നായ്ക്കളിലും എലിപ്പനി രോഗബാധയേറുന്നു; ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗം
  • നായ്ക്കളുടെ വൃക്കകളുടെ പ്രവർത്തനത്തെയാണ് എലിപ്പനി പ്രധാനമായും ബാധിക്കുക
dog-care
SHARE

എലിപ്പനിയെന്ന് (ലെപ്റ്റോസ്പൈറോസിസ്) സംശയിക്കാവുന്ന രോഗലക്ഷണങ്ങളും ശാരീരികവിവശതകളുമായി ഒട്ടേറെ വളർത്തുനായ്ക്കളാണ് വെറ്ററിനറി ഹോസ്പിറ്റലുകളിൽ ഇപ്പോഴെത്തുന്നത്. രോഗബാധയേറ്റ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനിയെന്നതിനാൽ നായ്ക്കൾക്ക് രോഗം ബാധിച്ചാൽ ഉടമകളും കരുതലെടുക്കേണ്ടത് പ്രധാനം. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ രോഗാണുവിന്റെ ഇരുപത്തിമൂന്നോളം ഇനങ്ങളെയും, 250ൽപ്പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള വിവിധ മൃഗങ്ങളില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ ലെപ്റ്റോസ്പൈറ  ഇക്റ്ററോഹെമറാജിയ  ( Leptospira Icterohaemorrhagiae), ലെപ്റ്റോസ്പൈറ കാനികോള (Leptospira interrogans serovars Canicola) എന്നീ വിഭാഗത്തിൽ പെട്ട ബാക്റ്റീരിയകളാണ് നായ്ക്കളിൽ പ്രധാനമായും  എലിപ്പനി ഉണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി നടന്ന ചില ഗവേഷണങ്ങളിൽ ലെപ്റ്റോസ്പൈറ പോമോണ (Leptospira pomona), ലെപ്റ്റോസ്പൈറ  ഗ്രിപ്പോടൈഫോസ (Leptospira grippotyphosa ) എന്നീ രണ്ടിനം ബാക്ടീരിയകൾ കൂടി നായ്ക്കളിൽ രോഗമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . 

എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും നനവുള്ള തറകളിലും മണ്ണിലും കാണപ്പെടുന്ന രോഗാണുക്കള്‍ കുടിവെള്ളം, തീറ്റ എന്നിവ വഴിയും തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണ് നായ്ക്കളിൽ  രോഗബാധയുണ്ടാവുന്നത്. നായ്ക്കളുടെ  കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും, മൃദുവായ ചര്‍മ്മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്ക് തുളച്ചുകയറാനുള്ള ശേഷിയും കൂര്‍ത്ത പിരിയാണിയുടെ ഘടനയുള്ള സ്പൈറോകീറ്റ്സ് എന്നറിയപ്പെടുന്ന എലിപ്പനി രോഗാണുവിനുണ്ട്. രോഗം ബാധിച്ച നായ്ക്കളുടെ മൂത്രവും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുന്നത് വഴിയും രോഗബാധയേറ്റവയുടെ മൂത്രം കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗാണു മനുഷ്യരിൽ എത്തുന്നത്. രോഗാണു ബാധയേറ്റ മൃഗങ്ങളുടെ  മൂത്രം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഇവ കലർന്ന് രോഗാണുമലിനമായ വെള്ളം, തീറ്റ തുടങ്ങിയവയുമായുള്ള സമ്പർക്കത്തിലൂടെയോ മറ്റു നായ്ക്കളിലേക്കും  രോഗം പകരാം. 

രോഗാണു ബാധയേറ്റാല്‍ നായ്ക്കളിൽ  തീവ്രരൂപത്തിലോ, ഉപതീവ്രരൂപത്തിലോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രീതിയിലോ ലക്ഷണങ്ങള്‍ പ്രകടമാകും. ഇത് രോഗാണുവിന്റെ ജനിതകസ്വഭാവം, രോഗം പടര്‍ത്താനുള്ള ശേഷി (Pathogenicity), നായയുടെ പ്രതിരോധശേഷി (Immunity), പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. തീവ്രരോഗബാധയിൽ അണുബാധയേറ്റ് രണ്ടുമുതൽ രണ്ടാഴ്ചയ്ക്കകം ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ക്ഷീണം, ശക്തമായ പനി, വിറയല്‍,ഛര്‍ദ്ദി, പേശിവേദന കാരണം നടക്കാനുള്ള മടി, പേശിവലിവ്,   വിശപ്പില്ലായ്മ, പെട്ടെന്ന് തൂക്കം കുറഞ്ഞു പോവുക, വായിലും നാക്കിലും  പുണ്ണുകളും ദുര്‍ഗന്ധവും, വയറുവേദന, ശ്വാസമെടുക്കാനുള്ള പ്രയാസം, ക്രമേണയുള്ള ശരീര തളര്‍ച്ച, അമിതദാഹം തുടങ്ങിയവയാണ് നായ്ക്കളില്‍ തീവ്ര എലിപ്പനി ബാധയുടെ ലക്ഷണങ്ങള്‍. ഇടയ്ക്കിടെ കുറഞ്ഞ അളവിൽ  മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണിലെയും മറ്റും ശ്ലേഷ്മസ്തരങ്ങള്‍ ചുവന്നു തടിച്ചിരിക്കുകയും  രക്തവാര്‍ച്ചയുടെ ചെറിയ പാടുകള്‍ കാണാന്‍ കഴിയുകയും ചെയ്യും. മൂക്കിൽ നിന്ന് ഇടയ്ക്കിടെ രക്തം വരുന്നതും കാണാം. മൂത്രവും കാഷ്ഠവും തവിട്ട് നിറത്തില്‍ വ്യത്യാസപ്പെടും. നായ്ക്കളുടെ വൃക്കകളുടെ പ്രവർത്തനത്തെയാണ് എലിപ്പനി പ്രധാനമായും ബാധിക്കുക. അതോടെ മൂത്രതടസ്സവും അനുഭവപ്പെടും. എലിപ്പനി രോഗം മൂര്‍ച്ഛിച്ച് ശ്വാസകോശത്തില്‍ രക്തസ്രാവം സംഭവിക്കുന്ന സങ്കീർണ്ണാവസ്ഥ മനുഷ്യരില്‍ എന്ന പോലെ രോഗമൂര്‍ധന്യത്തില്‍ നായ്ക്കളിലും കാണാറുണ്ട്. ഹൃദയത്തേയും ഗുരുതരമായി ബാധിക്കുന്നു. നായ്ക്കളില്‍ തീവ്ര എലിപ്പനി ബാധയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മഞ്ഞപ്പിത്തവും, രക്തസ്രാവവും, ശ്വാസതടസ്സവും മൂര്‍ച്ഛിച്ചു നായ്ക്കളിൽ മരണം സംഭവിക്കും. 

രോഗലക്ഷണങ്ങളിലൂടെ എലിപ്പനി സംശയിക്കാമെങ്കിലും കൃത്യമായി നിർണയിക്കണമെങ്കിൽ രക്തപരിശോധന, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനപരിശോധന,  മാറ്റ് (Microscopic agglutination test /MAT) ഉൾപ്പെടെയുള്ള ലബോറട്ടറി പരിശോധനകൾ വേണം. വളരെ വേഗത്തിൽ നായ്ക്കളിലെ എലിപ്പനി നിർണയിക്കാൻ സഹായിക്കുന്ന റാപിഡ് കിറ്റുകളും ഇന്നു ലഭ്യമാണ്. അരുമമൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ രോഗനിർണയത്തിനും ചികിത്സകൾക്കുമായി ഉടന്‍ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് വിദഗ്ധ സേവനം  തേടണം. രോഗലക്ഷങ്ങളുടെ തീവ്രത അനുസരിച്ചുള്ള ചികിത്സകൾക്കൊപ്പം നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് ചികിത്സയും എലിപ്പനി രോഗാണുവിനെ കീഴടക്കാൻ നായ്ക്കൾക്ക് നൽകേണ്ടി വരും. മാത്രമല്ല, എലിപ്പനി ഒരു ജന്തുജന്യരോഗമായതിനാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച നായ്ക്കളുമായി ഇടപഴകിയവരും പരിചരിച്ചവരും പ്രതിരോധ ചികിത്സ തേടണം. 

നായ്ക്കൾക്ക് മുൻകൂറായി എലിപ്പനി പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി നൽകിയാൽ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തിൽ  നിന്ന് നായ്ക്കളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല എലിപ്പനി രോഗാണുക്കൾ നായ്ക്കളുടെ വൃക്കകളിൽ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുവഴി അരുമനായ്ക്കളെ പരിപാലിക്കുന്നവർക്കും അവയോട് ഇടപെട്ടുന്ന വീട്ടിലെ മറ്റുള്ളവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു. നായ്ക്കുഞ്ഞിന്  8 ആഴ്ച  പ്രായമെത്തുമ്പോള്‍  എലിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ( മള്‍ട്ടി കംപോണന്റ്  വാക്‌സീൻ ) ആദ്യ കുത്തിവയ്പ് നല്‍കണം. തുടർന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ്  വാക്സിന്റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. ശേഷം വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം. 

English summary: Leptospirosis in Dogs: Diagnosis, Treatment, and Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS