ആരെയും മയക്കുന്ന രോമക്കുപ്പായം; നായ്ക്കളുടെ കുപ്പായത്തിന്റെ രഹസ്യങ്ങള്‍ അറിയാം

HIGHLIGHTS
  • കുപ്പായതിനു തിളക്കവും ആരോഗ്യവും ഉറപ്പാക്കാന്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം
  • എത്ര തവണ എന്നതിനെക്കാള്‍ പ്രധാനമാണ് എങ്ങനെ കുളിപ്പിക്കാമെന്നത്
dog-1
ചിത്രം: ഡെന്നി ഡാനിയൽ
SHARE

ഓമനമൃഗങ്ങളെ കാണുമ്പോള്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുക അവയുടെ രോമക്കുപ്പായമാവും. അതിന്റെ തിളക്കം, മൃദുത്വം, നീളം, നിറം ഒക്കെ നമ്മെ ആകര്‍ഷിക്കും. ചില ഇനങ്ങള്‍ രോമക്കുപ്പായത്തിന്റെ സവിശേഷതയുടെ പേരില്‍ അറിയപ്പെടാറുപോലുമുണ്ട്. നന്നായി ചീകിയൊരുക്കിയ രോമമുള്ള ഓമനകളെ കണ്ടാല്‍ ആരാണ് ഒന്ന് നോക്കിപ്പോകാത്തത്? പൂഡില്‍, അഫ്ഗാന്‍ ഹൗണ്ട്, ലാസ അപ്‌സോ തുടങ്ങിയ നായ ഇനങ്ങള്‍ ഉദാഹരണം. 

dog-2
ചിത്രം: ഡെന്നി ഡാനിയൽ

എന്നാല്‍ ഈ കുപ്പായത്തിന്റെ ചില രഹസ്യങ്ങള്‍ അറിയേണ്ടേ? 

ശരീരോഷ്മാവ് നിയന്ത്രിക്കലാണ് രോമാവരണത്തിന്റെ പ്രധാന കടമ. രണ്ടു തരം രോമകവചങ്ങളാണ് നായ്ക്കളില്‍ കാണുന്നത്. പുറമെയുള്ള കട്ടി കൂടിയ രോമങ്ങള്‍ ശരീരത്തില്‍ വെള്ളം, അഴുക്ക് എന്നിവ പുരളാതെ നോക്കുമ്പോള്‍ ഉള്ളിലുള്ള നീളം കുറഞ്ഞ രോമങ്ങള്‍ ശരീരത്തെ ചൂടു നിയന്ത്രിക്കാന്‍ സ ഹായിക്കുന്നു. അത്യുഷ്ണത്തില്‍നിന്നും അതിശൈത്യത്തില്‍നിന്നും ശരീരത്തെ സംരക്ഷിക്കുന്നത് ഇടതിങ്ങി വളരുന്ന ഈ രോമങ്ങളാണ്. ഇരുപാളി രോമക്കുപ്പായക്കാരുടെ ഉള്ളിലെ ചെറുരോമങ്ങള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പൊഴിഞ്ഞു പോകുന്നു. ഈ രണ്ടു തരം രോമങ്ങളും എല്ലാ നായ്ക്കളിലും കാണണമെന്നില്ല. രണ്ടു തരം രോമകവചങ്ങളും ഉള്ളവരാണ് ഇരട്ടക്കുപ്പായക്കാര്‍.  രോമക്കുപ്പായത്തിനു തവിട്ട്, വെള്ള, കറുപ്പ് നിറങ്ങളാണ് സാധാരണയുള്ളതെങ്കിലും ചുവപ്പ്, ഗോള്‍ഡന്‍, ഫോണ്‍, ചാര നിറങ്ങളിലും നിറക്കൂട്ടിലുമുള്ള കുപ്പായങ്ങളുള്ളവരുണ്ട്.  

നമ്മുടെ നാട്ടില്‍ പരിപാലിക്കപ്പെടുന്ന ഇനങ്ങളില്‍ രോമക്കുപ്പായക്കാര്‍ ആരൊക്കെ എന്നു നോക്കാം.

സെന്റ് ബെര്‍ണാഡ്, ജര്‍മന്‍ ഷെപ്പേഡ് (അല്‍സേഷ്യന്‍), ബെല്‍ജിയന്‍ ഷെപ്പേഡ്, ബോര്‍ഡര്‍ കോളി, ബെല്‍ജിയന്‍ മലിന്വ, ലാബ്രഡോര്‍ റിട്രീവര്‍, ഗോള്‍ഡന്‍ റിട്രീവര്‍, ബീഗിള്‍, കാനെ കോര്‍സോ, പോമറേനിയന്‍, സ്പിറ്റ്‌സ് ഇനത്തില്‍ ഉള്‍പ്പെടുന്ന സൈബീരിയന്‍ ഹസ്‌കി, അകിറ്റ തുടങ്ങിയവരാണ് പ്രമുഖര്‍. 

