ബ്രൗൺ മുട്ടകളെല്ലാം നാടനല്ല: നാടൻ കോഴിയും നാടൻ മുട്ടയും തിരിച്ചറിയാനുള്ള വഴി അറിയാം

HIGHLIGHTS
  • കോഴിമുട്ടയുടെ നിറം കോഴിയുടെ ബ്രീഡിനെ (ഇനം) ആശ്രയിച്ചിരിക്കും
  • നാടൻ കോഴി എന്നത്, അടുക്കളമുറ്റത്തെ കോഴി
egg
SHARE

ബ്രൗൺ നിറത്തിലുള്ള കോഴിമുട്ടയെ നാടൻമുട്ട എന്നാണ് വ്യാപാരികൾ വിളിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇതിന് 7 രൂപയ്ക്കു മുകളിൽ വിലവരും. വെള്ള നിറത്തിലുള്ള മുട്ടയ്ക്ക് വില 5 മുതൽ 5.50 രൂപ വരെയും. ബ്രൗണ്‍ നിറത്തിലുള്ള മുട്ടയ്ക്ക് പോഷകമൂല്യം കൂടുതലുണ്ടോ? ബ്രൗൺ നിറത്തിലുള്ള എല്ലാ കോഴിമുട്ടകളും നമ്മുടെ നാട്ടിൽ തന്നെ ഉല്‍പാദിപ്പിക്കുന്നതാണോ? നമുക്ക് പരിശോധിക്കാം. 

കോഴിമുട്ടയുടെ നിറം കോഴിയുടെ ബ്രീഡിനെ (ഇനം) ആശ്രയിച്ചിരിക്കും. BV 380, ഗ്രാമശ്രീ, ഗ്രാമപ്രിയ, പ്ലിമത്ത് റോക്ക് തുടങ്ങിയ ഇനങ്ങൾ ബ്രൗൺ നിറത്തിലുള്ള മുട്ട ഇടുന്നു. വൈറ്റ് ലഗോൺ ഇനത്തിലുള്ള കോഴികള്‍ വെള്ളനിറത്തിലുള്ള മുട്ടയും ഇടുന്നു. ഇറച്ചിക്കോഴികളുടെ വിരിപ്പ് മുട്ട (പേരന്റ് സ്റ്റോക്കിന്റെ മുട്ട) ബ്രൗൺ നിറത്തിലുള്ളതാണ്. ബ്രൗൺ നിറം നൽകുന്നത് പ്രോട്ടോപോർഫൈറിൻ എന്ന പിഗ്‌മെന്റാണ്. 

കോഴിമുട്ടയുടെ നിറവും അതിന്റെ പോഷകമൂല്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഏതു തരം തീറ്റ നൽകി വളർത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുട്ടയുടെ ഗുണനിരവാരം. ഉദാഹരണത്തിന് ഒമേഗ–3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന കോഴികൾ, ഇത്തരം ഫാറ്റി ആസിഡ് അടങ്ങിയ മുട്ട ഉൽപാദിപ്പിക്കും. വെളിയിൽ തുറന്നുവിട്ട് വളർത്തുന്ന, വെയിൽ കൊള്ളുന്ന കോഴികൾ ഉൽപാദിപ്പിക്കുന്ന മുട്ടയിൽ വൈറ്റമിൻ ഡി(D)യുടെ അളവ് വളരെ കൂടുതലായിരിക്കും. 

നമ്മുടെ അടുക്കളമുറ്റത്ത് തുറന്നുവിട്ട് വളർത്തുന്ന കോഴികൾ നമ്മുടെ വീട്ടിലെ ഭക്ഷണ അവശിഷ്ടവും ചെറിയ പ്രാണികളെയും പുഴുക്കളെയും പുല്ലുമൊക്കെ തിന്നാണ് വളരുന്നത്. അത്തരം കോഴികൾ ഉൽപാദിപ്പിക്കുന്ന മുട്ടകളാണ് ശരിക്കും നാടൻ മുട്ടകൾ, അവ വെള്ള നിറത്തിലായാലും ഗുണനിലവാരമുള്ളതായിരിക്കും. 

എന്നാൽ, തമിഴ്നാട്ടിലെ കോഴിക്കുഞ്ഞിനെ, അന്യസംസ്ഥാനത്തുനിന്ന് വരുന്ന കോഴിത്തീറ്റ നൽകി ഹൈടെക് എന്ന പേരിൽ ഇടുങ്ങിയ കൂടുകളിൽ ഇവിടെ വളർത്തിയാൽ എങ്ങിനെ നാടൻ മുട്ടയാകും? മാത്രമല്ല തമിഴ്നാട്ടിലെ വൻകിട കമ്പനികൾ ആയിരക്കണക്കിന് കോഴികളെ വളർത്തുന്നുണ്ട്. അതിൽ ബ്രൗൺ നിറത്തിലുള്ള മുട്ട ഇടുന്ന കോഴികളുമുണ്ട്. ലോഡ് കണക്കിന് അത്തരം മുട്ടകളാണ് വലിയ വിലയിൽ നാടൻ എന്ന ലേബലിൽ ഇവിടെ വിൽക്കുന്നത്. 

കൂടാതെ വിരിക്കാൻ കഴിയാത്ത, ഹാച്ചറികളിൽനിന്നും തിരിഞ്ഞ് മാറ്റുന്ന മുട്ടയുടെ നിറവും ബ്രൗണാണ്. അതും നാടൻ ലേബലിൽ നമ്മുടെ മാർക്കറ്റിൽ എത്തുന്നുണ്ട്. ചിലപ്പോൾ അത്തരം മുട്ടകൾ പൊട്ടിപ്പോകുമ്പോൾ രക്തത്തിന്റെ അംശമോ, ഭ്രൂണത്തിന്റെ ഭാഗങ്ങളോ കണ്ടെന്നും വരാം. 

‘ഓർക്കുക, മുട്ടത്തോടിന്റെ നിറമല്ല. കോഴിക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലവാരമാണ്, മുട്ടയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത്. നാടൻ കോഴി എന്നത്, അടുക്കളമുറ്റത്തെ കോഴിയാണ്.’

English summary: Brown Eggs Vs White Eggs: Which is Better?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}