ADVERTISEMENT

വളർത്തുനായ്ക്കൾ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും പോലും കടിക്കുന്ന വാർത്തകൾ ഇപ്പോൾ പതിവായി കേൾക്കുന്നതാണല്ലോ? എന്നാൽ നല്ലൊരു വളർത്തുനായയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപമെന്താണ്? ഉടമയുടെയും കുടുംബത്തിന്റെയും കണ്‍മണിയായ, അടുത്ത വീട്ടുകാരുടെ  ഉത്തമ അയല്‍ക്കാരനായ, നാട്ടുകാരുടെ  മുന്‍പില്‍ മാന്യനായ, മറ്റുള്ള നായ്ക്കളുമായി ആവശ്യത്തിന്  സഹവര്‍ത്തിത്വം പുലർത്തുന്ന, മാറുന്ന കാലത്തിന്റെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവുള്ള  ഉത്തമനായ വളര്‍ത്തുനായയെന്നതായിരിക്കും.  സഹജസ്വഭാവങ്ങളോടെ ജനിക്കുന്ന നായ്ക്കുട്ടികള്‍ക്ക് വളര്‍ച്ചയുടെ  വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന അനുഭവങ്ങളും പരിശീലനവുമാണ് അവരെ സമൂഹത്തില്‍ മാന്യന്മാരായി ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ നായ്ക്കളുടെ ജീവിതത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളേക്കുറിച്ചുള്ള അറിവ് ഏറെ പ്രധാനമാണ്. ഓരോ ഘട്ടത്തിലും നായ്ക്കളുടെ ശരീര വളര്‍ച്ചയിലും, സ്വഭാവ രീതികളിലും സവിശേഷമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 

ഘട്ടം ഒന്ന്: ഗര്‍ഭകാലം 

ഏകദേശം രണ്ടു മാസം നീളുന്ന ഗര്‍ഭകാലമാണ് നായയുടെ സ്വഭാവ രൂപീകരണത്തിന് തുടക്കം കുറിക്കുന്ന  സമയം. ഗര്‍ഭധാരണം മുതല്‍ ജനനംവരെയുള്ള  ഈ സമയത്തെ  തള്ളയുടെ മാനസീകാവസ്ഥ  കുട്ടിയുടെ പെരുമാറ്റ രൂപീകരണത്തെ ഏറെ സ്വാധീനിക്കുന്നു. ഗര്‍ഭകാലത്ത് ഏറെ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ കഴിയേണ്ടിവന്ന അമ്മമാരുടെ കുട്ടികള്‍ ജീവിതകാലത്തില്‍  വൈകാരിക പ്രശ്‌നങ്ങളുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഗര്‍ഭസമയത്ത് അമ്മമാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നായ്ക്കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ക്കും, പ്രത്യുൽപാദന സ്വഭാവത്തിലെ ന്യൂനതകള്‍ക്കും കാരണമാകുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ കിട്ടുന്ന  ഇന്ദ്രിയാനുഭവങ്ങൾ പിന്നീട് പ്രത്യേക ഇഷ്ടാനിഷ്ടങ്ങളായി  മാറുന്നുവത്രേ. ഗര്‍ഭകാലത്തുതന്നെ ലിംഗവ്യത്യാസത്തിലേക്ക് നയിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങൾക്കും തുടക്കം കുറിക്കപ്പെടുന്നു. ഗര്‍ഭപാത്രത്തിലെ കുട്ടിയുടെ സ്ഥാനം, ഹോര്‍മോണുകളുടെ നില, വൈരൂപ്യജനകങ്ങളായ വസ്തുക്കള്‍ എന്നിവയ്‌ക്കൊക്കെ നായ്ക്കുട്ടികളുടെ ശരീരഘടനയിലും സ്വഭാവത്തിലും ശാരീരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ വലിയ മാറ്റം വരുത്താന്‍ കഴിയും. അതിനാല്‍ നായ്ക്കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന് മാറ്റം വരുത്താന്‍ ശ്രദ്ധിക്കേണ്ട പ്രഥമഘട്ടമാണ് ഗര്‍ഭകാലം. 

