ആട്ടിൻകുട്ടികൾ തളർന്നു വീഴുന്നു; അധികമായാല്‍ പാലും ആട്ടിന്‍കുട്ടികള്‍ക്ക് ദോഷം

goat-kid
SHARE

നല്ല ചൊടിയും ചുണയും ശരീരഭാരവുമുള്ള, നല്ലതുപോലെ പാല്‍ കുടിച്ചിരുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ 5 - 21 ദിവസം പ്രായത്തിനിടയില്‍ പെട്ടെന്ന് കൂനിക്കൂടി നില്‍ക്കുന്നു. പാല്‍ കുടിക്കാനുള്ള ഇവരുടെ താല്‍പര്യം  കുറയുന്നു. ക്ഷീണിതരാകുന്ന ഇവര്‍ പിന്നീട് വേച്ചു നടന്ന് കുഴഞ്ഞുവീഴുന്നു. തളര്‍ന്നു കിടന്നു പോകുന്ന ഇവര്‍  ചത്തുപോകുകയും ചെയ്യുന്നു. മൂന്നാഴ്ചയില്‍ താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളെ ബാധിക്കുന്ന ഫ്‌ളോപ്പി കിഡ് സിന്‍ഡ്രോമിന്റെ രോഗാവസ്ഥയാണ് മേല്‍ വിവരിച്ചത്. അധികം പാല്‍ കുടിക്കുന്ന ആട്ടിന്‍കുട്ടികളുടെ ആമാശയത്തില്‍ രോഗാണുക്കളായ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ലാക്ടിക് ആസിഡ് അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ലാക്ടിക് അസിഡോസിസ് എന്ന ഈ അവസ്ഥ ആത്യന്തികമായി തലച്ചോര്‍, നാഡീവ്യൂഹം എന്നിവയെ ബാധിക്കുകയും തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

 • നടക്കാനുള്ള പ്രയാസം, ആടിയാടിയുള്ള നടത്തം, ഓട്ടം.
 • തളര്‍ച്ചയും നിര്‍ജലീകരണവും.
 • ശരീരോഷ്മാവ് കുറയുക.
 • രക്തത്തിലെ ഗ്‌ളൂക്കോസ് നില താഴുന്നു.
 • വയറിളക്കം, വയറു വീര്‍ക്കല്‍.
 • കുഴഞ്ഞുവീണു കിടക്കുക.

ചികിത്സ

 • വിദഗ്ധ ചികിത്സ കുട്ടികളെ രക്ഷപ്പെടുത്താന്‍  അത്യാവശ്യം.
 • തളര്‍ച്ചയുടെ തുടക്കത്തില്‍ അര ടീസ്പൂണ്‍ അപ്പക്കാരം വായിലൂടെ നല്‍കുക.
 • മറ്റു രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം.
 • ആമാശയത്തിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക് മരുന്നുകള്‍.
 • ചികിത്സ കഴിഞ്ഞ ദിവസങ്ങളില്‍ മിതമായ അളവില്‍ മാത്രം പാല്‍ നല്‍കുക.

കര്‍ഷകര്‍ക്ക് ചെയ്യാവുന്നത്

 • ആദ്യത്തെ ആഴ്ചകളില്‍ അധിക അളവില്‍ പാല്‍ കഴിക്കുന്നത് ഒഴിവാക്കണം. തള്ളയാടിന് പാല്‍ കൂടുതലും കുട്ടികളുടെ എണ്ണം കുറവുമാണെങ്കില്‍ അധികം പാല്‍ കറന്നെടുക്കുക.
 • അണുബാധ ഒഴിവാക്കാന്‍ പരിസരശുചിത്വം.
 • അമിതമായ തണുപ്പ്, സ്ഥലസൗകര്യമില്ലായ്മ, വൃത്തിയില്ലായ്മ എന്നിവ രോഗസാധ്യത കൂട്ടുന്നു.
 • ആവശ്യമെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമച്ചൂട് നല്‍കുക.
 • ഈര്‍പ്പരഹിതമായ സ്ഥലം കുട്ടികള്‍ക്ക് നല്‍കണം.
 • നല്ല ആരോഗ്യവും തൂക്കവും വളര്‍ച്ചയുമുള്ള കുട്ടികള്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ അവയെ പ്രത്യേകം ശ്രദ്ധിക്കണം.
 • കുട്ടികളില്‍ തളര്‍ച്ച കണ്ടാല്‍ പിന്നീടുള്ള രണ്ടു ദിവസം പാല്‍ നല്‍കാതിരിക്കുകയും, ഒരു ടീസ്പൂണ്‍ അപ്പക്കാരം ഒരു ഗ്ലാസ് വെള്ളത്തില്‍ നേര്‍പ്പിച്ച് രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് നല്‍കുകയും വേണം.

ചുരുക്കത്തില്‍ കുടലില്‍ ഉണ്ടാകുന്ന ബാക്ടീരിയ അണുബാധ മൂലം ആട്ടിന്‍കുട്ടികള്‍ക്ക് പാല്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് അമ്ലത കൂട്ടുകയും രോഗലക്ഷണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ രോഗാണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ പാല്‍ നിര്‍ത്തി, അപ്പക്കാരലായനി നല്‍കി കുട്ടികളെ രക്ഷപ്പെടുത്തുക. തുടര്‍ ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക. അപ്പക്കാര ലായനി നല്‍കുമ്പോള്‍ രോഗം കുറയുന്നുണ്ടെങ്കില്‍ പ്രശ്‌നം 'ഫ്‌ളോപ്പി കിഡ് സിന്‍ഡ്രോം' തന്നെയാണെന്ന് ഉറപ്പിക്കാം.

English Summary: Floppy Kid Syndrome Goat Kid

MORE IN PETS AND ANIMALS
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA