കാത്തിരിപ്പിനു വിട, മാംഗോയെ തിരികെ കിട്ടി: കയ്യോടെ ഒരു ലക്ഷം സമ്മാനിച്ച് ഡോ. ആനന്ദ്

puppy-mango-2
ഡോ. ആനന്ദ് ഗോപിനാഥ് മാംഗോയ്‌ക്കൊപ്പം
SHARE

24 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡോ. ആനന്ദ് ഗോപിനാഥിന്റെ മനസും മുഖവും തെളിഞ്ഞു. കാണാതായ മാംഗോ എന്ന അരുമ നായ്ക്കുട്ടിയെ ഇന്ന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് എറണാകുളം പാലാരിവട്ടം സ്വദേശിയായ ഡോ. ആനന്ദും കുടുംബവും. നായ്ക്കുട്ടിയെ കണ്ടെത്തി നൽകിയ വീട്ടുടമയ്ക്ക് കയ്യോടെ ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. 

puppy-mango
മാംഗോയെ തിരികെ ലഭിച്ചപ്പോൾ

വീട്ടുവളപ്പിൽനിന്ന് അബദ്ധത്തിൽ പുറത്തേക്കു പോയ നായ്ക്കുട്ടിക്ക് വഴിതെറ്റിയതായിരുന്നുവെന്ന് ഡോ. ആനന്ദ് കർഷകശ്രീ ഓൺലൈനോടു പറഞ്ഞു. മൂന്നാഴ്ച പിന്നിട്ടതിനാൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു. കാണാതായ അന്നു മുതൽ വളരെ മാനസിക വിഷമത്തിലായിരുന്നു താനെന്നും ഇപ്പോഴാണ് സന്തോഷമായതെന്നും അദ്ദേഹം പറയുന്നു. ഡോ. ആനന്ദിന്റെ വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള വീട്ടിൽ ഇന്ന് നായ്ക്കുട്ടി എത്തിയപ്പോൾ അവർ വിവരം അറിയിക്കുകയായിരുന്നു. തന്നെ കണ്ടപ്പോൾ മാംഗോയുടെ കണ്ണുകൾ വിടർന്നുവെന്നും ഓടി അടുത്തേക്കു വന്നുവെന്നും ഡോക്ടർ പറഞ്ഞു.

24 ദിവസത്തെ ബുദ്ധിമുട്ടുകൾ മാംഗോയുടെ ശരീരത്തിൽ കാണാം. ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം മെലിഞ്ഞ് വാരിയെല്ലുകൾ തെളിഞ്ഞു. ഇനി നല്ല ഭക്ഷണം നൽകി മാംഗോയെ പഴയ രൂപത്തിൽ എത്തിക്കണമെന്നും ഡോ. ആനന്ദ്. നായ്ക്കുട്ടിയെ കാണാതായ അന്നു മുതൽ ഒട്ടേറെ പേർ തന്നെ സഹായിച്ചിട്ടുണ്ടെന്നും അവരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു.

puppy-mango-1

മാംഗോയെ കാണാതായ അന്നു മുതൽ ഡോ. ആനന്ദ് നേരാത്ത നേർച്ചകളും വഴിപാടുകളുമില്ല. കഴിഞ്ഞ മാസം 12നാണ് അഞ്ചു മാസം പ്രായമുള്ള മാംഗോ എന്ന കോംബെ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ കാണാതായത്. രണ്ടു മാസം മുൻപായിരുന്നു കോംബെ ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കുട്ടികളെ ഡോ. ആനന്ദ് വാങ്ങിയത്. അതിലൊന്നാണ് മാംഗോ. നീല നിറത്തിലുള്ള കോളർ നായ്ക്കുട്ടിയുടെ കഴുത്തിലുണ്ടായിരുന്നു. ഇത് നായ്ക്കുട്ടിയെ തിരിച്ചറിയാൻ ഉപകരിച്ചു. 

puppy-mango-3

കോംബെ നായ്ക്കൾ

ഇരയുടെ മേൽ ചാടിവീണ് കഴുത്തിൽ നീളമേറിയ കൊമ്പല്ല് താഴ്ത്തി തറപറ്റിക്കുന്ന നായയിനം.  ഒരുകാലത്ത് കേരളത്തിലെ വേട്ടക്കാരുടെ ഉറ്റമിത്രമായും അതുപോലെതന്നെ വീട്ടുകാവലിനും വളർത്തിയിരുന്ന ഇനം. അതാണ് കോംബെ. രാജപാളയവും ചിപ്പിപ്പാറയും കന്നിയുമൊക്കെ വന്ന തമിഴ്നാട്ടിൽ നിന്നുള്ള ഇനംതന്നെയാണ് കോംബെയും.

എത്ര വലിയ മൃഗമാണെങ്കിലും കുരകൊണ്ട് വിരട്ടിനിർത്താൻ ഒരു പ്രത്യേക കഴിവാണ് കോംബെ നായ്ക്കൾക്ക്. കാട്ടുപന്നികളെ വേട്ടയാടാനാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബോർ ഹൗണ്ട്, ഇന്ത്യൻ ബോർ ഡോഗ് എന്നിങ്ങനെയും ഇവർക്ക് പേരുണ്ട്.

തേനി ജില്ലയിലെ കോംബെ പഞ്ചായത്തിലാണ് ഇവയുടെ ഉദ്ഭവം എന്നു കരുതുന്നു. ഉടമയോട് അതിരറ്റ വിധേയത്വം കാണിക്കുമെങ്കിലും മറ്റു വേട്ടനായ്ക്കളിൽനിന്നു വ്യത്യസ്തമായി മനുഷ്യരോടും ആക്രമണ സ്വഭാവം കാണിക്കും. അതുകൊണ്ട്, പരിചയമില്ലാത്തവർ ഇവയുടെ അടുത്തേക്കു പോകുന്നത് അപകടമാണ്.

ധൈര്യവും വിധേയത്വവുമാണ് ഇവരുടെ മുഖമുദ്ര. ഉടമയ്ക്കുവേണ്ടി മരണം വരെ പോരാടുക എന്നതാണ് രീതി.

മറ്റു സൈറ്റ് ഹൗണ്ട് നായ്ക്കളെ അപേക്ഷിച്ച് വലുപ്പം അൽപം കുറവാണെങ്കിലും ശൗര്യത്തിലും ആക്രമണത്തിലും അവയെ കടത്തിവെട്ടും. കറുത്ത മാസ്കുള്ള മുഖം, മറ്റു നായ്ക്കളെ അപേക്ഷിച്ച് നീളം കൂടിയ കോമ്പല്ലുകൾ, മസ്കുലർ ബോഡി, താഴേക്ക് ഇറങ്ങിയ നെഞ്ച്, ടാൻ നിറം എന്നിവയാണ് പ്രധാന ശാരീരിക പ്രത്യേകതകൾ.

വേട്ടയാടൽ നിരോധിച്ചതോടെയാണ് കേരളത്തിൽനിന്ന് കോംബെ നായ്ക്കൾ മറഞ്ഞത്. വിദേശനായ്ക്കൾ കടന്നുവന്നതോടെ ഈ ഇനത്തെ പലരും മറന്നു. എങ്കിലും ഇന്ത്യൻ നായ്ക്കളെ ഇഷ്ടപ്പെടുന്ന ഒട്ടേറെ പേർ കോംബെ നായ്ക്കളെ വളർത്തുന്നുണ്ട്. ഒപ്പം വളർത്താനായി അന്വേഷിക്കുന്നുമുണ്ട്.

English summary: Dr. Anand Got His Puppy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS