ADVERTISEMENT

കാല്‍ മുട്ടുകള്‍ വീങ്ങിവീര്‍ത്ത് ഒടുവില്‍ പഴുത്തു പൊട്ടി അനങ്ങാന്‍ പോലും കഴിയാതെ കിടപ്പിലായ തന്റെ രണ്ടാഴ്ച പ്രായമെത്തിയ പശുക്കിടാവിനെയും കൊണ്ടാണ് ഈയിടെ ഒരു ക്ഷീരകര്‍ഷക ആശുപത്രിയില്‍ എത്തിയത്. ദിവസങ്ങള്‍ നീണ്ട ചികിത്സയിലൂടെയും പരിചരണത്തിലൂടെയും കിടാവിന്റെ സന്ധികളിലെ വ്രണങ്ങള്‍ ഉണങ്ങുകയും ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്തെങ്കിലും സ്വന്തമായി എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും അമ്മപ്പശുവിന്റെ പാല്‍ നുണയാനുമുള്ള ആരോഗ്യം ഇപ്പോഴും ആ പശുക്കിടാവിന് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പാല്‍ കറന്നെടുത്ത് കുടിപ്പിച്ചാല്‍ നുണയുന്നുണ്ടെങ്കിലും എപ്പോഴും തറയില്‍ ഉന്മേഷമില്ലാതെ കിടപ്പുതന്നെ. ഏറെ പ്രയാസമുണ്ടാക്കുന്ന സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ക്ഷീരകര്‍ഷകര്‍ ചിലരെങ്കിലുമുണ്ടാവും. നമ്മുടെ നാട്ടില്‍ പശുക്കിടാക്കളില്‍ കൂടുതലായി കണ്ടുവരുന്ന നാഭിപഴുപ്പ്, തുടര്‍ന്നുള്ള സന്ധിവീക്കം എന്നീ രോഗാവസ്ഥകളുടെ സങ്കീര്‍ണ്ണതകളാണ് മേല്‍പറഞ്ഞ പ്രശ്‌നങ്ങളെല്ലാം.

പൊക്കിള്‍ പഴുപ്പും സന്ധിവീക്കവും ബാധിച്ചാല്‍

പിറന്നുവീണ പശുക്കിടാങ്ങളുടെ ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ക്ക് കടന്നുകയറാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് അവയുടെ പൊക്കിള്‍ക്കൊടി. തുറന്നു കിടക്കുന്ന പൊക്കിള്‍ക്കൊടി വഴി ശരീരത്തിനകത്തേക്ക് കയറുന്ന രോഗകാരികളായ ബാക്റ്റീരിയ അണുക്കള്‍ പൊക്കിള്‍ രോഗം (Navel ill ), പൊക്കിള്‍ പഴുപ്പ് (Navel abscess) തുടര്‍ന്ന് കൈകാലുകളില്‍ സന്ധിവീക്ക രോഗം (Joint ill ), സന്ധികള്‍ പൊട്ടല്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായിത്തീരും. മതിയായ ചികിത്സകള്‍ ആരംഭത്തില്‍ തന്നെ നല്‍കിയില്ലെങ്കില്‍ അണുബാധ രക്തത്തിലേക്കു പടരുകയും രോഗം മൂര്‍ച്ഛിക്കുകയും പശുക്കിടാക്കള്‍ അകാലത്തില്‍ ചത്തുപോവുകയും ചെയ്യും. 

കിടാവിന് പനി, ഉന്മേഷക്കുറവ്, തളര്‍ച്ച, പാല്‍ കുടിക്കാതിരിക്കല്‍, പൊക്കിള്‍ ദുര്‍ഗന്ധത്തോടുകൂടി വീര്‍ത്തു പഴുതിരിക്കല്‍ തുടങ്ങിയവയാണ് ആരംഭലക്ഷണങ്ങള്‍. പൊക്കിള്‍ക്കൊടി പരിപാലനത്തില്‍ വരുന്ന വീഴ്ച മൂലം പൊക്കിള്‍ പഴുപ്പ്  രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ ലഭ്യമാകണം. ഉടനെ ആന്റിബയോട്ടിക് കുത്തിവയ്പ് ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാത്ത പക്ഷം പൊക്കിളില്‍നിന്നും രോഗം കൈ കാല്‍ മുട്ടുകളിലേക്ക് വ്യാപിക്കും. പൊക്കിളിനൊപ്പം കൈകാല്‍ സന്ധികളിലും വീക്കം വന്നുതുടങ്ങും. ഒടുവില്‍ സന്ധികള്‍ പഴുത്തു പൊട്ടും. രോഗാണുക്കള്‍ ശരീരത്തിലെ മറ്റവയവങ്ങളിലേക്ക് വ്യപിക്കുന്നതോടെ രോഗം ഗുരുതരമാവുകയും ഒടുവില്‍ ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. ചിലപ്പോള്‍ ആട്ടിന്‍കുഞ്ഞുങ്ങളിലും ഈ രോഗം കാണാറുണ്ട്.

ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കിടാക്കള്‍ക്ക് വരുന്ന മിക്കവാറും രോഗങ്ങള്‍ മൂന്നോ നാലോ ദിവസത്തെ ചികിത്സയിലൂടെ മാറ്റാന്‍ കഴിയുമെങ്കില്‍ സന്ധിവീക്കത്തിന്റെ കാര്യം വ്യത്യസ്തമാണ്. വീക്കം വന്ന ഭാഗത്ത് അയഡിന്‍ ലേപനം പുരട്ടല്‍, മുട്ടുകള്‍ വീങ്ങി പൊട്ടുമ്പോള്‍ വ്രണങ്ങളിലെ പഴുപ്പ് നീക്കം ചെയ്യല്‍, വ്രണങ്ങളില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് പൗഡറും ഗ്ലിസറിനും നിറച്ച് പഴുപ്പ് പൂര്‍ണ്ണമായും വലിയും വരെ പരിചരിക്കല്‍, പിന്നീട് വ്രണം ഉണക്കത്തിന് പോവിഡോണ്‍ അയഡിന്‍ ഉപയോഗിച്ചുള്ള ചികിത്സ, ആന്റിബയോട്ടിക്  ഉള്‍പ്പെടെ വളരെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സ തന്നെ കിടാവിനെ രക്ഷിക്കാന്‍ വേണ്ടിവരും. ഇതെല്ലാം കര്‍ഷകര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികനഷ്ടത്തിനും സമയനഷ്ടത്തിനുമെല്ലാം ഇടയാക്കുന്നതുമാണ്. രോഗം ബാധിച്ച കിടാവിനെ മറ്റ് കിടാക്കളില്‍നിന്ന് പ്രത്യേകം മാറ്റിയിടാനും മുറിവിലെ പഴുപ്പും മറ്റും തൊഴുത്തില്‍ വീഴാതെയും ശ്രദ്ധിക്കണം. ഈ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട കിടാക്കളില്‍ അതിന്റെ ജീവിതകാലം മുഴുവന്‍  മുട്ടിന് വളവും മുടന്തും വളര്‍ച്ച മുരടിപ്പും സാധാരണയാണ്.

calf-2
1-സന്ധിവാതം ബാധിച്ച പശുക്കിടാവിന്റെ കാല്‍മുട്ട് പഴുത്തുപൊട്ടിയിരിക്കുന്നു. 2-സന്ധിവാതം ബാധിച്ച പശുക്കിടാവിന്റെ കാല്‍മുട്ട്

രോഗം തടയാന്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം

രോഗം തടയുന്നതിനായി ജനിച്ചയുടന്‍ കിടാക്കളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചര്‍ അയഡിന്‍ അല്ലെങ്കില്‍ പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പ്രസവ മുറി വൈക്കോല്‍ വിരിച്ച് ഈര്‍പ്പരഹിതവും ശുചിത്വമുള്ളതാക്കേണ്ടതും പ്രധാനം. കിടാക്കളുടെ ശരീരത്തില്‍ നിന്ന് പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ ടിഞ്ചര്‍ അയഡിന്‍ ലായനിയില്‍ മുക്കിയ ഒരു ചരട്  ഉപയോഗിച്ച് കെട്ടണം. ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിള്‍ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ അയഡിന്‍ ലായനിയില്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. കിടാവ് പിറന്നുവീണയുടന്‍ ചെയ്യുന്ന ശാസ്ത്രീയമായ പൊക്കിള്‍ക്കൊടി പരിപാലനത്തിലൂടെ  മുന്‍കരുതലിലൂടെ പൊക്കിള്‍ക്കൊടി പഴുപ്പിനെയും തുടര്‍ന്നുണ്ടാവുന്ന സന്ധിവീക്കത്തെയും മുടന്ത്, അകാലമരണം തുടങ്ങിയ പ്രശ്‌നങ്ങളെയും പൂര്‍ണ്ണമായും തടയാന്‍ കഴിയും. എന്നാല്‍ പൊക്കിള്‍ക്കൊടി പരിപാലനത്തില്‍ വരുന്ന വീഴ്ചയ്ക്ക് നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും എന്ന കാര്യവും ഓര്‍മിക്കുക .    

കന്നിപ്പാല്‍ ഒരു ദിവ്യഔഷധം

കിടാവിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് കന്നിപ്പാല്‍ (Colostrum). കിടാവിന്റെ ആരോഗ്യ ജീവിതത്തിനായുള്ള പാസ്‌പോര്‍ട്ട് എന്നാണ് കന്നിപ്പാല്‍ അറിയപ്പെടുന്നത് തന്നെ. ഗര്‍ഭാവസ്ഥയില്‍ തള്ളപ്പശുവില്‍ നിന്ന് കിടാക്കളിലേക്ക് യാതൊരു പ്രതിരോധ പ്രോട്ടീനുകളുടെയും കൈമാറ്റം നടക്കില്ല. അയവെട്ടുന്ന മൃഗങ്ങളില്‍ കുഞ്ഞുങ്ങളിലേക്ക് പ്രതിരോധ ഘടകങ്ങളുടെ കൈമാറ്റം നടക്കുന്നത് കന്നിപ്പാലിലൂടെ മാത്രമാണ്. നാഭിപഴുപ്പ്, സന്ധിവീക്കം ഉള്‍പ്പെടെ പശുക്കിടാക്കളെ ബാധിക്കുന്ന രോഗങ്ങളെ തടയാനുള്ള പ്രതിരോധമാണ് കന്നിപ്പാല്‍. 

ജനിച്ച് ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10% എന്ന അളവില്‍ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ലീറ്റര്‍ കന്നിപ്പാല്‍ ആദ്യ 2 - 3 മണിക്കൂറിനുള്ളില്‍ നല്‍കണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘഡു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കണം. അമ്മപ്പശുവില്‍നിന്ന് കന്നിപ്പാല്‍ കുടിക്കാന്‍ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കില്‍ ആവശ്യമായ കന്നിപ്പാല്‍ കറന്നെടുത്ത് ഒരു മില്‍ക്ക് ഫീഡിംഗ് ബോട്ടിലില്‍ നിറച്ച് കിടാക്കള്‍ക്ക് നല്‍കാം.

കിടാവ് കന്നിപ്പാല്‍ നുണയുന്നതിന് മുന്‍പായി പശുവിന്റെ അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനില്‍ക്കുന്ന പാലില്‍നിന്ന് അല്‍പം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടര്‍ന്നുള്ള 4 - 5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം. കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങി പാര്‍പ്പിക്കാതിരിക്കണം. കിടാക്കൂടുകളില്‍ ഇന്‍കാന്റസന്റ് / ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ സജ്ജമാക്കി കിടാക്കള്‍ക്ക് മതിയായ ചൂട് ഉറപ്പാക്കണം. 

English summary: Calf problems - Muscle, bone and joint injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com