ADVERTISEMENT

ഓരോ നായ്ക്കുട്ടിയെയും ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ വ്യക്തിയും കൂടെ കൂട്ടുക. കൂട്ടുകൂടാനോ കാവൽക്കാരനാവാനോ ബ്രീ‍ഡിങ്ങിലൂടെ പുതിയൊരു തലമുറയെ സൃഷ്ടിക്കാനോ ഒക്കെയാകും നായ്ക്കളെയും അതുപോലെ മറ്റ് അരുമകളെയും ഓരോരുത്തരും വാങ്ങുക. അത്തരത്തിൽ ബ്രീഡിങ്ങിനായി വാങ്ങിയ നായ്ക്കുട്ടിക്ക് കേൾവി ഇല്ല എന്നറിഞ്ഞപ്പോൾ ഉപേക്ഷിക്കാൻ ഒരുപാട് പേർ പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് രാജപാളയം നായ്ക്കളെ വളർത്തുന്ന പ്രവീൺ പി.മേനോൻ. കേൾവി ഇല്ലാത്തതിന്റെ പേരിൽ ആ നായ്ക്കുട്ടിയെ ഉപേക്ഷിച്ചില്ല. അതുപോലെതന്നെ ബ്രീഡിങ്ങിന് ഉപയോഗിച്ചുമില്ലെന്ന് പ്രവീൺ പറയുന്നു. പ്രവീൺ കർഷകശ്രീ ഓൺലൈനിന് അയച്ച കുറിപ്പ് വായിക്കാം...

ചിലരുടെ മനസ്സിൽ ബ്രീഡിങ് ഒരു പാപമാണ്. കച്ചവട ഉദ്ദേശത്തോടുകൂടി നായ്ക്കളെ പ്രജനനം ചെയ്യിപ്പിച്ചു കാശുണ്ടാക്കുന്നത് ശരിയല്ലെന്നാണ് അവർ പറയുന്നത്. എന്നാൽ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രവർത്തിയാണ് പ്രജനനവും പ്രസവപരിചരണവുമെല്ലാം. എത്തിക്കൽ ബ്രീഡിങ് സമ്പ്രദായം ഉള്ളതുകൊണ്ടാണ് ഇന്ന് നാട്ടിൽ പല നായ സ്നേഹികൾക്കും വളരെ മികച്ച നായക്കുഞ്ഞുങ്ങളെ വളർത്താനും, പരിപാലിക്കാനും സാധിക്കുന്നത്. എന്നാൽ ഓരോ കുഞ്ഞും ജനിക്കുമ്പോൾ മുതൽ പുതിയ ഉടമകളുടെ കൈകളിൽ എത്തുന്നതു വരെയുള്ള ഒന്നര മാസ കാലയളവ് ഒരു ബ്രീഡറെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരും.

സാധാരണയായി നായയുടെ പ്രസവകാലം എന്നു പറയുന്നത് ഇണചേർത്തതിനു ശേഷം 58-64 ദിവസങ്ങളാണ്. പ്രസവദിനം അടുത്തു വന്നാൽ, ഒരുപാട് മുൻകരുതലുകൾ ഒരു ബ്രീഡർ കൈക്കൊള്ളണം.

