ADVERTISEMENT

കുതിരകളോടുള്ള താൽപര്യത്തിൽ അവയെ വളർത്തിത്തുടങ്ങിയ വ്യക്തിയാണ് കോട്ടയം ഏറ്റുമാനൂർ തവളക്കുഴി സ്വദേശിയായ പഴയംപള്ളിൽ ഷിബി കുര്യൻ. ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബസ് സർവീസ് നടത്തുന്നതിനിടെയാണ് ഷിബി കുതിരകളിലേക്കും തന്റെ ശ്രദ്ധ തിരിച്ചത്. അതായത് കോവിഡിന്റെ തുടക്കകാലത്ത്. മക്കൾക്കും താൽപര്യമുണ്ടായിരുന്നതുകൊണ്ടുതന്നെ കുതിരകളുടെ എണ്ണം ഒന്നിൽനിന്ന് 12ൽ എത്തി നിൽക്കുന്നു. ഒപ്പം പ്രജനനവും സവാരി പരിശീലനവുമുണ്ട്.

പോണി, കത്തേവാരി, മാർവാരി എന്നീ ഇനങ്ങളിൽപ്പെട്ട കുതിരകൾ ഷിബിയുടെ ഏറ്റുമാനൂർ ഹോഴ്സ് റൈഡിങ് ക്ലബ്ബിലുണ്ട്. മറ്റു വളർത്തുമൃഗങ്ങൾക്കുള്ള സ്വീകാര്യത പൊതുജനങ്ങളുടെ ഇടയിൽ നേടാൻ കുതിരകൾക്ക് ഇതുവരെ ആയിട്ടില്ലെന്ന് ഷിബി. മറ്റു മൃഗങ്ങളേപ്പോലെ വരുമാനം ലഭിക്കില്ല എന്നതുതന്നെ കാരണം. വളർത്താൻ ഏറ്റവും അനുയോജ്യം മാർവാരി ഇനമാണെന്ന് ഷിബി. മാർവാരിക്കൊപ്പം നിൽക്കുന്നവയാണ് കത്തേവാരിയെങ്കിലും സിംഗിൾ മാസ്റ്റർ സ്വഭാവം ഉള്ളതുകൊണ്ടുതന്നെ കുതിരപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയില്ല. അക്രമണ സ്വഭാവം ഇക്കൂട്ടരിൽ കൂടുതലാണ്.

ദിവസം രണ്ടു നേരമായിട്ടാണ് ഭക്ഷണം നൽകുക. ഇവയ്ക്ക് മാത്രമായി പ്രത്യേകം തയാറാക്കുന്ന തീറ്റമിശ്രിതം 4 കിലോയോളം ഒരു കുതിരയ്ക്ക് ഒരു ദിവസം വേണ്ടിവരും. ഒരു ചെറിയ കുതിരയ്ക്ക് ശരാശരി ഒരു ദിവസം 150 രൂപയോളം പരിപാലനച്ചെലവുണ്ടാകും. വലിയവയ്ക്ക് 400 രൂപയോളവും. അതുപോലെ പശുക്കളേപ്പോലെ തൊടിയിൽ അഴിച്ചുകെട്ടി തീറ്റാറുമുണ്ട്.

താൽപര്യമുള്ളവർക്ക് കുതിരസവാരി പരിശീലനത്തിനുള്ള അവസരവും സിബി ഒരുക്കുന്നു. സവാരി മാത്രമുള്ള കോഴ്സിന് 8000 രൂപയാണ് ഫീസ്. അതുപോലെതന്നെ കുതിരയെ വാങ്ങാൻ താൽപര്യമുള്ളവർക്ക് 15,000 രൂപയുടെ പ്രത്യേക കോഴ്സുമുണ്ട്. പരിചരണം, തീറ്റക്രമം, രോഗങ്ങൾ എന്നിവയെല്ലാം ഈ കോഴ്സിൽ ഉൾപ്പെടും. 

horse-2
ബ്യൂട്ടി എന്ന മാർവാരി ഇനം കുതിരയുമായി ഷിബി

കുതിരകളുടെ ഇനവും രീതിയും സ്വഭാവവും നിറവുമെല്ലാം അനുസരിച്ചാണ് പലപ്പോഴും വില നിശ്ചയിക്കപ്പെടുക. അതുകൊണ്ടുതന്നെ മോഹവിലയും വരാറുണ്ട്. എങ്കിലും 15,000 രൂപ മുതൽ കുതിരകളെ ലഭിക്കുമെന്നും ഷിബി.

കുതിരകൾ മാത്രമല്ല വിദേശയിനം പക്ഷികളും ഷിബിയുടെ വീട്ടിലുണ്ട്. ബ്ലൂഗോൾഡ് മക്കാവ്, ആഫ്രിക്കൻ ഗ്രേ പാരറ്റ്, എക്‌ലറ്റസ്, ആമസോൺ എന്നിവയ്ക്കൊപ്പം നായ്ക്കളെയും ഷിബിയും ഭാര്യ രാജിയും മക്കളായ ഷാരുണും സ്റ്റാൻലിയും സേറയും പരിപാലിക്കുന്നു. കുതിരസവാരിക്കായി മൂവരും പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. 

ഫോൺ: 9400538772

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com