ADVERTISEMENT

പെട്ടെന്ന് ഒരു നായയെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞാൽ ആരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരിനമാണ് ‘പഗ്’. ലോകത്തെവിടെയും കാഴ്ചയ്ക്ക് ഇത്രയേറെ ‘ക്യൂട്ട്’ ആയ വേറെ ഇനമില്ല. കാനിസ് ലൂപസ് ഫാമിലിയാരിസ് (Canis lupus familiaris ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പഗ്ഗുകൾ നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന ഓമനമൃഗമായി വളർത്താൻ തുടങ്ങിയത് അല്ലെങ്കിൽ അറിഞ്ഞു തുടങ്ങിയത് ഹച്ച് എന്ന മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളുടെ പരസ്യത്തിലൂടെയാണ് . 

തുറിയൻ ഉണ്ടക്കണ്ണുകളും മുഖത്തും ശരീരത്തിലുമുള്ള ഒട്ടേറെ മടക്കുകളും തിളങ്ങുന്ന രോമവും വല്ലാതെ വളഞ്ഞിരിക്കുന്ന വാലും  അധികം പൊക്കമില്ലാത്ത ശരീരപ്രകൃതിയുമായി മൊത്തത്തിൽ ഒരു ‘ക്യൂട്ട് -നിഷ്കു’ ലുക്കുമായുള്ള പഗ് നമ്മുടെയെല്ലാം മനം കീഴടക്കി. 

ചരിത്രം പരിശോധിച്ചാൽ ചൈനയിൽനിന്നാണ് ഈയിനത്തിന്റെ വരവ്. ഏകദേശം ചതുരാകൃതിയിലുള്ള ശരീരവും നേരത്തെ സൂചിപ്പിച്ച എല്ലാ നിഷ്കളങ്കതകളുമായി കറുപ്പ്, ഇളം ബ്രൗൺ, ആപ്രിക്കോട്ട്  തുടങ്ങിയ പല നിറങ്ങളിൽ കാണപ്പെടുന്നു. പിന്നീട് പതിനാറാം  നൂറ്റാണ്ടോടു കൂടി പടിഞ്ഞാറേ യൂറോപ്പിലേക്ക് എത്തിപ്പെടുകയും  ചെയ്തു. വിക്ടോറിയ രാജ്ഞിക്ക് ഈയിനം നായയോട് പ്രത്യേക മമത ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വളരെ വേഗം ഇണങ്ങുന്നതും സ്നേഹം നിറഞ്ഞതുമായ ഇവയുടെ പെരുമാറ്റം എല്ലാവരുടെയും മനം കവരും, പ്രത്യേകിച്ചു കുട്ടികളുടെ. വീട്ടിൽ നായയെ വാങ്ങിക്കുന്നുവെങ്കിൽ അത് പഗ് മാത്രം മതി എന്ന് വാശി പിടിക്കുന്ന ഒരുപാട് കുട്ടികളുണ്ട്.

pug-dog-breed

പക്ഷേ ഈ നിഷ്കളങ്കതയ്ക്കു പാവം പഗ്ഗുകൾ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട് എന്നാണ് അടുത്തിടെ ബ്രിട്ടണിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. ഏകദേശം 4308 പഗ്ഗുകളെ രണ്ടരവർഷത്തിനടുത്തും 21835 മറ്റിനം നായ്ക്കളെ നാലര വർഷത്തിനടുത്തും നിരീക്ഷിച്ചതിൽ നിന്നും കിട്ടിയ, ചെറുതല്ലാത്ത ചെറിയ കാര്യങ്ങൾ പഗ് പ്രേമികളെ സങ്കടത്തിലാഴ്ത്താൻ പോന്നവയാണ്.

‘ബ്രാക്കി സെഫാലിക് ഒബ്‌സ്ട്രക്റ്റീവ് എയർവേ സിൻഡ്രോം’ (BOAS) എന്ന പദം ചെറിയ മൂക്കുകളുള്ള (ബ്രാക്കി സെഫാലിക് നായ്ക്കൾ) നായ്ക്കളുടെ ശരീരഘടനയുടെ ഫലമായുണ്ടാകുന്ന ഒരു കൂട്ടം അവസ്ഥകളെ സൂചിപ്പിക്കുന്നു. ചെറിയ മൂക്കുകളുള്ള ഈ ഇനങ്ങൾക്ക് ഒതുങ്ങിയ അസ്ഥികൂടമാണുള്ളത്. ഇത് അവയുടെ മൂക്കിലെ അറകളിലും നട്ടെല്ലിലും വാലിലും ഉൾപ്പെടെ ഒട്ടേറെ വൈകല്യങ്ങൾക്ക് കാരണമാകുന്നു. ഇത്തരം  നായ്ക്കൾ വളരെ ശക്തിയിലാണ് ശ്വാസം ഉള്ളിലേക്കെടുക്കുന്നത്. ഇത് അവരുടെ തൊണ്ടയിലും കഴുത്തിലും നെഞ്ചിലും ശക്തമായ നെഗറ്റീവ് സമ്മർദ്ദം സൃഷ്ടിക്കുന്നു, ഇത് ക്രമേണ ദ്വിതീയ ശ്വാസകോശ, ദഹന രോഗങ്ങൾക്ക് കാരണമാകുന്നു. ബ്രാക്കി സെഫാലിക് നായ്ക്കൾ ഇടയ്ക്കിടെ ഛർദ്ദിക്കുന്നതിനോ ഓക്കാനം വരുന്നത് പോലെ ചെയ്യുന്നതിനോ ഇത് ഒരു കാരണമാണ്.

pug-dog-breed-4

മറ്റു നായ്ക്കളെ അപേക്ഷിച്ച് 54 മടങ്ങു കൂടുതലായി BOAS പഗ്ഗുകളിൽ കാണപ്പെടുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. അതുപോലെ തന്നെ 51 മടങ്ങു കൂടുതൽ മൂക്ക് ചെറുതായിരിക്കാനുള്ള (pinched nostril) സാധ്യതയും ഈ ഇനത്തിന് കൂടുതലായി കണ്ടു വരുന്നു. ഈ രണ്ട് അവസ്ഥകളും അവയുടെ ശ്വസനത്തെ വളരെ കാര്യമായി ബാധിക്കുകയും ശ്വസിക്കുമ്പോൾ കൂർക്കം വലിക്കുന്ന പോലെയുള്ള ശബ്ദം ഉണ്ടാവുന്നതിനും കാരണമാകുന്നു.

വലിയ തുറിച്ചു നിൽക്കുന്ന ഉണ്ടക്കണ്ണുകളാണ് പഗ്ഗുകളുടെ മറ്റൊരു മുഖമുദ്ര. പക്ഷേ, ഈ വലിയ കണ്ണുകളും അവയ്ക്ക് വലിയ പൊല്ലാപ്പാണ് സൃഷ്ടിക്കുന്നത്. ഇത്തരക്കാരിൽ 13 മടങ്ങു കൂടുതലായി കണ്ണുകളിൽ അൾസർ കാണപ്പെടുന്നു. ഒരു പഞ്ഞിക്കിടക്ക പോലെ തോന്നിപ്പിക്കുന്ന അവയുടെ ശരീരത്തിലേയും മുഖത്തെയും തൊലിമടക്കുകളിൽ 11 മടങ്ങു കൂടുതലായി രോഗാണുബാധ കണ്ടു വരുന്നു.

pug-dog-breed-3

പഗ്ഗുകളുടെ ആ ചെറിയ ചെവികളെപ്പറ്റി പറയാതെ വയ്യ. അത്രക്കും ഓമനത്തമാണ് അവയ്ക്കുള്ളത്. പക്ഷേ മറ്റു നായ്ക്കളുടെ ചെവികളെ അപേക്ഷിച്ച് 10  മടങ്ങു കൂടുതലായി അണുബാധ കണ്ടു വരുന്നു. തൊലിപ്പുറത്ത് ഉണ്ടാകുന്ന ഏറെ നാൾ നീണ്ടു നിൽക്കുന്ന ഡെമോഡെക്ടിക് മെയ്ന്ജ് (Demodectic mange) എന്ന അസുഖവും അഞ്ചര ഇരട്ടിയിൽ കൂടുതലായി ഇവരിൽ കണ്ടുവരുന്നു. 

പാൽപ്പല്ലുകൾ നിലനിൽക്കാനുള്ള സാധ്യതയും പൊണ്ണത്തടി വരാനുള്ള സാധ്യതയും ഇവർക്ക് നാല് മടങ്ങിൽ കൂടുതലാണ്. അതുകൊണ്ടു തന്നെ പാൽപല്ല് ‌ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. പൊണ്ണത്തടി മൂലം ആർത്രൈറ്റിസ് പോലുള്ള മറ്റു അസുഖങ്ങൾ വരാനുള്ള സാധ്യതയും ഇവർക്ക് കൂടുതലായി കണ്ടുവരാം.

അതുകൊണ്ടു ആരോഗ്യപരിരക്ഷയുടെ കാര്യത്തിൽ മറ്റു നായ്ക്കളിൽ നിന്ന് പഗ്ഗുകളുടെ കാര്യത്തിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതൊന്നും പാവം പഗ്ഗുകളുടെ കുറ്റമല്ല. അവയുടെ സൗന്ദര്യത്തിന്റെ കുഴപ്പമാണ്. അതുകൊണ്ടുതന്നെ അതിനു വേണ്ട സമയവും പണവും ചെലവഴിക്കാൻ സന്നദ്ധരായവർ തന്നെ വേണം പഗ്ഗുകളെ വളർത്താനായി തിരഞ്ഞെടുക്കേണ്ടതും. പഗ്ഗുകളെ വളർത്തുമ്പോൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ ഒരു പരിധിവരെ നമുക്ക് അവയെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ കഴിയും 

pug-dog-breed-1

1.അവരുടെ മുഖത്തെ മടക്കുകൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക. അവ വൃത്തിയാക്കാൻ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിയ കോട്ടൺ തുണി ഉപയോഗിക്കുക. അതിനുപയോഗിക്കുന്ന ലോഷൻ അവരുടെ കണ്ണുകളുമായോ മൂക്കുമായോ വായയുമായോ സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. പിന്നീട് ആ ഭാഗങ്ങൾ നന്നായി ഉണക്കുകയും വേണം.   

2. ആഴ്ചയിൽ 1 – 2 തവണ ബ്രഷ് ചെയ്യുക

3. ആഴ്ചയിൽ ഒരിക്കൽ ചെവിയിലുപയോഗിക്കുന്ന ലോഷൻ  ഉപയോഗിച്ച് അവരുടെ ചെവികൾ വൃത്തിയാക്കുക.

4. മാസത്തിലൊരിക്കൽ കുളിപ്പിക്കുക. അതിനായി നായ്ക്കൾക്കായി തയ്യാറാക്കിയ ഷാംപൂ ഉപയോഗിക്കുക.

5. നഖങ്ങൾ ആവശ്യാനുസരണം മുറിച്ചു മാറ്റണം.

6. ദിവസം മുഴുവനും ചെറിയ ചെറിയ വ്യായാമങ്ങൾ നൽകുക.

7. അതികഠിനമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥകൾ ഒഴിവാക്കുക.

8. സ്വതവേ ശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ളതുകൊണ്ട് നെക്ക് കോളർ ഒഴിവാക്കണം.

9. വീട്ടിൽ പഗ്ഗിനായി പ്രത്യേക ഇടം ഉണ്ടാക്കിയെടുക്കുക.

10. പഗ്ഗുമായുള്ള ദൈന്യംദിനചര്യകളിൽ പരമാവധി സ്ഥിരത പുലർത്തുക.

അവലംബം: 

ഹെൽത്ത് ഓഫ് പഗ് ഡോഗ്സ് ഇൻ യു .കെ : ഡിസോർഡർ പ്രീഡിസ്‌പോസിഷൻ  ആൻഡ് പ്രൊട്ടക്ഷൻ (ജേർണൽ ഓഫ്  കനൈൻ  മെഡിസിൻ ആൻഡ് ജനറ്റിക്‌സ്  )(Health of Pug dogs in UK: disorder predispositions and protection,Journal of canine medicines and genetics)

English summary: Health of Pug dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com