പേവിഷബാധ മരണങ്ങൾ ഓർമിപ്പിക്കുന്നത്; ‌വസ്തുതകൾ ഭയമല്ല – ഇന്ന് ലോക പേവിഷബാധ ദിനം

HIGHLIGHTS
 • മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ
 • മുൻകൂട്ടിയുള്ള രോഗനിർണയം നിലവിലില്ല
rabies
SHARE

നായ കാലിൽ മാന്തിയത് അവഗണിച്ചതിനെത്തുടർന്ന് പേവിഷബാധയേറ്റ് യുവാവ് മരണത്തിന് കീഴടങ്ങിയത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പലപ്പോളും അവഗണനയാണ് പേവിഷബാധ എന്ന ഏറ്റവും ഭയാനകമായ മരണകാരി മനുഷ്യനെ കീഴ്പ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ലോക റാബീസ് ദിനം കടന്നുവരുന്നത്. 

പേവിഷബാധയ്ക്കെതിരെ  വാക്‌സീൻ കണ്ടുപിടിച്ച മഹാനായ  ശാസ്ത്രജ്ഞനാണ്  ലൂയിപാസ്ചർ. അദ്ദേഹം അന്തരിച്ചത്  1895 സെപ്റ്റംബർ 28നാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ്  ലോകമെമ്പാടും സെപ്റ്റംബർ 28 ലോക  റാബീസ് ദിനമായി  ആചരിച്ചുവരുന്നത്. ‘പേവിഷബാധ: വസ്തുതകൾ, ഭയമല്ല’ എന്നതാണ്  ഈ  വർഷത്തെ  പ്രമേയം. ഈ  സാഹചര്യത്തിലാണ്  പേവിഷബാധയെക്കുറിച്ച്  നാം കൂടുതൽ   മനസിലാക്കേണ്ടതും  കരുതിയിരിക്കേണ്ടതും.

പേവിഷബാധ

മൃഗങ്ങളിൽനിന്ന്  മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ  റാബീസ്. 'റാബീസ്' എന്ന  ലാറ്റിൻ  വാക്കിന്റെ അർഥം  'ഭ്രാന്ത്' എന്നാണ്. ഒരു ആർഎൻഎ വൈറസാണ് രോഗകാരി. ലിസ്സ വൈറസ് എന്നും ഇതിനു പേരുണ്ട്. ഉഷ്ണരക്തമുള്ള  എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. വൈറസ് ബാധ  തലച്ചോറിന്റെ  ആവരണത്തിന്  വീക്കമുണ്ടാക്കി  മരണം  സംഭവിക്കാവുന്ന എൻസ്ഫലൈറ്റിസ്  എന്ന രോഗവസ്ഥ  ഉണ്ടാക്കുന്നു.

പകരുന്ന വിധം

രോഗം  ബാധിച്ച  മൃഗങ്ങളുടെ  ഉമിനീരിൽ  കണ്ടേക്കാവുന്ന വൈറസുകൾ അവയുടെ കടി/മാന്ത് എന്നിവ മൂലമുണ്ടായ മുറിവിൽകൂടി / പോറലിൽ കൂടി  ശരീര പേശികൾക്കിടയിലെ  സൂഷ്മ നാഡികളിൽ  എത്തപ്പെടുകയും കേന്ദ്ര നാഡീവ്യൂഹത്തിൽ കൂടി  സഞ്ചരിച്ച്   സൂഷ്മ നാഡിയേയും  തലച്ചോറിനെയും  ബാധിക്കുകയും ചെയ്യുന്നു. വൈറസ്ബാധ  ഉണ്ടായി രോഗലക്ഷണങ്ങൾ  പ്രകടമാകുന്നതുവരെയുള്ള  ഇടവേളയാണ്  ‘ഇൻകുബേഷൻ  പീരിയഡ്’ എന്ന് അറിയപ്പെടുന്നത്.  കടിയുടെ  സ്വഭാവം , തലച്ചോറിൽനിന്നുള്ള  അകലം,  എന്നിവ ആശ്രയിച്ചിരിക്കും ഇൻകുബേഷൻ പീരിയഡിന്റെ  ദൈർഘ്യവും. അസാധാരണമായി  ലക്ഷണം കണ്ടുതുടങ്ങാൻ ഒരാഴ്ച മുതൽ  ഒരു കൊല്ലം വരെ  സമയം  എടുത്തെന്ന് വരാം. ലക്ഷണം പ്രത്യക്ഷപ്പെട്ടാൽ  മരണം  തീർച്ചയാണ്.

ലക്ഷണങ്ങൾ

 • മനുഷ്യരിൽ: കടിയേറ്റ  ഭാഗത്ത്‌ ചൊറിച്ചൽ, മുറിവേറ്റ ഭാഗത്ത്‌ മരവിപ്പ്, തലവേദന, തൊണ്ടവേദന, പിന്നീട് വിറയൽ, ശ്വാസതടസം, ഉൽക്കണ്ഢ, പേടി, ശബ്ദ വ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തോടും വെളിച്ചത്തോടും പേടി. അവസാന ഘട്ടത്തിൽ   തളർന്നുകിടക്കുക, കഠിനമായ ശ്വാസതടസം,  മരണം.
 • മൃഗങ്ങളിൽ: ലക്ഷണം കാണിക്കാൻ  ഏകദേശം  രണ്ട് ആഴ്ച  മുതൽ  90 ദിവസം  വരെ  സമയം  എടുക്കാം. വായിൽനിന്ന്  നുരയും  പതയും  വരിക, വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല. ആദ്യഘട്ടത്തിൽ  ശാന്ത സ്വഭവമായിരിക്കുമെങ്കിലും  പിന്നീട് അക്രമകാരികളാകുന്നു. കണ്ണുകൾ  ചുവക്കുക, ഉമിനീർ  ഒലിപ്പിച്ച് ലക്ഷ്യമില്ലാതെ  ഓടുക, പ്രകോപനമില്ലാതെ  എല്ലാത്തിനെയും കടിക്കുക,  പശുക്കളിൽ  അക്രമണ  സ്വഭാവം  കൂടും.  ശബ്ദത്തിനോട് ഭയം  തോന്നുക എന്നിവ.

രോഗ നിർണ്ണയം

മുൻകൂട്ടിയുള്ള  രോഗനിർണയം  നിലവിലില്ല.  മൃഗങ്ങളിൽ രോഗം  ബാധിച്ചിരുന്നോ എന്നറിയാൻ  പോസ്റ്റ്‌‌മോർട്ടം സമയത്ത്  ഫ്ലൂറസന്റ് ആന്റിബോഡി ടെസ്റ്റ്‌ (Fluorescent Antibody Test - FAT) ചെയ്ത്  തലച്ചോറിൽ  വൈറസിന്റെ ആന്റിബോഡി സാന്നിധ്യം നിർണയിക്കാം.

മുറിവിന്റെ  പ്രാഥമിക  ചികിത്സ

നായയുടെ  കടിയേറ്റ  മുറിവ് സോപ്പ് ഉപയോഗിച്ച്  10 - 15 മിനിറ്റ് നന്നായി കഴുകണം. ടാപ്പിൽകൂടിയുള്ള വെള്ളമാണ്  നല്ലത്. പോവിഡിൻ  അയഡിൻ  അടങ്ങുന്ന മരുന്ന് മുറിവിൽ പുരട്ടാം. ഉടൻ  ഡോക്ടറുടെ ഉപദേശം  തേടണം.

ചികിത്സ

ടിഷ്യുകൾച്ചർ വാക്‌സിനുകളും, നൂതന  ഇൻട്രാഡെർമൽ  വാക്‌സിനേഷൻ രീതികളും  ഇന്ന് നിലവിലുണ്ട്.  മുറിവിന്റെ ഗൗരവം  മനസിലാക്കി ഡോക്ടർ  ചികിത്സയുടെ  പദ്ധതി ആവിഷ്കരിക്കും.

പ്രതിരോധ  മാർഗങ്ങൾ

വളർത്തുമൃഗങ്ങളായ പട്ടി, പൂച്ച  എന്നിവയ്ക്ക്  പേവിഷബാധ  പ്രതിരോധ  കുത്തിവപ്പുകൾ എടുത്തിരിക്കണം.  3 മാസം   പ്രായമാകുമ്പോൾ ഒന്നാമത്തെ കുത്തിവയ്പ്പും,  രണ്ടാമത്തെ കുത്തിവയ്പ്പ് ( ബൂസ്റ്റർ ഡോസ് )  ഇതിനുശേഷം  ഒരു മാസം  ആകുമ്പോഴും പിന്നീട് എല്ലാവർഷവും  കുത്തിവയ്പ്പ് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യണം. ഡോക്ടർ നൽകുന്ന  വാക്‌സിനേഷൻ സർട്ഫിക്കറ്റ്,   പഞ്ചായത്ത്‌ / നഗരസഭ / കോർപറേഷൻ   അധികൃതരെ  കാണിച്ച്  അതിനെ  വളർത്താനുള്ള  ലൈസൻസ്  വാങ്ങി സൂക്ഷിച്ചുവയ്ക്കണം.

തെരുവ് നായകളുടെ  നിയന്ത്രണം

അനിമൽ  വെൽഫയർ  ബോർഡ്‌ ഓഫ് ഇന്ത്യ  നിഷ്കർഷിക്കുന്ന എബിസി പ്രോഗ്രാം ( അനിമൽ  ബർത്ത് കൺട്രോൾ ),  എഎൻഡി പ്രോഗ്രാം ( ഏർലി  ന്യൂട്ടറിംഗ്  ഓഫ്  ഡോഗ്സ് ) എന്നിവ വഴി  തെരുവുനായകളുടെ  വംശവർധന  തടയാനും  അതുവഴി  പേവിഷബാധ  നിയന്ത്രണം  എളുപ്പമാക്കാനും സാധിക്കും.

വസ്തുതകൾ 

 • ഉഷ്ണരക്തമുള്ള  എല്ലാ മൃഗങ്ങളെയും  ബാധിക്കുന്നു. നായ, പൂച്ച എന്നിവയിൽ കൂടുതലായി  കണ്ടുവരുന്നു.  പന്നി, കഴുത, കുതിര,  കുറുക്കൻ,  കുരങ്ങ്,  അണ്ണാൻ,  ചെന്നായ എന്നിവയെയും, വീട്ടുമൃഗങ്ങളെയും  വന്യമൃഗങ്ങളെയും  ഒരുപോലെ  ബാധിക്കുന്നു.
 • ലോകത്ത് 150ലധികം  രാജ്യങ്ങളിൽ   ഈ  രോഗം കണ്ടുവരുന്നു.
 • ലോകത്ത് 15 മില്യൺ  ആൾക്കാർ  പ്രതിവർഷം  കുത്തിവയ്പ്പ് സ്വീകരിക്കുന്നു. 55000 പേർ  പേവിഷബാധമൂലം  മരിക്കുന്നു.
 • 99 ശതമാനം  പേർക്കും രോഗമേൽക്കുന്നത് നായയുടെ  കടിയിൽ കൂടിയാണ്. ഇതിൽ  15 വയസിൽ  താഴെ  പ്രായമുള്ള കുട്ടികൾക്കാണ് 40 ശതമാനം  കടിയേൽക്കുന്നത്.
 • ഓരോ 10 മിനിറ്റിലും 1800 പേർക്ക് നായയുടെ  കടിയേൽക്കുന്നുണ്ട്. ഒരു മണിക്കൂറിൽ  ഒരു കുട്ടി പേവിഷബാധയേറ്റ്  മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ  പറയുന്നത്.
 • റോഡിൽ  നിന്നുള്ള, മേൽവിലാസമില്ലാത്ത ഒരു നായയുടെ  കടിയേറ്റാൽ നിർബന്ധമായും  കുത്തിവയ്പ്പ്  ഉടൻ  എടുക്കണം.
 • അറിയുന്ന നായയുടെ  കടിയാണ് ഏൽക്കുന്നതെങ്കിൽ  അതിനെ  10 ദിവസം  നിരീക്ഷണത്തിൽവയ്ക്കുന്നത് നല്ലതാണ്. പേപ്പട്ടി  ആണെങ്കിൽ ഇതിനകം അവ ചത്തിരിക്കും.

English summary: World Rabies Day 2021

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA