ADVERTISEMENT

കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണു മിക്കവരും അരുമകളെ പരിപാലിക്കുന്നത്. തോളിൽ എടുത്തും ഒക്കത്തിരുത്തിയും കുട്ടികളെ കൊണ്ടു നടക്കുന്നതുപോലെ രണ്ടു കൈകളിലുമായി മലർത്തിയെടുത്തും കൊഞ്ചിക്കുന്നവർ ധാരാളം. ചിലർ ഉമ്മ കൊടുക്കുന്നു. ചിലരാകട്ടെ കിടപ്പുമുറിയിൽ വളർത്തുന്നു. കൂടെ, സ്വന്തം കട്ടിലിൽ തന്നെ കിടത്തുന്നവരും കുറവല്ല. മുന്തിയ ഇനം നായ്ക്കുട്ടികളും പൂച്ചകളും നാട്ടിൻപുറങ്ങളിൽപോലും സുലഭമായപ്പോൾ വളർത്തുന്നവരുടെ എണ്ണം കൂടി. നന്നായി പരിശീലിപ്പിച്ച വളർത്തുമൃഗങ്ങളുടെ വിഡിയോയും അവയുടെ കുസൃതികളിലും മറ്റും നവമാധ്യമങ്ങളിൽ ഹിറ്റായതോടെ അവയോടുള്ള അറപ്പും പേടിയും മാറി. കാവലായി മുറ്റത്തുകിടന്നവർ മടിയിലും കിടക്കയിലും കൂടെക്കൂടി.

ഈ ശീലമൊന്നും നല്ലതല്ല. ശരിയായ പരിപാലന മുറയുമല്ല. 

നായ്ക്കുട്ടികളുടെ അനുസരണ ശീലവും ഇവയുടെ കളികളുമാണു നമുക്ക് ഇവയെ പ്രിയപ്പെട്ടവരാക്കുന്നത്. നല്ല രീതിയിൽ പരിചരിച്ചാൽ നല്ല സൗഹൃദവും മാനസികോല്ലാസവും ലഭിക്കുന്ന നല്ല കൂട്ടുകാരാണ് അരുമകൾ. എന്നാൽ വൃത്തിഹീനമായതും തെറ്റായ രീതികളും അവലംബിച്ചാൽ മാരക രോഗങ്ങൾ മനുഷ്യരിലേക്കു പടർത്താൻ കഴിവുള്ളവരാണ് ഈ അരുമകൾ. ഇത്തരം രോഗങ്ങളെ ജന്തുജന്യരോഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്. നായ്ക്കളുടെയും പൂച്ചകളുടെയും കടിയേൽക്കുകയോ, മാന്തൽ ഏൽക്കുകയോ, ഉമിനീർ, മറ്റു വിസർജ്യങ്ങൾ എന്നിവ വഴിയോ , ബാക്ടീരിയ, വൈറസ്, പരാദങ്ങൾ, ഫംഗസ് തുടങ്ങിയവ മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും രോഗപ്രതിരോധശേഷി കുറവുള്ളവരും യാതൊരു കാരണവശാലും അരുമകളുമായി നേരിട്ട് ഇടപഴകാൻ പാടില്ല.

അരുമകളിൽ നിന്ന് പകരുന്ന അസുഖങ്ങൾ

  • പേവിഷബാധ
  • വയറിളക്കം,വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ ‘കാംഫൈലോബാക്ടർ’ അണുബാധ
  • തൊലിപ്പുറത്തു വരുന്ന ചുണങ്ങ്
  • ടോക്സോകാര ഇൻഫെക്ഷൻ

(നായ്ക്കളുടെയും പൂച്ചകളുടെയും വിസർജ്യങ്ങളിൽ കാണുന്ന ആന്തരിക പരാദങ്ങളുടെ മുട്ട  മനുഷ്യന്റെ ഭക്ഷണത്തിലൂടെയോ കൈകളിലൂടെയോ മനുഷ്യന്റെ ഉള്ളിൽ കടന്നാൽ ഈ   രോഗം വരാം. പനി,ചുമ, കരൾവീക്കം, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുവന്ന പാടുകൾ ഒക്കെ ഇതിന്റെ ലക്ഷണമാണ്).

  • പേൻ, ചെള്ള് തുടങ്ങിയ ബാഹ്യപരാദബാധ.
  • എലിപ്പനി കൂടാതെ സാൽമോണല്ല, ബ്രുസല്ല തുടങ്ങി ബാക്ടീരിയകൾ മൂലമുള്ള അസുഖങ്ങൾ 

സുരക്ഷിതമായി എങ്ങനെ വളർത്താം

  • കൃത്യമായി പ്രതിരോധ വാക്സിൻ നൽകണം. ശരിയായ വൈദ്യപരിശോധന വെറ്ററിനറി സർജന്റെ  സഹായത്തോടു കൂടി നടത്തണം. അതുവഴി അരുമകളുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കാൻ കഴിയും.
  • സന്ദർശന മുറിയിലും കിടപ്പുമുറിയിലും ഒരു കാരണവശാലും അരുമകളെ പ്രവേശിപ്പിക്കരുത്.
  • അരുമകളെ സ്പർശിച്ചതിനു ശേഷം കൈ കഴുകണം. മാലിന്യവും വിസർജ്യവും നീക്കം ചെയ്യുന്നതിനു കയ്യുറ ധരിക്കണം.
  • ഉമ്മ കൊടുക്കുക, അരുമകളുടെ വായിൽ കയ്യിടുക, തോളിൽ കിടത്തുക തുടങ്ങിയ രീതികൾ ഒരിക്കലും ചെയ്യരുത്.
  • വീടിനു പുറത്തു പ്രത്യേകം കൂടൊരുക്കണം. നല്ല വായു സഞ്ചാരം ഉള്ള വൃത്തിയും വെടിപ്പുമുള്ള കൂടായിരിക്കണം.
  • ഭക്ഷണം പാചകം ചെയ്യുന്നിടത്തോ കഴിക്കുന്നിടത്തോ പ്രവേശിപ്പിക്കരുത്.
  • കുളിപ്പിക്കുന്നതു വീടിനു വെളിയിൽ വച്ചാകണം. മനുഷ്യരുടെ കുളിമുറി മൃഗങ്ങൾക്കായി ഉപയോഗിക്കരുത്.
  • പാർവോ വൈറസ്, കനൈൻ ഡിസ്റ്റംബർ തുടങ്ങിയ അസുഖങ്ങൾ നായ്ക്കൾക്കു മാത്രം ബാധിക്കുന്നതാണ്. മനുഷ്യരിലേക്കു പടരില്ല.

നല്ല പരിപാലന മുറകളും ശരിയായ പരിശീലനവും നൽകിയാൽ നല്ല സ്നേഹിതർ തന്നെയാണ് അരുമകൾ. എന്നാൽ മൃഗവും മനുഷ്യനും തമ്മിലുള്ള അതിർവരമ്പു സൂക്ഷിക്കേണ്ടതു മനുഷ്യരുടെ ആരോഗ്യത്തിന് ആവശ്യമാണ് .

തയാറാക്കിയത്: 

ഡോ. ഷാഹുൽ ഹമീദ്, 

അസിസ്റ്റന്റ് ഡയക്ടർ, വെറ്ററിനറി ഹോസ്പിറ്റൽ, അഞ്ചൽ. vetshahul@gmail.com

karshikam@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com