വൃത്തിയുള്ളതും വായുസഞ്ചാരം ഉള്ളതുമായ മുറി ആയിരിക്കണം പ്രസവിക്കാറായ നായ്ക്കായി ഒരുക്കേണ്ടത്. പ്രസവത്തിന് ഏതാനും ദിവസം മുന്നേ തന്നെ നായയെ പ്രസവമുറി പരിചയപ്പെടുത്തണം. ഇത് അവരുടെ സമ്മർദ്ദം കുറയ്ക്കും. പുറത്തുനിന്നുള്ള ശബ്ദങ്ങളോ, ശല്യങ്ങളോ ഉണ്ടാകാൻ പാടില്ല. ഇവയെല്ലാം നായയെ ആസ്വസ്ഥയാക്കും. ചിലപ്പോൾ കുഞ്ഞുങ്ങളെ ചവിട്ടാനും, അതേത്തുടർന്ന് കുഞ്ഞുങ്ങളുടെ മരണത്തിനും സാധ്യത ഉണ്ട്. നായയ്ക്ക് കിടക്കാൻ കട്ടിയുള്ള കാർഡ്ബോർഡ്  വിരിച്ചു കൊടുക്കുന്നത് നല്ലതായിരിക്കും. താഴെ നിന്നുള്ള തണുപ്പ് ഒഴിവാക്കാൻ അത് ഉപകരിക്കും. തുണിയോ ചാക്കോ കഴിവതും ഒഴിവാക്കുക, അതിന്റെ ഇടയിൽപ്പെട്ടു കുഞ്ഞുങ്ങൾ അപകടമുണ്ടാകാം.

പത്രക്കടലാസ് പോലുള്ളവ പിച്ചിയിടാം, ഒരു പരിധി വരെ നിലത്തു ചൂട് നിലനിർത്താൻ ഇത്തരത്തിലുള്ള രീതികൾക്കൊണ്ടു കഴിയും. മഴക്കാലമെങ്കിൽ റൂമിൽ ഒരു ഫിലമെന്റ് ബൾബ് ഇട്ടു ചൂട് നിലനിർത്തണം.

പ്രസവത്തോട് അനുബന്ധിച്ചുള്ള സമ്മർദ്ദം ഒഴിവാക്കാൻ നായയ്ക്ക് തുണിയോ പേപ്പറോ കടിക്കാൻ ഇട്ടു കൊടുക്കാം. നേർപ്പിച്ച പാൽ, ഗ്ലൂക്കോസ് വെള്ളവും അവിടെത്തന്നെ കരുതണം. ഭക്ഷണ അവശിഷ്ടം ഉടനെ മാറ്റണം. പ്രാണികളോ ഉറുമ്പോ വരാതെ നോക്കണം.

പ്രസവസമയത്ത് ആവശ്യമായ വസ്തുക്കൾ സ്റ്റൈയ്ൻലസ് സ്റ്റീൽ ബ്ലേഡ്, ബെറ്റാഡിൻ ലായനി, ശുദ്ധമായ തുണി കഷ്ണങ്ങൾ, പഞ്ഞി, കാത്സ്യം സിറപ്, (ഒരോ കുഞ്ഞു ജനിച്ചശേഷളും 5 മില്ലി കാത്സ്യം അമ്മ നായയ്ക്ക് കൊടുക്കണം), ഗ്ലൂക്കോസ് പൊടീ, കത്രിക, കൂടാതെ മറ്റു പ്രഥമരക്ഷാ മരുന്നുകളും കരുതണം. ആദ്യമായിട്ട് ഒരാൾ പ്രസവം എടുക്കുന്നു എങ്കിൽ ഒരു പരിചയസമ്പന്നനായ ബ്രീഡറുടെ സഹായം തേടുക. നേരിട്ട് സഹായം ഇല്ലെങ്കിലും സമൂഹമാധ്യമങ്ങൾ വഴി മാർഗ്ഗ നിർദ്ദേശങ്ങൾ അപ്പപ്പോൾ വാങ്ങുക. വിഷമപ്രസവം ആണെങ്കിൽ അഥവാ പ്രസവിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഉടനടി ഡോക്ടർമാരുടെ സേവനം തേടണം. തണ്ണിക്കുടം പൊട്ടിയിട്ടും കുഞ്ഞുങ്ങൾ പുറത്തുവന്നില്ലെങ്കിൽ ഉദരത്തിൽവച്ചുതന്നെ കുഞ്ഞുങ്ങൾ മരണപ്പെടാനുള്ള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങൾ പുറത്തേക്ക് വരാൻ ബുദ്ധിമുട്ടാണെങ്കിൽ സിസേറിയൻ വേണ്ടിവരും.

ചില നായ്ക്കൾ പ്രസവസമയത്ത് അക്രമാസക്ത ആകാറുണ്ട്. കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം ആകാം പ്രധാന കാരണം. ഇതെല്ലാം കണ്ട് ഒരു ബ്രീഡർ ഭയക്കരുത്. ആത്മവിശ്വാസത്തോടെ നായയെ പരിചരിക്കുക. നമ്മുടെ ഭയം അവർക്ക് പെട്ടന്നു മനസ്സിലാകും. അത് അവയോട് ആ സമയങ്ങളിൽ അടുത്ത് ഇടപെടാൻ ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.

rajapalayam-1

കുഞ്ഞു പുറത്തുവരുന്ന വേളയിൽ അമ്മ നായ പൊക്കിൾക്കൊടി മുറിച്ച് മാറ്റുന്നില്ലെങ്കിൽ നമ്മൾ അത് ചെയ്യേണ്ടി വരും. 2 ഇഞ്ച് നീളം വിട്ടു പൊക്കിൾക്കൊടി മുറിക്കാം. ശേഷം ബെറ്റാഡിൻ ലായനി പുരട്ടി ഒരു നൂലിട്ടു കെട്ടി കുഞ്ഞിനെ തുടച്ച് അമ്മയുടെ പാൽ കിട്ടാനായി കൂടെ കിടത്തുക. അമ്മ നമ്മളെ വിരട്ടിയാലോ (ചിലപ്പോൾ കടിക്കാൻ സാധ്യതയും ഉണ്ട്) ശ്രമം ഉപേക്ഷിക്കത്തെ കുഞ്ഞിനെ പാൽ കുടിപ്പിച്ച ശേഷം ഒരു പെട്ടിയിലേക്ക് (തുണി വിരിച്ചത് ) മാറ്റി കിടത്തുക. തുടർന്ന് അടുത്ത കുഞ്ഞിനായുള്ള കരുതലെടുക്കുക.

പ്രസവ ഇടവേളകൾ ചിലപ്പോൾ മണിക്കൂറുകൾ നീളാം. 16-20 മണിക്കൂർ വരെ പ്രസവദൈർഘ്യം ഉണ്ടാകാം. ഈ വേളയിൽ എല്ലാം ബ്രീഡർ തന്റെ നായയുടെ കൂടെ ഉണ്ടാകേണ്ടതുണ്ട്. പ്രാഥമിക ആവശ്യങ്ങൾ പോലും ഒരുപക്ഷേ ഒരുപാട് ബുദ്ധിമുട്ടി ആയിരിക്കാം അവർ ആ വേളയിൽ ചെയുന്നത്. ബ്രീഡിങ് മഹത്തരവും വളരെ ശ്രദ്ധയും അറിവും ആവിശ്യമായ ഒരു സേവനരംഗം ആണ്. അതിന്റെ സവിശേഷത മനസിലാക്കാതെ ബ്രീഡർമാരെ ഒന്നടങ്കം പുച്ഛിക്കുന്നു, വെറുക്കുന്നു എന്നുള്ളത് ഏറെ സങ്കടകരമാണ്.

ഇതുവരെ പറഞ്ഞത് പ്രജനനവുമായി ബന്ധപ്പെട്ട കാര്യം. ഇനി ഒരു അനുഭവംകൂടി ഇതിനോടു കൂട്ടിച്ചേർത്തു പറയേണ്ടതുണ്ട്.

ഒരുപാട് ആശിച്ച് മോഹിച്ച്  തമിഴ്നാട്ടിൽ ചെന്ന് ഒരു നല്ല പഴയകാല ബ്രീഡറുടെ കൈയിൽ നിന്നു രാജപാളയം ആൺ നായയെ വാങ്ങി. എനിക്ക് രാജപാളയം ഇനം പെൺനായ്ക്കൾ ഒരുപാട് ഉണ്ടായിരുന്നു. തീർച്ചയായിട്ടും ബ്രീഡിങ്ങിനുവേണ്ടി തന്നെയാണ് ഒരു ആൺനായയെ തിരഞ്ഞെടുത്തത്. വെറും 37 ദിവസം പ്രായം. ആ കുഞ്ഞിനെയുംകൊണ്ട് നാട്ടിലെത്തി അതിനുവേണ്ട പരിചരണങ്ങളും തുടങ്ങി.

rajapalayam--2

സ്വതവേ എല്ലാരോടും അടുപ്പം കാണിക്കുന്ന അവൻ, രാത്രി കിടന്നു ഉറങ്ങിയിരുന്നത് എന്റെ നെഞ്ചിൽ ആയിരുന്നു. നമ്മുടെ ദേഹത്തെ ചൂടുപറ്റി കിടക്കാൻ നായ്ക്കൾക്ക് വളരെ ഇഷ്ടമാണ്. അങ്ങനെ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു കാര്യം മനസ്സിലായി. ആ നായ്ക്കുഞ്ഞിന് കേൾവി ഇല്ല. ഒരുപാട് പേർ പറഞ്ഞു ആർക്കെങ്കിലും വെറുതെ കൊടുക്കാൻ. അല്ലെങ്കിൽ പകുതി വിലയ്ക്ക് വിൽക്കാൻ. അതുമല്ലെങ്കിൽ വഴിയിൽ ഉപേക്ഷിക്കാൻ. ഞാൻ ചെവിക്കൊണ്ടില്ല. കാരണം നായ്‌പരിപാലനത്തിൽ എനിക്ക് മാർഗനിർദേശങ്ങൾ തന്നിരുന്നത് കോട്ടയം പാമ്പാടിയിലുള്ള കേരളത്തിലെ ഏറ്റവും പ്രമുഖനായ രാജപാളയം ബ്രീഡർ ആയിരുന്നു. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട് കൂടെക്കൂട്ടിയവെ ഉപേക്ഷിക്കാനുള്ള മനസ് വന്നില്ല. അവൻ വളർന്നു... അവനു കാതും കരുത്തും ആയി ഞാനും എന്റെ കുടുംബവും നിലനിന്നു..

ചെവി കേൾക്കില്ലെങ്കിലും അവന് എല്ലാം മണത്തിലൂടെ തിരിച്ചറിയാൻ കഴിയും. ഞാൻ വീട്ടിലേക്കു വരുന്നത് ആദ്യം അറിയുന്നത് അവനാണ്. എന്റെ ഗന്ധം ഒരുപക്ഷേ മനസിലാകുന്നുണ്ടാകാം. ദൂരെ നിന്നു കാണുമ്പോഴേ അവൻ വലാട്ടി ദേഹം കുലുക്കി കാണിക്കും. എന്റെ കയ്യീന്ന് എന്തെങ്കിലും വാങ്ങി കഴിച്ചിട്ടേ അവൻ അടങ്ങുകയുള്ളൂ. മറ്റ് ആൺ നായ്ക്കളുടെ കൂടെ ഇവനെ വിടാറില്ല. കാരണം അവന് എല്ലാരോടും അമർഷമാണ്. മറ്റു മൃഗങ്ങളോടും ദേഷ്യം ആണ്. വീട്ടിലേക്ക് ഒരാൾ കയറി വന്നാൽ ചീറും. കൂട്ടിൽ ആയതുകൊണ്ട് അവൻ അവരെ ആക്രമിക്കുന്നില്ല എന്ന് മാത്രം. അവനെ അഴിച്ചു വിടുന്ന അവന്റെ സ്വൈര്യ വിഹാരവേളകളിൽ മറ്റുള്ളവരെ വിടുകയില്ല. ഇത്രയൊക്കെയാണെങ്കിലും ഞാനും എന്റെ കുടുംബവും അവനു ജീവനാണ്.

English summary:  Breeder tells about his deaf Rajapalayam Dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com