പൂച്ചക്കുട്ടി കാരണം ഉറങ്ങാൻ കഴിയാതെ ഉടമ: കാരണം ഇതാണ്
Mail This Article
ഒരു ദിവസം ഒരു പൂച്ചയുടെ ഉടമയുടെ മെസേജ് വന്നു. കക്ഷി വളരെ സങ്കടത്തിലാണ്. കാര്യം എന്താന്നുവച്ചാൽ, അദ്ദേഹം ഒരു പൂച്ചക്കുട്ടിയെ വളർത്താൻ തുടങ്ങി. ഇപ്പോൾ 4 ദിവസമായി അദ്ദേഹം മര്യാദയ്ക്ക് ഉറങ്ങിയിട്ട്. ഉറക്കകുറവ് കാരണം അദ്ദേഹത്തിന് സഹിക്കാൻ വയ്യാത്ത തലവേദനയുമുണ്ട്. പ്രശ്നമിതാണ്, അദ്ദേഹത്തിന്റെ പൂച്ച അടുത്തുവന്നു കിടക്കും. കിടന്ന ഉടനെ മോട്ടോർ പ്രവർത്തിപ്പിക്കുന്ന പോലെ തുടർച്ചയായി ഒച്ച ഉണ്ടാക്കുമത്രേ! പൂച്ചക്കുട്ടിക്ക് എന്തോ ബുദ്ധിമുട്ടുണ്ട്. ഇതു കേൾക്കുമ്പോൾ അദ്ദേഹത്തിന് ഭയവും ബുദ്ധിമുട്ടുംകൊണ്ട് ഉറക്കം വരുന്നില്ല.
എനിക്കിത് ആദ്യത്തെ അനുഭവം അല്ല. കുറെ പേർ ഇതേപോലെ മെസേജ് അയയ്ക്കാറുണ്ട്. ഒരു നായ്ക്കുട്ടി അവന്റെ ഉടമയെ കാണുമ്പോൾ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നതുപോലെ പൂച്ചകൾ കുറുകി സന്തോഷം കാണിക്കുന്നു. അവർ വളരെ ശാന്തമായി സന്തോഷത്തോടും സമാധാനത്തോടും കൂടെ ഇരിക്കുമ്പോഴും, ആ കൊച്ചു ജീവി വളരെ വിശ്വസിക്കുന്ന ഒരാളുടെ കൂടെ സുഖമായി ഇരിക്കുമ്പോഴും മാത്രമായിരിക്കും ഇങ്ങനെ കുറുകുന്നത്.
പൂച്ചകളിൽ അതൊരു സാധാരണ കാര്യമാണ്. ശ്വാസനാള പേശിയുടെ (Laryngeal muscle) പ്രവർത്തനം മൂലം പൂച്ചകളുടെ സ്വരനാള പാളികൾ (vocal chord) അകലുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷനാണ് ഈ കുറുകൽ ഉണ്ടാക്കുന്നത്. ഇത് വളരെ സുഖകരമായ സാഹചര്യത്തിൽ മാത്രമേ സംഭവിക്കൂ. അതുകൊണ്ടുതന്നെ പൂച്ചകളുടെ ഉടമകൾ ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ആലോചിച്ച് ടെൻഷൻ ആവേണ്ടതില്ല.
English summary: Why and how do cats purr?