ADVERTISEMENT

ബ്രോയിലര്‍ കോഴി കഴിക്കാത്തവര്‍ വിരളമാണെങ്കിലും ബ്രോയിലര്‍ കോഴിയുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളും സംശയങ്ങളും ഒട്ടേറെ പേര്‍ക്കുണ്ടെന്ന് സമൂഹ മാധ്യമ ചര്‍ച്ചകളിലൂടെ വ്യക്തമാക്കാറുണ്ട്. ഇറച്ചിക്കോഴികളുടെ ഉപഭോഗം കാന്‍സറിനു വരെ കാരണമാകുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചിലര്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഇറച്ചിക്കോഴികളുടെ ത്വരിത വളര്‍ച്ചതന്നെയാണ് പലരുടെയും ഉഹാപോഹങ്ങള്‍ക്കു കാരണം.

ഇറച്ചിക്കോഴികളുടെ ത്വരിത വളര്‍ച്ചയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയം സ്വഭാവികമായതിനാല്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്ന് പരിശോധിക്കാം.

Zuidhof (2014)ന്റെ പഠനങ്ങള്‍ പ്രകാരം 1950കളില്‍ 56 ദിവസം കൊണ്ട് 905 ഗ്രാം ഭാരം കൈവരിച്ചിരുന്ന ബ്രോയ്ലര്‍ കോഴികള്‍ 2005 ആയപ്പോഴേക്കും അതേ പ്രായത്തില്‍ 4202 ഗ്രാം വളര്‍ച്ച കൈവരിച്ചിരിക്കുന്നു. അതായത് വളര്‍ച്ചാനിരക്ക് കണക്കാക്കുമ്പോള്‍ ഏതാണ്ട് 400 ശതമാനത്തിലധികം! ഈ വളര്‍ച്ചാ നിരക്കിന്റെ എണ്‍പതു ശതമാനം ക്രെഡിറ്റും ജനിതക പ്രജനന പ്രക്രിയയ്ക്ക് അവകാശപെട്ടതാണ്. 

ആഗോള തലത്തില്‍ പ്രമുഖ കമ്പനികളുടെ കൈയില്‍ മാത്രമുള്ള നാലു ലക്ഷത്തോളം വരുന്ന 35 മുതല്‍ 40 പ്യൂര്‍ ലൈനുകള്‍ (അടിസ്ഥാന ശുദ്ധ ഇനങ്ങള്‍), അഞ്ചു ലക്ഷത്തോളം വരുന്ന ഗ്രേറ്റ് ഗ്രാന്‍ഡ് പേരെന്റ്‌സ് (മുതുമുത്തച്ഛന്മാര്‍) എന്നിവയില്‍നിന്നും രൂപപ്പെടുത്തിയ ഗ്രാന്‍ഡ് പേരെന്റ്‌സ് സ്റ്റോക്ക് (മുത്തച്ഛന്മാര്‍), പേരെന്റ്‌സ് സ്റ്റോക്ക് (അച്ഛനമ്മമാര്‍) എന്നിവയെ ഇന്ത്യയില്‍ എത്തിച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ അവയില്‍നിന്നു ബ്രോയിലര്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ചു വിപണനം നടത്തുന്നത്. കോടിക്കണക്കിനു രൂപയുടെ മുതല്‍മുടക്കും വര്‍ഷങ്ങള്‍ നീണ്ട തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്കുമൊടുവിലാണ് പ്രമുഖ കമ്പനികള്‍ പേരെന്റ് സ്റ്റോക്കില്‍നിന്നു ബ്രോയിലര്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നത്.

കോബ്ബ് 400, റോസ് 308, ഹബ്ബാര്‍ഡ്, ഹൈബ്രോ എന്നിവ ഉയര്‍ന്ന ഉല്‍പാദനക്ഷമത കൂടിയ ബ്രോയിലര്‍ സ്‌ട്രെയിനുകളാണ്. കേവലം 35 ദിവസം കൊണ്ട് ശരാശരി 2 കിലോഗ്രാം തൂക്കമെത്തുന്ന ഇവയുടെയൊക്കെ തീറ്റപരിവര്‍ത്തന ശേഷി 1.6ല്‍ താഴെയും, ജീവനക്ഷമത 97 ശതമാനത്തിനടുത്തുമാണ്. അതായത് 2 കിലോ ഗ്രാം തൂക്കം ലഭിക്കാന്‍ ഏതാണ്ട് 3.2 കിലോഗ്രാം തീറ്റയാണ് ആവശ്യമായി വരിക. ദ്രുതഗതിയില്‍ വളര്‍ച്ച സാധ്യമായ ഇത്തരം ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ക്ക് മികച്ച പാര്‍പ്പിടം, തീറ്റക്രമം, ആരോഗ്യ പരിപാലനം എന്നിവ നല്‍കുക വഴിയാണ് അവയെ ഗുണമേന്മയേറിയ ഭക്ഷണ വിഭവമായി മാറ്റാന്‍ സാധിക്കുന്നത്.

ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് അത് പ്രതിരോധിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞു ലഭിക്കുന്ന ഒരു മാംസ്യാഹാരമാണ് കോഴിയിറച്ചി. 100 ഗ്രാം കോഴി ഇറച്ചിയില്‍നിന്ന് 240 കിലോ കാലറി ഊര്‍ജം, 27 ഗ്രാം മാംസ്യം, അവശ്യ അമിനോ അമ്ലങ്ങള്‍, വിറ്റാമിനുകള്‍ എന്നിവ ലഭിക്കുന്നു. കൂടാതെ കൊളസ്ട്രോള്‍ താരതമന്യേ കുറവായ ബ്രോയിലര്‍ ഇറച്ചിയില്‍ അപൂരിത കൊഴുപ്പമ്ലങ്ങള്‍ പൂരിത കൊഴുപ്പിനേക്കാള്‍ അധികമാണെന്ന ഗുണവുമുണ്ട്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു മനുഷ്യന് ഒരു വര്‍ഷം 11 കിലോ ഗ്രാം കോഴിയിറച്ചി ഭക്ഷിക്കാമെന്നു കണക്കാക്കിയിട്ടുണ്ട്. വസ്തുതകള്‍ ഇതാണെന്നിരിക്കെ അടിക്കടിയുണ്ടാവുന്ന വിവാദങ്ങള്‍ ബ്രോയിലര്‍ മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ ചില്ലറയല്ല. വിവാദങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് മൂലമാണ് കോഴികള്‍ പെട്ടെന്ന് വളര്‍ച്ചയെത്തുന്നതെന്നാണ്. എന്നാല്‍ അശാസ്ത്രീയമായതും യുക്തിക്കു നിരക്കാത്തതുമായ ഒരു കെട്ടുകഥമാത്രമാണിത്. 

പലപ്പോഴും ബ്രോയിലര്‍ പേരെന്റ്‌സ് സ്റ്റോക്കിന് മാത്രം നല്‍കുന്ന കുത്തിവയ്പ്പിന്റെ വീഡിയോകളാണ് ഹോര്‍മോണ്‍ കുത്തിവയ്പ്പ് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഒന്ന്, മൂന്ന് ആഴ്ചകളില്‍ നല്‍കുന്ന ലസോട്ട വാക്‌സീന്‍, രണ്ട്, നാല് ആഴ്ചകളില്‍ നല്‍കുന്ന ഐബിഡി വാക്‌സീന്‍ എന്നിവയാണ് നിര്‍ബന്ധമായും ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സീനുകള്‍. കോഴിവസന്തയെയും ഐബിഡി രോഗത്തെയും പ്രതിരോധിക്കുന്ന ഈ വാക്‌സീനുകള്‍ കണ്ണില്‍ ഉറ്റിക്കുകയോ, വെള്ളത്തിലൂടെ നല്‍കുകയോ ആണ് ചെയ്യുന്നത്. ഇതല്ലാതെ ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയ്ക്കായി യാതൊരുവിധ കുത്തിവയ്പ്പുകളും നല്‍കാറില്ല. 

ബ്രോയിലര്‍ വളര്‍ത്തലിലെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെകുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്. അല്ലാതെ യുക്തിക്കു നിരക്കാത്ത ഹോര്‍മോണ്‍, മന്തുസ്രവം കുത്തിവയ്ക്കല്‍ എന്നീ അതിശയോക്തി കലര്‍ന്ന കഥകളല്ല. ബ്രോയിലര്‍ കോഴി വളര്‍ത്തലില്‍ എഴുപത് ശതമാനത്തോളം ചെലവും തീറ്റയ്ക്കാണ്, പിന്നീടുള്ള 20-25 ശതമാനം കുഞ്ഞുങ്ങളുടെ വിലയാണ്. ബാക്കി പത്തു ശതമാനത്തില്‍ താഴെ മറ്റു അല്ലറ ചില്ലറ ചെലവുകളുമാണെന്നിരിക്കെ ഉയര്‍ന്ന വിലയുള്ള ഹോര്‍മോണുകളാണ് ബ്രോയിലര്‍ കോഴികളുടെ വളര്‍ച്ചയ്ക്കുപയോഗിക്കുന്നതെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? അഞ്ചു മുതല്‍ ആറാഴ്ച കൊണ്ട് ബ്രോയിലര്‍ കോഴികള്‍ രണ്ട് കിലോഗ്രാം വളര്‍ച്ചയെത്തുന്നത് അതിന്റെ ജനിതക ഗുണം മൂലവും, മെച്ചപ്പെട്ട സാന്ത്രീകൃത തീറ്റ, അനുയോജ്യമായ വളര്‍ത്തല്‍ രീതികള്‍, വാക്സിനേഷന്‍,  ജൈവ സുരക്ഷ, രോഗ നിയന്ത്രണം എന്നീ കാര്യങ്ങള്‍ അവലംബിക്കുന്നതിനാലുമാണ്. പുതിയയിനം പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും പശുവിന്റെ പാലിനുമൊക്കെ കാലാകാലങ്ങളില്‍ വന്നിട്ടുള്ള ഉല്‍പാദന വര്‍ധന ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? അപ്പോള്‍ പിന്നെ എന്തിന് പാവം കോഴികളെ മാത്രം പഴിക്കണം എന്ന് കൂടി ചിന്തിക്കുക.        

ഇനിയും സംശയം ബാക്കി നില്‍ക്കുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങള്‍ പോയി പത്തു ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, പ്രീ സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ എന്നീ തീറ്റകള്‍ മുറപ്രകാരം നല്‍കി അവയെ വളര്‍ത്തി നോക്കുക. നിങ്ങളുടെ കോഴികള്‍ക്ക് ആറാഴ്ച കൊണ്ട് ലഭിക്കാന്‍ പോകുന്ന തൂക്കം തന്നെയാണ് നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി.

English summary: Chickens Do Not Receive Growth Hormones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com