രണ്ടാം ഘട്ടം: ജനനം മുതല്‍ 12 ദിവസം പ്രായംവരെ

നായക്കുട്ടികൾ അമ്മയെത്തന്നെ ആശ്രയിച്ചു കഴിയുന്ന രണ്ടാഴ്ചക്കാലമാണിത്. ഉറക്കവും പാല്‍കുടിയുമാണ് പ്രധാന പരിപാടി. അവരുടെ കണ്ണും കാതും തുറന്നിട്ടില്ലാത്ത സമയമാണിത്. ശരീരതാപനില ക്രമീകരിക്കാനുള്ള ശേഷി കുറവായ സമയമായതിനാല്‍  കൂട്ടംകൂടി ചുരുണ്ടു കിടക്കുന്നു. തണുക്കുമ്പോഴും അമ്മയുടെ സാമീപ്യത്തിലും ചെറിയ  മൂളല്‍ ശബ്ദം പുറപ്പെടുവിക്കും. നാഡീവ്യൂഹത്തിന്റെയും പേശികളുടെയും വികാസം പൂര്‍ത്തിയാകാത്തതിനാല്‍ വളരെ പരിമിതമായ ചലനങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. വളരെ സാവധാനം ഇഴയുകയോ, ചുരുളുകയോ മാത്രം ചെയ്യുന്ന സമയമാണിത്. 6-10 ദിവസം പ്രായംവരെ മുന്‍കാലുകളിലും 11-15 ദിവസങ്ങള്‍വരെ പിന്‍കാലുകളിലുമാണ് ഇഴച്ചിൽ. ഭാരം താങ്ങാനാവാത്തതിനാല്‍  ചലനങ്ങള്‍ കേവലം നീന്തലിലും, തുഴയിലും ഒതുങ്ങുന്നു. എന്നാല്‍ സ്പര്‍ശനത്തോടും ചില ഗന്ധങ്ങള്‍, സ്വാദുകള്‍ എന്നിവയോടും ഇവർ സംവേദനക്ഷമത കാണിക്കുന്നു. ഗൂഹ്യ പ്രദേശത്ത് അമ്മ നടത്തുന്ന ഉത്തേജനം  മലമൂത്ര വിസർജനം നടത്താന്‍ ആവശ്യമാണ്. നായ്ക്കുട്ടികൾ ഏറെക്കുറെ പരിപൂര്‍ണ്ണ നിസഹായരായ ഈ സമയത്തുപോലും  അല്‍പ്പസമയത്തേക്കെങ്കിലും നായ്ക്കുട്ടികളെ കൈകാര്യം ചെയ്യുന്നത് അവരുടെ വളര്‍ച്ചയെയും സ്വഭാവ രൂപവൽകരണത്തെയും ഏറെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ ഘട്ടത്തില്‍ അല്‍പസമയമെങ്കിലും  കൈകാര്യം ചെയ്യപ്പെടുന്ന നായ്ക്കുട്ടികളില്‍ നാഡീവ്യൂഹത്തിന്റയും പേശീചലനങ്ങളുടെയും വളര്‍ച്ച  ദ്രുതഗതിയിലാകുന്നു. കൂടാതെ  ശരീരരോമത്തിന്റെയും  ശരീരഭാരത്തിന്റെ വളര്‍ച്ചയെയും അതു സഹായിക്കുന്നു. ഇങ്ങനെയുള്ള നായ്ക്കുട്ടികള്‍ പിൽക്കാല ജീവിതത്തില്‍ സാമൂഹ്യബന്ധങ്ങളിലും അന്വേഷണ ത്വരനയിലും കൂടുതല്‍ ആത്മവിശ്വാസം  കാണിക്കുന്നുവെന്ന് ചില പഠനങ്ങളില്‍ കാണുന്നു.  ജീവിതാരംഭഘട്ടത്തില്‍ തന്നെ ദിവസവും  3-4 മിനിറ്റെങ്കിലും സൗമ്യതയോടെ  സാവധാനം കയ്യിലെടുക്കപ്പെടുന്ന നായ്ക്കുട്ടികൾക്ക്  വൈകാരിക പ്രതികരണം, പഠനക്ഷമത,  പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് എന്നിവ  അധികമായിരിക്കുമത്രേ! കയ്യിലെടുക്കുന്നതു കൂടാതെ പലരീതിയില്‍ പിടിക്കുന്നതും ഇവര്‍ക്ക് ഭാവിയിലെ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ആദ്യ പരിശീലനമാകുന്നു. പുറത്തും നെഞ്ചിലും പിടിക്കുക, തിരശ്ചീനമായി പിടിക്കുക, തലകീഴായി നിര്‍ത്തുക, വിരലുകളില്‍ മൃദുവായി  ഇക്കിളിയിടുക തുടങ്ങിയവ പ്രയോജനം ചെയ്യും.

dog-and-puppies-2

മൂന്നാം ഘട്ടം: 12 - 21 ദിവസം

നായ്ക്കുട്ടിയുടെ ശാരീരിക, മാനസിക വളര്‍ച്ച ദ്രുതഗതിയിലാകുന്ന പരിവർത്തനഘട്ടമാണിത്. പ്രായപൂര്‍ത്തിയെത്തിയ നായ്ക്കളുടെ പല സ്വഭാവങ്ങളും പതുക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അമ്മയുടെ തണലില്‍നിന്ന് കുട്ടികള്‍ സാവധാനം പുറത്തുവന്നു തുടങ്ങുന്ന സമയമാണിത്. കണ്ണുകളും  കാതുകളും തുറന്ന് ശബ്ദങ്ങളോട് പ്രതികരിച്ച് തുടങ്ങുന്നു. ഖരരൂപത്തിലുള്ള  ആഹാരം രുചിച്ചു തുടങ്ങുന്ന പ്രായമാണിത്.  സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍  ഇവർ പരിശീലിക്കുന്നു. മുന്നോട്ടും പിന്നോട്ടും  വേഗത്തില്‍ ഇഴയാനും നടക്കാനും പഠിക്കുന്നു. അമ്മയുടെ സ്പര്‍ശനത്തിന്റെ ഉത്തേജനമില്ലാതെ മലമൂത്ര വിസര്‍ജനം ചെയ്യാനും പ്രസവ അറയില്‍ നിന്നും പുറത്തുവരാനും കഴിയുന്നു. തണുപ്പിന്റേയും വിശപ്പിന്റേയും പ്രശ്‌നങ്ങള്‍ കൂടാതെ ഒറ്റയ്ക്കാകുമ്പോഴും  അപരിചിത സാഹചര്യങ്ങളില്‍ പെടുമ്പോഴും ശബ്ദമുണ്ടാക്കാനുംപഠിക്കുന്നു. കൂട്ടത്തിലെ നായ്ക്കുട്ടികളുമായി  കളിക്കാനും, ശണ്ഠകൂടാനും, മുറുമുറുക്കാനും, മുരളാനുമൊക്കെ  തുടങ്ങുന്ന ഘട്ടമാണിത്.

ചെറിയ ചെറിയ പ്രചോദനങ്ങള്‍, പ്രേരണകള്‍, ഉത്തേജനങ്ങള്‍ എന്നിവ നല്‍കുന്നത് അവരുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നു പലതരത്തിലുള്ള പ്രതലങ്ങളില്‍കൂടി നടത്തുന്നത് എറെ ഗുണകരമാണ്. പലവിധ കാഴ്ചകളും, ശബ്ദങ്ങളും അവരുടെ ചലനം, കാഴ്ച, കേള്‍വി എന്നിവയുടെ വികാസത്തെ ശക്തമാക്കുന്നു. 

dog-and-puppies

നാലാംഘട്ടം: 3-12  ആഴ്ച

നായ്ക്കുട്ടികളുടെ വളർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണിത്. സാമൂഹിക ബന്ധങ്ങള്‍ തുടങ്ങുന്ന ഈ കാലഘട്ടത്തെ സഹവാസക്രിയ കാലഘട്ടം എന്നാണ് വിളിക്കുന്നത്. അനുഭവങ്ങളും സാമൂഹ്യബന്ധങ്ങളും വളരുന്ന കാലമായതിനാല്‍ ഈ സമയം നായ്ക്കളുടെ വളര്‍ച്ചയിലെ അതിസുപ്രധാനമായ കാലഘട്ടമാണ്. ഈ സമയത്തെ അനുഭവങ്ങളാണ്  നായ്ക്കളുടെ പില്‍ക്കാല ജീവിതത്തിലെ സ്വഭാവങ്ങളെ ഏറ്റവും സ്വാധീനിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രായത്തിലാണ് പലരും നായ്ക്കുട്ടികള്‍ വാങ്ങാറുള്ളതും അവ പുതിയ വീടുകളില്‍ കൂട്ടുകൂടാനെത്തുന്നതും. മനുഷ്യനുമായുള്ള സാമൂഹ്യബന്ധം ഉണ്ടാകുന്ന സമയമാണിത്. ഈ കാലഘട്ടത്തിനുശേഷം നായ്ക്കള്‍ തമ്മിലും മനുഷ്യനുള്‍പ്പെടെയുള്ള മറ്റു  ജീവിവര്‍ഗ്ഗങ്ങളുമായുള്ള  പെരുമാറ്റത്തെ മാറ്റുക അത്ര എളുപ്പമല്ല. മനുഷ്യന്മാരും സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളുമായുള്ള  പെരുമാറ്റ സംഹിത പഠിച്ചെടുക്കുന്ന കാലമാണിത്. ഈ സമയത്ത് നായ്ക്കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാണ്. മലമൂത്രവിസര്‍ജനത്തിന്  പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്ന സമയമായതിനാല്‍ കൃത്യസമയത്ത് ഇത് നടത്താന്‍ പരിശീലിപ്പിക്കാം. ‌

നാഡീപേശീവ്യൂഹങ്ങളുടെ വികാസത്തോടെ മുതിര്‍ന്ന നായ്ക്കളുടേതിന് സമാനമായ ഭക്ഷണ, വിസര്‍ജന ചലന സ്വഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ചലിക്കുന്ന വസ്തുക്കള്‍ പ്രത്യേകിച്ച് മറ്റു  നായ്ക്കള്‍ മനുഷ്യര്‍ എന്നിവരെ  പിന്‍തുടരുന്നു. കളികള്‍ക്കിടയില്‍ കുരയ്ക്കാനും കടിക്കാനും തുടങ്ങുന്നു. സ്ഥലങ്ങളോടും  വ്യക്തികളോടും  വൈകാരിക ബന്ധം  സ്ഥാപിച്ചെടുക്കുന്ന സമയമാണിത്. വിനോദങ്ങളും, കളികളും മുഴുവന്‍  സമയ പ്രവര്‍ത്തനമാകുന്നു. ചലിക്കാനും, കൈകാര്യം  ചെയ്യാനുമുള്ള  കഴിവ്  കൂടുന്നതോടെ  കളികളിലെ വൈവിധ്യവും കൂടുന്നു. മറ്റു നായ്ക്കളുടെ  ശരീരഭാഷ വായിക്കാന്‍ പഠിക്കുന്നതോടെ സഹനായ്ക്കളുമായുള്ള  ബന്ധത്തില്‍  ആത്മവിശ്വാസം വളരുന്നു. കൂടാതെ  കളികളിലൂടെതന്നെ സമൂഹത്തില്‍  പുലര്‍ത്തേണ്ട മര്യാദകളേക്കുറിച്ചും, സ്വീകാര്യവും, അസ്വീകാര്യവുമായ  പെരുമാറ്റങ്ങളേക്കുറിച്ചും  സ്വയം മനസ്സിലാക്കുന്നു.  കളികള്‍ക്കിടയില്‍ കളിക്കൂട്ടുകാരന് സമ്മാനിച്ച കടിയുടെ വീര്യമല്‍പ്പം കൂടിയാല്‍  കൂട്ടുകാരന്‍ കരയുന്നതും  കളി നിര്‍ത്തുന്നതും ശീലമാക്കുന്നു. അങ്ങനെ നല്ല പെരുമാറ്റത്തിന്  സമ്മാനം നല്‍കിയും, മോശം പെരുമാറ്റത്തിന്  ചെറിയ ശിക്ഷ നല്‍കിയും ചെറിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുന്ന സമയമാണിത്. 

സാമൂഹ്യ ജീവിതത്തിലെ അധികാരശ്രേണിയേക്കുറിച്ച് പഠിക്കുന്ന  സമയം കൂടിയാണിത്. അനുഭവങ്ങളിലൂടെ സാമൂഹ്യബന്ധങ്ങള്‍ വളരുന്ന കാലമായതിനാല്‍ ഈ സമയത്തെ അനുഭവങ്ങളുടെ കുറവ് നായ്ക്കളുടെ സ്വഭാവ വികാസത്തെ ബാധിക്കുന്നു. 4-7 ആഴ്ച പ്രായത്തിൽ വളരെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളരുന്ന നായ്ക്കുട്ടികള്‍ പുത്തന്‍ സാഹചര്യങ്ങളില്‍ സ്വഭാവ വൈകല്യങ്ങള്‍ കാണിക്കുന്നതായി  വിവിധ പഠനങ്ങള്‍ പറയുന്നു. 

മേല്‍പ്പറഞ്ഞ വിവരങ്ങളുടെ  അടിസ്ഥാനത്തില്‍ നായ്ക്കുട്ടികളെ ഈ പ്രായത്തില്‍ പ്രത്യേകിച്ച് ഏഴാഴ്ച പ്രായം മുതലെങ്കിലും പുതിയ സാഹചര്യങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ലഭിക്കാനുള്ള  സാഹചര്യങ്ങളുണ്ടാക്കണം.  പ്രത്യേകിച്ച് കാഴ്ചകള്‍, ശബ്ദങ്ങള്‍, നടക്കുന്ന  പ്രതലം, ഭക്ഷണം, ആളുകള്‍ സ്ഥലങ്ങള്‍ എന്നിവയില്‍ പുതിയ വ്യത്യസ്ത അനുഭവങ്ങള്‍  നൽകണം.എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക ഇത്തരം അനുഭവങ്ങള്‍ മിതമായ രീതിയിലായിരിക്കണം.  അമിതമായ  അനുഭവങ്ങള്‍, ഭയം, മോശം പ്രതികരണങ്ങള്‍ എന്നിവയ്ക്കും  കുറഞ്ഞ അനുഭവങ്ങള്‍,  ആശങ്ക, മോശം മാനസികാവസ്ഥ എന്നിവയിലേക്കും നയിക്കും.  

നായ്ക്കള്‍ മറ്റുള്ള  നായ്ക്കളുമായി 3-8 ആഴ്ച പ്രായത്തിലും, മനുഷ്യരുമായി 5-12 ആഴ്ച പ്രായത്തിലും പുതിയ പരിസ്ഥിതിയുമായി 10-18 ആഴ്ച സമയത്തിലുമാണ് ഇഴുകിച്ചേരുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത് ഈ വിവരങ്ങളുടെ  അടിസ്ഥാനത്തിലാണ് നായക്കുട്ടിയെ പുതിയ വീട്ടിലേക്ക്  എത്തിക്കേണ്ട പ്രായം 8-12  ആഴ്ച പ്രായത്തിലാണ് എന്ന് വിദഗ്ദര്‍ ഉപദേശിക്കുന്നത്. ഒരേ പ്രസവത്തില്‍ ജനിച്ച നായ്ക്കുട്ടികളുമായും, അമ്മയുമായും, മനുഷ്യരുമായും മറ്റു നായ്ക്കളുമായും ഇടപഴകല്‍ അവസരം ലഭിക്കാത്ത  നായ്ക്കള്‍ പില്‍ക്കാലത്ത് മറ്റു നായ്ക്കളോട് പേടിയോ, അക്രമണ സ്വഭാവമോ പുലര്‍ത്തുന്നതായി  കണ്ടെത്തിയിട്ടുണ്ട്. വളരെ നേരത്തെ തള്ളയില്‍ നിന്ന് മാറ്റി തീറ്റകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍  നായ്ക്കുട്ടികള്‍ മനുഷ്യനുമായി സ്‌നേഹബന്ധം  സ്ഥാപിച്ചെടുക്കുമെങ്കിലും മറ്റു നായ്ക്കളുമായി അടുപ്പം കുറവായിരിക്കും. നേരെമറിച്ച്  മറ്റു നായ്ക്കളുമായി  ഇടപഴകാന്‍ കുറച്ചു സമയം നല്‍കിയശേഷം മാത്രം തള്ളയില്‍ നിന്നു മാറ്റുന്നത് മനുഷ്യരും, മറ്റു നായ്ക്കളുമായി  നല്ല ബന്ധം സ്ഥാപിക്കാന്‍  സഹായിക്കുന്നു. എന്നാല്‍ മുതിര്‍ന്നു പോയാല്‍  സ്വന്തം വര്‍ഗ്ഗത്തോടു മാത്രം അടുപ്പവും,  മനുഷ്യബന്ധം കുറവായിരിക്കുമെന്ന പ്രശ്‌നമുണ്ട്. ചുരുക്കി പറഞ്ഞാല്‍ 3-12 ആഴ്ച നീണ്ടു നില്‍ക്കുന്ന സഹവാസ പ്രിയ കാലഘട്ടം (Social status) ആണ് നായ്ക്കുട്ടി ഭാവിയില്‍ എങ്ങനെയുള്ള  നായയായിത്തീരുമെന്ന്  തീരുമാനിക്കുന്നത്. 

അഞ്ചാം ഘട്ടം: 12 ആഴ്ച മുതല്‍ - ലൈംഗിക ശേഷിവരെ

അടിസ്ഥാന പെരുമാറ്റ രീതിയില്‍ മാറ്റങ്ങളൊന്നും വരുന്നില്ലെങ്കിലും ചലനങ്ങളിലും വേഗത്തിലും വ്യത്യാസം വരുന്നു. ഈ ഘട്ടത്തിന്റെ  തുടക്കത്തില്‍ നായ്ക്കുട്ടികള്‍ പഠനകഴിവില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. മാത്രമല്ല ഈ ഘട്ടത്തില്‍ പ്രത്യുൽപാദനക്ഷമതയും കൈവരിക്കുന്നു. ഇത് 6-14 മാസക്കാലയളില്‍ സംഭവിക്കാം. 18-36 മാസം പ്രായത്തില്‍ സാമൂഹ്യപരമായി നായ്ക്കള്‍ പൂര്‍ണ്ണവികാസം പ്രാപിക്കുന്നു. മനുഷ്യന്‍ ഇണക്കി വളര്‍ത്തിയതിനാല്‍  പ്രായപൂര്‍ത്തിയെത്തിയാലും ചില കുട്ടിത്തങ്ങളും കളികളും, നായകളില്‍ അവശേഷിക്കുന്നു എന്നതും ഓർക്കുക. 

English summary: Tips to Improve Your Dogs Behaviour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com