ബൈജു ജയിലില്‍, ഭക്ഷണം തൊടാതെ വളര്‍ത്തുനായ ഉക്രു പുറത്ത്; കരളലിയിക്കുന്ന കാഴ്ചകള്‍

baiju-and-ukru
ഉക്രുവും ബൈജുവും
SHARE

ഉക്രുവിന്റെ മുഖത്തുണ്ട്, ബൈജുവിനെ കാണാത്തതിന്റെ സങ്കടം. തലതാഴ്ത്തി കിടക്കുകയാണ് അവന്‍. ബൈജു പൊലീസ് കസ്റ്റഡിയിലായതും ജയിലിലായതുമെല്ലാം തന്റെ ചികിത്സയ്ക്കു വേണ്ടിയാണല്ലോ എന്നു തിരിച്ചറിഞ്ഞപോലെയാണ് ആ നാലുവയസ്സുള്ള ഇന്ത്യന്‍ സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായയുടെ കിടപ്പ്. രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്. വെള്ളം മാത്രമാണ് കുടിക്കുന്നത്. ബൈജുവിനൊപ്പം സ്റ്റേഷനിലുണ്ടായിരുന്നപ്പോള്‍ അവന്‍ നല്‍കിയ ബിസ്‌ക്കറ്റും മറ്റും കഴിച്ചിരുന്നു. ബൈജുവിനെ കോടതിയിലേക്കു കൊണ്ടുപോകുന്നതുവരെ അവന്റെ കാല്‍ച്ചുവട്ടില്‍നിന്നു മാറിയിരുന്നില്ല, ഉക്രു. തൊട്ടും തലോടിയും പൊലീസ് സ്റ്റേഷനില്‍ അവര്‍ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അതിക്രമം കാട്ടി പൊതുമുതല്‍ നശിപ്പിച്ചെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയില്‍ റിമാന്‍ഡിലായതോടെ ശനിയാഴ്ച വൈകിട്ടോടെ ബൈജുവിനെ ജയിലിലേക്കു കൊണ്ടുപോയി. ഇതോടെ ഒറ്റയ്ക്കായ ഉക്രുവിനെ പൊലീസ് പിപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. അഡ്വ. ദീപ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കിയിട്ടും ഉക്രുവിന്റെ മുഖം തെളിയുന്നില്ല. നായ്ക്കളുടെ ഇഷ്ടഭക്ഷണമായ പെഡിഗ്രിയും മത്സ്യവും ചിക്കനും ബിസ്‌ക്കറ്റും പാലുമെല്ലാം മാറി മാറി കൊടുത്തു നോക്കി. അല്‍പം വെള്ളം മാത്രമാണ് അവന്‍ കുടിച്ചത്. 

ഈ കിടപ്പുകണ്ട് സങ്കടം സഹിക്കവയ്യാതെ പിപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ഇന്നലെ വീണ്ടും ഉക്രുവിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു. ഭക്ഷണം കഴിക്കാതെ തളര്‍ന്നതിനാല്‍ ഡ്രിപ്പ് നല്‍കിയതോടെ ഉഷാറായി. തിരികെ പരിചരണകേന്ദ്രത്തില്‍ എത്തിച്ച ശേഷം രണ്ടു സ്പൂണ്‍ ചോറും അല്‍പം മത്സ്യവും മാത്രം കഴിച്ച് അവന്‍ വീണ്ടും തലതാഴ്ത്തിക്കിടന്നു. ബൈജുവുമായി അത്രയേറെ അടുപ്പമുള്ളതിനാലുള്ള വിഷമമാണെന്നും ബൈജു പുറത്തിറങ്ങും വരെ നന്നായി പരിചരിക്കുമെന്നും ഡോ.സുഷമ പ്രഭു പറഞ്ഞു.

ukru
പിപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തക അഡ്വ. ദീപ രാമചന്ദ്രന്‍ ഉക്രുവിനൊപ്പം

വളര്‍ത്തു നായയായ ഉക്രുവിന് ചികിത്സ ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ബൈജു കഴിഞ്ഞ ദിവസം അതിക്രമം കാണിച്ചത്. ബൈജുവിന്റെയും ഉക്രുവിന്റെയും കഥ ഇങ്ങനെ: 

ഓട്ടോഡ്രൈവറായ ബൈജു വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഓട്ടോ ഓടിച്ചു വീട്ടിലേക്കു വരുമ്പോള്‍ സ്‌നേഹത്തോടെ ഓടിയെത്തിയതായിരുന്നു ഉക്രുവെന്ന വളര്‍ത്തു നായ. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ആ ഓട്ടത്തിനിടെ ഉക്രുവിന്റെ കാലില്‍ ഓട്ടോറിക്ഷയുടെ ടയര്‍ കയറി പരുക്കേറ്റു. സങ്കടം സഹിക്കവയ്യാതെ ബൈജു ഉക്രുവിനേയുമെടുത്ത് ഇരിട്ടി വെറ്ററിനറി ആശുപത്രിയിലെത്തി. അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അവരുടെ നിര്‍ദേശം. ഇരിട്ടിയില്‍ നിന്ന് ഓട്ടോവിളിച്ച് രാത്രി പതിനൊന്നരയോടെ കണ്ണൂരിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍  എത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെയും ഡോക്ടറില്ല! നിരാശയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് കയര്‍ത്തു. ഡോക്ടറെ വിളിക്കാമെന്നു സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞെങ്കിലും കുറച്ചുനേരം കാത്തുനിന്നിട്ടും ആരും വന്നില്ല. അതോടെ ദേഷ്യം സങ്കടവുമെല്ലാം ആശുപത്രിയിലെ ലാബിന്റെ ജനല്‍ച്ചില്ലുകളിലും വാതിലിലും തീര്‍ത്തു. 

ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിനെ വിളിച്ചു. അപ്പോഴേക്കും 'ഡോക്ടറില്ലെന്ന പരാതി പറയാന്‍' നായയുമായി ബൈജു പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതോടെ ഇയാള്‍ പൊലീസ് കസ്റ്റഡിയിലായി. ഒപ്പം ഉക്രുവെന്ന നായയും കൂട്ടിരുന്നു. 

പിറ്റേന്നു രാവിലെ രാവിലെ ജില്ലാ വെറ്റനറി കേന്ദ്രത്തിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ.കെ.മുരളീധരന്‍ പൊലീസ് സ്റ്റേഷനിലെത്തി നായയെ പരിശോധിച്ചു. കാലിനു പരുക്കുള്ളതിനാല്‍ ചികിത്സയും നല്‍കി. 

വെറ്ററിനറി കേന്ദ്രത്തിന് 50,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ എം.പി.ഗിരീഷ് ബാബു പറഞ്ഞു. ഇവ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കാന്‍ പിഡബ്ല്യുഡി വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ukru-1
പിപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ പ്രവര്‍ത്തക ഡോ. സുഷമ പ്രഭു ഉക്രുവിനൊപ്പം

രാത്രികാലത്ത് ഡോക്ടറില്ലാതെ വെറ്ററിനറി ആശുപത്രികള്‍

കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുമെന്ന രീതിയില്‍ പ്രഖ്യാപിച്ച രാത്രികാല മൃഗചികിത്സാ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയതാണ് ഉക്രുവിന് ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല വെറ്ററിനറി സേവനം ഉറപ്പാക്കുന്നതായിരുന്നു രാത്രികാല മൃഗചികിത്സയുടെ ഉദ്ദേശം. എന്നാല്‍, നിലവില്‍ കണ്ണൂര്‍ ജില്ലയിലെ ഏഴു ബ്ലോക്കുകളില്‍ മാത്രമാണ് വെറ്ററിനറി സര്‍ജന്മാരുള്ളത്. ഇവര്‍ക്ക് വീക്കിലി ഓഫ് വരുന്ന ദിവസങ്ങളിലും അവധിയെടുക്കുമ്പോളും ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിവരും.

നൈറ്റ് വെറ്റ് നിയമം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആയതിനാല്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടുന്നുമുണ്ട്. മാത്രമല്ല വെറ്ററിനറി ഡോക്ടര്‍മാരുടെ മനസ്സു മടുപ്പിച്ച് ഡബിള്‍ ഡ്യൂട്ടിയും നല്‍കുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികളും ഉണ്ടായി. ഇതോടെ കൃത്യമായ ചികിത്സാ സംവിധാനം ലഭിക്കാതെ വഴിയാധാരമായത് സാധാരണ കര്‍ഷകരും മൃഗസ്‌നേഹികളുമാണ്.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സയ്ക്ക് താല്‍ക്കാലിക തസ്തികയാണ് മൃഗസംരക്ഷണ വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ നേരിട്ടുള്ള നിയമനമായിരുന്നെങ്കില്‍ ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം. അതുതന്നെയാണ് പുതിയ നിയമനങ്ങള്‍ വൈകാനുള്ള പ്രധാന കാരണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനമായതിനാല്‍ സ്വന്തം ജില്ലകളിലും ബ്ലോക്കുകളിലും നിയമനം കിട്ടാനുള്ള സാധ്യത കുറയുന്നതിനാല്‍ ഡോക്ടര്‍മാര്‍ പോകാന്‍ മടിക്കുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം തന്നെ സഹായികളായി അറ്റന്‍ഡര്‍മാരെയും നിയമിക്കണമെന്നാണ് നിര്‍ദേശമെങ്കില്‍ അതിനും നടപടി ഉണ്ടാവുന്നില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപടികള്‍ക്ക് 3 മാസം വരെ സമയമെടുക്കും. ഇത്രയും കാലം ഡോക്ടറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കും.

2012ല്‍ അന്നത്തെ മൃഗസംരക്ഷണമന്ത്രി ആയിരുന്ന കെ.പി.മോഹനനാണ് രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സേവന പദ്ധതിക്ക് തുടക്കമിട്ടത്. രാത്രികാലങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ചികിത്സാ സേവനം ലഭിക്കുന്നതില്‍ കര്‍ഷകര്‍ നേരിടുന്ന പ്രയാസം കൃത്യമായി അറിയാമായിരുന്ന ഒരു ക്ഷീരകര്‍ഷകന്‍ കൂടിയായ മന്ത്രിയുടെ ഏറെ ഭാവാനാത്മകമായ പദ്ധതി ആയിരുന്നു അത്. ക്ഷീരകര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 ബ്ലോക്കുകളില്‍ ആയിരുന്നു 2012ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്കു തുടക്കമിട്ടത്. കര്‍ഷകസമൂഹത്തില്‍നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാന്‍ ആരംഭിച്ചു.

രാത്രിയെന്നോ പുലര്‍ച്ചയെന്നോ ഇല്ലാതെ കര്‍ഷകന്റെ ഫോണ്‍കോളില്‍ വെറ്ററിനറി ഡോക്ടറും അറ്റന്‍ഡറും കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തി വളര്‍ത്തുമൃഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കും. വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ അടിയന്തിര മരുന്നുകള്‍ കര്‍ഷകന് പദ്ധതിക്കു കീഴില്‍ സൗജന്യമായി ലഭിക്കും എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. അടിയന്തിര ചികിത്സാസേവനം ലഭിച്ചില്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന വിഷമ പ്രസവം, പ്രസവ തടസം, ഗര്‍ഭാശയം പുറന്തള്ളല്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയും സംഭവിക്കുന്നത് രാത്രിയും പുലര്‍ച്ചെയുമാണ്. ആടുകളിലും പശുക്കളിലുമെല്ലാം അടിയന്തിര പ്രസവ ശസ്ത്രക്രിയകളടക്കം വേണ്ടി വരുന്നതില്‍ അധികവും രാത്രികാലങ്ങളില്‍ തന്നെ. അതിനാല്‍ ഈ സമയങ്ങളില്‍ ഫോണ്‍ കോളില്‍ തന്നെ ഡോക്ടറുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാകുന്നത് കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായം ചെറുതല്ല. ഇതുകൊണ്ടെല്ലാം തന്നെ നടപ്പിലാക്കിയ ബ്ലോക്കുകളിലെല്ലാം രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സേവന പദ്ധതിക്ക് കര്‍ഷകര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയേറെ.

English summary: Pet Dog Refuses to Eat Food

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA