സൂക്ഷിക്കുക, താങ്കള്‍ പരിധിക്കുള്ളിലാണ്; പറയുന്നത് മൃഗങ്ങളുടെ അധികാര പരിധിയെക്കുറിച്ചാണ്

HIGHLIGHTS
  • മൃഗങ്ങള്‍ക്കെന്ത് അധികാരപരിധി? ഇത് നമ്മളെ എങ്ങനെ ബാധിക്കും?
  • അവര്‍ പെരുമാറുന്ന പ്രദേശമാണ് അവരുടെ അധികാര പരിധി
dog-barking
SHARE

വളര്‍ത്തുമൃഗങ്ങളുടെ അധികാരപരിധിയില്‍ മറ്റൊരു ജീവി സ്ഥാനം പടിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും

പറയാന്‍ പോകുന്നത് മൃഗങ്ങളുടെ അധികാര പരിധിയെക്കുറിച്ചാണ്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ അധികാരപരിധിയെക്കുറിച്ചു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, മൃഗങ്ങള്‍ക്കെന്ത് അധികാരപരിധി? ഇത് നമ്മളെ എങ്ങനെ ബാധിക്കും? 

നിയമപരമായ അധികാരപരിധി ഒരു പൗരനു സംരക്ഷണം നല്‍കുമ്പോള്‍ ഇവിടെ പരാമര്‍ശിക്കുന്ന അധികാരപരിധി  സുരക്ഷിതബോധം നല്‍കുന്ന പ്രത്യേക മേഖലയാണ്. എല്ലാ ജീവികള്‍ക്കും ഇതുണ്ടെങ്കിലും ചില മൃഗങ്ങള്‍ തങ്ങളുടെ അധികാരപരിധി സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ജാഗരൂകരാണ്.

നമ്മുടെ വീട്ടില്‍ ഒരു നായ അല്ലെങ്കില്‍ പൂച്ച ഉണ്ടെന്നിരിക്കട്ടെ. വീട്ടിലുള്ളവരുടെ ഗന്ധം, വീടിന്റെ ഇതര ക്രമീകരണങ്ങള്‍, വീട്ടിലെ പതിവുകള്‍, ഭക്ഷണരീതികള്‍, സാധാരണ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഒക്കെ ഈ ജീവികള്‍ക്ക് പരിചിതമാണ്. വീട്ടിനുള്ളിലോ പുറത്തോ ഇവര്‍ക്കായി ഒരുക്കിയിരിക്കുന്ന പാര്‍പ്പി ടത്തില്‍ ഇവര്‍ക്കു സുരക്ഷിതത്വം അനുഭവപ്പെടുന്നു, അല്ലെങ്കില്‍ അതുമായി അവര്‍ പൊരുത്തപ്പെടുന്നു. അങ്ങനെ അവര്‍ പെരുമാറുന്ന പ്രദേശമാണ് അവരുടെ അധികാര പരിധി. ഈ പ്രദേശത്തു പുതുതായി ഒരു ജീവി എത്തുമ്പോള്‍ മാത്രമാണ് ഇതൊരു പ്രശ്‌നമായി മാറുന്നത്. 

ഉദാഹരണത്തിന്, ഒരു നായയുള്ള വീട്ടിലേക്ക് മറ്റൊരു നായ്ക്കുട്ടിയോ പൂച്ചയോ, പക്ഷിയോ കൊച്ചുകുട്ടികളോ കുറച്ചു ദിവസത്തേക്കോ സ്ഥിരമായോ താമസിക്കാന്‍ എത്തുന്ന സാഹചര്യം. നായയ്ക്കു തന്റെ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നു. വീട്ടുകാരില്‍നിന്ന് ഇതുവരെ തനിക്കു ലഭിച്ച പരിഗണന ഇനിയുണ്ടാവില്ല എന്നൊരു തോന്നല്‍ അതിനുണ്ടാകുന്നു. ഇതുമൂലം പുതുതായെത്തിയ അതിഥിയെ സംശയത്തോടെ കാണാന്‍ തുടങ്ങുന്നു. അതിനോട് ശത്രുതാഭാവം ഉണ്ടാകാനുമിടയുണ്ട്. പുതിയ ആളിനെ പഴയ കക്ഷിയുടെ മുന്‍പില്‍വച്ചു താലോലിക്കുകയോ മറ്റോ ചെയ്താല്‍ കാര്യം കൂടുതല്‍ കുഴപ്പത്തിലാകുന്നു. നായയെ കൂട്ടില്‍ അടച്ചിട്ടിരിക്കുകയാണെങ്കില്‍ അധികം പ്രതികരിച്ചെന്നു വരില്ല. പക്ഷേ, തുറന്നുവിട്ടാല്‍ നേരെ പോകുന്നത് പുതിയ ആളിനെ അന്വേഷിച്ചായിരിക്കും. പിന്നീട് സംഭവിക്കുന്നത് ആലോചിക്കാവുന്നതേയുള്ളൂ. എല്ലാവരും ഇങ്ങനെ ഹിംസാത്മകമായി പ്രതികരിക്കണമെന്നില്ല. ചിലരുടെ പ്രതികരണം  മറ്റൊരു രീതിയിലായിരിക്കും. ഭക്ഷണമൊഴിവാക്കുക, ഉറക്കം നഷ്ടപ്പെടുക എന്നിങ്ങനെ. അപരിചിതരെ കാണുമ്പോള്‍ നായ്ക്കള്‍ കുരയ്ക്കുന്നതും അധികാരപരിധി സംരക്ഷണത്തിന്റെ ഭാഗമായാണ്. 

സ്വാഭാവിക ചുറ്റുപാടുകളില്‍ വളരുമ്പോള്‍ ചില മൃഗങ്ങള്‍ കൂടുതല്‍ അധികാര മനോഭാവം കാണിക്കുകയും മറ്റു ചില മൃഗങ്ങള്‍ ഒതുങ്ങി നില്‍ക്കുകയും ചെയ്യും. എന്നാല്‍ വീടുകളില്‍ വളര്‍ത്തപ്പെടുമ്പോള്‍ ലഭ്യമായ സൗകര്യങ്ങളില്‍ ഒതുങ്ങേണ്ടി വരുന്നത് മൃഗങ്ങളെ കൂടുതല്‍ സ്വാര്‍ഥരാക്കുകയും തങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നവയെ ഒഴിവാക്കാനുള്ള മനസ്ഥിതിയിലേക്ക് എത്തിക്കുകയും ചെയ്യും. അതിനാല്‍ പുതുതായി മൃഗങ്ങളെ കൊണ്ടുവന്നാല്‍ വീട്ടില്‍ അതിനു മുന്‍പേയുള്ള മൃഗങ്ങള്‍ക്ക് തങ്ങളെ വീട്ടുകാര്‍ അവഗണിക്കുന്നു എന്ന തോന്നല്‍ ഉണ്ടാവാതെ നോക്കുക. പുതിയവയെ പഴയ ആളിന്റെ മുന്‍പില്‍ വച്ചു ലാളിക്കുന്നതു നിര്‍ബന്ധമായും ഒഴിവാക്കുക. ഉടമയുടെ കരുതലും ക്ഷമയോടെയുള്ള ഇടപെടലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു സഹായകമാണ്.

English summary: Possessive and Territorial Aggression in Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA