അഴിച്ചുവിട്ടു വളർത്തുന്ന കോഴികളുടെ തൊണ്ടയിൽ നിറയെ വിര; എന്തു ചെയ്യണം?

HIGHLIGHTS
  • വിരബാധിച്ച പക്ഷികളുടെ കാഷ്ഠത്തിലൂടെ വിരയുടെ മുട്ടകൾ പുറത്തുവരും
  • വെളുത്തുള്ളി ചതച്ച് നീര് നൽകുന്നത് തൊണ്ടവിരകളെ നശിപ്പിക്കാനുള്ള ഒരു നാടൻ വിദ്യ
poultry-1
SHARE

അടുക്കളമുറ്റത്ത് ചിക്കിയും ചികഞ്ഞും തീറ്റതേടുന്ന കോഴികൾ ചിലപ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ലക്ഷണങ്ങൾ കാണിക്കുന്നതും കൊക്ക് തുറന്ന് പിടിച്ച് ആയാസപ്പെട്ട് ശ്വസിക്കുന്നതും അസ്വസ്ഥതകൾ കാണിക്കുന്നതും ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കാം. ഈ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിന് ശേഷം കോഴികൾ ചത്തുപോയ അനുഭവമായിരിക്കും ചിലർക്ക് പങ്കുവയ്ക്കാനുണ്ടാക്കുക. നമ്മുടെ നാട്ടിൽ അടുക്കളമുറ്റങ്ങളിൽ അഴിച്ചുവിട്ട് വളർത്തുന്ന കോഴികളിൽ വ്യാപകമായി കാണുന്ന ഒരിനം ഉരുണ്ടവിരബാധയുടെ ലക്ഷണങ്ങളാണ് മേൽപ്പറഞ്ഞവയെല്ലാം. സിങ്കമസ് ട്രക്കിയെ (SYNGAMUS TRACHEA) എന്നറിയപ്പെടുന്ന ഈ വിരകൾ കോഴികളുടെ തൊണ്ടക്കുഴിയിൽ വാസമുറപ്പിച്ചാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുക. തൊണ്ടക്കുഴിയിൽ നിന്നും ക്രമേണ ശ്വാസനാളികളിലേക്ക് കടന്നുകയറാനുള്ള ശേഷിയും സിങ്കമസ് വിരകൾക്കുണ്ട്.  തൊണ്ടവിര ബാധിച്ച കോഴികൾ വാ പിളർന്ന് അസ്വസ്ഥകൾ കാണിക്കുന്നതിനാൽ ഗേപ്പ് വേം എന്ന പേരും ഈ വിരകൾക്കുണ്ട്. കോഴികളെ മാത്രമല്ല, പുരയിടത്തിൽ അഴിച്ച് വിട്ട് വളർത്തുന്ന താറാവുകളിലും ടർക്കിക്കോഴികളിലും ഗിനിക്കോഴികളിലുമെല്ലാം ഈ വിരകളുടെ ശല്യം കാണാറുണ്ട്. 

വിരകൾ പക്ഷികളിൽ എത്തുന്ന വഴിയും രോഗലക്ഷണങ്ങളും

വിരബാധിച്ച പക്ഷികളുടെ കാഷ്ഠത്തിലൂടെ വിരയുടെ മുട്ടകൾ പുറത്തുവരും. വിരമുട്ടയ്ക്കുള്ളിൽ വികസിക്കുന്ന ലാർവകൾ ക്രമേണ മണ്ണിര, ഒച്ച്, പാറ്റ തുടങ്ങിയ ജീവികളുടെ ശരീരത്തിൽ കടന്നുകയറുകയും വാസമുറപ്പിക്കുകയും ചെയ്യും. മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞുള്ള ഇരതേടലിനിടെ വിരലാർവകളുടെ മധ്യവാഹകരായ മണ്ണിരകളെയും ഒച്ചുകളെയുമെല്ലാം തീറ്റയാക്കുന്നത് വഴിയാണ് കോഴികളിലേക്കും മറ്റു പക്ഷികളിലേക്കും വിരകൾ എത്തുന്നത്. കുറഞ്ഞ എണ്ണം വിരകൾ മാത്രമാണുള്ളതെങ്കിൽ പക്ഷികൾ പ്രത്യേകം ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല. എന്നാൽ, ശ്വസനനാളിയിൽ വിരകളുടെ എണ്ണം കൂടും തോറും ലക്ഷണങ്ങൾ ഒന്നൊന്നായി കണ്ടുതുടങ്ങും.

തൊണ്ടയിലെ തടസം, ആയാസപ്പെട്ടുള്ള ശ്വസനം തുടങ്ങിയ മുൻപ് പറഞ്ഞ ലക്ഷണങ്ങൾക്കൊപ്പം പക്ഷികൾ ഇടക്കിടെ ഉച്ചത്തിൽ കോ- കോ ശബ്ദത്തിൽ കുരയ്ക്കുന്നതായും തല ശക്തമായി കുടയുന്നതായും കാണാം. ശ്വാസമെടുക്കുമ്പോൾ പ്രത്യേക മുരളൽ ശബ്ദം കേൾക്കാം. ഈ ലക്ഷണം കൂടുതലായും കാണുക വൈകിട്ടും രാത്രിയുമാണ്. ക്രമേണ കോഴികൾ തീറ്റയും വെള്ളവുമെടുക്കാൻ മടിക്കുകയും തൂക്കം കുറയുകയും വിളർച്ചയും ശ്വസന തടസവും രൂക്ഷമായി ചത്തുപോവുകയും ചെയ്യും. വലിയ പക്ഷികളെ അപേക്ഷിച്ച് ചെറിയ പക്ഷികളിലാണ് തൊണ്ടവിരബാധ മൂലമുള്ള മരണനിരക്ക് കൂടുതൽ. ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷികളുടെ കൊക്ക് തുറന്ന് നോക്കിയാൽ തൊണ്ടയിൽ വിരയെ ചുവന്ന നിറത്തിൽ കാണാം. കോഴികളുടെ കാഷ്ഠം, തൊണ്ടയിൽ നിന്നുള്ള സ്രവം എന്നിവ പരിശോധിക്കുന്നതിലൂടെയും ചത്ത കോഴികളുടെ ജഡ പരിശോധനയിലൂടെയും വിരബാധ എളുപ്പത്തിൽ നിർണയിക്കാം.

തൊണ്ടവിരകളെ എങ്ങനെ പ്രതിരോധിക്കാം

രോഗലക്ഷണങ്ങൾ കണ്ടാൽ ആൽബൻഡസോൾ, ഫെൻബൻഡസോൾ, പൈറാന്റൽ, മെബൻഡസോൾ, ഐവർമെക്ടിൻ തുടങ്ങി ഉരുണ്ടവിരകൾക്കെതിരെ ഫലപ്രദമായ മരുന്നുകൾ കോഴികൾക്ക് നൽകാവുന്നതാണ്. ഉദാഹരണത്തിന് വിപണിയിൽ ലഭ്യമായ ആൽബൻഡസോൾ അടങ്ങിയ എൻഡോബാൻ വെറ്റ് 2.5 % എന്ന മരുന്ന് ഒരു കിലോഗ്രാം ശരീരതൂക്കത്തിന് ഒരു മില്ലി എന്ന അളവിൽ ദിവസം ഒരു തവണ ഒന്നോ രണ്ടോ ദിവസം നൽകാം. ഫലപ്രദമായ മറ്റ് മരുന്നുകളും അവയുടെ ക്രമവും അളവും കൃത്യമായി നിർണയിക്കാൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. വിരമരുന്ന് കൊടുക്കുമ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവയ്ക്ക് മാത്രമല്ല കൂട്ടത്തിലുള്ള എല്ലാ കോഴികൾക്കും ഒരേ സമയം നൽകാൻ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോഴികൾക്ക് വെളുത്തുള്ളി ചതച്ച് നീര് നൽകുന്നത് തൊണ്ടവിരകളെ നശിപ്പിക്കാനുള്ള ഒരു നാടൻ വിദ്യയാണ്.

ഓരോതവണ വിരയിളക്കുമ്പോഴും പ്രസ്തുത സമയത്ത്  തൊണ്ടയിലും ശ്വാസനാളിയിലുമുള്ള വിരകൾ എല്ലാം നശിക്കുമെങ്കിലും പിന്നീട് ഉണ്ടാവുന്ന വിരകളെ കൂടി തടയുന്ന രീതിയിൽ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി നൽകാൻ വിരമരുന്നുകൾക്ക് കഴിയില്ല. അതിനാൽ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളിൽ രോഗം പ്രതിരോധിക്കുന്നതിനായി രണ്ട് മാസത്തിൽ ഒരിക്കൽ ശരീരതൂക്കമനുസരിച്ച് മേൽ പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും ഓരോ കോഴികളെയും പിടിച്ച് നേരിട്ടോ നേരിട്ടോ കുടിവെള്ളത്തിൽ കലക്കിയോ നൽകാം. കൂടുതൽ കോഴികൾ ഉണ്ടെങ്കിൽ ഏകദേശ തൂക്കം ആകെ കണക്കാക്കി അതിനനുസരിച്ചുള്ള അനുപാതത്തിൽ മരുന്ന് കുടിവെള്ളത്തിൽ ചേർത്ത് നൽകാം. കോഴികൾക്ക് വിരമരുന്ന് നൽകാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. വിരമരുന്ന് നൽകുന്നതിന് മുൻപായി വേനൽ കാലമാണെങ്കിൽ ഒരു മണിക്കൂറും മറ്റ് സമയങ്ങളിൽ രണ്ട് മണിക്കൂറും കുട്ടിൽ നിന്നും കുടിവെള്ളം മാറ്റിവയ്ക്കണം. ഇത് കോഴികളുടെ ദാഹം വർധിപ്പിക്കുന്നതിനും ആവശ്യമായ അളവിൽ മരുന്ന് എല്ലാ പക്ഷികളും ഒരേ സമയം മരുന്ന് കുടിച്ചുതീർക്കുന്നതിനും സഹായിക്കും. രണ്ട് മണിക്കൂറിനുള്ളില്‍ കോഴികള്‍ കുടിച്ച് തീര്‍ക്കുന്ന അളവ് മാത്രം വെള്ളമെടുത്ത് അതിൽ വേണം വിരമരുന്ന് കലക്കി കൂട്ടില്‍ ഒരുക്കേണ്ടത്. 

English summary: Worm parasites in poultry

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA