ADVERTISEMENT

തൃശൂർ ജില്ലയിലെ തിരുവില്വാമല മേഖലയിൽ കാണപ്പെടുന്ന തദ്ദേശിയ പശു ഇനമായ വില്വാദ്രി പശുക്കൾ സംസ്ഥാനത്തെ മറ്റ് നാടൻ, സങ്കരയിനം പശുവിനങ്ങളിൽനിന്ന് വ്യത്യസ്തമായ ജനിതകവിഭാഗമാണന്ന് വെറ്ററിനറി സർവകലാശാലയുടെ കണ്ടെത്തൽ. സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വാൻസ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്സ് ആൻഡ് ബ്രീഡ്രിങ് ഉന്നതപഠനകേന്ദ്രത്തിൽ (Centre for Advanced Studies in Animal Genetics and Breeding /CASAGB) നടത്തിയ ഗവേഷണത്തിലാണ് മറ്റ് പശുവിനങ്ങളിൽനിന്നുള്ള വില്വാദ്രി പശുക്കളുടെ ജനിതകവൈവിധ്യം വേർത്തിരിച്ചറിഞ്ഞത്. സർവകലാശാലയിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ജി.രാധികയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തോളം നീണ്ട ഗവേഷണത്തിൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി.വി. അരവിന്ദാക്ഷൻ, പ്രൊഫസർമാരായ ഡോ. കെ.അനിൽകുമാർ, ഡോ. എസ്.അജിത്കുമാർ, അസിസ്റ്റന്റ് പ്രഫസർ ഡോ. എം. മനോജ്, റിസർച്ച് അസിസ്റ്റന്റ് സ്റ്റെഫി തോമസ് എന്നിവരും പങ്കാളികളായി. ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ആനിമൽ ജനറ്റിക്സ് പാനലിന്റെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോസാറ്റ്ലൈറ്റ് മാർക്കറുകൾ എന്ന നൂതന ജനിതകസങ്കേതം ഉപയോഗിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. വില്വാദ്രി പശുക്കൾക്ക് ദേശീയ തലത്തിൽ ബ്രീഡ് പദവി നേടിയെടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഈ കണ്ടെത്തൽ മുതൽക്കൂട്ടാവും എന്ന് പ്രതീക്ഷിക്കുന്നു.  

വില്വാദ്രി പശു- തിരുവില്വാമല ഗ്രാമത്തിന്റെ പൈതൃകം

പാലക്കാട്–തൃശൂര്‍ അതിര്‍ത്തിയില്‍ നിളാനദിയുടെ തിരുവില്വാമല കരയിലും, നൂറ്റിയന്‍പത് ഏക്കറോളം പാറക്കെട്ടുകള്‍ നിറഞ്ഞ് വിസ്തൃതമാര്‍ന്ന വില്വാദ്രി കുന്നുകളിലും ഇടതൂര്‍ന്ന വനപ്രദേശത്തും ക്ഷേത്ര പരിസരത്തുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉരുത്തിരിഞ്ഞതും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവര്‍ത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രി പശുക്കള്‍. വനം, പാറക്കെട്ടുകള്‍ നിറഞ്ഞ് ഇടതൂര്‍ന്ന മലനിരകള്‍, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യങ്ങളാര്‍ന്ന ജൈവപരിസ്ഥിതിവ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവ സവിശേഷതകളും, ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളില്‍നിന്നും വേറിട്ട് നിര്‍ത്തുന്നത്. 

vilvadi-cow-3

ഏത് പ്രതികൂല പരിസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും ദീര്‍ഘായുസും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്. ആയിരത്തിലധികം പശുക്കള്‍ വില്വാദ്രി കുന്നില്‍ മാത്രം ഒരുകാലത്ത് മേഞ്ഞ് നടന്നിരുന്നതായി വില്വാദ്രിയിലെ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. തിരുവില്വാമല പ്രദേശത്ത് നൂറ്റാണ്ടുകളായി ഈയിനം പശുക്കള്‍ ഉണ്ടെന്നും പശുക്കളുടെ പാരമ്പര്യത്തിനും പഴക്കത്തിനും തിരുവില്വാമല ഗ്രാമത്തിന്റെ മുഖമുദ്രയായ ശ്രീവില്വാദ്രിനാഥക്ഷേത്രങ്ങളോളം തന്നെ പഴമയുണ്ടെന്നും തദ്ദേശവാസികൾ വിശ്വസിക്കുന്നു.

നിളാ നദിയോരവും, തിരുവില്വാമലക്ഷേത്രത്തിന് സമീപത്തെ നാല് കിലോമീറ്ററോളം വിസ്തൃതമായ വന-മലമേഖലയിലുമാണ് വില്വാദ്രി പശുക്കളുടെ വിഹാര കേന്ദ്രം. പ്രഭാതത്തില്‍ നിളയോരത്തുനിന്ന് ആവോളം വെള്ളം കുടിച്ച് മല കയറുന്ന പശുക്കള്‍ പകലന്തിയോളം പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വനാന്തര്‍ ഭാഗത്ത് കാറ്റും വെയിലും മഴയും വകവയ്ക്കാതെ മേഞ്ഞുനടന്ന് വൈകിട്ടോടെ ക്ഷേത്ര പരിസരത്ത് എത്തി തമ്പടിക്കും. പ്രജനനവും പ്രസവവും എല്ലാം കഠിനമായ ഈ മലകയറ്റത്തിലും വനയാത്രയിലും തന്നെ. ഗോശാലയില്‍ സംരക്ഷിക്കുന്ന പശുക്കളെ യാത്രാവേളയില്‍ കര്‍ഷകര്‍ അനുഗമിക്കാറുണ്ട്. 

ഒരു മീറ്ററോളം മാത്രമാണ് ഉയരമെങ്കിലും, കഠിനമായ പാറക്കെട്ടുകള്‍ കയറി മല കയറാന്‍ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, കുറിയതും കറുത്തതും അടിവശം പരന്ന് പ്രതല വിസ്തീർണം കൂടുതലുള്ളതുമായ കുളമ്പുകളും വില്വാദ്രി പശുക്കള്‍ക്കുണ്ട്. വില്വാദ്രി കാളകള്‍ക്ക് പൊതുവെ ഒന്നേകാല്‍ മീറ്ററോളം ഉയരമുണ്ടാവും. 

vilvadi-cow-4

വെച്ചൂര്‍, കാസര്‍ഗോഡ് തുടങ്ങിയ പശുക്കളേക്കാള്‍ നീളവും ഉയരവുമുള്ള ശരീരപ്രകൃതിയാണ് വില്വാദ്രി പശുവിനുള്ളത്. കാല്‍മുട്ടോളം നീളത്തില്‍ തൂങ്ങുന്ന വാലുകളും അഴകുള്ള രോമങ്ങള്‍ നിറഞ്ഞ് ഇടതൂര്‍ന്ന വാല്‍കൊന്തയും (രോമപാളി) വില്വാദ്രി പശുക്കളുടെ സൗന്ദര്യത്തിന്റെ മാറ്റുയര്‍ത്തുന്നു. ഉയര്‍ന്ന് മുന്നോട്ട് വളര്‍ന്ന് വളയുന്ന കരുത്തും, മൂര്‍ച്ചയുള്ളതുമായ കൊമ്പുകളും രോമവളര്‍ച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും വില്വാദ്രിയുടെ മുഖ്യലക്ഷണമാണ്. ഒരുതുള്ളി പച്ചപ്പ് പോലും മലമ്പ്രദേശത്ത് അവശേഷിക്കാത്ത അതികഠിനമായ വേനലിലും മരകാമ്പുകള്‍ കുത്തിയിളക്കി തീറ്റതേടി അതിജീവിക്കാന്‍ വില്വാദ്രി പശുക്കള്‍ക്ക് പ്രകൃതി തന്നെ നല്‍കിയ വരമാണ് കൂര്‍ത്ത മുന്നോട്ടാഞ്ഞ മൂര്‍ച്ചയുള്ള കൊമ്പുകള്‍. മുപ്പത് സെന്റിമീറ്ററിലേറെ നീളമുള്ള അരിവാള്‍ രൂപത്തിലുള്ള കൊമ്പുകളുള്ള പശുക്കളെ വില്വാദ്രിയില്‍ കാണാം. വേനലില്‍ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന വേളയില്‍ മഹാവൃക്ഷങ്ങളുടെ തടി തങ്ങളുടെ മൂര്‍ച്ചയുള്ള കൊമ്പ് കൊണ്ട് കുത്തിയിളക്കി അതില്‍നിന്നു പച്ചപ്പിനെ കണ്ടെത്തി തീറ്റയാക്കുന്നത് വില്വാദ്രി പശുക്കളുടെ സ്വഭാവമാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കഠിനമായ ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്ന കറുപ്പ് നിറമാണ് ഭൂരിഭാഗം പശുക്കള്‍ക്കും. എങ്കിലും വെളുപ്പ്, ചാരനിറം തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാര്‍ന്നതും, വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങളും, ഉറപ്പുള്ള കീഴ്ത്താടിയും, പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും, കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീര സവിശേഷതകളാണ്. 

വില്വാദ്രി പശുക്കളുടെ ശരാശരി ആയുസ് 30 വയസിന് മുകളിലാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വില്വാദ്രിയിലെ കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നു. ആണ്ടുതോറും പ്രസവിക്കാനും, ആയുസില്‍ ഏറെ കാലം പ്രത്യുല്‍പ്പാദനക്ഷമത നിലനിര്‍ത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്. തമിഴ്നാട്ടിലെ ആണ്ടുകണ്ണി വിഭാഗത്തില്‍പ്പെട്ട വര്‍ഷം തോറും പ്രസവിക്കുന്ന പശുക്കളുടെ ഗണത്തില്‍ വില്വാദ്രി പശുക്കളെയും ഉള്‍പ്പെടുത്താം എന്നാണ് പരമ്പരാഗത കര്‍ഷകരുടെ പക്ഷം. ആണ്ടില്‍ ഓരോ തവണ പ്രസവിച്ചാലും, പ്രായമേറെയെത്തി പ്രസവിച്ചാലും പ്രസവത്തെ തുടര്‍ന്നുള്ള തളര്‍ച്ച, പ്രസവ തടസം, കാത്സ്യ കമ്മി, ക്ഷീരസന്നി തുടങ്ങിയവയൊന്നും പശുക്കളെ ബാധിക്കാറെയില്ലെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പാലുല്‍പാദനം പരമാവധി 3 ലീറ്റര്‍ വരെ മാത്രമാണെങ്കിലും പാല്‍ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്. വില്വാദ്രി ക്ഷേത്രത്തിലെ ദൈനംദിന പൂജകള്‍ക്കും, കര്‍മ്മങ്ങള്‍ക്കും വിശേഷാവസരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്തുന്നതും വില്വാദ്രി പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെ. തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കുന്ന സംസ്കാരക്രിയകള്‍ക്കായി ഉപയോഗിക്കുന്നത് ഗോശാലയില്‍ നിന്നുള്ള വില്വാദ്രി പശുവിന്റെ പാലും, നെയ്യും എല്ലാം തന്നെയാണ്. പാലിന്റെ മേന്മ കേട്ടറിഞ്ഞ് വില്വാദ്രിയെ തേടിയെത്തുന്ന വരും കുറവല്ല. ഇങ്ങനെ ഒരു ജനതയുടെ, ജീവിതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും എന്തിന് മരണത്തിന്റെ പോലും ഭാഗമായി വേര്‍തിരിക്കാനാവാത്തവിധം ഗോക്കള്‍ മാറുന്നതിന്റെ സമാനതകളില്ലാത്ത മാതൃക തിരുവില്വാമലയില്‍ കാണാം.

vilvadi-cow-2

വംശനാശത്തിന്റെ വക്കിൽ വില്വാദ്രി

പേരും, പെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കള്‍ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വില്വാദ്രി, തിരുവില്വാമല, പാമ്പാടി, ഐവര്‍മഠം, ലക്കിടി, അക്കപറമ്പ്, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കേവലം മുന്നൂറില്‍ താഴെ മാത്രം തനതു പശുക്കളാണ് ഇന്ന് ഇനി ബാക്കിയുള്ളത്. തിരുവില്വാമല ക്ഷേത്രത്തിലെ ഗോക്കളെ കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള ചുരുക്കം ചില വീടുകളിലും, പഞ്ചായത്തിലെ ചില കര്‍ഷക ഭവനങ്ങളിലും ഒന്നോ രണ്ടോ എണ്ണം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. പാമ്പാടിയിലെ പ്രശസ്തമായ ഐവര്‍മഠം പൈതൃക സംരക്ഷണ സമിതിയുടെയും ശ്മശാന നടത്തിപ്പുകാരനായ കോരപ്പത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും കീഴിലുള്ള ഗോശാലയില്‍ എണ്‍പതോളം ശുദ്ധയിനം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ വില്വാദ്രി പശുക്കളുടെ സംരക്ഷണത്തിന് മാത്രമായി ഇന്ന് നിലവിലുള്ള ഏക ഗോശാലയും ഇതുതന്നെയാണ്. കോരപ്പത്ത് ട്രസ്റ്റിന്റെ ചെയര്‍മാന്‍- രമേശ് കോരപ്പത്ത് എന്ന കര്‍ഷകനാണ് ഗോശാല സ്ഥാപിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും.

വില്വാദ്രി പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ മാനിച്ച് ദേശീയതലത്തില്‍ നല്‍കുന്ന ബ്രീഡ് സേവ്യര്‍ പുരസ്കാരം 2016-ല്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

English summary: specialties of vilwadri cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com