പേവിഷബാധയേറ്റ് മരണത്തോട് അടുത്ത് പശു; വളർത്തുമൃഗങ്ങളുടെ ദയനീയ മരണം ഇങ്ങനെ– വിഡിയോ

rabies
പേവിഷബാധയേറ്റ് ചത്ത പശു
SHARE

ഭക്ഷണം കഴിക്കാതെ, വായിലൂടെ നുരയും പതയും വന്ന്, നാക്ക് പുറത്തേക്ക് തള്ളി യാതന അനുഭവിച്ചൊരു മരണം. പേവിഷബാധയേറ്റുള്ള മരണം അത് കണ്ടുനിൽക്കുന്നവർക്ക് മാനസിക വിഷമം നൽകുന്ന ഒന്നാണ്. രോഗം പിടിപെട്ടാൽ മരണം മാത്രം മുൻപിലുള്ള ഈ ജന്തുജന്യ വൈറസ് രോഗം പലപ്പോഴും അശ്രദ്ധയുടെ പരിണിതഫലമായിരിക്കാം. ഏതാനും ദിവസങ്ങൾക്കു മുൻപ് തൃശൂരിൽ വിദ്യാർഥി മരണമടഞ്ഞതാണ് പേവിഷാധയേറ്റുള്ള ഒടുവിലത്തെ മരണം. എന്നാൽ, വളർത്തുമൃഗങ്ങൾക്കും പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് പലേടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിൽ പ്രധാന ഇര പശുക്കളാണ്.

വളർത്തു മൃഗങ്ങളിലെ പ്രത്യേകിച്ചു കന്നുകാലികളിലെ പേവിഷബാധ പലപ്പോഴും അറിയാതെയോ, ശ്രദ്ധിക്കപ്പെടാതെയോ പോകാറാണ് പതിവ്. തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾക്ക് പലപ്പോഴും പേപ്പട്ടിയുടെ കടിയേൽക്കാറുണ്ട്. അത് പലപ്പോഴും ഉടമ അറിയാറുകൂടിയില്ല. കടിയേറ്റ് 10 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മുഖത്താണ് കടിയേൽക്കുന്നതെങ്കിൽ രോഗം അതിവേഗം പിടിപെടും.

മനുഷ്യരിൽ കാണപ്പെടുന്ന ജലഭീതി മൃഗങ്ങളിൽ കാണാറില്ല. തീറ്റ മടുപ്പ്, വായിൽനിന്ന് ഉമനീർ ഒലിപ്പ്, അക്രമ സ്വഭാവം, പ്രത്യേക ശബ്ദത്തിലുള്ള കരച്ചിൽ, വയറിന്റെ ഇടതു ഭാഗം അകത്തേക്ക് ചുരുങ്ങുക, തുള്ളി തുള്ളിയായി മൂത്രം ഒഴിക്കുക എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. രോഗം മൂർച്ഛിക്കുമ്പോൾ തളർച്ച ബാധിച്ച് വീണുപോവുകയും ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്യും. ഒരു ജന്തുജന്യ രോഗമായതു കൊണ്ടും രോഗബാധയുണ്ടാൽ മരണം സുനിശ്ചിതമാണെന്നും മരണത്തിന്റെ അവസാന നിമിഷത്തിലും രോഗി ബോധവാനായിരിക്കുമെന്നുള്ളതും ഈ രോഗത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്.

തീറ്റമടുപ്പിൽ തുടങ്ങുന്ന രോഗലക്ഷണം 2–3 ദിവസം ആകുമ്പോഴേക്ക് പേവിഷബാധയുടെ പ്രകടമായ ലക്ഷണങ്ങളിലേക്കു മാറും. പലപ്പോഴും തീറ്റ എടുക്കാൻ മടിക്കുന്നു എന്ന രോഗലക്ഷണവുമായി ആയിരിക്കും ഉടമകൾ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. ലക്ഷണങ്ങൾ വച്ചുള്ള മരുന്ന് നൽകിയാൽ അത് ഫലിക്കുകയുമില്ല. ക്രമേണ രോഗം മൂർച്ഛിച്ച് മരണത്തിലേക്ക് കടക്കും. എന്നാൽ, ഉടമകൾ നിർദേശിച്ചാൽ ദയാവധം നൽകാറുണ്ട്. പശുവിനെ പരിചരിക്കുന്നവർ പേവിഷബാധയ്ക്ക് എതിരേയുള്ള കുത്തിവയ്പ്പ് എടുക്കുന്നത് ജീവൻ സുരക്ഷിതമാക്കാൻ ഉപകരിക്കും.

കായംകുളം–പത്തിയൂർ അതിർത്തിയിൽ പുല്ലുകുളങ്ങര ചന്തയിൽ പേവിഷബാധയേറ്റ പശുവിന്റെ വിഡിയോയാണ് മുകളിലുള്ളത്. കായംകുളം വെറ്റരിനറി പോളിക്ലിനിക്കിലെ ഡോ. വേണുഗോപാൽ ഇന്ന് രാവിലെ ചിത്രീകരിച്ച വിഡിയോയാണത്. ഉച്ചയോടെ പശു ചത്തു.

സമൂഹത്തിൽനിന്ന് പേവിഷബാധ രോഗഭീതി ഒഴിവാക്കുന്നതിനുള്ള പ്രതിവിധി വളർത്തുനായ്ക്കളെയും പൂച്ചകളെയും പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുകയും തെരുവുനായ്ക്കളുടെ ഭക്ഷണസ്രോതസുകളായ മാലിന്യക്കൂമ്പാരങ്ങൾ തെരുവിൽ സൃഷ്ടിക്കാത്ത രീതിയിൽ മാലിന്യനിർമാർജനം ചെയ്യുക എന്നുള്ളതുമാണ്.

English summary: The Warning Signs Of Rabies In Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA