ADVERTISEMENT

കുതിച്ചുപായുന്ന കുതിരകളെ സിനിമകളിൽ കണ്ട് കോരിത്തരിച്ചവരാണ് നാമെല്ലാവരും. അവയുടെ സൗന്ദര്യവും വേഗവുമെല്ലാം കണ്ട് ഒരെണ്ണത്തിനെ സ്വന്തമാക്കണമെന്ന് മോഹിക്കാത്തവർ ചുരുക്കമായിരിക്കും. മുൻപൊക്കെ കുതിരകളെ സ്വന്തമാക്കുക എന്നത് മോഹമായി മനസിൽ ഒതുക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി അതല്ല. കുതിരയെ സ്വന്തമാക്കാൻ ആഗ്രഹിച്ചാൽ അത് അനായാസം സാധ്യമാക്കാൻ കഴിയും. കുതിരകളെ വിൽക്കാനും കുതിരസവാരി പഠിപ്പിക്കാനുമെല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ അവസരമുണ്ട്, അതേ, കുതിരവളർത്തൽ ഒരു ബിസിനസായി മാറിക്കഴിഞ്ഞു. അതുപോലെ കുതിരവളർത്തൽ ഒരു ഹോബിയായി മാറിയിട്ടുമുണ്ട്.

ഇന്ത്യയിൽ പത്തോളം കുതിരയിനങ്ങളുണ്ട്. അതിൽത്തന്നെ പ്രധാനമായും മാർവാരി, കത്തേവാരി ഇനങ്ങളാണ് ഏവർക്കും സുപരിചിതം. കേരളത്തിൽ ജനപ്രീതിയുള്ള പ്രധാന ഇനങ്ങളും ഇവതന്നെ. ചെറിയ ഇനമായ പോണിക്കും ആരാധകരേറെ.

horse-marwari
മാർവാരി

മാർവാരി

രാജസ്ഥാനിലെ ജോഥ്പുരിൽനിന്നുള്ള ഇനം. ആരോടും അടുപ്പം കാണിക്കുന്ന പ്രകൃതം. അതുപോലെതന്നെ സവാരി ചെയ്യാനും മത്സരങ്ങൾക്കും അനുയോജ്യം. ഉയരവും വലുപ്പവും കൂടുതൽ. ശരാശരി 150 സെ.മീ. ആണ് ഉയരം.

horse-kathewari
കത്തേവാരി

കത്തേവാരി

ഗുജറാത്തിൽനിന്നുള്ള ഇനം. മാർവാരി ഇനത്തോട് രൂപസാദൃശ്യമുണ്ടെങ്കിലും അത്രതന്നെ വലുപ്പമില്ല. അതുപോലെതന്നെ പരിപാലനച്ചെലവ് കുറവും ഏതു കാലാവസ്ഥയോടും അതിവേഗം പൊരുത്തപ്പെടുകയും ചെയ്യും. സവാരിക്കും മത്സരങ്ങൾക്കും അനുയോജ്യമെങ്കിലും സിംഗിൾ മാസ്റ്റർ സ്വഭാവം പലപ്പോഴും ന്യൂനതയാകാറുണ്ട്. 

horse-pony
പോണി

പോണി

കുതിരകളിലെ ഉയരം കുറഞ്ഞ ഇനം. മുഖത്തേക്ക് നീണ്ടുവളർന്ന മുടിയാണ് പ്രധാന ആകർഷണം. കുട്ടികൾക്കുപോലും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇനമാണ്. സവാരിക്കും അനുയോജ്യം.

horse-6

കിടക്കാറില്ല എന്നതാണ് കുതിരകളുടെ പ്രത്യേകത. ഉറക്കവും വിശ്രമവുമെല്ലാം നിന്നുകൊണ്ടുതന്നെ. എന്തെങ്കിലും അസുഖം, പ്രായാധിക്യം എന്നിവ മൂലം കിടക്കാറുണ്ട്. 

സാന്ദ്രീകൃത തീറ്റ, പുല്ല് എന്നിവയാണ് ഭക്ഷണക്രമത്തിലുള്ളത്. രണ്ടു നേരമായി ഭക്ഷണം നൽകാം. കുതിരക്കമ്പം കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുതിരകൾക്കു മാത്രമായി പ്രത്യേകം തീറ്റ തയാറാക്കുന്ന ഏജൻസികളും ഇപ്പോഴുണ്ട്. കുടിവെള്ളം യഥേഷ്ടം ലഭ്യമായിരിക്കുകയും വേണം. ഭക്ഷണവും വെള്ളവും ഉയരത്തിൽ വച്ചുനൽകണം. സ്ഥിരമായി നിലത്തുനിന്ന് ഭക്ഷണം എടുത്താൽ കഴുത്ത് വളയാൻ സാധ്യതയുണ്ട്. വായൂസഞ്ചാരമുള്ള മാറ്റ് വിരിച്ച ലായമാണ് ഒരുക്കേണ്ടത്.

horse-5

മൂന്നു വയസിൽ പ്രായപൂർത്തിയാകുന്ന കുതിരകളുടെ ഗർഭകാലം 11–12 മാസമാണ്. പൊതുവെ രാത്രികാലങ്ങളിലാണ് പ്രസവം. ജനിച്ച് അര മണിക്കൂറിനുള്ളിൽ കുട്ടി എഴുന്നേറ്റ് അമ്മയുടെ പാൽ കുടിക്കും. രണ്ടാഴ്ച ആകുമ്പോൾ ചെറിയ രീതിയിൽ പുല്ല് കഴിച്ചുതുടങ്ങും. രണ്ടു വയസുവരെ കുട്ടികളുടെ വളർച്ചാഘട്ടമാണ്. പൊതുവെ മൂന്നു വയസിനുശേഷം മാത്രമേ സവാരിക്കായി ഇറക്കിത്തുടങ്ങൂ. 

English summary: Horses considered livestock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com