ADVERTISEMENT

വളര്‍ന്നു വലുതാകുമ്പോള്‍ പ്രായത്തിനനുസരിച്ച് കന്നുകുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധ വാക്‌സിനുകള്‍ പലതുണ്ട്. എന്നാല്‍ പിറന്നുവീണയുടന്‍ പശുക്കിടാക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധഘടകങ്ങളാല്‍ സമ്പുഷ്ടമായ ഒരു പ്രകൃതിദത്ത വാക്‌സിനുണ്ട്, അതാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം. കന്നുകുട്ടികളുടെ ശരീരത്തിന് സ്വയം പ്രതിരോധശേഷി കൈവരുന്നതുവരെ സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ എല്ലാം അടങ്ങിയ റെഡിമെയ്ഡ് ഇമ്മ്യൂണിറ്റി പായ്ക്കാണ് കന്നിപ്പാല്‍ എന്നുതന്നെ പറയാം. കന്നുകുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ അതിപ്രധാന പങ്കുവഹിക്കുന്നതുകൊണ്ട് കന്നിപ്പാലിനെ ജീവിതത്തിലേക്കുള്ള പാസ്‌പോര്‍ട്ട് (Passport to life )  എന്ന് വിശേഷിപ്പിച്ചത് ദേശീയ ക്ഷീരവികസന ബോര്‍ഡാണ്.

കന്നിപ്പാല്‍ ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ 

പശുക്കള്‍ ഉള്‍പ്പെടെയുള്ള അയവെട്ടുന്ന മൃഗങ്ങളെ സംബന്ധിച്ചടത്തോളം ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഗര്‍ഭാശയസ്തരമായ പ്ലാസന്റ വഴി പ്രതിരോധ ഘടകങ്ങളായ ഇമ്മ്യൂണോഗ്ലോബുലിന്‍ പ്രോട്ടീനുകള്‍ ഒന്നും തന്നെ കൈമാറ്റം ചെയ്യപ്പെടില്ല. എന്നാല്‍ കന്നിപ്പാല്‍ കുടിക്കുന്നതുവഴി ഈ കുറവ് നികത്തപ്പെടുന്നു. അമ്മപ്പശു വിവിധ പ്രതിരോധകുത്തിവയ്പ്പുകള്‍ വഴി ആര്‍ജിച്ചതും,  ജീവിതകാലത്ത് നേരിട്ട രോഗങ്ങള്‍, രോഗാണുക്കള്‍ എന്നിവക്കെതിരെയെല്ലാം ശരീരം ഉല്‍പ്പാദിപ്പിച്ചതുമായ ഗാമഗ്ലോബുലിന്‍ അടക്കമുള്ള പ്രതിരോധ പ്രോട്ടീനുകള്‍ അവയുടെ ശരീരത്തില്‍ സംഭരിച്ചിരിക്കും. ഇതെല്ലാം കന്നിപ്പാല്‍ വഴി കിടാവിന് ലഭിക്കുകയും അതുവഴി അവയും രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യും. പ്രത്യേക ശരീരപ്രവര്‍ത്തനമോ അധ്വാനമോ ഒന്നും കൂടാതെ തന്നെ കന്നുകുട്ടികള്‍ക്ക് ലഭ്യമാവുന്ന പ്രതിരോധശേഷിയായതിനാല്‍ ഇതിനെ നിഷ്‌ക്രിയ പ്രതിരോധ ശേഷി അഥവാ പാസ്സീവ് ഇമ്മ്യൂണിറ്റി എന്നാണ് വിളിക്കുന്നത്. കന്നിപ്പാല്‍ വഴി ലഭിക്കുന്ന പ്രതിരോധ പ്രോട്ടീനുകള്‍ പശുക്കിടാവിന്റെ ശരീരത്തില്‍ സ്വന്തം പ്രതിരോധസംവിധാനം രൂപപ്പെടുന്നത് വരെ കിടാവിന് സംരക്ഷണ കവചം തീര്‍ക്കും. വയറിളക്കരോഗങ്ങള്‍, പൊക്കിള്‍ പഴുപ്പ്, സന്ധിവാതം തുടങ്ങി കിടാക്കളെ സാധാരണ ബാധിക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ കന്നിപ്പാലിനോളം മികച്ച ഒരു സുരക്ഷാമാര്‍ഗ്ഗമില്ല.

ഇമ്മ്യൂണിറ്റി മാത്രമല്ല പോഷകസമൃദ്ധിയും 

പ്രതിരോധ പ്രോട്ടീനുകള്‍ കൂടാതെ വിറ്റമിന്‍ എ, ബി അടക്കമുള്ള വിവിധ വിറ്റമിനുകള്‍, അയേണ്‍, ഫോസ്ഫറസ്, കാത്സ്യം, കോപ്പര്‍, മഗ്‌നീഷ്യം, മാംഗനീസ് തുടങ്ങിയ മൂലകങ്ങള്‍, ഊര്‍ജം, വിവിധ മാംസ്യങ്ങള്‍ എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസാണ് കന്നിപ്പാല്‍. സാധാരണ പാലിലുള്ളതിനേക്കാള്‍ ഏഴിരട്ടി അധികം മാംസ്യവും രണ്ടിരട്ടി അധികം ഖരപദാര്‍ഥങ്ങളും കന്നിപ്പാലില്‍ അടങ്ങിയിട്ടുണ്ട്. 

ഉദാഹരണമായി കന്നിപ്പാലില്‍ വൈറ്റമിന്‍ എയുടെ അളവ് പാലില്‍ ഉള്ളതിനേക്കാള്‍ 15 ഇരട്ടി അധികമാണ്. കന്നിപ്പാല്‍ പോഷകങ്ങളോടൊപ്പം വിരേചനക്ഷമതയും പ്രധാനം ചെയ്യുന്നു. ജനിച്ചു ശേഷം പന്ത്രണ്ടു മുതല്‍ ഇരുപത്തിനാലു മണിക്കൂര്‍ വരെ ഈ ഘടകങ്ങള്‍ അതേപടി നേരിട്ട് ആഗിരണം ചെയ്യാനുള്ള കഴിവ് കന്നുകുട്ടികളുടെ ദഹനവ്യൂഹത്തിനുണ്ട്. ആദ്യ ഒന്നുരണ്ടു മണിക്കൂറുകളില്‍ ആഗിരണശേഷി ഏറ്റവും ഉയര്‍ന്ന തോതില്‍ ആയിരിക്കും. എന്നാല്‍ സമയം ഏറും തോറും ദഹനവ്യൂഹത്തില്‍ വിവിധ രാസാഗ്‌നികള്‍ പ്രവര്‍ത്തിക്കുന്നത് മൂലം പ്രസ്തുത ഘടകങ്ങള്‍  വിഘടിക്കുന്നതിനും നേരിട്ടുള്ള ആഗിരണം തടസപ്പെടുന്നതിനും കാരണമാവും. ആയതിനാല്‍  കന്നുകുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ അളവിലും കൃത്യമായ സമയത്തും കന്നിപ്പാല്‍ ഉറപ്പുവരുത്തണ്ടത് പ്രധാനമാണ്.

കന്നിപ്പാല്‍ നല്‍കേണ്ടതെങ്ങനെ?

ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10% എന്ന അളവില്‍ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്നു ലീറ്റര്‍ കന്നിപ്പാല്‍ ആദ്യ ഒന്ന് - രണ്ട്  മണിക്കൂറിനുള്ളില്‍ നല്‍കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യ ഗഡു (ശരീര തൂക്കത്തിന്റെ 5% ) പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കണം. അമ്മപശുവില്‍നിന്ന് കന്നിപ്പാല്‍ കുടിക്കാന്‍ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കില്‍ ആവശ്യമായ കന്നിപ്പാല്‍ കറന്നെടുത്ത് ഒരു മില്‍ക്ക് ഫീഡിംഗ് ബോട്ടിലില്‍ നിറച്ച് കിടാക്കള്‍ക്ക് നല്‍കാം. 

കിടാവ് കന്നിപ്പാല്‍ നുണയുന്നതിന് മുന്‍പായി പശുവിന്റെ അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനില്‍ക്കുന്ന പാലില്‍ നിന്ന് അല്‍പം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടര്‍ന്ന്  10 - 12 മണിക്കൂറുകള്‍ക്ക് ശേഷം ശരീരഭാരത്തിന്റെ 8 - 10 ശതമാനം എന്ന അളവില്‍ ഒരു തവണ കൂടി കന്നിപ്പാല്‍ കിടാക്കള്‍ക്ക് നല്‍കണം. ഇത്രയും അധികം അളവില്‍ കന്നിപ്പാല്‍ കിടാക്കള്‍ക്ക് നല്‍കിയാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാവുമെന്ന് ചില കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ കന്നിപ്പാല്‍ കിടാവിന്റെ ഒറ്റ അറ മാത്രം വികസിച്ച ആമാശയത്തില്‍ യാതൊരു രാസപ്രവര്‍ത്തനങ്ങള്‍ക്കും വിധേയമാവാതെ ജനിച്ചശേഷമുള്ള ആദ്യ 12-24 മണിക്കൂര്‍ കാലയളവില്‍  നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഈ ആശങ്ക അസ്ഥാനത്താണ്. തുടര്‍ന്നുള്ള 4 - 5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10% എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം.

English summary: Care of New Born Calf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com