dog-4
ബ്രഷ് ഉപയോഗിച്ചു രോമം ചീകുന്നു. ഫോട്ടോ: സാജൻ സജി സിറിയക്

ഒറ്റ നിര രോമാവരണമുള്ള നായ്ക്കള്‍ക്ക് ചില മേന്മകള്‍ കൂടിയുണ്ട്. ഇരുപാളി രോമക്കുപ്പായക്കാരുടെ ചെറുരോമങ്ങള്‍ ഇടയ്ക്കിടയ്ക്ക് പൊഴിയും. ഈ  ബുദ്ധിമുട്ട് ഒറ്റക്കോട്ടുകാര്‍ക്കില്ല.  ഇവരുടെ രോമം ദിവസവും കുറേശ്ശെ പൊഴിഞ്ഞുകൊണ്ടിരിക്കും. ഇവരില്‍ നീളം കുറഞ്ഞ രോമമുള്ളവയെ ബ്രഷ് ഉപയോഗിച്ചു ചീകാന്‍ എളുപ്പമാണ്. എന്നാല്‍ തണുപ്പുള്ള കാലാവസ്ഥ ഇവര്‍ക്ക് ഇത്തിരി കഠിനമാണ്. നീളം കൂടിയ രോമമുള്ളവരുടെ രോമക്കുപ്പായത്തില്‍, വേര്‍പെട്ട രോമങ്ങള്‍ പൊഴിയാതെ പറ്റിയിരുന്നു ജടപിടിക്കാനിടയുണ്ട്. ഡോബര്‍മാന്‍, ഡാഷ് ഹണ്ട്, പൂഡില്‍, ബോക്‌സര്‍, ഡാല്‍മേഷ്യന്‍, പിറ്റ്ബുള്‍, സാലു ക്കി, ഷിവാവ തുടങ്ങിയ ഇനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും. വീടിനുള്ളില്‍ പരിപാലിക്കുമ്പോള്‍ രോമം കൊഴിച്ചില്‍ ഗൗരവമേറിയ പ്രശ്‌നമാണ്. വിശേഷിച്ച് രോമവും പൊടിയുമൊക്കെ അലര്‍ജി ഉള്ളവര്‍ വീട്ടിലുണ്ടെങ്കില്‍. അലര്‍ജി ഉണ്ടാക്കാത്ത രോമക്കുപ്പായമുള്ള നായ്ക്കളാണ് ഈ വീടുകളില്‍ യോജ്യം. 

രോമ / ചര്‍മസംരക്ഷണം

രോമക്കുപ്പായത്തിന്റെ സംരക്ഷണം ഏറെ പ്രധാനം. കുപ്പായതിനു തിളക്കവും ആരോഗ്യവും ഉറപ്പാക്കാന്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഒമേഗ 3, 6 ഫാറ്റി ആസിഡ് ഉള്‍പ്പെടുത്തുക, രോമം പതിവായി ചീകിക്കൊടുക്കുക, കൃത്യമായ ഇടവേളകളില്‍ കുളിപ്പിക്കുക.

നമ്മുടെ നാട്ടില്‍ ലഭിക്കുന്ന മത്തി, അയല എന്നിവയില്‍ ധാരാളം ഒമേഗ ആസിഡ് അടങ്ങിയിട്ടുണ്ട്. മുട്ടയി ലും ഒമേഗ ആസിഡ് അടങ്ങിയിട്ടുണ്ടെങ്കിലും കോഴികള്‍ കഴിക്കുന്ന തീറ്റയ്ക്കനുസരിച്ച് ഇതിന്റെ ലഭ്യത വ്യത്യാസപ്പെടും. 

dog-3
ഫോട്ടോ: സാജൻ സജി സിറിയക്

രോമം  ചീകിക്കൊടുക്കല്‍ ചര്‍മം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. പതിവായി രോമക്കുപ്പായം ചീകിക്കൊടുക്കുന്നത് ആരോഗ്യസംരക്ഷണത്തോടൊപ്പം രോഗാവസ്ഥകള്‍ നേരത്തേ കണ്ടെത്തുന്നതിനും സഹായിക്കും. അമിതമായി രോമങ്ങള്‍ കൊഴിഞ്ഞു വീണ് വീടിന്റെ ഉള്‍വശം വൃത്തികേടാകുന്നതും ബാഹ്യ പരാദങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുമൊക്കെ ചീകുന്നതിലൂടെ ഒഴിവാക്കാം. ചര്‍മത്തിലെ ഗ്രന്ഥികള്‍ ഉല്‍പാ ദിപ്പിക്കുന്ന എണ്ണമയമുള്ള സ്രവം ചര്‍മത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ എത്തുന്നതിനും, ഉടമയോടു ള്ള ബന്ധം ശക്തമാക്കുന്നതിനും, ആരോഗ്യമുള്ള രോമകവചം നിലനിര്‍ത്തുന്നതിനും, സൗന്ദര്യം വര്‍ധി പ്പിക്കുന്നതിനും, ഇരട്ട പാളികളുള്ള കുപ്പായത്തിലെ നനുത്ത രോമങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു ശരീരം അമിത മായി ചൂടാകുന്നതു തടയുന്നതിനും സ്ഥിരമായി ചീകുന്നതു നന്ന്. 

ശീലമില്ലാത്ത നായ്ക്കളെ ആദ്യം ചീകുമ്പോള്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുപാളിക്കാരുടെ പുറമെയുള്ള നീളന്‍ രോമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു താഴെയുള്ള ചെറുരോമങ്ങള്‍ ആദ്യം ചീകുന്നത് ചര്‍മ ത്തിനു  മസ്സാജ് ചെയ്യുന്ന ഫലം ഉണ്ടാക്കും. വളരെ മൃദുവായി വേണം ചീകാന്‍. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ചീകുന്നതെങ്കില്‍ ഇളകിയ രോമങ്ങള്‍ ജട പിടിച്ചിരിക്കുന്നത് മൂലം വേദനയുണ്ടാകാം. ഒരു കാരണവശാലും രോമങ്ങള്‍ നനഞ്ഞിരിക്കുമ്പോള്‍ ചീകരുത്. കെട്ടുപിണഞ്ഞ രോമങ്ങള്‍ ഇളക്കുന്നതിനുള്ള സ്‌പ്രേ വിപണിയില്‍ ലഭ്യമാണ്.

രോമക്കുപ്പായത്തിന്റെ സവിശേഷത അനുസരിച്ചാണ് ഇടവേളകള്‍ തീരുമാനിക്കേണ്ടത്. പൂഡിലിനെപ്പോലെ ചുരുണ്ട രോമക്കാരെയും ഷിറ്റ്‌സുവിനെപ്പോലെ നീണ്ട രോമക്കാരെയും എല്ലാ ദിവസവും  ചീകേണ്ടതുണ്ട്.

കുളിപ്പിക്കുമ്പോള്‍ 

ആദ്യമായി നായ്ക്കളെ വളര്‍ത്തുന്ന പലരും ചോദിക്കുന്ന സംശയമാണ്, എത്ര തവണ കുളിപ്പിക്കാമെന്നത്. എത്ര തവണ എന്നതിനെക്കാള്‍ പ്രധാനമാണ് എങ്ങനെ കുളിപ്പിക്കാമെന്നത്. കാരണം രോമക്കുപ്പായത്തിന്റെ സവിശേഷതയും നായയുടെ ആരോഗ്യസ്ഥിതിയുമനുസരിച്ചു വേണം കുളിപ്പിക്കല്‍. ഇളകിയ രോമങ്ങള്‍ ചീകിക്കളഞ്ഞതിനു ശേഷം മാത്രമേ രോമക്കുപ്പായം നനയ്ക്കാന്‍ പാടുള്ളൂ. തണുപ്പു കാലാവസ്ഥയില്‍ ചെറുതായി ചൂടാക്കിയ വെള്ളം വേണം ഉപയോഗിക്കാന്‍. കൂട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴും ഭക്ഷണം കഴിച്ച ഉടനെയും വ്യായാമം കഴിഞ്ഞ ഉടനെയും കുളിപ്പിക്കാന്‍ പാടില്ല. 

ദേഹം ശുദ്ധിയാക്കുന്നതിനൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാവണം കുളിപ്പിക്കലിന്റെ ഉദ്ദേശ്യം. അതിനു സമയവും സാവകാശവുമുണ്ടെങ്കിലേ കുളിപ്പിക്കാന്‍ മുതിരാവൂ. നായ്ക്കള്‍ക്കു കുളിയോട് ഇഷ്ടം തോന്നുന്ന സമീപനം വേണമെന്നു സാരം. സോപ്പ് അല്ലെങ്കില്‍ ഷാമ്പൂ ഉപയോഗിക്കുന്നത് നന്ന്. ഇത് നന്നായി കഴുകിക്കളയുകയും വേണം. പിന്നീട് രോമം നന്നായി തോര്‍ത്തി ഉണക്കണം. നീളന്‍ രോമക്കാര്‍ക്ക് ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുക. കുളിപ്പിച്ചു കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം (treat) പ്രോത്സാഹനം എന്ന നിലയ്ക്കു നല്‍കാം.  

രോമക്കുപ്പായത്തിന്റെ സവിശേഷതയനുസരിച്ചു ശ്രദ്ധ പിടിച്ചുപറ്റുന്ന ഏതാനും കൂട്ടര്‍ കൂടിയുണ്ട്. നീളം കൊണ്ടു വ്യത്യസ്തരായ അഫ്ഗാന്‍ ഹൗണ്ട്, ചുരുണ്ട രോമമുള്ള ബെഡ്‌ലിങ്ടന്‍ ടെരിയര്‍, അഗ്രഭാഗങ്ങളില്‍ നീളന്‍ രോമങ്ങളുള്ള സലുക്കി, രോമം ഒട്ടുമില്ലാത്ത ചൈനീസ് ക്രെസ്റ്റഡ്, അമേരിക്കന്‍ ഹെയര്‍ലെസ് ടെറിയര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍.

English summary: Grooming and Coat Care for Your Dog 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA