ADVERTISEMENT

പുലർച്ചെ  ഏകദേശം 2ന് പശുവിന്റെ വിഷമപ്രസവം എടുക്കാൻ ഒരു വീട്ടിൽ ചെന്ന എന്നെ കണ്ടപാടെ വീട്ടുകാർ ചോദിച്ച ചോദ്യമാണിത്. രാത്രികാല ഡോക്ടർ ആയി ചാർജെടുത്ത ഈ കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ കേട്ടു പഴകിയ ചോദ്യങ്ങളിൽ ഒന്ന്. പ്രസവത്തിന് ബുദ്ധിമുട്ട് വന്ന പശുവിന് ഇല്ലാത്ത ആധിയാണ് കാഴ്ചയിൽ വലുപ്പം കുറവുള്ള പോരാത്തതിന് ഒരു ലേഡി ആയ എന്നെ കാണുമ്പോൾ പലർക്കും തോന്നാറുള്ളത്.

5 വർഷത്തെ വെറ്ററിനറി പഠനത്തിനു ശേഷം ഫീൽഡ് വെറ്റ് എന്ന ആഗ്രഹം ചെന്നെത്തിയത് പാമ്പാടി ബ്ലോക്ക് തല രാത്രികാല ഡോക്ടറിലേക്കാണ്. അതിനു മുമ്പും കുറേ ഒഴിവുകൾ വന്നെങ്കിലും അതിലൊക്കെയും പുരുഷ ഡോക്ടർമാർക്ക് മുൻഗണന എന്ന് പ്രത്യേകം പറയുന്നത് ശ്രദ്ധയിൽപെട്ടു. അന്വേഷിച്ചപ്പോൾ ഡ്യൂട്ടി രാത്രിയിലും ഉണ്ടാവും അതുകൊണ്ടാണ് എന്ന മറുപടി കിട്ടി. എന്തുകൊണ്ട് സ്ത്രീകൾക്ക് പറ്റില്ല?! എന്ന ചോദ്യം അവിടെനിന്നാണ് ഉണ്ടാവുന്നത്. അങ്ങനെയാണ് പ്രിയ സുഹൃത്ത് ഡോ. സുധർമ്മയുമൊത്ത് രാത്രികാല എമർജൻസി സേവനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നത്. പ്രിയപ്പെട്ട ഗുരുനാഥൻ  ഡോ. ജിജീഷ് കുമാർ സാറിന്റെ സപ്പോർട്ട് കൂടെ കിട്ടിയപ്പോൾ ആത്മവിശ്വാസം ഇരട്ടിയായി. 

ആദ്യമായാണ് അവിടെ ഒരു രാത്രികാല ഡോക്ടറെ നിയമിക്കുന്നത്. ആദ്യ നിയമനം 3 മാസത്തേക്ക് ആയിരുന്നു. രണ്ടുപേർ ഒന്നിച്ച് നിന്നപ്പോൾ  ബാലികേറാമല എന്ന് തോന്നിയ പലതും കൈപ്പിടിയിൽ ആയി. ആത്മവിശ്വാസം കൂടിക്കൂടി വന്നു. ഞങ്ങളെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്നായിരുന്നു പലരുടെയും ആശങ്ക. നേരിട്ട് ചോദിച്ചവർ ധാരാളം. പെരുമാറ്റത്തിലൂടെ പ്രകടിപ്പിച്ചവർ അതിലേറെ.... 

3 മാസത്തിനു ശേഷം ഡോ. സുധർമ്മയ്ക്ക് മറ്റൊരു അവസരം കൈവന്നപ്പോഴും അതുവരെ  ആർജിച്ച ആത്മവിശ്വാസത്തിൽ ഒറ്റയ്ക്ക് നിൽക്കാൻ ഞാൻ തയ്യാറായി. രാത്രിയിലെ ഒട്ടുമിക്ക കേസുകളും അടിയന്തിര പ്രാധാന്യമുള്ളതും പ്രയാസമേറിയതും ആയിരിക്കും. രണ്ടാമത്  ഒരു അവസരം കിട്ടാത്ത കേസുകൾ. ആ സമയത്ത് നമ്മൾ എത്തിച്ചേരുന്ന രോഗ നിർണയവും തീരുമാനങ്ങൾ നിർണായകമാണ്. ഏതു സമയത്തും ഏതു സ്ഥലത്തും എത്തിപ്പെടുക എന്നതുതന്നെ ഇന്നത്തെ സമൂഹത്തിൽ ഒരു സ്ത്രീക്കു വെല്ലുവിളിയായ കാര്യം തന്നെ... അതെല്ലാം മറികടന്ന് അവിടെ എത്തുമ്പോഴാണ് അടുത്ത വെല്ലുവിളി. ഏറെ പ്രതീക്ഷയോടെ ഡോക്ടറെ കാത്തിരിക്കുന്നവർ എന്നെപോലെ വലിയ ശരീരമില്ലാത്ത  ഒരു കുഞ്ഞ് ലേഡി ഡോക്ടറെ കാണുമ്പോൾ ഉള്ള പ്രതീക്ഷയും അസ്ഥാനത്തായി എന്ന രീതിയിൽ ആയിരിക്കും ഉണ്ടാവുക. ഡോക്ടറെക്കൊണ്ട് ഇതൊക്കെ പറ്റുമോ? വേറെ ഏതേലും ഡോക്ടറെ വിളിക്കട്ടെ? കിടാവിനെ വലിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടാണ് ഡോക്ടറെ... ഇതൊക്കെ സ്ഥിരം കേൾവികൾ. പരിഹാസങ്ങളും കുറവല്ല. 

dr-surya-2
ഡോ. സൂര്യ സുരേന്ദ്രൻ ചികിത്സയ്ക്കിടെ

ആദ്യമാദ്യം മടുപ്പും വിഷമവും തോന്നിയിരുന്നു. പിന്നീടതൊരു തീപ്പൊരിയായി. നമ്മളെക്കൊണ്ട് ഒരു കാര്യം പറ്റില്ല എന്നു പറഞ്ഞാൽ അത് ചെയ്ത് കാണിക്കാനുള്ള വാശി ഏതൊരു മലയാളിയെ പോലെ എനിക്കും ഉണ്ടായിരുന്നു.  തുടക്കത്തിൽ ഓരോ രാത്രിയിലും കേസ് വരല്ലേ എന്ന് ആഗ്രഹിച്ചിരുന്നിടത്തുനിന്ന് ഏത് കേസ് വന്നാലും അറ്റൻഡ് ചെയ്യാം എന്ന മനോധൈര്യത്തിലേക്ക് അതെന്നെ എത്തിച്ചു. ഇപ്പോഴും വെല്ലുവിളികൾക്ക് കുറവൊന്നുമില്ല. രാത്രി സമയങ്ങളിൽ  കറന്റിന്റെ ഒളിച്ചുകളി, പാട്ടും പാടി എത്തി നമ്മുടെ കാൽചുവടുകൾ വെപ്പിക്കുന്ന കൊതുക്, വേണോ വേണ്ടയോ  എന്നാൽ പെയ്തേക്കാം എന്ന മഴ, രാത്രിയിലെ യാത്രകൾ അങ്ങനെയങ്ങനെ... 

ആധി പിടിച്ച് നമ്മളെ വിളിക്കുന്ന കർഷന്റെ വീട്ടിലേക്ക് എത്തുമ്പോ അവന്റെ പച്ചയായ ജീവിത സാഹചര്യങ്ങളാണ് കാണാൻ കഴിയാറുള്ളത്. കീറിയ കുപ്പായവും തേഞ്ഞ ചെരിപ്പും ഇട്ട് നമ്മളെ കാത്ത് നിൽക്കുന്ന അവന്റെ ഉപജീവന  മാർഗം ആയിരിക്കും ആ മിണ്ടാപ്രാണികൾ... നമ്മളു കാരണം ഒരു ജീവൻ രക്ഷപെടുമ്പോൾ, കുറച്ച് പേരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിരിയുമ്പോൾ കിട്ടുന്ന സന്തോഷത്തിൽ  മറ്റെല്ലാം ഇല്ലാതാവും.

dr-surya-1
ഡോ. സൂര്യ സുരേന്ദ്രൻ ചികിത്സയ്ക്കിടെ

അരുമ മൃഗങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്. അവർക്കിടയിലേക്ക് ഇറങ്ങിചെല്ലുമ്പോൾ ഈ പ്രൊഫഷണൽ ജീവിതം അത്രമേൽ മനോഹരമാവും ആസ്വാദ്യകരമാവും. ഈ അടുത്ത കാലത്ത് ഒരു പ്രസവത്തിന് ബുദ്ധിമുട്ട് ഉണ്ടായ പശുവിന്റെ  കിടാവിനെ രക്ഷപെടുത്താൻ സഹായിച്ചതിന് ആ പ്രിയപ്പെട്ട കർഷകൻ സ്നേഹം പ്രകടിപ്പിച്ചത് കിടാവിന് എന്റെ പേര് നൽകികൊണ്ടായിരുന്നു. അദ്ദേഹം ആ സന്തോഷം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. എനിക്ക് കൈവന്ന ഏറ്റവും വലിയ അംഗീകാരമായി ഞാൻ അതിനെ കാണുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ മുപ്പതിലേറെ പ്രസവ കേസുകൾ, ഗർഭപാത്രം പുറത്തു വന്ന കേസുകൾ, മറ്റ് കേസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു എന്നതും എന്നെപോലൊരാൾക്കു വലിയ കാര്യം തന്നെ. എല്ലാത്തിനും കൂടെ നിന്ന പ്രിയപ്പെട്ട ഡോക്ടർമാർ, കൂട്ടുകാർ, വീട്ടുകാർ, കർഷകർ എല്ലാവരോടും  അത്രമേൽ കടപ്പെട്ടിരിക്കുന്നു.

English summary: Service Story of a Lady Veterinary Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com