക്‌സീൻ ലേബൽ പതിച്ച, അത്‌ ഒരു വെറ്ററിനറി ഡോക്ടർ ഒപ്പിട്ട് സീൽ പതിച്ച കാർഡുള്ളവയെ മാത്രം വാക്‌സീൻ ചെയ്തവയായി പരിഗണിക്കുക. വാക്‌സീൻ ലേബൽ ഓരോ ഡോസിനും പ്രത്യേകം പ്രത്യേകം ആകയാൽ നിങ്ങളെ കബളിപ്പിക്കാൻ കഴിയില്ല. ധാരാളം വ്യാജന്മാർ ഈ മേഖലയിൽ ചൂഷണം ചെയ്യുന്നുണ്ട്. വാക്‌സീൻ എടുത്തു എന്ന് പറയുമ്പോളും സീൽ ചെയ്ത കാർഡ് നൽകാൻ നിങ്ങളുടെ ബ്രീഡർ/കടയുടമ മടി കാണിക്കുന്നുവെങ്കിൽ ഉറപ്പിക്കുക; നിങ്ങളുടെ ഓമനയുടെ വാക്‌സിനേഷൻ വ്യാജമാണ്. അതോടൊപ്പം കുറഞ്ഞ വിലയ്ക്ക് വാക്‌സീൻ വീട്ടിലെത്തിച്ചു തരാമെന്നു പറഞ്ഞു നടക്കുന്ന വിരുതന്മാരും നാട്ടിലുണ്ട്. ഗുണമേന്മ നഷ്ടപ്പെട്ടാൽ വാക്‌സീൻ വെറും പച്ചവെള്ളം മാത്രമാകും എന്നതോർക്കുക. ഗുണമേന്മ നഷ്ടപ്പെട്ട അത്തരം വാക്‌സീൻ തിരിച്ചറിയാൻ കഴിയുകയുമില്ല എന്നതാണ് സങ്കടകരം.

നിങ്ങളുടെ അരുമയുടെ സന്തോഷം നിങ്ങളുടെ കൂടെ സന്തോഷം ആകയാൽ അവരുടെ ആരോഗ്യകാര്യത്തിൽ വീഴ്ച വരാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ് എന്ന് കൂടി ഓർമിപ്പിക്കട്ടെ.

English summary: Importance of Vaccinating Your Pets 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA