നാലു റബറുകൾക്കിടയിൽ ഒരു കോഴിക്കൂട്: അലങ്കാരക്കോഴികളെ വളർത്തി മികച്ച വരുമാനം നേടി വീട്ടമ്മ
Mail This Article
അലങ്കാരക്കോഴികളിൽ താരമൂല്യമുണ്ട് ബ്രഹ്മയ്ക്ക്. വരവ് അമേരിക്കയിൽ നിന്നാണെങ്കിലും മുജ്ജന്മങ്ങൾ ചൈനയിലും ഇന്ത്യയിലുമൊക്കെയാണെന്നു കഥകളുണ്ട്. നല്ല തൂക്കത്തിൽ വളരുന്ന, വലുപ്പം കൂടിയ ബ്രീഡ് ആയ ബ്രഹ്മയെ ഇറച്ചിക്കും മുട്ടയ്ക്കുമായി 19-ാം നൂറ്റാണ്ടിൽ സായിപ്പ് അമേരിക്കയിലെത്തിച്ചെന്നു കഥ. സമർഥരായ ബ്രീഡർമാർ ബ്രഹ്മയിൽനിന്ന് ആരും കൊതിക്കുന്ന അലങ്കാരക്കോഴികളെ രൂപപ്പെടുത്തി. ആകാരവലുപ്പവും രൂപഭംഗിയും മാത്രമല്ല, വിപണിയിലെത്തുന്ന ലക്ഷണമൊത്ത ബ്രഹ്മകൾ ഇപ്പോഴും എണ്ണത്തിൽ കുറവാണെന്നതും ഈയിനത്തിന്റെ മൂല്യമുയർത്തുന്നു. കോട്ടയം പെരുവ കാരിക്കോട് കൂത്താകുളത്തിൽ ജൂലി ബിനോയ് ലൈറ്റ് കൊളംബിയൻ ബ്രഹ്മ ഇനത്തിൽ ശ്രദ്ധയൂന്നുന്നതും ഈ വിപണനമൂല്യം തിരിച്ചറിഞ്ഞുതന്നെ.
സഹോദരൻ സമ്മാനമായി നൽകിയ 4 അലങ്കാരക്കോഴികളാണ് ജൂലിയെ സംരംഭകയാക്കിയത്. കൗതുകത്തിനു തുടങ്ങിയ അലങ്കാരക്കോഴി വളർത്തൽ ഇന്ന് ഈ വീട്ടമ്മയ്ക്ക് സുസ്ഥിര വരുമാനം നൽകുന്നു. പോളിഷ് ക്യാപ്പും ലാവണ്ടർ ഫയോമിയും ബഫ് ഓർഫിങ്ടണും അസീലും പോലുള്ള ഇനങ്ങളെല്ലാം കയ്യിലുണ്ടെങ്കിലും ജൂലിയുടെ തുറപ്പുചീട്ട് ബ്രഹ്മ തന്നെ. ബ്രഹ്മയിൽത്തന്നെ കൊളംബിയൻ ലൈറ്റ്.
മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വിൽക്കാനായി ഇൻക്യുബേറ്ററും ബ്രൂഡർ സൗകര്യവുമെല്ലാം ഫാമിലുണ്ട്. വിപണനം മുഖ്യമായും ഓൺലൈൻ തന്നെ. ബ്രഹ്മയെ പ്രത്യേകം പരിപാലിക്കുന്നതിനാൽ വംശശുദ്ധി പൂർണമായും നിലനിർത്താൻ കഴിയുന്നുണ്ടെന്നു ജൂലി. 2 മാസം പ്രായമുള്ള ജോടിക്ക് 2,500 രൂപയെത്തും വില. അഴകും ആരോഗ്യവുമുള്ള യൗവനയുക്തരായ ജോടികളെ സ്വന്തമാക്കണമെങ്കിൽ 15,000 രൂപ മുടക്കേണ്ടി വരും.
അഴകും ആകാരവലുപ്പവും ഇണക്കവുമാണ് ബ്രഹ്മയുടെ സവിശേഷതകളെന്ന് ജൂലി. തൂവെള്ള തൂവലുകൾക്കിടയിലെ കറുപ്പ് മാർക്കിങ് ആണ് ലൈറ്റ് കൊളംബിയൻ ബ്രഹ്മയുടെ അഴക്. കഴുത്ത്, ചിറകുകളുടെ അഗ്രഭാഗം, വാലിന്റെ തുമ്പ്, കാലിലെ തൂവൽപ്പുതപ്പ്(ബൂട്ട്) എന്നിവിടങ്ങളിലാണ് ബ്ലാക്ക് മാർക്കിങ്. തൂവെള്ള തൂവലുകൾക്കിടയിലെ കറുപ്പു വർണത്തിന്റെ ഏറ്റക്കുറവുകളും നിറവിന്യാസവും ഇവയെ അതിമനോഹരമാക്കുന്നു. തൂക്കം വയ്ക്കുന്ന ഇനമായതുകൊണ്ടുതന്നെ മുതിരുമ്പോള്‍ ചലനങ്ങൾ പതിഞ്ഞ താളത്തിൽ, ആകർഷകമായി മാറും. അതിനാല്‍ അലങ്കാരക്കോഴികൾക്ക് പൊതുവെയുള്ള ബഹളത്തിനും ഇണക്കക്കുറവിനും പകരം കയ്യിലെടുത്താൽ ഒതുങ്ങിച്ചേർന്നിരിക്കും. ജൂലിയുടെ ശേഖരത്തിലെ കൊളം ബിയൻ ബ്ലൂ ബ്രഹ്മയും ഡിമാൻഡുള്ള ഇനം തന്നെ.
ചെലവു കുറഞ്ഞതും ലളിതവുമാണ് ജൂലിയുടെ കോഴികൾ പാർക്കുന്ന സാഹചര്യം. പുരയിടത്തിലെ ഒരേക്കർ റബർത്തോട്ടത്തിൽ അരയേക്കറോളം ഭാഗം അലങ്കാരക്കോഴികൾക്ക് സ്വന്തം. മണ്ണു കൂട്ടി തറ ഉയർത്തി ലളിതമായ കമ്പിവലക്കൂടുകള്‍. വലുപ്പം കൂടിയ ഇനമായതുകൊണ്ടു നല്ല ഉയരത്തിലും ചുറ്റി നടക്കാൻ സൗകര്യത്തിലുമാണ് കൂടുനിർമാണം. ഒരു കൂട്ടിൽ നാലു പിടയും ഒരു പൂവനും. മുട്ടയിടാനും കുടിവെള്ളത്തിനുമെല്ലാം സൗകര്യമുണ്ട് കൂട്ടിൽ.
കൂടിനുള്ളിലെ മൺതറയിൽ ചിക്കിച്ചികഞ്ഞു കഴിയുന്നതിനാൽ കൂടു വൃത്തിയാക്കേണ്ടതില്ലെന്നു ജൂലി. 5–6 മാസം കൂടുമ്പോൾ തറയിലെ മണ്ണിളക്കിയിട്ടാൽ മതി. 7 മാസം പ്രായമാകുന്നതോടെ ബ്രഹ്മ മുട്ടയിട്ടു തുടങ്ങും. വർഷം ശരാശരി 100 മുട്ട ലഭിക്കും. മികച്ച പ്രതിരോധശേഷിയുള്ളതുകൊണ്ടു കുഞ്ഞുങ്ങളെല്ലാം രക്ഷപ്പെട്ടു കിട്ടുകയും ചെയ്യും.
റബർത്തോട്ടത്തിലെ തണലും തണുപ്പും വായുസഞ്ചാരവും അലങ്കാരക്കോഴി വളർത്തലിനു യോജിച്ച സാഹചര്യം തന്നെയെന്ന് ജൂലി. വിലയിടിവിന്റെ കാലത്ത് റബർത്തോട്ടത്തിൽനിന്ന് അധികാദായം എന്നതും ചില്ലറക്കാര്യമല്ല. ഭർത്താവു ബിനോയിയും മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം പിന്തുണയ്ക്കുന്നതിനാൽ സംരംഭം ഉഷാറാക്കാനൊരുങ്ങുകയാണ് ഈ വീട്ടമ്മ.
ഫോൺ: 9495375849
English summary: Fancy Chicken Farm