ശരീരത്തിൽ കണ്ടെത്തിയത് മൂന്നു വെടിയുണ്ടകൾ: മരണത്തോടു മല്ലിട്ട് നായ ആശുപത്രിയിൽ

dog-1
അവശനിലയിൽ കണ്ടെത്തിയ നായ
SHARE

അവശനിലയിൽ കണ്ടെത്തിയ നായയുടെ ശരീരത്തിൽ മൂന്നു വെടിയുണ്ടകൾ! ആലപ്പുഴ കായംകുളം പത്തിയൂരിൽ കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ തെരുനായയെ വിദഗ്ധ പരിശോധനയ്ക്കായി കരുനാഗപ്പള്ളി വെറ്റ്സ് ആന്ഡ് പെറ്റ്സ് ഫോർട്ട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് ഉള്ളിൽ മൂന്നു വെടിയുണ്ടകൾ തറഞ്ഞതായി കണ്ടെത്തിയത്. ശരീരം നീരുവന്ന് വീർത്തിട്ടുണ്ട്. മാത്രമല്ല, തീരെ അവശനിലയിലായിരുന്നു നായയെന്ന് ഡോ. വിപിൻ പ്രകാശ് കർഷകശ്രീ ഓൺലൈനോടു പറഞ്ഞു. നായ തീരെ അവശനിലയിലായതുകണ്ടുതന്നെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിട്ടില്ല. ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ശസ്ത്രക്രിയ നടത്താനാണു ശ്രമം.

തെരുനായയായിരുന്നെങ്കിലും ഒരു കുടുംബം ദിവസവും ഭക്ഷണം നൽകിയിരുന്നു. ഏതാനും ദിവസം കാണാതായ നായയെ അവർ അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച തിരികെ വീടിനുമുന്നിലെത്തിയ നായ അവശനിലയിലായിരുന്നു. വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ നൽകിയെങ്കിലും കുറവുണ്ടായിലില്ല. അദ്ദേഹം നിർദേശിച്ചതിനെത്തുടർന്ന് മൃഗസ്നേഹികളുടെ സംഘടനയായ വാക്കിങ്‌ ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്‌വാക്കസിയുടെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി വെറ്റ്സ് ആൻഡ് പെറ്റ്സ് ഫോർട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നടത്തിയ എക്സ്‌-റേ പരിശോധനയിൽ ശരീരത്തില്‍ മൂന്നു വെടിയുണ്ടകൾ കണ്ടെത്തി. 

ഒന്നര ആഴ്ചയെങ്കിലും മുൻപാണ് വെടിയേറ്റിരിക്കുന്നത്. നന്നേ ചെറിയ ഉണ്ടകളാണ് ശരീരത്തിൽ കണ്ടത്. അതുകൊണ്ടുതന്നെ എയർ ഗൺ പോലുള്ള തോക്കിൽനിന്നായിരിക്കാം വെടിയേറ്റതെന്നാണ് നിഗമനം. ചെറിയ മുറിവായതുകൊണ്ടുതന്നെ തിരിച്ചറിയാനും വൈകി. ഭക്ഷണം കഴിക്കാതായതിനാലാണ് ശരീരം തീർത്തും മോശാവസ്ഥയിൽ എത്തിയത്. നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ കൃത്യമായ ചികിത്സ നൽകാൻ കഴിയുമായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആന്തരിക അണുബാധമൂലം ശരീരം തീർത്തും മോശാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാത്തതിനാൽ ഡ്രിപ് നൽകിയിരിക്കുകയാണ്. നായ രക്ഷപ്പെടാന്‍ 5 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോ. വിപിൻ പറഞ്ഞു. 

വെടിയുണ്ടകൾ കണ്ടെത്തിയതിന്റെ തെളിവുസഹിതം പോലീസില്‍ പരാതി നല്‍കുമെന്നു സംഘടന അറിയിച്ചു. ഒരു വെടിയുണ്ട ശ്വാസ കോശം തുളച്ചുകയറിയിട്ടുണ്ട്. മറ്റൊന്ന്‌ ഹൃദയത്തോടുചേര്‍ന്ന ഭാഗത്തും ഒരെണ്ണം വാരിയെല്ലിന്റെ ഭാഗത്തുമാണ്‌.

English summary: Dog suffered gunshot wounds

MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA