ADVERTISEMENT

പോത്തു വളർത്തലിൽ താൽപര്യം  പ്രകടിപ്പിച്ച് ഒട്ടേറെ സംരഭകർ മുന്നോട്ടു വരുന്ന സമയമാണിത്. എന്നാൽ പോത്തിൻകുട്ടികൾ ഉണ്ടാകണമെങ്കിൽ എരുമവളർത്തൽ വേണമല്ലോ? കേരളത്തിൽ വളർത്തപ്പെടുന്ന പോത്തിൻകുട്ടികൾ അന്യസംസ്ഥാനങ്ങളിൽനിന്നും എത്തുന്നവയാണ്. കേരളത്തിൽ എരുമകളെ വളർത്തിയെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നതാണ്  ഇതിന്റെ കാരണം. ചൂടും ഈര്‍പ്പവും അധികമുള്ള കാലാവസ്ഥയോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍, തീറ്റക്രമത്തിലെ സവിശേഷതകള്‍, സങ്കീര്‍ണ്ണമായ പ്രത്യുൽപാദനം, കറവ സംബന്ധമായ പ്രശ്‌നങ്ങള്‍, എരുമക്കുട്ടികളുടെ ആരോഗ്യം എന്നിവയാണ് എരുമ വളര്‍ത്തലിലെ പ്രധാന വെല്ലുവിളികള്‍.

ചൂടും എരുമകളും

വെള്ളത്തോടും, ജലാശയങ്ങളോടും സ്വതസിദ്ധമായൊരിഷ്ടം  എരുമകള്‍ക്കുണ്ട്. ചെളിവെള്ളത്തിലുരുളുന്നതും, വെള്ളത്തില്‍ നീന്തിത്തുടിയ്ക്കുന്നതും ഏറെയിഷ്ടപ്പെടുന്ന മികച്ച നീന്തല്‍ക്കാര്‍. ഇത് ശരീരതാപവും, ബാഹ്യപരാദങ്ങളേയും നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു. എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും, കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവുമൊക്കെ ശരീരതാപനില നിയന്ത്രിക്കാനുള്ള ശേഷിക്കുറവിന് കാരണമാകുന്നു. ചൂടു കൂടുമ്പോള്‍ ജലവും തണലും തേടി ഇവ നീങ്ങുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുന്നത് ഇതിനാലാണ്. 

തീറ്റ പരിപാലനം

ഗുണമേന്മ കുറഞ്ഞ പരുഷാഹാരം പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ എരുമകള്‍ക്കാവുന്നു. അതിനാല്‍തന്നെ ഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യാവസായിക ഉൽപന്നങ്ങള്‍ തീറ്റയായി നല്‍കാം. സെല്ലുലോസ് ദഹിപ്പിക്കാനുള്ള കഴിവ് കൂടുതലുണ്ട്.  ഓരോ രണ്ട് കിലോഗ്രാം  പാലുൽപാദനത്തിനും ഓരു കിലോഗ്രാം സമീകൃത തീറ്റ വേണം. ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ വ്യാപ്തം എരുമകളില്‍ കൂടുതലാണ്. തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ള പരുഷാഹാരത്തിന്റെ ലഭ്യതക്കുറവ് തന്നെ നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി.

സങ്കീര്‍ണ്ണമായ പ്രത്യുൽപാദനം

വളര്‍ച്ചാ നിരക്ക് കുറവായതിനാല്‍ എരുമകള്‍ വൈകിയേ പ്രായപൂര്‍ത്തിയെത്താറുള്ളൂ. അതിനാല്‍ ആദ്യ പ്രസവം വളരെ താമസിക്കുന്നു. പ്രത്യുൽപാദനക്ഷമത കുറവായതിനാല്‍ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും കൂടുതലാണ്. ഇത് ഉൽപാദനകാലം കുറയാന്‍ കാരണമാകുന്നു. ഇണചേരലും പ്രസവവും കാലാവസ്ഥയില്‍ സ്വാധീനിക്കപ്പെടുന്നു. 

അന്തരീക്ഷ ഊഷ്മാവ്, തീറ്റയുടെ ലഭ്യത, മഴ, പരിചരണം ഇവ പ്രത്യുൽപാദനത്തെ സ്വാധീനിക്കും. വേനല്‍ക്കാലത്തെ ഉയര്‍ന്ന ചൂട് മദിയില്ലായ്മയ്ക്ക് കാരണമാകുന്നു. പലപ്പോഴും മദി ലക്ഷണങ്ങള്‍  നിശബ്ദമാകുന്നു. പ്രത്യേക കരച്ചില്‍ , വാലിട്ടടിക്കല്‍, പാല്‍ ചുരത്താന്‍ മടി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഈറ്റത്തില്‍നിന്ന് കട്ടിയുള്ള ദ്രാവകം ഒഴുകുന്ന ലക്ഷണം ദുര്‍ലഭം.  മാത്രമല്ല മദിലക്ഷണങ്ങള്‍ പലപ്പോഴും രാത്രിസമയത്താണ് കാണുക. അതിനാല്‍ മദിസമയം അറിയാതെ വരുന്ന പ്രശ്‌നവുമുണ്ട്.

ഗര്‍ഭകാലം 310 ദിവസമാണ്. വിഷമ പ്രസവം കുറവെങ്കിലും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിവരുന്ന പ്രശ്‌നവും, മറുപിള്ള പുറത്തേക്ക് പോവാത്ത പ്രശ്‌നവും  കൂടുതല്‍. കൃത്രിമ ബീജാദാനം വഴി ചെനപിടിക്കുന്ന നിരക്കും താരതമ്യേന കുറവാണ്. കൂടാതെ ചൂടുകാലത്ത് പോത്തുകളുടെ ബീജത്തിന്റെ മേന്മയും, ഇണചേരാനുള്ള ആഗ്രഹവും കുറയുന്നു.

അവഗണന പേറുന്ന എരുമ കിടാങ്ങള്‍

എരുമക്കിടാങ്ങളുടെ ഉയര്‍ന്ന മരണ നിരക്കാണ് എരുമ വളര്‍ത്തലിലെ വലിയൊരു പ്രശ്‌നം. ഇത് രോഗം മൂലമോ അനാസ്ഥ മൂലമോ ആവാം. എരുപ്പാലിന് ആവശ്യക്കാരേറെയും, വിലയധികവുമായതിനാല്‍ കിടാങ്ങള്‍ക്ക് പാല്‍ നിഷേധിക്കപ്പെടുന്നു. ന്യൂമോണിയ, വയറിളക്കം, അണുബാധ, വിരബാധ എന്നിവയാണ് പ്രധാന രോഗങ്ങള്‍ കന്നിപ്പാല്‍ ആവശ്യത്തിന് നല്‍കി രോഗപ്രതിരോധശേഷി വർധിപ്പിക്കാത്തത് പ്രധാന കാരണം. 10-12 ദിവസം പ്രായമുള്ളപ്പോള്‍ വിരയിളക്കാം. ഈര്‍പ്പരഹിതവും, ശുചിത്വവുമുള്ള കാലാവസ്ഥാ മാറ്റങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന പാര്‍പ്പിടം നിഷേധിക്കപ്പെടുമ്പോഴും കിടാവുകള്‍ പ്രശ്‌നത്തിലാവുന്നു.

കറവയുടെ പ്രശ്നങ്ങൾ

കിടാവിന്റെ സാമീപ്യമില്ലാതെ പാല്‍ ചുരത്താന്‍ മടിക്കുന്ന എരുമകളുടെ മാതൃഗുണം കറവ ബുദ്ധിമുട്ടുള്ളതാക്കുന്നു. സ്ഥിരം കറവക്കാര്‍ തന്നെ എരുമകള്‍ക്ക് വേണം. കറവയന്ത്രവുമായി പരിചയപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. എരുമകള്‍ പശുക്കളെ അപേക്ഷിച്ച്  പെട്ടെന്ന്  പേടിക്കുന്നവയാണ്. അതിനാല്‍  ചെറിയ മാറ്റങ്ങള്‍ പോലും ഉൽപാദനത്തെ സാധിക്കും അകിടില്‍ തലോടി  മുലക്കാമ്പുകള്‍ വലിച്ച് ഉത്തേജിതരാക്കി മാത്രമേ ഇവയെ ചുരത്താന്‍ പ്രേരിപ്പിക്കാന്‍ സാധിക്കൂ. ക്ഷമയോടെ വേണം കറവ നടത്താന്‍. കറവക്കാരന്‍ മാറിയാലും  കറവസ്ഥലവും, കറവ സമയവും  മാറിയാലും പാല്‍ കുറയും.

മാംസാഹാര പ്രിയര്‍ ഏറെയുള്ള നഗരവൽകരിക്കപ്പെടുന്ന കേരളത്തില്‍ എരുമപ്പാലിനും  പോത്തിറച്ചിക്കും വലിയ വിപണിയാണുള്ളത്. വിദേശത്തും വിപണി സാധ്യതകളേറെ.  പക്ഷേ എരുമ വളര്‍ത്തിലിലെ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ക്ക്  വെല്ലുവിളിയാകുന്നത്.

English summary: Major problems of buffalo production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com