ADVERTISEMENT

ഗ്രാമങ്ങളില്‍നിന്ന് നാം അതിവേഗം നഗരങ്ങളിലേക്ക് പറിച്ചു നടപ്പെടുകയാണ്. അതിനിടെ, നമുക്ക് പലതും കൈമോശം വരുന്നു. അരുമയായി വീട്ടില്‍ വളര്‍ത്തിയിരുന്ന ജന്തുജാലങ്ങളും സസ്യങ്ങളും എല്ലാം... കുടിയേറ്റ ഗ്രാമത്തില്‍നിന്ന് മെട്രോ നഗരത്തിലേക്ക് ജോലിയുമായി ചേക്കേറിയ യുവാവ്... ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ അമ്മ. ഒപ്പം ഒരു പശുവും. പശുവിനെ നോക്കാന്‍ ആളില്ലാതായതോടെ അയാളതിനെ വില്‍ക്കുന്നു. ആ പശുവിന്റെ പാല്‍ കുടിച്ചാണ് അയാള്‍ വളര്‍ന്നത്. ഒഴിവു വേളകളില്‍ അയാള്‍ ആ പശുവിനെ പരിപാലിച്ചിരുന്നു. ആ സ്‌നേഹം അനുഭവിച്ചിരുന്നു. ആ പശുവിന്റെ പാല്‍ വിറ്റ പണം  പലപ്പോഴും അയാള്‍ക്ക് പഠനകാലത്ത് ഏറെ ഉപകരിച്ചിരുന്നു. പശുവിനെ വിറ്റതോടെ അമ്മ കൂടുതല്‍ ഒറ്റപ്പെട്ടു. അവര്‍ അയാളെ വിളിച്ചു. ആ ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ അമ്മയുടെ കണ്ണീരുപ്പു പടര്‍ന്നിരുന്നു. ഇങ്ങേത്തലയ്ക്കലാകട്ടെ നെഞ്ചില്‍ ഒരു വലിയ ഭാരം കയറ്റിവച്ച, നെഞ്ചുരുകുന്ന അവസ്ഥയും!

ആ അനുഭവമാണ്, ഈ കുറിപ്പില്‍...

അമ്മിണിയെന്ന എടിഎം (എനി ടൈം മില്‍ക്)

'ഇന്നലെ രാവിലെ അമ്മിണി വന്നു, ഗേറ്റിനടുത്തുനിന്ന് കുറെ കരഞ്ഞു, ഗേറ്റില്‍ തലകൊണ്ട് കുറെ നേരം തട്ടി... ഞാന്‍ വാതിലടച്ച് ഉള്ളിലിരുന്നു. കുറച്ചു നേരം കഴിഞ്ഞ് കുഞ്ഞാപ്പ വന്നു വലിച്ചോണ്ട് പോയി...'

ഫോണിലൂടെ അമ്മ പറയുന്നത് ഞാന്‍ മൂളിക്കേട്ടു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അകലെയിരുന്നു ഞാന്‍ കണ്ടു. ആ വാക്കുകളിലെ വേദന എന്നിലേക്ക് പതിയെ അരിച്ചു കയറുകയായിരുന്നു.

വേണ്ടായിരുന്നു, എന്റെ തീരുമാനം അല്‍പം തിടുക്കത്തിലായിപ്പോയി... ഉള്ളില്‍ ചിന്തകളുടെ വേലിയേറ്റം. രണ്ടു ദിവസം മുന്‍പാണ് വീട്ടിലെ അമ്മിണി പശുവിനെ വിറ്റത്. പത്തു പതിനഞ്ച് വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ ഒരംഗത്തെപ്പോലെ കഴിഞ്ഞ പശുവാണ്. വീട്ടില്‍ നോക്കാന്‍ ആളില്ല, അമ്മ അതിന്റെ പിന്നാലെ നടന്നു വല്ല അത്യാഹിതവും ഉണ്ടാക്കിയാലോ എന്നു പേടിച്ചാണ് അറവുകാരന്‍ കുഞ്ഞാപ്പയോട് വന്നു കൊണ്ടുപോകാന്‍ പറഞ്ഞത്. കൊല്ലാനല്ല എന്ന് അമ്മയോട് പ്രത്യേകം പറയണം എന്നും ഓര്‍മിപ്പിച്ചിരുന്നു. ഇന്നിനി ഒരു ജോലിയും പറ്റില്ല. ലാപ്‌ടോപ് അടച്ചു വച്ച് ഞാന്‍ എണീറ്റു പുറത്തെ ബാല്‍ക്കണിയിലെ കസേരയില്‍ വന്നിരുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അമ്മിണി ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. വീട്ടിലെ തോട്ടത്തില്‍ റബര്‍ ടാപ്പിങ് നടത്തിയിരുന്ന ഗോപിയുടെ സുഹൃത്തിന് കുറച്ചു പണം അത്യവശ്യമായി വന്നപ്പോള്‍ അവളെ വീട്ടില്‍കൊണ്ടുവന്നുതരികയായിരുന്നു. കിടാവ് ചത്തുപോയ പശുവാണ്. എന്നാലും കറവയ്ക്ക് പ്രശ്‌നമില്ല. ദിവസം എട്ടു ലീറ്ററോളം പാല്‍ കിട്ടും. തവിട്ടും കറുപ്പും കലര്‍ന്ന അവളെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായി. ഞങ്ങള്‍ അവളെ മത്സരിച്ച് സല്‍ക്കരിക്കുകയായിരുന്നു. സല്‍ക്കാരം സ്വീകരിക്കുന്ന തിരക്കില്‍ പഴയ ഉടമ അവളോട് യാത്ര ചോദിക്കാനെത്തിയത് ഇന്നും ഓര്‍ക്കുന്നുണ്ട്. അയാള്‍ അവളുടെ തലയില്‍ തലോടി... 'അമ്മിണി... പോട്ടെടീ..' എന്നു പറഞ്ഞപ്പോള്‍ ഏതോ പരിഭവത്തിലെന്ന പോലെ അവള്‍ മുഖം തിരിച്ചു നിന്നു.

എന്നോട് മിണ്ടണ്ടാ... എന്നെ കൈവിട്ടില്ലേ... എന്നവള്‍ പരിഭവം പറയുന്നതു പോലെ...

'കണ്ടോ... കണ്ടോ... അവള്‍ക്കിപ്പം എന്നെ കണ്ടാല്‍ അറിയാത്ത ഭാവമായി... എന്നേക്കാള്‍ നന്നായി നിങ്ങള്‍ അവളെ നോക്കും എന്ന് അവള്‍ക്ക് ഉറപ്പായി... അതാണ്...'

നനഞ്ഞ കണ്ണുകളോടെ അയാള്‍ അതു പറഞ്ഞത് ചിരിച്ചു കൊണ്ടാണ് പോയത്.

ആ അമ്മിണിയാണ് ഇന്നു വീടിനു മുന്നില്‍ നിന്നു കരഞ്ഞത്. 

ദൈവമേ... ഞാന്‍ ചെയ്തത് തെറ്റായിപ്പോയോ? ഉള്ളില്‍ വേദനയുടെ വിങ്ങലരിച്ചു കയറുകയായിരുന്നു.

അമ്മിണി വന്നതോടെ ഞങ്ങളുടെ ജീവിതം മാറിമറിയുകയായിരുന്നു. ഞങ്ങളുടെ മാത്രമല്ല, അയല്‍ക്കാരുടെയും. ഞങ്ങളുടെയൊക്കെ  'എടിഎം' (എനി ടൈം മില്‍ക്ക്) ആവുകയായിരുന്നു അവള്‍. വീട്ടിലും  അയല്‍വീട്ടിലും പാല്‍ തീര്‍ന്നാലുടന്‍ ചുരത്താന്‍ റെഡിയായിരുന്നു അമ്മിണി. അതോടെ അമ്മയുടെ പ്രിയങ്കരിയാകാന്‍ അവള്‍ക്ക് എളുപ്പം കഴിഞ്ഞു. സാമ്പത്തികമായി അത്ര ഉയരത്തില്‍ ഉള്ളവര്‍ ആയിരുന്നില്ല, ഞങ്ങളുടെ അയല്‍ക്കാര്‍. അതിനാല്‍ അവര്‍ വാങ്ങുന്ന പാലിന്റെ അളവ് നാഴി (ഏതാണ്ട് ഒരു ഗ്ലാസ്), രണ്ടു നാഴി എന്നിവയില്‍ ഒതുങ്ങി. പാല്‍ വാങ്ങാന്‍ വരുന്നവര്‍ മിക്കപ്പോഴും വീട്ടിലെ കഞ്ഞിവെള്ളം, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ എന്നിവയുമായിട്ടാവും വരവ്. അത് അമ്മിണിക്കു നല്‍കിയ ശേഷമേ അവര്‍ പാല്‍ വാങ്ങാന്‍ പോവൂ. പകരം, അമ്മ അവര്‍ക്ക് ആവശ്യം പോലെ മോര് കൊടുക്കുമായിരുന്നു.

അങ്ങനെ അമ്മിണി വീടിനു മുന്നിലെ തൊഴുത്തിലെ റാണിയായി വിലസിയ കാലം.

വര്‍ഷം തോറുമെന്നപോലെ പ്രസവിക്കുന്ന അമ്മിണിയെ കറക്കാതിരിക്കുന്നത് രണ്ടു മാസം മാത്രമായിരുന്നു. അവള്‍ പ്രസവിക്കുന്നതെല്ലാം മൂരിക്കുട്ടന്‍മാരെയായിരുന്നു. അതിനാല്‍, അവരെ മൂന്നു നാലു മാസത്തിനുള്ളില്‍തന്നെ കൊടുത്ത് ഒഴിവാക്കി. ഒരു കിടാവിനെയും അവള്‍ രണ്ടു മാസത്തിനുള്ളില്‍ കൂടുതല്‍ മുലയൂട്ടാന്‍ അനുവദിച്ചിട്ടില്ല. കിടാക്കള്‍ പുല്ലു തിന്നാന്‍ തുടങ്ങുമ്പോള്‍ തൊട്ട് അകറ്റി നിര്‍ത്താന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. മൂരിക്കിടാവിനെ ഒഴിവാക്കാന്‍ ഞങ്ങള്‍ക്കും അതു സഹായമായി.

പിടിവാശികളുടെ കാര്യത്തില്‍ ഒരു പിടി മുന്നിലായിരുന്നു അവള്‍. പുലര്‍ച്ചെ അഞ്ചരയോടെ കറവ കഴിയണം. ആറരയോടെ കുടിക്കാന്‍ കിട്ടണം. ഇതിലൊന്നും തെല്ലും വീട്ടുവീഴ്ച ഉണ്ടായിരുന്നില്ല. കൊച്ചു വെളുപ്പാന്‍ കാലത്ത് സുഖസുക്ഷുപ്തിയില്‍ പുതപ്പിനടിയിലേക്ക് ഒന്നു കൂടി നൂണ്ടു കയറി കിടക്കുമ്പോള്‍ ആവും അവളുടെ വിളി വരുന്നത്. അതിനൊരു താളമുണ്ട്. ആദ്യം നീട്ടിയൊരു മൂളല്‍, ഒരിടവേളയ്ക്കു ശേഷം ചെറിയൊരു അമറല്‍, എന്നിട്ടും വീട്ടില്‍ ആരും ഉണരാന്‍ ഭാവം ഇല്ലെങ്കില്‍ ഉറക്കെ നാട് നടുക്കുന്ന ഒരു അമറല്‍...

രണ്ടാമത്തെ മുന്നറിയിപ്പ് കിട്ടുമ്പോഴേ അമ്മ ഉറക്കെ വിളിച്ച് അവളെ സാന്ത്വനിപ്പിക്കും. അവള്‍ക്ക് അതു മതി. അമ്മയ്ക്ക് മുട്ടു വേദന കലശലാകുന്ന കാലങ്ങളില്‍ പശുക്കറവ എന്റെയും ജ്യേഷ്ഠന്റെയും ചുമലിലാവും. അമ്മ കറക്കുന്ന അത്ര സ്പീഡില്‍ കറക്കാന്‍ കുട്ടികളായ ഞങ്ങള്‍ക്ക് ആവില്ല. എങ്കിലും ക്ഷമയോടെ അവള്‍ നിന്നു തരും. ഇടയ്ക്ക് 'ഈ പിള്ളേര് ഇതെന്തു കാണിക്കുവാണ്...'എന്ന മട്ടില്‍ തിരിഞ്ഞ് ഒരു നോട്ടം നോക്കും. അല്ലെങ്കില്‍ വേഗമാകട്ടെ എന്ന രീതിയില്‍ നാവുകൊണ്ട് നമ്മളെ തലോടും. അരിമ്പുള്ള ആ നാവ് നമ്മുടെ  ദേഹത്തു കൊണ്ടാല്‍  പുളഞ്ഞുപോവും. 

ആ ഓര്‍മകളില്‍ ഞാന്‍ പുളഞ്ഞു.

വന്ന് അധികം കഴിയും മുന്‍പ് വീടിന്റെ കാവലും അവള്‍ ഏറ്റെടുത്തു. രാത്രിയില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാലോ, കേട്ടാലോ അവള്‍ അസ്വസ്ഥയായി ഞങ്ങളെ ഉണര്‍ത്തുമായിരുന്നു. അവളുടെ ഈ സ്വഭാവം 'നിശാപ്രേമികളായ' പലരെയും വഴിമാറി നടക്കാന്‍ പ്രേരിപ്പിച്ചെന്നു നാട്ടില്‍ അടക്കം പറച്ചിലുണ്ടായി. ഒരിക്കല്‍, ഞങ്ങള്‍ വീട് അടച്ചിട്ട് സമീപത്തെ തിയറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് പോയി. ഞങ്ങള്‍ പടം കാണുമ്പോള്‍, ഞങ്ങളുടെ അയല്‍ക്കാര്‍ ഉറങ്ങാന്‍ പാടുപെടുകയായിരുന്നു. കാരണം, അമ്മിണി ഞങ്ങള്‍ പോയ സമയം മുതല്‍ ഉറക്കെ കരഞ്ഞു പ്രതിഷേധിച്ചു തുടങ്ങിയിരുന്നു. അടുത്തുള്ള ചിലര്‍ വന്നു, പുല്ലും വൈക്കോലും വെള്ളവും കൊടുത്തിട്ടും അവള്‍ അടങ്ങിയില്ല. ഒടുവില്‍, ഞങ്ങള്‍ തിരികെയെത്തിയതോടെയാണ് അവള്‍ ശാന്തയായത്.

പിറ്റേന്ന്, നാട്ടിലെ സംസാര വിഷയം ഞങ്ങളുടെ സെക്കന്‍ഡ് ഷോയ്ക്കുള്ള പോക്കും അമ്മിണിയുടെ കരച്ചിലും ആയിരുന്നു.

അതോടെ ഞങ്ങളുടെ സകുടുംബമുള്ള സിനിമ കാണലിനും അവസാന ബെല്‍ മുഴങ്ങി. 

ഫോണ്‍ ബെല്ലടിക്കുന്നു. വിദേശത്തുനിന്നു സഹോദരിയാണ്. 

'അമ്മിണിയെ കൊടുക്കേണ്ടായിരുന്നു. അവള്‍ അവിടെ നിന്നോളുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഇപ്പോള്‍... അവള്‍ തീര്‍ന്നു കാണും... അല്ലേ...'

മറുപടിയായി ഞാന്‍ മൂളാന്‍ ശ്രമിച്ചു.

ശബ്ദം പുറത്തു വന്നില്ല. പകരം, കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു...

English summary: Soul Touching Story Of A Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com