ഡോഗ് ഹാൻഡ്‌ലർമാർക്ക് വെറ്ററിനറി നഴ്സിങ് കോഴ്സുമായി കേരള പൊലീസ്
Mail This Article
പൊലീസ് നായ്ക്കൾക്കുവേണ്ടി ഹാൻഡ്‌ലർമാർക്ക് വെറ്ററിനറി നഴ്സിങ് കോഴ്സ് ഒരുക്കി കേരള പൊലീസ്. അടിയന്തിര സാഹചര്യങ്ങളിൽ നായ്ക്കൾക്ക് പ്രഥമശുശ്രൂഷ നൽകുക, ആവശ്യമെങ്കിൽ രക്തസാമ്പിളുകൾ എടുക്കുക, വാക്സീനുകൾ നൽകുക, ഭക്ഷണസമയത്തുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയൊക്കെ പൊലീസ് നായ്ക്കളുടെ ഹാൻഡ്‌ലർമാർ അറിഞ്ഞിരിക്കേണ്ടത് അവശ്യമായതിനാലാണ് ഇത്തരത്തിലൊരു കോഴ്സ് കേരള പൊലീസ് ഒരുക്കുന്നത്. കോഴ്സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽ നടന്നു.
നിലവിൽ ഹൈദരാബാദിലെ മൊയ്നാബാദ് ഇന്റഗ്രേറ്റഡ് ഇന്റലിജെൻസ് ട്രെയിനിങ് അക്കാഡമി പോലുള്ള വളരെ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ വെറ്ററിനറി നഴ്സിങ് കോഴ്സ് ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ കേരള പൊലീസ് കെ9 സ്ക്വാഡിലെ ഏതാനും ഹാൻഡ്‌ലർമാർ മാത്രമേ ഈ പരിശീലനം നേടിയിട്ടുള്ളൂ.
കേരള പൊലീസ് കെ9 സ്ക്വാഡ് വെറ്ററിനറി നഴ്സിങ് കോഴ്സ് 2022 എന്ന പേരിട്ടിരിക്കുന്ന കോഴ്സിന്റെ പരിശീലനം 7 ദിവസംകൊണ്ട് പൂർത്തിയാകും. കെ9 സ്ക്വാഡിലെ എല്ലാ ഹാൻഡ്‌ലർമാർക്കും ഈ പരിശീലനം നൽകും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പരിശീലനം ഇന്നു മുതൽ ഡിസംബർ 5 വരെ 6 ബാച്ചുകളിലായി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിൽവച്ച് നൽകും. ഇതാദ്യമായാണ് ഇത്തരത്തിലൊരു കോഴ്സ് കേരള പൊലീസ് സംഘടിപ്പിക്കുന്നത്. സൗത്ത് സോൺ ഐജി, കെ9 സ്ക്വാക് ഡപ്യൂട്ടി നോഡൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ കെ9 സ്ക്വാഡ് വെറ്ററിനറി സർജൻ ഡോ. ബി.എസ്.സുമൻ ആണ് കോഴ്സ് കോ–ഓർഡിനേറ്റ് ചെയ്യുക.
English summary: Kerala Police K9 Squad Veterinary Nursing Course 2022